ലൂനയെ വിട്ടുകൊടുക്കില്ലെന്ന് റഷ്യന്‍  കോടീശ്വരന്‍; അഞ്ചരക്കോടി ഡോളറാണ് ലൂനയുടെ വില

ദുബായ്- ലൂനയെ അങ്ങനെ മുന്‍ഭാര്യക്ക് വിട്ടുകൊടുക്കില്ലെന്നും നിയമ പോരാട്ടം തുടരുമെന്നും റഷ്യന്‍ കോടീശ്വരന്‍ ഫര്‍കദ് അഖ്മദോവ്. വിട്ടുകിട്ടാന്‍ മുന്‍ ദമ്പതികള്‍ തര്‍ക്കം തുടരുന്ന മകളുടെ പേരല്ല ലൂന. ദുബായില്‍ നങ്കൂരമിട്ടിരിക്കുന്ന അഞ്ചരക്കോടി ഡോളര്‍ വില വരുന്ന സൂപ്പര്‍ ഉല്ലാസ നൗകയാണത്. 

ലൂനയുടെ ഉടമസ്ഥാവകാശം ഉടന്‍ അഖ്മദോവിന്റെ മുന്‍ ഭാര്യ ടാറ്റിയാന മിഖാവിലോവ്‌നയുടെ പേരിലേക്ക് മാറ്റണമെന്ന ലണ്ടന്‍ ഹൈക്കോടതിയുടെ ഉത്തരവാണ് ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ വിവാഹമോചനക്കേസ് വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. 

രണ്ടു വര്‍ഷം മുമ്പാണ് ടാറ്റിയാനക്ക് റഷ്യന്‍ കോടീശ്വരന്‍ 6.41 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ലണ്ടന്‍ കോടതി ഉത്തരവിട്ടത്. ഈ തുക ഈടാക്കുന്നതിനുള്ള നിയമ പോരാട്ടത്തിലാണ് ടാറ്റിയാന. 

ദുബായിലുള്ള ലൂന നൗക കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടന്‍ ഹൈക്കോടതിയുടെ ഏജന്റുമാര്‍ താല്‍ക്കാലികമായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി വഴി ഫര്‍കദ് അഖ്മദോവിന്റെ കുടുംബ ട്രസ്റ്റ് സ്‌ട്രെയിറ്റ് എസ്റ്റാബ്ലിഷ്‌മെന്റ് അപ്പീല്‍ അവകാശം നേടി. 

വിവാഹ മോചനത്തിനായി 2016  ഡിസംബറില്‍ തയാറാക്കിയ നഷ്ടപരിഹാര ഉടമ്പടിയില്‍നിന്ന് രക്ഷപ്പെടാനാണ് എണ്ണ, പ്രകൃതിവാതക മേഖലയിലെ കോടീശ്വരനായ ഫര്‍കദ് അഖ്മദോവ് സ്‌ട്രെയിറ്റ് കമ്പനി ഉണ്ടാക്കിയതെന്ന് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി ഹഡ്ഡോണ്‍ കേവ്‌സ് പുതിയ ഉത്തരവില്‍ പറയുന്നു.  

Latest News