കവി, ചലച്ചിത്രകാരൻ, നോവലിസ്റ്റ്, സംവിധായകൻ, ചെറുകഥാകൃത്ത് എന്നീ നിലകളിൽ ദേശീയ പ്രശസ്തനാണ് ഗുൽസാർ. യഥാർത്ഥപേര് സമ്പൂരൻ സിംഗ് കൽറ. പഞ്ചാബിയായ ഗുൽസാറിന് മാതൃഭാഷക്ക്പുറമെ ഉർദു, ഹിന്ദി,ബംഗാളി, ഇംഗ്ലീഷ്, മറാഠി തുടങ്ങിയ ഭാഷകളുമറിയാം.
ഒരു പക്ഷെ ഗുൽസാർ എന്ന് കേൾക്കുമ്പോൾ പുതുതലമുറയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക സംഗീത സംവിധായകനായ എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രശസ്തമായ ജയ്‌ഹോ... എന്ന വരികളാവും. ദേശീയ ചലച്ചിത്രപുരസ്‌കാരം ആറുതവണ നേടിയിട്ടുള്ള ആളാണ് ഗുൽസാർ. ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച വലിയകലാകാരൻ.
ഗുൽസാർ ഉർദുവിലെഴുതിയ 27 കഥകളുടെ സമാഹാരമാണ് പുക. കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ 'പുക' മലയാളത്തിലേക്ക് തർജ്ജമ
ചെയ്തിരിക്കുന്നത് എഴുത്തുകാരനും ബഹുഭാഷാപണ്ഡിതനും പരിസ്ഥിതി,
സാങ്കേതികവിദഗ്ധനുമായ ബി. എഫ്. എച്ച്. ആർ. ബിജിലിയാണ്. 'ഗുൽസാർ കഥകളിലെ ജീവിതവീക്ഷണം' എന്ന ആമുഖപഠനത്തിൽ ഗോപിചന്ദ് നാരങ്ഗ് എഴുതുന്നു:
ഗുൽസാർ ഒരേ രാഗത്തിൽ സൃഷ്ടിക്കപ്പെട്ടയാളല്ല. അദ്ദേഹത്തിന്റെ പക്കൽ ജീവിതത്തിന്റെ സംഗീതമുണ്ട്. ഓരോ രാഗവും വ്യത്യസ്തമാണ്. ഓരോകഥയും മറ്റൊരുകഥയുടെ തിരുത്തിയ പതിപ്പോ മറ്റൊരു കഥയുടെ ഛായയുള്ളതോ അല്ല. ഗുൽസാറിന്റെ കഥകൾ ജീവിതത്തിന്റെ പുസ്തകമാണ്.' ഇത് അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് 'പുക' യിലെ കഥകളെല്ലാം,
ബിമൽദാ, സൺസെറ്റ് ബോലേവാർഡ്, മൈക്കിൾ എഞ്ചലോ, ആരുടെകഥ,അർദ്ധ,ഒരു താക്കോൽ,പത്തുപൈസയും മുത്തശ്ശിയും,ഡല്യ, ഭയം, അഗാധബന്ധം, പുരുഷൻ, രാവിയിൻഅക്കരെ, പുതിയവരവ്, കുഞ്ഞുമോൾ,ഖൈരു,പക്ഷെ,ഹൈഹീൽമേഡം, ജീവൻ, കൈപിടിച്ചു കൊടുത്തേക്കു, കടലാസ് തൊപ്പി,കണക്കും കാര്യങ്ങളും, തീ, വനചരിത്രം,വിലഴ്, പുക, വിഭജനം,ജോത്സ്യം എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ഗുൽസാറിന്റെ കഥകൾ ലളിതമായും എന്നാൽ ആന്തരികശോഭ ഒട്ടും ചോരാതെയും ബി.എഫ്.എച്ച്.ആർ.ബിജ്‌ലി തർജ്ജമ ചെയ്ത് മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്. മലയാളികൾ ഗുൽസാറിനെ ചലച്ചിത്രകാരനെന്ന നിലയിൽ കൂടുതൽ അറിയുമെങ്കിലും അദ്ദേഹത്തിന്റെ കഥകളുമായി അത്രപരിചയമുള്ളവരായിക്കൊള്ളണമെന്നില്ല. ഈ ഒരു കുറവാണ് ബി.എഫ്.എച്ച്. ആർ. ബിജ്‌ലി ഇവിടെ പരിഹരിച്ചിരിക്കുന്നത്. വിവർത്തകന്റെ കുറിപ്പിൽ അദ്ദേഹം എഴുതുന്നു.:
ഗുൽസാർ എന്ന ഉറുദു/ഹിന്ദി സാഹിത്യലോകത്ത് പ്രഗൽഭനായ ആ വ്യക്തി അദ്ദേഹത്തിന്റെ കവിതകളിലൂടെ എനിക്ക് സുപരിചിതനാണ്. അദ്ദേഹം കഥയെഴുതി സംഭാഷണം രചിച്ച് സംവിധാനം ചെയ്ത ചില ഉറുദു, ഹിന്ദിസിനിമകൾ പ്രത്യേകിച്ച് പ്രശസ്തനടി ജയഭാദുരിയുടെ ആദ്യചിത്രമായ അവർ സ്‌കൂൾകുട്ടിയായി അഭിനയിച്ച ഗുഡ്ഡി എന്ന ചിത്രം എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുകയാണ്.
ഉർദുവും ഹിന്ദിയും തമിഴും മലയാളവും ഇംഗ്ലീഷും ഒരുപോലെ വഴങ്ങുന്ന ബിജിലിയുടെ എഴുത്തുവഴക്കം ഈ തർജ്ജമയിൽ നമുക്ക് വായിച്ചെടുക്കാം. മലയാളത്തിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യുമ്പോൾ കഥ നമ്മുടെയിടയിൽ നടക്കുന്നതായിതോന്നുംവിധം അതിനെ പരുവപ്പെടുത്താനും ബിജിലി ശ്രദ്ധിച്ചിട്ടുണ്ട്.
'ആരുടെ കഥ'യുടെ തർജ്ജമ: കഥാകാരനാകുന്നതിന് അവനു പണ്ടേ താൽപര്യമുണ്ടായിരുന്നു. കഥകൾ അവന്റെ മനസ്സിൽ പെട്ടന്നുതന്നെവരുന്നു.എഴുത്തുകാരനാകുന്നതും കവിയാകുന്നതും ഈശ്വരന്റെ പ്രവൃത്തി കൊണ്ടാണെന്നാണ് എന്റെ വിശ്വാസം.ഇല്ലെങ്കിൽ എല്ലാവരും കവികളാകില്ലേ. വലിയ വലിയ
കലാകാരന്മാർക്ക് പിറവിയിൽതന്നെ ലഭിക്കുന്ന കഴിവ് അന്നുവിനുണ്ടായിരുന്നു.ഞങ്ങളൊക്കെ കുട്ടിയും കോലും കളിക്കുമ്പോൾ അന്നു തനിച്ചിരിക്കുകയോ നോട്ടുബുക്കിൽ എന്തെങ്കിലും എഴുതികൊണ്ടിരിക്കുകയോചെയ്യും. അവന്റെ മനസ്സിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാൻ എനിക്കെപ്പോഴും ജിജ്ഞാസയാണുണ്ടായിരുന്നത്. 'എങ്ങനെയാണവൻ സങ്കൽപ്പത്തിൽ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്? എങ്ങനെയാണവൻ അത് തന്റെ മുമ്പിലിരിക്കുന്ന കടലാസിലേക്ക് കോരിയിടുന്നത്?'
ഇങ്ങനെ ഏതുകൊച്ചുകുട്ടിക്കും വായിച്ച് മനസിലാക്കാനാകും വിധം പാരായണക്ഷമതയോടെ കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ബി.എഫ്.എച്ച്.ആർ.ബിജിലി അഭിനന്ദനമർഹിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തോളം ഗ്രന്ഥങ്ങൾ ബിജിലിയുടേതായി പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ, ഇന്ത്യക്കാർ, ഇന്ത്യൻ മനസ്സ് എന്ന ബിജിലിയുടെ പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.






