ന്യൂദല്‍ഹി- തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ച സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കാരണം വ്യക്തമാക്കാതെ തിരിച്ചയച്ച നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഒസെല്ല നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്.
ഗവേഷണ വിസയില്‍ കേരളത്തിലെത്തിയ ഒസെല്ലയെ മാര്‍ച്ച് 24നായിരുന്നു വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് യാതൊരു കാരണവും വിശദീകരണവും നല്‍കാതെ തിരികെ അയച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്ന് ഒസെല്ല അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളവരെ മാത്രമേ ഇങ്ങനെ തിരിച്ചയക്കാന്‍ പാടുള്ളു. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഭീകരര്‍ക്കെതിരെയാണ് ഇത്തരം നടപടിയുണ്ടാകുക. തിരികെ യു. കെയില്‍ എത്തിയ ശേഷവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളോട് കാരണം തിരക്കി ഒസെല്ല കത്തയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് അഭിഭാഷകരായ ശ്യാം മോഹനും കുര്യാക്കോസ് വര്‍ഗീസും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒരു മാസത്തിനകം ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്.
ബ്രിട്ടനിലെ സസക്‌സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രൊഫസറാണ് ഫിലിപ്പോ ഒസെല്ല. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളിലും അദ്ദേഹം ഗവേഷണം നടത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന ഒസെല്ല അതിന്റെ ഭാഗമായി നിരവധി തവണ കേരളത്തിലെത്തിയിരുന്നു. മലയാളികളുടെ ജീവിതം, ബന്ധങ്ങള്‍, ശീലങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെ ആധാരമാക്കി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.






