'ക്വിറ്റ് ഇന്ത്യാ സമരത്തിൽ തുടങ്ങിയ കിറ്റ് വിതരണം'

ദിനപത്രങ്ങളെടുത്ത് നോക്കിയാൽ ഒരു സുരേഷ് ഗോപി പടം കാണുന്ന ത്രില്ലാണിപ്പോൾ. അങ്ങകലെ യമുനാ നദിക്കരയിൽ ഇരിക്കുമ്പോഴും നമ്മുടെ ഗവർണറുടെ മനസ്സ് നിറയെ കേരളവും വിദ്യാർഥികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയുമാണ്. കോളജുകളിലും സർവകലാശാലകളിലും പഠിച്ചവർക്കറിയാം എല്ലാ സർവകലാശാലകളുടേയും ചാൻസലർ സംസ്ഥാന ഗവർണറാണെന്ന്. യൂനിവേഴ്‌സിറ്റി പോലെ ഇത്രയും മഹത്തായ സ്ഥാപനത്തിന്റെ അധിപനായിരിക്കുന്ന ആൾ എന്തേ വൈസ് ചാൻസലർ മാത്രമായി ചുരുങ്ങിയെന്ന സാധാരണക്കാരുടെ സംശയത്തിനും ഇപ്പോൾ ഉത്തരമായി. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പലരുമുണ്ടായിട്ടുണ്ടെങ്കിലും ടി.എൻ ശേഷൻ ഇലക്ഷൻ കമ്മീഷണറായപ്പോഴാണ് ഈ ബോഡിയുടെ മഹത്വം ആളുകളറിഞ്ഞത്. അതേ പോലെ ആരിഫ് മുഹമ്മദ് ഖാൻ വെറുമൊരു റബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിച്ചു വരികയാണ്. നിയമജ്ഞനാണ് കേരള ഗവർണർ. സുപ്രീം കോടതി അഭിഭാഷകനായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. കേരളത്തിലെ സർവകലാശാലകളെ ശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കാം. പാർട്ടി നേതാക്കളുടെ ഭാര്യമാരല്ലാത്തവർക്കും വേണ്ടേ ജോലി? വടക്കൊരു സർവകലാശാലയിൽ അസിസ്റ്റന്റ് ഗ്രേഡ് 2 എന്ന തസ്തികയിലെ ഒഴിവുകൾ ലേലത്തിൽ വിറ്റ ചരിത്രം മറക്കുന്നതെങ്ങിനെ. ഭരണ-പ്രതിപക്ഷ ഭേദമെന്യ എല്ലാവർക്കും പങ്ക് ലഭിച്ചതിനാൽ ആർക്കും ആക്ഷേപമുണ്ടായതുമില്ല. സഹകരണ മേഖലയിലെ നിയമന അഴിമതി അവസാനിപ്പിക്കാൻ എ.കെ  ആന്റണി എന്നൊരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. കോൺഗ്രസനും ലീഗിനും സി.പി.എമ്മിനും താൽപര്യമില്ലാത്തതായിരുന്നുവെങ്കിലും സഹകരണ ബാങ്ക് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് അദ്ദേഹമാണ്. സർവകലാശാലകളിൽ പിൻവാതിൽ നിടയമനം അവസാനിപ്പിക്കാൻ ആർക്കുണ്ട് ധൈര്യം?  

***          ***           ***

സോണി ടിവിയിൽ കോൻ ബനേഗാ ക്രോർപതിയുടെ 14ാം സീസൺ ആരംഭിച്ചു. ഷോയുടെ അഞ്ചാം എഡിഷനിലെ വിജയി ആയിരുന്നു സുശീൽ കുമാർ എന്ന ബീഹാറുകാരൻ. 5 കോടിയാണ് സുശീലിന് സമ്മാനം ലഭിച്ചത്.  പരിപാടിയുടെ ഓരോ പുതിയ സീസൺ ആരംഭിക്കുമ്പോഴും വാർത്തകളിൽ സുശീൽ കുമാർ പ്രത്യക്ഷപ്പെടാറുണ്ട്. 5 കോടി സമ്മാനം നേടിയ സുശീൽ കുമാർ പാപ്പരായെന്നും പശുക്കളെ പോറ്റിയാണ് ഇപ്പോൾ ജീവിക്കുന്നതെന്നുമാണ് ഇത്തരം വാർത്തകൾ. 
2011ലാണ് സുശീൽ കുമാർ കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുത്ത് വിജയിച്ചത്. സമ്മാനത്തുകയായ 5 കോടിയിൽ നിന്ന് നികുതി കഴിഞ്ഞ് 3.5 കോടി രൂപ സുശീൽ കുമാറിന്റെ കയ്യിലെത്തി. ഒറ്റ രാത്രി കൊണ്ട് സുശീൽ കുമാർ നാട്ടിൽ സെലിബ്രിറ്റിയായി.  കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുക്കുമ്പോൾ പ്രതിമാസം ഏഴായിരം രൂപ ശമ്പളമുളള ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയിരുന്നു സുശീൽ കുമാർ.
താൻ പാപ്പരായെന്ന് എങ്ങനെയാണ് വാർത്ത വന്നതെന്ന് സുശീൽ കുമാർ പറയുന്നു. ഒരിക്കൽ ഭാര്യയുമായി വഴക്കിട്ടിരിക്കുന്ന സമയത്ത് ഒരു പത്രക്കാരൻ അഭിമുഖത്തിനായി വിളിച്ചു. പലതും സംസാരിക്കുന്നതിനിടെ ചില ചോദ്യങ്ങൾ തന്നെ ദേഷ്യം പിടിപ്പിച്ചു. ആ ദേഷ്യത്തിന്റെ പുറത്ത് താൻ പറഞ്ഞു, കയ്യിലുളള പണമെല്ലാം തീർന്നു. ഇപ്പോൾ പശുക്കളെ പോറ്റി പാൽ വിറ്റ് അതിൽ നിന്നുളള വരുമാനത്തിലാണ് ജീവിക്കുന്നതെന്ന്. ഇത് അച്ചടിച്ച് വന്നതോടെയാണ് സുശീൽ കുമാർ പാപ്പരായെന്ന വാർത്ത പരന്നത്. എന്നാൽ സുശീൽ കുമാറിന്റെ സ്വത്ത് മൂല്യം ഇപ്പോൾ 5 കോടിക്കും മുകളിലാണ് എന്നതാണ് യാഥാർത്ഥ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് സ്‌റ്റേറ്റ് ബാങ്കിന്റെ മോത്തിഹാരി ശാഖ ഒരു സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ ശാഖയിൽ വൻ നിക്ഷേപമുളള ആളുകൾക്കുളളയായിരുന്നു അത്. അക്കൂട്ടത്തിൽ 'പാപ്പരായിപ്പോയ' സുശീൽ കുമാറും ഉണ്ടായിരുന്നു. പാപ്പരായെന്ന് വാർത്ത വന്നത് ഒരർത്ഥത്തിൽ ഗുണം ചെയ്യുകയാണ് ചെയ്തത് എന്ന് സുശീൽ കുമാർ. അതിന് മുമ്പ്  സംഭാവന ആവശ്യപ്പെട്ട് നിരവധി പേർ സമീപിക്കാറുണ്ടായിരുന്നു. പലരും പറ്റിക്കുകയായിരുന്നു. ഈ  വാർത്ത വന്നതോടെ ആളുകളുടെ വരവ് നിന്നു. കോൻ ബനേഗാ ക്രോർപതി ഷോയിൽ നിന്ന് ലഭിച്ചതിൽനിന്ന് ഒരു പൈസ പോലും പാഴായി പോയിട്ടില്ല- സുശീൽ പറഞ്ഞു. 

***          ***           ***

കോഴിക്കോടും കേരളവും വല്ലാതങ്ങ് പ്രശസ്തമായ വാരമാണ് പിന്നിടുന്നത്. കോഴിക്കോട് കോടതിയുടെ പീഡന കേസിലെ നിരീക്ഷണം ദേശീയ ചാനലുകളിൽ വാർത്തയായി. ഇവരിൽ പലരും ശീർഷകത്തിൽ കോർട്ട് ഇൻ കേരള എന്നാണ് പറഞ്ഞത്. സിഎൻഎന്നിൽ കോഴിക്കോട് കോടതി പീഡനത്തിന് കാരണം കണ്ടെത്തിയെന്ന് സംപ്രേഷണം ചെയ്തതോടെ സാമൂതിരിയുടെ നഗരം വീണ്ടും ചരിത്രത്തിന്റെ ഭാഗമായി. 
പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണ്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതി കണ്ടെത്തൽ. പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയ ഫോട്ടോയിൽ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രൻ പരാതിക്കാരിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. നിരീക്ഷണം പലരുടേയും രോഷത്തിനിടയാക്കി. ട്രാൻസ്‌ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ  സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും അതിന് നൽകിയ തലക്കെട്ടും  ചർച്ചയായി. 'വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക് സമർപ്പിക്കുന്നു' എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.  ഈ കേസുമായി ബന്ധപ്പെട്ടവർ ലോക സുന്ദരി മത്സരം നടക്കുന്നിടത്തെങ്ങാനും ചെന്നാൽ പീഡന പ്രളയമായിരിക്കും ഫലം. 

***          ***           ***

മുൻനിര യുവ നായികമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ. സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ അടുത്തിടെ ദുർഗയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. കുടുക്ക്, ഉടൽ തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു അവയ്ക്ക് കാരണം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദുർഗ. ഒരു സിനിമയിൽ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീൻ, ഇമോഷണൽ സീൻ, കോമഡി സീൻ പോലെയെ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂവെന്ന് നടി പറയുന്നു. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ടാകും ആളുകൾ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ദുർഗ പറഞ്ഞു.

'എന്റെ തൊഴിലാണ് ഞാൻ ചെയ്യുന്നത്. ഒരു സിനിമയിൽ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീൻ, ഇമോഷണൽ സീൻ, കോമഡി സീൻ പോലെയെ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂ. അതിന് പ്രത്യേകമായൊരു പ്രാധാന്യം ഞാൻ കൊടുക്കുന്നില്ല. അതിങ്ങനെ സ്‌പെഷ്യൽ ആയി പറയേണ്ട കാര്യമൊന്നും ഇല്ല. അങ്ങനെ ഉള്ള സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ട് വിവാദങ്ങൾ ഉണ്ടാകുന്നു, അതും സ്ത്രീകൾക്ക് നേരെ എന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ടാകും ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നത്. എല്ലാവരും അല്ല കുറച്ചു പേർ. ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലെ ഇത്തരം രംഗങ്ങൾ ആളുകൾ കണ്ടിരിക്കാറുണ്ട്. ഈ സീനിനെ ആരും വെറുക്കുന്നില്ല. പക്ഷേ ഒരു മലയാള നടി ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ല'- എന്ന് ദുർഗ കൃഷ്ണ പറഞ്ഞു. കുടുക്ക് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

***          ***           ***

 

കേരളകൗമുദി ടിവിയിലെ ഒരു വനിത അവതാരക തിരുവനന്തപുരത്തും പരിസരങ്ങളിലും മൈക്കുമായി കറങ്ങി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് തൽക്ഷണം സമ്മാനം നൽകുന്ന പ്രോഗ്രാം ട്രോളന്മാർക്ക് നല്ല വിരുന്നായി. ചാനലിന്റെ മൊത്തം വ്യൂവേഴ്‌സിലും കൂടുതൽ കാണികൾ തമാശ തുളുമ്പുന്ന ഈ ട്രോളുകൾക്ക് ലഭിച്ചിരിക്കും. ചോദ്യോത്തര സാമ്പിളുകൾ- കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്? പിണറായി വിജയൻ. നമ്മുടെ നാട്ടിൽ കിറ്റ് വിതരണം തുടങ്ങിയതെപ്പോൾ? ക്വിറ്റ് ഇന്ത്യാ സമര കാലത്താണ് ഇതിന്റെ തുടക്കമെന്ന് ഒരു ബസ് ഡ്രൈവർ ഉത്തരം പറയുന്നു. പിന്നീട് 2018ലെ മഹാ പ്രളയ കാലത്തും കിറ്റ് വിതരണമുണ്ടായി. ഇപ്പോഴിതാ ഈ ഓണക്കാലത്തും കിറ്റ് വിതരണമുണ്ട്. ഇന്ത്യയുടെ ദേശീയ പതാകയിലെ നിറങ്ങളെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് ബഹുരസം. ഇളം മഞ്ഞ, പച്ച, വെള്ള മുതൽ ചുവപ്പ്, പച്ച, വെള്ള, കാവി, പച്ച, വെള്ളി വരെ സുന്ദരമായ ഉത്തരങ്ങളുണ്ട്. ഇൻഡിപെൻഡൻസ് എന്ന വാക്കിന്റെ സ്‌പെല്ലിംഗ് ചോദിച്ചപ്പോൾ ന്യൂ ജെൻ വിദ്യാർഥി ഓടിരക്ഷപ്പെട്ടത് ഉഗ്രനായി. 

***          ***           ***

മേഘ്‌ന എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മേഘ്‌നയുടെ പുതിയ വിശേഷങ്ങളെപ്പോഴും മലയാളികൾക് ആഘോഷമാക്കാറുണ്ട്. തന്റെ പ്രിയ ഭർത്താവ് ചീരുവിന്റെ മരണം മേഘ്‌നയെ വല്ലാതെ തളർത്തിയിട്ടുണ്ട് . ആ വിഷമത്തിൽ നിന്നും മേഘ്‌ന മാറി വരുന്നതേയുള്ളൂ. പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടപ്പെട്ട രണ്ട് പേർ തന്നെയായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും. ഇവരുടെ എന്ത് വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മേഘ്‌ന ഒരു പുതിയ അഭിമുഖം നൽകിയിരിക്കുകയാണ്. ഈ അഭിമുഖം നിമിഷനേരം കൊണ്ടാണ് വൈറലായത്. 

രണ്ടാം വിവാഹത്തെക്കുറിച്ച് മേഘ്‌ന തുറന്നുപറയുകയാണ് ഈ അഭിമുഖത്തിൽ. ജീവിതം ജീവിച്ച് തുടങ്ങുമ്പോൾ ഒരു സമയത്ത് നമ്മുടെ പാർട്ണർ നഷ്ടപ്പെടുമ്പോൾ പലരും ഒരു സമയം കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കണമെന്ന് പറയാറുണ്ട്. അങ്ങനെയൊരു കല്യാണം മേഘനയ്ക്ക് ഉണ്ടാകുമോ എന്നാണ് അവതാരകൻ ചോദിച്ചത്. പലരും അറിയാൻ ആഗ്രഹിച്ച ചോദ്യത്തിനുള്ള മറുപടി ഒട്ടും ആലോചിക്കാതെയാണ് മേഘ്‌ന പറഞ്ഞത്. 
'എനിക്ക് തോന്നുന്നു നമ്മുടെ സമൂഹത്തെ രണ്ടായി തിരിക്കാം. ഒരു കൂട്ടം ആളുകൾ എന്നെ വീണ്ടും കല്യാണം കഴിക്കണമെന്ന് ഉപദേശിക്കുന്നുണ്ട് എന്നാൽ മറ്റൊരു കൂട്ടം ആളുകൾ എന്നോട് പറയുന്നത് നീ സന്തോഷത്തോടെ നിന്റെ മകനോടൊപ്പം ജീവിക്കണമെന്നാണ്. അതുകൊണ്ട് തന്നെ ഞാൻ ആരെ കേൾക്കണം. ആർക്ക് ചെവി കൊടുക്കണം? ഞാൻ ആരും പറയുന്നത് കേൾക്കില്ല. ഞാൻ ഞാൻ പറയുന്നത് മാത്രമേ കേൾക്കൂ.. അതുകൊണ്ട് തന്നെ ഞാൻ പറയാം. വീണ്ടും വിവാഹം കഴിക്കണമെന്ന ചോദ്യം ഞാൻ എന്നോട് ചോദിച്ചിട്ടില്ല. ചീരു എന്നെ പഠിപ്പിച്ച കാര്യം എപ്പോഴും ഈ സമയത്ത് ജീവിക്കണമെന്നാണ്. അതുകൊണ്ട് തന്നെ നാളെ എന്താകുമെന്നോ രണ്ട് ദിവസം കഴിഞ്ഞ് എന്താകുമെന്നോ ഞാൻ ചിന്തിക്കില്ല. ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് ഈ നിമിഷത്തെക്കുറിച്ച് മാത്രമാണ്.' കുഴപ്പിക്കുന്ന ഉത്തരമാണ് മേഘ്‌ന പറഞ്ഞത്. വിവാഹം കഴിക്കുമെന്നോ കഴിക്കില്ലെന്നോ പറഞ്ഞിട്ടില്ല. 

ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ ടൈറ്റിൽ വിന്നറാണ് ദിൽഷ. ദിൽഷ ഇൻസ്റ്റാഗ്രാമിൽ ഒരു സ്‌റ്റോറി പങ്കുവെച്ചു. സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് സീരിയൽ താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക്  പോകുന്ന ഒരു ചിത്രമാണത്. ശരണ്യയും ദിൽഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്‌റ്റോറിയിൽ മെൻഷൻ ചെയ്ത് കൊണ്ട് ഷെയർ ചെയ്തു. ഇതോടെ ആരാധകരിൽ സംശയമുണ്ടായി. ദിൽഷ കുടുംബവിളക്ക് സീരിയലിൽ അഭിനയിക്കാൻ പോകുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ചിലർ പറഞ്ഞു അതിഥി വേഷത്തിലായിരിക്കും താരം എത്തുക എന്ന്.  ഏതെങ്കിലും റിയാലിറ്റി ഷോയിൽ പോകുന്നതായിരിക്കും എന്ന് ചിലർ പറയുന്നു. നല്ല ഒരു സിനിമയിൽ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ മുൻപ് പറഞ്ഞിരുന്നു. എന്തായാലും ദിൽഷ കുടുംബവിളക്കിൽ എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.  നിരവധി കമന്റുകളും വന്ന് തുടങ്ങി. ദിൽഷ കുടുംബവിളക്കിൽ അഭിനയിച്ചാൽ ഇനി ആ സീരിയൽ കാണില്ലെന്നും അഭിനയിക്കാൻ അല്ലെങ്കിലും ദിൽഷ നല്ല കഴിവ് ബിഗ് ബോസിൽ തന്നെ തെളിയിച്ചെന്നും നെഗറ്റീവ് കമന്റുകളും വന്ന് തുടങ്ങി. എന്ത് തന്നെ ആയാലും ദിൽഷ സീരിയലിൽ അഭിനയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. 


 

Latest News