ദയയുടെ ദം ബിരിയാണി 

കരുണയുടെ രുചി പുരണ്ട ബിരിയാണി ചാലഞ്ചുകളുടെ കഥ.  കുറ്റിപ്പിരിവ്, കുറിക്കല്ല്യാണം, ദീപാവലി കുറ്റിപ്പിരിവ്, പണപ്പയറ്റ് തുടങ്ങിയ ഒരു കൊടുക്കൽ വാങ്ങൽ സംസ്‌കാരം ഓർമയായിട്ട് പതിറ്റാണ്ടുകളായി. കോവിഡാനന്തര കാലം പഴമയുടെ കുട പിടിക്കാനൊരുങ്ങുന്നു. കരുണയുടേയും നന്മയുടേയും ബിരിയാണി, പായസം ചാലഞ്ചുകളിലൂടേയും.

 


കാർഷികവൃത്തിയിലൂടെയുള്ള ആദായം കൊണ്ടു മാത്രമാണ് ജനം അഷ്ടിക്ക് വക കണ്ടെത്തിയിരുന്നത്.കടം, ചികിൽസ, വിവാഹം എല്ലാം പ്രതിസന്ധി ഘട്ടങ്ങളിലായി തണലായിരുന്നു കുറിക്കല്യാണങ്ങൾ. കാലം മാറി കോലവും മാറി. പരസ്പര സൗഹൃദ സഹായങ്ങൾക്ക് കോവിഡാനന്തര പോംവഴി ചാലഞ്ച് സൽക്കാരങ്ങൾ, ഒത്തിരി നന്മയുടെ വിളക്ക് മാടങ്ങളുടെ കൂട്ടായ്മ. ഭൂമി ഉള്ളവർക്ക് ആദായത്തിനൊപ്പം താഴെ തട്ടിലുള്ളവർക്ക് പണലഭ്യതയും. കാർഷിക വിളകൾക്കും നാണ്യവിളകൾക്കും നല്ല നിലവാരം.  ജീവിത നിലവാരം പരിമിതപ്പെട്ടതിനാൽ നിത്യജീവിതത്തിന് കാര്യമായ പണമൊന്നും വേണ്ടതില്ല. അരി, ഉപ്പ്, മുളക്, കാസർട്ട് (മണ്ണെണ്ണ), എണ്ണ, ശർക്കര, ഉണക്കമീൻ എന്നിവ മാത്രമാണ് നിത്യോപയോഗമെന്നത്. ചെകിരിപ്പൊളിയിലും ചിരട്ടയിലും തീയിനായി അയൽ വീട്ടിലെത്തിയിരുന്ന വായ്പാകാലം.
എല്ലാ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും കൈമാറുന്ന തൊട്ടടുത്ത വീട്ടുകാർ, കൊണ്ടും കൊടുത്തുമുള്ള നല്ല ബന്ധങ്ങൾ. മേൽ പറഞ്ഞവയെല്ലാം വായ്പകളായി കൈമാറുന്ന രീതികൾ. ഇന്നത്തെ തലമുറക്ക് ആലോചിക്കാൻ കൂടി കഴിയില്ല, ഇതൊന്നും. വായ്പയിലെ എത്രയോ ഉദാരകഥകൾ. 


മസാല സാധനങ്ങളും മറ്റുമെല്ലാം അന്ന് അത്യപൂർവമാണ്. സോപ്പും സാബുനും ( അലക്ക് സോപ്പ്) മറ്റു സ്റ്റേഷനറികളുമെല്ലാം തലച്ചുമട് വ്യാപാരി വീട്ടുപടിക്കൽ എത്തിക്കുന്ന 'ഡോർ ടു ഡോർ വ്യാപാരം, സഹകരണ സംഘങ്ങളും ദേശസൽകൃത ബേങ്കിങ്ങ് സംവിധാനങ്ങളുമൊന്നും പരക്കെ നിലവിൽ വന്നിട്ടില്ല. പലനാണ്യച്ചുവട്ടുകാർ എന്നാണ് ഇക്കൂട്ടർ അറിയപ്പെട്ടിരുന്നത്. പണാശയത്തിന് സ്വകാര്യ ചിട്ടിഫണ്ട് കാരും നാണ്യവിള പാട്ടക്കാരുമാണ്. നാട്ടുകുറികളാണ് അഭയം. കാർഷിക വിളകളുടെ വിളയെടുപ്പ് കന്നി മകര മാസങ്ങളിൽ. അക്കാലങ്ങളിലാണ് ദീപാവലികുറ്റിപ്പിരിവും കുറിക്കല്ല്യാണങ്ങളും.
ചായ മക്കാനിയിലും പലചരക്ക് കടയിലും ചെട്ടിപ്പീടികയിലും തുണിക്കടയിലും എല്ലാം കുറ്റിപ്പിരിവുകൾ.
ബാർബർ, മണ്ണാർ, ഓത്ത് മൊല്ലാക്ക, ഓത്ത് പള്ളി മൊല്ലാക്ക, കോമരം തുള്ളൽക്കാർ, കുറത്തി, പുള്ളുവർമാർക്കുമെല്ലാംകൂലി കന്നിയിലും മകരത്തിലും നെല്ല് തന്നെ. നെൽ കുറി എന്ന സംവിധാനം കൂടി നിലവിലുണ്ടായിരുന്നു. ഇത്ര പറ നെല്ല് എന്ന കണക്കിനാണ് കുറി. നെല്ല് ചുമന്ന് കുറി ദിവസം കിട്ടിയ ആളുടെ വീട്ടിൽ കൊണ്ട് കൊടുക്കുന്നതോടൊപ്പം ഭക്ഷണം കൂടി കൂട്ടത്തിലുണ്ടാവും. ഭക്ഷണം കഴിക്കാത്തവർക്ക് ബദലായി അരിയും ലഭിക്കുന്ന രീതി.

മകരം പിറന്നാൽ മരപ്പൊത്തിലും കിടക്കാം എന്നാണ് ചൊല്ല്. മകരം പിറന്നാൽ നാണ്യവിളകളുടെ നല്ല കാലങ്ങളാണ്. പിന്നെ കല്യാണങ്ങളുടെയും കുറിക്കല്ലാണങ്ങളുടെയും പൂരങ്ങളായി. കല്ല്യാണത്തിനുമുണ്ട് സഹകരണ സ്വഭാവം. ആദ്യം പന്തൽ പണി. കല്ല്യാണപന്തലിനുള്ള കാലുകൾ ദണ്ടുകൾ, അലകുകൾക്ക് വേണ്ട കവുങ്ങും മുളകളും അയൽപ്പക്കത്തെ കല്ല്യാണപ്പന്തൽ പൊളിച്ചാണ് കൊണ്ട് വരിക. പന്തലിന് മുകളിൽ പാകേണ്ട തടുക്കുകളും ചമയത്തിന് വേണ്ട സാരികളും തൊട്ടടുത്ത വീടുകളിൽ നിന്ന് തന്നെ. സുഹൃത്തുക്കളും അയൽവാസികളും ഒരുമിച്ച് ചേർന്നതാണ് പന്തൽ കല്ല്യാണം.
അവിൽ കുഴച്ചതും കട്ടൻ ചായയും അല്ലെങ്കിൽ കപ്പ ബിരിയാണിയുമാണ് ഭക്ഷണം. ചെമ്പും ചൊരുക്കും പാത്രങ്ങളും ഉള്ള വീടുകളിൽനിന്ന് സംഘടിപ്പിക്കും. ബെഞ്ചുകളും മേശകളും മറ്റു സാമഗ്രികളും, എൺപതുകളുടെ അവസാനമാണ് വാടകപ്പന്തലുകളായത്.
കല്ല്യാണത്തിന് മരക്കൊമ്പത്തുള്ള  പെട്ടിപ്പാട്ടുകൾ കുറിക്കല്ല്യാണത്തിന്റെ ലക്ഷണമാണ്. സുഹൃത്തുക്കളും അയൽവാസികളും കുറിക്കല്ല്യാണം ചേരും. മടക്ക കുറിക്കല്ല്യാണം ഇരട്ടിയാവണമെന്നതാണ് അലിഖിത നിയമം.


അക്കാര്യത്തിൽ ബന്ധു മിത്രാദികൾക്ക് ഏതായാലും ഒരു പൊടി വിട്ടുവീഴ്ചയില്ല.
കുറിക്കല്യാണ കല്ലയിൽ ഇരിക്കുന്നവനും കേമനാവണം. എന്നാലെ സംഗതി ഗംഭീരമാവൂ. നാട്ടിലെ പ്രധാനിയാവും കല്ലയിൽ ഇരിക്കുക. ശിങ്കിടികളായി ഇടവും വലവുമുണ്ടാകും. നാട്ടുപ്രധാനികളാണ് കുറിക്കല്ല്യാണ കമ്പിഎഴുത്തിനിരിക്കുക. കല്യാണം കഴിഞ്ഞാൽ സംഖ്യ എത്ര കിട്ടി എന്നറിയാൻ ആകാംക്ഷരായി നാട്ടുകാർ. വലിയ തുക കുറിക്കല്യാണമായി കിട്ടിയവർ നാട്ടിൽ താരമാവും. കടകളിലുള്ള കുറ്റിപ്പിരിവിനും കുറിക്കല്ല്യാണത്തിനും ഭക്ഷണം ചായയും പലഹാരവും, പൊറോട്ടയും ബീഫും. രണ്ടായിരമാണ്ടോടെ ഇത്തരം സഹകരണ പണമിടപാടുകൾ പാടെ കുറ്റിയറ്റു പോയി. മൊത്തവ്യാപാരികളുടെ ഇടപാടുകൾ ദീപാവലിക്കാണ്.


ഇടപാട്കാർക്ക് ദീപാവലി സമ്മാനമായി മധുര പലഹാര കിറ്റുകളുമുണ്ടാവും. ദീപാവലിക്കിറ്റിന്റെ പോരിശ നാട് മുഴുവൻ പാട്ടാവുമായിരുന്നു.
ഒരുകാല ജനതയുടെ പരസ്പര പൂരിത ജീവിത വ്യവസ്ഥിതി അറേബ്യൻ മണ്ണിൽ ഇല്ലാതായി. കോവിഡ് മഹാമാരിയിലൂടെ ഇനിയൊരു പഴയ സഹകരണ പ്രതാപം വീണ്ടും നാട്ടിലേക്ക് തിരിച്ച് വരുന്നു, ബിരിയാണി ചാലഞ്ചിലൂടെ. ഗ്രാമത്തിലെ അശരണരുടെ കണ്ണീരൊപ്പാൻ കൈകോർത്ത് ജനകീയ സൽക്കാരം ശ്രദ്ധേയമായി.
കന്നിയിലും മകരത്തിലുമുള്ള കുറ്റിപ്പിരിവിനും കുറിക്കല്ല്യാണത്തിനും കുറ്റി തീർക്കാൻ കാർഷിക- നാണ്യവിളകൾ ഇന്ന് നാട്ടിലില്ല. ഉള്ള വിളകൾക്കാണെങ്കിൽ ആനുപാതിക വിലനിലവാരവുമില്ല. ഈ അടുത്ത കാലത്തായി ആയിരക്കണക്കിന് കാരുണ്യ ചാലഞ്ചുകളാണ് നാട്ടിൻ പുറങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ നടന്നുവരുന്നത്,


പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം ബിരിയാണി ചലഞ്ച് നടത്തിയത്, മീനാർക്കുഴിയിലും പരിസരപ്രദേശങ്ങളിലുമായി അയ്യായിരത്തോളം പാക്കറ്റ് ബിരിയാണിയാണ് വിതരണം നടത്തിയത്. ഇതിലേക്കാവശ്യമായ വിഭവങ്ങൾ മീനാർക്കുഴിയിലേയും സമീപ പ്രദേശങ്ങളിലേയും വ്യാപാരികളും വ്യക്തികളുമാണ് സംഭാവന നൽകിയത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന സൊസൈറ്റി വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ, ബൈത്തുറഹ്മ പദ്ധതി, ബ്ലഡ് ഡൊണേഷൻ മൊബൈൽ  ആപ്ലിക്കേഷൻ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, അസുഖങ്ങൾ കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് ധന സഹായം, രോഗികൾക്കാവശ്യമായ ഓക്‌സിജൻ സിലിണ്ടർ, മെഡിക്കൽ ഉപകരണങ്ങൾ, ഇരുപത്തി നാല് മണിക്കൂറും സജ്ജമായ ആധുനിക സൗകര്യങ്ങളോടെയുള്ള ആമ്പുലൻസ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനാവശ്യമായ ധനസമാഹരണം നടത്തുന്നതിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്.  


കൊളത്തൂർ ഗ്രാമം ഉറങ്ങിയില്ല. പ്രണയ ദിനത്തിൽ ജിതേഷിന്റെ ഹൃദയസ്പന്ദനത്തിനായി വിരുന്നൊരുക്കി വിദ്യാർത്ഥികൾ.
കൊളത്തൂർ ഗ്രാമവാസികൾ കഴിഞ്ഞ പ്രണയദിനത്തിൽ സ്വന്തം നാട്ടുകാരനായ ജിതേഷിന്റെ ഹൃദയസ്പന്ദനത്തിന്റെ പൂർണ നില നിൽപ്പിനായി സ്‌നേഹവിരുന്നൊരുക്കുന്ന തിരക്കിലായിരുന്നു. നാട്ടുകാരും ഒരു കൂട്ടം വിദ്യാർത്ഥികളും,ഹൃദയം നൽകാൻ ബിരിയാണി ഫെസ്റ്റുമായി കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് ഹൃദയപൂർവം ഒരു ബിരിയാണി പാക്കറ്റ് എന്ന പദ്ധതി ഒരുക്കിയത്, വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റിനെ നാടും നഗരവും കുടുംബങ്ങളും ഏറ്റെടുത്തു, മൂർക്കനാടിലെയും സമീപ പഞ്ചായത്തിലെയും വീട്ടുകാരും  സ്ഥാപനങ്ങളും  കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

 

സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും , പെയിന്റിങ്ങ് തൊഴിലാളിയുമായ ഓണപ്പുട തുവക്കത്ത് ജിതേഷ് എന്ന യുവാവിന്റെ ഹൃദയ വാൽവ് മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് അധ്യാപകരുടെയും പിടിഎയുടെയും  മാനേജ്‌മെന്റിന്റെയും പിന്തുണയോടെ കുട്ടികൾ രംഗത്തിറങ്ങിയിരിക്കുന്നത്. 35 വയസ് പ്രായമുള്ള ജിതേഷിന്റെ ഹൃദയ വാൽവിന് ദ്വാരം വരികയും, ദിനംപ്രതി ദ്വാരം വലുതാകുകയും ചെയ്യുന്നതിനാൽ 2019 ൽ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചതാണ്. രോഗിയായ അമ്മയും  ഒന്നരയും രണ്ടരയും വയസ്സുള്ള കുട്ടികളും ഭാര്യയും അടങ്ങിയതാണ് ജിതേഷിന്റെ കുടുംബം. ഓപ്പറേഷനുള്ള പണം കണ്ടെത്താനാവാതെ പരമാവധി മരുന്നുമായി തള്ളിനീക്കുന്നതിനിടയിലാണ് അസുഖം മൂർച്ഛിക്കുകയും ശാസ്ത്രക്രിയ ഒഴിച്ചുകൂടാനാവാതെ വന്നതും. കഴിഞ്ഞ 2 വർഷമായി ജോലിക്ക് പോകാനായിട്ടില്ല. ഭാര്യക്ക് സമീപത്തെ അംഗനവാടിയിലെ താൽക്കാലിക ജോലി മാത്രമാണ് ഏക വരുമാനം. ആകെയുള്ള കൊച്ചു വീടിന്റെ ആധാരം പണയത്തിലായി ജപ്തി ഭീഷണിയിലുമായിരുന്നസമയത്താണ് നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ ദിനം ആലോഷിച്ചത്.   


ഏഴായിരം പേർക്കുള്ള ബിരിയാണിയാണ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. സ്‌കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആൻഡ് ഗൈഡ്  , എൻസി സി, നല്ല പാഠം യൂണിറ്റുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.    നാട്ടു പ്രമാണികൾ ഭക്ഷണ വിതരണ  കേന്ദ്രത്തിലെത്തി കുട്ടികളോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഇതിന് പരിഹാരമായി ബിരിയാണി ചാലഞ്ചിലൂടെ,
മക്കരപ്പറമ്പ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ദിനത്തിൽ സൗജന്യ ആംബുലൻസ് സേവനത്തിനും,  മുതിർന്ന പൗരൻമാരുടെ പ്രതിമാസ സംഗമം ഉൾപ്പെടെ ഉള്ള കാരുണ്യപദ്ധതികൾക്കും കിടപ്പ് രോഗികൾക്ക് വേണ്ടി വീൽ ചെയർ, വാക്കിങ് സ്റ്റിക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിനും ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി  പായസ ചാലഞ്ച് നടത്തി.


പടിഞ്ഞാറ്റുംമുറി സ്മാർട്ട് ശിഹാബ് തങ്ങൾ മോണുമെന്റ് ഫോർ അടോപ് റിലീഫ് ട്രീറ്റ്‌മെന്റ് ബിരിയാണി ചാലഞ്ചിലൂടെ കണ്ണീരൊപ്പാൻ കൈകോർത്തു. 26 ലക്ഷം സമാഹരിച്ചു. ഡയാലിസിസ് ചെയ്യുന്നവർക്കു വേണ്ടി ജനങ്ങൾ മനസ്സറിഞ്ഞു നൽകിയ സംഖ്യയിൽനിന്നു ചെലവുകൾ കഴിച്ചിട്ടു ബാക്കി വന്ന തുകയാണ് 26 ലക്ഷം. സ്‌നേഹ ജനങ്ങളുടെ കരുത്തിൽ സ്മാർട്ട് ചരിത്രങ്ങൾ രചിച്ചു മുന്നോട്ടുപോവുന്നു. നന്മയുടെ ചാലഞ്ചുകൾ തുടരുന്നു.


 

Latest News