കറാച്ചി- പാക് ഇതിഹാസ ഗായിക നയ്യാര നൂര്‍(71) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കറാച്ചിയിലാണ് അന്ത്യം.'ബുല്‍ബുലെ പാക്കിസ്ഥാന്‍'(പാക്കിസ്ഥാന്റെ വാനമ്പാടി) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നയ്യാര ഗസലിലൂടെയാണ് സംഗീതലോകത്ത് വിശ്രുത ശബ്ദമാകുന്നത്. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അവരുടെ സുന്ദരശബ്ദം പടര്‍ന്നു.1950 നവംബറില്‍ ഇന്ത്യയിലെ അസം തലസ്ഥാനമായ ഗുവാഹതിയിലാണ് ജനനം. ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് നേതാവായിരുന്ന നയ്യാരയുടെ പിതാവാണ് വിഭജനത്തിനുമുന്‍പ് മുഹമ്മദലി ജിന്ന അസമിലെത്തുമ്പോള്‍ ആതിഥ്യമരുളിയിരുന്നത്. ഗുവാഹതിയിലായിരുന്നു നയ്യാര കുട്ടിക്കാലം ചെലവഴിച്ചത്. പിന്നീട് കുടുംബസമേതം കറാച്ചിയിലേക്ക് കുടിയേറി.
ലാഹോറിലെ നാഷനല്‍ കോളജ് ഓഫ് ആര്‍ട്‌സിലെ പഠനകാലത്താണ് സംഗീതത്തിലെ താല്‍പര്യം തിരിച്ചറിയുന്നത്. 1971ല്‍ പാക് ടെലിവിഷന്‍ സീരിയലുകളില്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. 'ഘരാന', 'താന്‍സന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രലോകത്തെത്തി. ഘരാനയിലെ ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള 'നിഗാര്‍' പുരസ്‌കാരം ലഭിച്ചു. സോഹ്നി ദര്‍ത്തി അടക്കം പാക് ദേശഭക്തി ഗാനങ്ങള്‍ക്ക് ശബ്ദമിട്ടു. വിപ്ലവകവി ഫൈസ് അഹമദ് ഫൈസിന്റെ പ്രശസ്ത വരികള്‍ക്ക് ശബ്ദം നല്‍കിയായിരുന്നു സംഗീതലോകത്ത് ശ്രദ്ധനേടുന്നത്. 'നയ്യാര സിങ്‌സ് ഫൈസ്' എന്ന പേരില്‍ 1976ല്‍ പുറത്തിറങ്ങിയ ആല്‍ബത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ സ്വന്തമായൊരു ഇടവും സ്വന്തമാക്കി. ബെഹ്‌സാദ് ലഖ്‌നവി രചിച്ച 'എ ജസ്ബയേ ദില്‍ ഘര്‍ മേം' ആണ് നയ്യാരയുടെ ഏറ്റവും പ്രസിദ്ധമായ ഗസല്‍. ഗാലിബ്, മോമിന്‍ ഖാന്‍ മോമിന്‍, നാസിര്‍ കാസ്മി തുടങ്ങി പ്രമുഖരുടെ വരികള്‍ ആലപിച്ചു. ഇതിഹാസ ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്