Sorry, you need to enable JavaScript to visit this website.

കുഴിമന്തിയിൽ വീണ മന്ത്രി

ഇന്ത്യയുടെ പ്രമുഖ ചലച്ചിത്ര രംഗമായ ബോളിവുഡ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. പല നഗരങ്ങളിലും ആമിർ ഖാന്റേതുൾപ്പെടെ ഷോകൾ റദ്ദ് ചെയ്യുന്നു. നഷ്ടം ആയിരം കോടിയിലേറെ കടന്നുവെന്നാണ് റിപ്പോർട്ടുകൾ. അക്ഷയ കുമാരനെയൊക്കെ ഹീറോയാക്കി സിനിമയെടുത്താൽ ഇതും ഇതിലപ്പുറവും സംഭവിക്കും. എന്നാൽ  ബോളിവുഡിലെ പോലെയല്ല, ദക്ഷിണേന്ത്യൻ സിനിമാ രംഗം. മലയാളത്തിലെ ദുൽഖർ സൽമാനെ ഹൈദരാബാദ് ഏറ്റെടുത്തു കഴിഞ്ഞു. സുരേഷ് ഗോപി ഏറെ കാലത്തിനിടയ്‌ക്കെത്തിയ ഗോകുലം ഗോപാലൻ നിർമിച്ച പാപ്പൻ സിനിമയും വൻ ഹിറ്റായി. പൃഥ്വീരാജിന്റെ സിനിമകളും ബോക്‌സ് ഓഫീസിൽ മുന്നേറുകയാണ്. അതിനിടയ്ക്കാണ് ഏറെ വിവാദം സൃഷ്ടിച്ച് കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് പ്രദർശന ശാലകളിലെത്തുന്നത്. വടകര പോലെ കമ്യൂണിസ്റ്റ് കോട്ടയിലെ തിയേറ്ററിൽ പോലും മൂന്നാം വാരത്തിലെ സെക്കൻഡ് ഷോയും ഹൗസ് ഫുള്ളായാണ് ഈ ചിത്രം ഓടുന്നത്. എല്ലാ പ്രായക്കാരായ പ്രേക്ഷകരും ഓരോ സീനും ആസ്വദിച്ച് കാണുന്നു. ഇടവേളയിൽ കഫറ്റീരിയ വരെ പോകാൻ പോലും തോന്നില്ല. അത്രയ്ക്ക് മനോഹരമായിട്ടുണ്ട് സിനിമ. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഈ സിനിമയിലെ കൊഴുമ്മൽ രാജീവനായിരിക്കുമെന്ന്്  പറയാം. 
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. തമിഴിൽ അവാർഡുകൾ നേടിയ ഗായത്രി ആദ്യമായി അഭിനയിച്ച മലയാള ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, ഗായത്രി, രാജേഷ് മാധവൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും  കാസർകോട്് ജില്ലക്കാരായ പുതുമുഖങ്ങളാണ്. മുമ്പൊക്കെ മലയാള സിനിമയിലെ കലാലയവും കോടതിയും പരമ ബോറായിരുന്നു. നസീർ കാലത്തേതിൽനിന്ന് പിൽക്കാലത്ത് കോളജ് മാറി. കോടതിയോട് ഒരു രക്ഷയുമില്ല. കൂട്ടിനടുത്ത് നിന്ന് നെടുനെടുങ്കൻ ഡയലോഗ് വീശുന്ന എത്രയെത്ര വക്കീലന്മാരെ നമ്മൾ സിനിമയിൽ കണ്ടു? എന്നാൽ ഇതിലെ കോടതി യാഥാർഥ്യ ബോധത്തോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. മജിസ്‌ട്രേട്ടിന്റെ പ്രകടനം പ്രധാന നടനേക്കാൾ ചിലപ്പോഴൊക്കെ മികച്ചു നിന്നു. കോടതി മുറിയോടും ന്യായാധിപനോടും പ്രതിഭാഗം -വാദിഭാഗം വക്കീലന്മാരോടും കാണികൾക്ക് പ്രത്യേക ഇഷ്ടമാണ് സിനിമ കാണുമ്പോൾ അനുഭവപ്പെടുക. തന്മയത്വത്തോടെ അവതരിപ്പിച്ച കോമഡികൾ സന്ദർഭത്തിനിണങ്ങുന്നതായി. മലയാള സിനിമയിൽ ഏറെയൊന്നും ഉപയോഗപ്പെടുത്താത്ത  കാസർകോട് സ്ലാംഗിന്റെ നീലേശ്വരം വേർഷന്റെ വാണിജ്യ സാധ്യത കൂടി ചിത്രം ഉപയോഗപ്പെടുത്തി. ഓരോ വർഷത്തേയും പെട്രോൾ വില കാണിച്ച് കേന്ദ്രത്തെ പെരുമാറിയത് പോലെ ഇടതുപക്ഷത്തിനും നല്ല പണി കൊടുക്കുന്നുണ്ട്. ഫുട്്‌ബോൾ കോർട്ടിലെ പാർട്ടി കൊലപാതകം, കല്യാശ്ശേരിയിലേക്കുള്ള നായകന്റെ യാത്ര, എല്ലാം ശരിയാവുമെന്ന ന്യായാധിപന്റെ പ്രയോഗം എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ. രഞ്ജി പണിക്കർ-ഷാജി കൈലാസ് രാഷ്ട്രീയ ചിത്രങ്ങൾ പണ്ടേ കോൺഗ്രസ് നേതാക്കളെയാണ് പരിഹാസ പാത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. അതിൽ നിന്നുള്ള വ്യതിയാനവും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയവും ഒരു ചൂണ്ടുപലകയാണ്. എം.എൽ.എയും മന്ത്രിയും കൃഷ്ണൻ വക്കീലും ഷുക്കൂർ വക്കീലുമൊക്കെ കുറച്ചു കാലം നമ്മുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും. സമകാലിക കേരളീയ ജീവിതത്തിന്റെ ഭാഗമായ ലിവ് ഇൻ റിലേഷൻ ഷിപ്പും ഈ ചിത്രത്തിലുണ്ട്. സിനിമയെ ആസ്പദമാക്കി കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത കാസ്രോട്ടെ വക്കീലന്മാരും കോടതിയും  ശ്രദ്ധേയമായി. 

                              ****          ****           ****

എംടി വാസുദേവൻ നായർക്ക് താൻ തല്ലുമാല സിനിമയും ഡിസി ബുക്‌സ് പുറത്തിറക്കിയ 'കഥകൾ ജി ആർ ഇന്ദുഗോപൻ' എന്ന പുസ്തകവും ശുപാർശ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ രാംമോഹൻ പാലിയത്ത്. തല്ലുമാല സിനിമയെ കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് രാംമോഹന്റെ ഈ പരാമർശം. പുതിയ മലയാളം സിനിമയും പുസ്തകങ്ങളും മുഴുമിപ്പിക്കാറില്ലെന്ന് എംടി പറഞ്ഞതിനോട്  പ്രതികരിച്ചാണ് രാംമോഹന്റെ കുറിപ്പ്. 'തല്ലുമാലയിലൂടെ മലയാളസിനിമ വയസ്സറിയിച്ചിരിക്കുന്നു. ന്യൂജനിന്റെ കൾട്ട് പടങ്ങളായ പൾപ്പ് ഫിക്ഷൻ (1994), അമോറിസ് പെറോസ്  ലവ് ഈസ് എ ബിച്ച് (2000), ഗാംഗ്‌സ് ഓഫ് വാസിപൂർ (2012) എല്ലാത്തിന്റെയും തോളുരുമ്മുന്ന കിടിലൻ സിനിമ.  നമ്മുടെ എഴുത്തിന്റെ മാത്രമല്ല സിനിമയുടേയും മാസ്റ്റർമാരിലൊരാളായ എംടി ഈയിടെ പുതിയ തലമുറയുടെ എഴുത്ത് എൻഗേജിംഗ് അല്ല എന്നു പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോഴും തിയേറ്ററിൽപ്പോയി സിനിമ കാണലുണ്ടോ ആവൊ. ഉണ്ടെങ്കിൽ തല്ലുമാല ഞാൻ ശുപാർശ ചെയ്യുന്നു. ഡിസി ഇറക്കിയ 'കഥകൾ ജി ആർ ഇന്ദുഗോപൻ' എന്ന പുസ്തകവും. എന്നാണ് രാംമോഹൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാളികളുടെ പൊങ്കാല ഇന്നത്തെ തലമുറയിലെ എഴുത്തുകൾ ആകർഷണീയമല്ല, ഇത് വായനക്കാരെ അകറ്റുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എം ടി വാസുദേവൻ നായരുടെ പരാമർശം.ഇംഗ്ലീഷ് സാഹിത്യ കൃതികളാണ് ഏറ്റവും അധികം വായിക്കുന്നത്. വായിക്കുന്ന പല മലയാള പുസ്തകങ്ങളും പൂർണമാക്കാറില്ലെന്നും എം ടി വാസുദേവൻ നായർ പറഞ്ഞിരുന്നു. 

                                ****          ****           ****

വിശ്വസുന്ദരിപ്പട്ടത്തിനായി ഇനി അമ്മമാർക്കും വിവാഹിതകൾക്കും മത്സരിക്കാം. ഇതുവരെ 18നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരെയും കുട്ടികളില്ലാത്തവരെയും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ, മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന കാലയളവിൽ വിവാഹിതയാകരുതെന്നും ഗർഭിണിയാകരുതെന്നും നിബന്ധനയുണ്ട്. 72ാം വിശ്വസുന്ദരിപ്പട്ടത്തിനായുള്ള അടുത്ത വർഷത്തെ മത്സരം മുതൽ വിവാഹിതർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സ്വകാര്യ തീരുമാനങ്ങൾ വിജയത്തിനു തടസ്സമാകരുതെന്ന വിശ്വാസത്തിലാണു നിബന്ധനകളിൽ മാറ്റം വരുത്തുന്നതെന്നു സംഘാടകർ വ്യക്തമാക്കി.
പുതിയ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നതായി 2020ൽ വിശ്വസുന്ദരിപ്പട്ടം നേടിയ മെക്‌സിക്കക്കാരി ആൻഡ്രിയ മെസ പറഞ്ഞു. നേതൃസ്ഥാനങ്ങളിലേക്കു വനിതകൾ എത്തുന്ന ഈ കാലയളവിൽ സുന്ദരിപ്പട്ടങ്ങൾ അമ്മമാർക്കും തുറന്നു കൊടുക്കേണ്ട സമയമായെന്നു മെസ പറഞ്ഞു. സുന്ദരിപ്പട്ടം നേടിയതിനു പിന്നാലെ, വിവാഹിതയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും മെസ നിഷേധിച്ചിരുന്നു.

                                ****          ****           ****

ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാർഥി വിവാദത്തിൽ. ഉക്രെയിനിലെ പീഡന രംഗങ്ങൾ ഷെയർ ചെയ്തതാണ്  പ്രശ്‌നമായത്.  പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ വളരെ മുന്നിലുള്ള ജിയോർജിയ മെലോനിയാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വിറ്റർ ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ്. ഒരു മാധ്യമത്തിന്റെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്. എന്നാൽ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും വിമർശിക്കുന്നത്.
ഇരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവർക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താൻ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം. ഞായറാഴ്ചയാണ് 55കാരിയായ ഉക്രെയിൻ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയിൽനിന്ന് അഭയാർഥിയായി ഇറ്റലിയിലെത്തിയ വ്യക്തിയാണ് കേസിലെ പ്രതി. വഴിയോരത്തുവെച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന ഒരാളാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കുറ്റവാളിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് സ്ഥിരീകരിച്ചു. വീഡിയോയിൽ ഇര ആരാണെന്ന് വ്യക്തമല്ലെങ്കിലും അവരുടെ കരച്ചിൽ വ്യക്തമായിരുന്നു. ഇതെല്ലാം കേൾക്കുമ്പോൾ അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയ്ക്ക് ഐഡിയ പകർന്നു കൊടുക്കാൻ ലാലേട്ടൻ പുറപ്പെട്ട പെരുച്ചായി സിനിമയാണ് ഓർത്തു പോവുക. ഇക്കാലത്ത് എല്ലാം ആഗോള പ്രതിഭാസങ്ങൾ. 
 
                                 ****          ****           ****

ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവി (ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്) വാങ്ങിയതായി അദാനി ഗ്രൂപ്പ്. എഎംജി മീഡിയ നെറ്റുവർക്ക് എന്ന അദാനി ഗ്രൂപ്പ്  മാധ്യമ ശൃംഖല എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇതിന് പുറമേ കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങിക്കുന്നതിനായി തുറന്ന ഓഫർ അദാനി ഗ്രൂപ്പ് മുന്നോട്ട് വെക്കുകയും ചെയ്തു. അതേസമയം, അദാനി ഗ്രൂപ്പിന്റെ അവകാശവാദം തള്ളി  എൻഡിടിവി രംഗത്തെത്തുകയും ചെയ്തു. ഓഹരി വാങ്ങിക്കുന്നത് സംബന്ധിച്ച് എൻഡിടിവിയുമായിട്ടോ മാധ്യമത്തിന്റെ സ്ഥാപകരും പ്രമോട്ടറുമാരുമായ രാധിക റോയി, പ്രണായ്  റോയി എന്നിവരുമായി ചർച്ചയോ നടന്നിട്ടില്ലായെന്ന് ചാനൽ അറിയിച്ചു. അദാനി മീഡിയ നെറ്റ്‌വർക്കിന്റെ സഹസ്ഥാപനമായ വിസിപിഎൽ വഴിയാണ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി ഏറ്റെടുക്കുന്നത്. ഈ ഓഹരി ചാനലിന്റെ സ്ഥാപകരായ രാധിക റോയി -പ്രണായ്  റോയി ദമ്പതികളുടെ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയാണ്. ഇത് വിസിപിഎൽ സ്വന്തമാക്കാനുള്ള അവകാശമുണ്ട്. അത് വിസിപിൽ വിനിയോഗിച്ച് ഓഹരിയുടെ 99.99 ശതമാനം ഇക്വുറ്റി സ്വന്തമാക്കിയെന്നാണ് അദാനി ഗ്രൂപ്പ് പ്രസ്താവനിയിലൂടെ അവകാശപ്പെടുന്നത്. എന്നാൽ വിസിപിഎൽ വായ്പ കരാർ അടിസ്ഥാനത്തിൽ മാത്രമാണ് ആർആർപിആറിനൊപ്പം 2009-10 സമയത്ത് ചേർന്നത്-  എൻഡിടിവി അറിയിച്ചു. ചാനലിനോടോ മാധ്യമത്തിന്റെ സ്ഥാപകരോടോ ചർച്ചയോ, സമ്മതമോ കൂടാതെയാണ് വിസിപിഎൽ തങ്ങളുടെ അധികാരം വിനിയോഗിച്ചത്. ഇത് സംബന്ധിച്ച് ചാനലിന് ഓഗസ്റ്റ് 23നാണ് വിവരം ലഭിച്ചതെന്ന് എൻഡിടിവി അറിയിച്ചു. അല്ലെങ്കിലും എൻഡിടിവി മാത്രം എന്തിന് വേറിട്ടു നിൽക്കണം? എല്ലാ മാധ്യമങ്ങളും യൂനിഫോമിട്ട സ്‌കൂൾ കുട്ടികളെ പോലെയാവട്ടെ, ജനാധിപത്യം പൂത്തുലയട്ടെ. 

                                ****          ****           ****

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായികാ നായകൻ ഷോയിലെ ഒരു സെഗ്്‌മെന്റിൽ കോഴിക്കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ താരമാണ് വിൻസി അലോഷ്യസ്. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര രംഗത്തും ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ  പുതിയ ചിത്രം സോളമന്റെ തേനീച്ചകളാണ്.  ഇപ്പോഴിതാ നായികാ നായകൻ പരിപാടിയിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന വിഷമങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിൻസി. ഫ്ലവേഴ്‌സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വിൻസി അതേക്കുറിച്ച് പറഞ്ഞത്. ആ പരിപാടിയിൽ വന്നപ്പോൾ കുറേ നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടില്ലേ?. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കമന്റ് ഏതാണെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് വിൻസി മറുപടി പറഞ്ഞത്. 'എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളുമായിരുന്നു അതിൽ പങ്കെടുത്തത്. എട്ടു പെൺകുട്ടികളെ നിരത്തിനിർത്തി നോക്കുമ്പോൾ ഇവൾക്ക് മാത്രം നായികയാകാനുള്ള ക്വാളിറ്റിയില്ലെന്ന് എന്നെ നോക്കി പറഞ്ഞു. ഇവൾ ഹീറോയിൻ ടൈപ്പല്ല, തടിച്ചിട്ടാണ്, എന്തായാലും പറ്റില്ലെന്നാണ് അവർ പറഞ്ഞത്'. തിരക്കഥാകൃത്ത് ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്' എന്ന ഹിന്ദി സിനിമയിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.  ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്'. അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകൾക്ക് ക്യാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ച് വിൻസി പറഞ്ഞു. നെഗറ്റീവ് റിവ്യൂകൾ കാരണം സോളമന്റെ തേനീച്ചകൾ വീണെങ്കിലും വിൻസി മുന്നേറുകയാണ്. ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോകൾ പുതിയ തലമുറയ്ക്ക് ധാരാളം അവസരങ്ങളാണ് തുറന്നിടുന്നത്. 


 

Latest News