ഗ്രൂപ്പ് എ : ആതിഥേയർ ചാടിയാൽ എത്ര വരെ?
ഫിഫ റാങ്കിംഗ്: 49
ലോകകപ്പിൽ: അരങ്ങേറ്റം
മികച്ച പ്രകടനം: ആദ്യ തവണ
മികച്ച കളിക്കാരൻ: അൽമുഇസ് അലി
കോച്ച്: ഫെലിക്സ് സാഞ്ചസ്
സാധ്യത: ആദ്യ റൗണ്ട്
ഒരു ആതിഥേയ ടീമേ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിട്ടുള്ളൂ -2010 ൽ ദക്ഷിണാഫ്രിക്ക. ആ മാനക്കേട് ആവർത്തിക്കാതിരിക്കാൻ ഖത്തർ പാടുപെടേണ്ടിവരും. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരാണ് ഖത്തർ. പക്ഷെ സമീപകാല മത്സരങ്ങളിൽ പോർചുഗലിനോടും അയർലന്റിനോടും സെർബിയയോടും കനത്ത തോൽവി ഏറ്റുവാങ്ങി. അസർബയ്ജാനുമായി സമനില വഴങ്ങി. ഏഷ്യൻ കപ്പിൽ തന്നെ പത്താം തവണ കളിച്ചപ്പോഴാണ് ആദ്യ കിരീടം നേടിയത്.
1970 ലാണ് ഖത്തർ ആദ്യ ഔദ്യോഗിക മത്സരം കളിക്കുന്നത്. 52 വർഷത്തിനകം ലോകകപ്പ് കളിക്കാൻ കഴിയുന്നു എന്നത് വലിയ നേട്ടമാണ്. 1975 ലാണ് ഏഷ്യൻ കപ്പിന്റെ യോഗ്യതാ മത്സരം ഖത്തർ കളിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പങ്കെടുത്തത് 1977 ലും. തൊണ്ണൂറുകളിലാണ് ഖത്തർ ഫുട്ബോൾ ടീം പാകത കൈവരിക്കുന്നത്. 1993 ൽ ഫിഫ റാങ്കിംഗിൽ അമ്പതിനോടടുത്തു. 1992 ൽ ആദ്യമായി ഗൾഫ് കപ്പ് ചാമ്പ്യന്മാരായി. 2019 ലെ ഏഷ്യൻ കപ്പിൽ ഖത്തർ അത്യുജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ലെബനോനെ 2-0 നും വടക്കൻ കൊറിയയെ 6-0 നും സൗദി അറേബ്യയെ 2-0 നും തോൽപിച്ച് നോക്കൗട്ട് റൗണ്ടിലെത്തിയ ഖത്തർ പ്രി ക്വാർട്ടറിൽ ഇറാഖിനെയും ക്വാർട്ടറിൽ തെക്കൻ കൊറിയയെയും തോൽപിച്ചു. സെമി ഫൈനലിൽ യു.എ.ഇയെ 4-0 ന് തകർത്തു. ഫൈനലിലാണ് ആദ്യ ഗോൾ വഴങ്ങിയത്, എങ്കിലും ജപ്പാനെ 3-1 ന് അട്ടിമറിച്ച് ചാമ്പ്യന്മാരായി.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെ ഖത്തർ നേരിടും. അതിശക്തമായ രണ്ട് ടീമുകളാണ് പിന്നീട് കാത്തിരിക്കുന്നത്. ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിനെതിരെ പരസ്യമായി വിമർശിച്ചയാളാണ് നെതർലാന്റ്സ് കോച്ച് ലൂയിസ് വാൻഹാൽ. അതിനാൽ ഖത്തർ-നെതർലാന്റ്സ് മത്സരത്തിന് എരിവ് കൂടും.
മലമുകളിലെ വമ്പന്മാർ
ഫിഫ റാങ്കിംഗ്: 44
ലോകകപ്പിൽ: നാലാം തവണ
മികച്ച പ്രകടനം: പ്രി ക്വാർട്ടർ (2006)
മികച്ച കളിക്കാരൻ: എന്നാർ വലൻസിയ
കോച്ച്: ഗുസ്റ്റാവൊ അൽഫാരൊ
സാധ്യത: ആദ്യ റൗണ്ട്
ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ 18 കളികളിൽ ആറെണ്ണം തോറ്റിട്ടും ഇക്വഡോറിന് യോഗ്യത നേടാനായി. മേഖലയിൽ നിന്ന് നേരിട്ട് യോഗ്യത ലഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടീമായിരുന്നു ഇക്വഡോർ. ലാറ്റിനമേരിക്കയിൽ അത്ര ഭയപ്പെടേണ്ടതില്ലാത്ത ടീമാണ് അവർ.
1930 ലെ പ്രഥമ ലോകകപ്പിന് ക്ഷണം ലഭിച്ച ടീമാണ് ഇക്വഡോർ. എന്നാൽ പങ്കെടുക്കാനായില്ല. 72 വർഷത്തിനു ശേഷം 2002ലാണ് അവർ ആദ്യം ലോകകപ്പ് കളിച്ചത്. അതൊരു വരവായിരുന്നു. അത്തവണ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിനെയും അർജന്റീനയെയും അവർ മറികടന്നു. പക്ഷെ ലോകകപ്പിൽ ആദ്യ റൗണ്ട് കടക്കാനായില്ല.
2006 ൽ അവിസ്മരണീയ പ്രകടനത്തിലൂടെ പോളണ്ടിനെയും കോസ്റ്ററീക്കയെയും തോൽപിച്ച് പ്രി ക്വാർട്ടറിലെത്തി. പ്രി ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് ഒരു ഗോളിന് തോറ്റു. 2014 ലാണ് മൂന്നാം തവണ ലോകകപ്പ് കളിച്ചത്. ഒരിക്കലേ ലോകകപ്പിൽ അവർ ഗ്രൂപ്പ് ഘട്ടം കടന്നുള്ളൂ. എന്നാൽ മൂന്നു ലോകകപ്പുകളിലും ഒരു കളിയെങ്കിലും ജയിച്ചിട്ടുണ്ട്. കൊളംബിയൻ കോച്ചുമാരുടെ കീഴിലാണ് മൂന്നു തവണയും അവർ ലോകകപ്പ് കളിച്ചത്. ഗുസ്റ്റാവൊ അൽഫാരൊ അർജന്റീനക്കാരനാണ്.
ക്വിറ്റോയിലാണ് ഇക്വഡോർ ഹോം മത്സരങ്ങൾ കളിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 2782 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്ത് വിദേശ ടീമുകൾക്ക് കളിക്കാൻ പ്രയാസമാണ്. അത് ഇക്വഡോറിനെ സഹായിക്കാറുണ്ട്. ഇവിടെ ബ്രസീലിനെയും അർജന്റീനയെയും രണ്ടു തവണ വീതവും പാരഗ്വായെ മൂന്നു തവണയും അവർ തോൽപിച്ചിട്ടുണ്ട്. 2006 ലെയും 2014 ലെയും യോഗ്യതാ റൗണ്ടിൽ ക്വിറ്റോയിൽ ഇക്വഡോറിനെ തോൽപിക്കാൻ ഒരു ടീമിനും സാധിച്ചില്ല.
മധുരിക്കുമോ ഓറഞ്ച്?
ഫിഫ റാങ്കിംഗ്: എട്ട്
ലോകകപ്പിൽ: 11ാം തവണ
മികച്ച പ്രകടനം: മൂന്നു തവണ ഫൈനൽ
മികച്ച കളിക്കാരൻ: വിർജിൽ വാൻഡൈക്
കോച്ച്: ലൂയിസ് വാൻഹാൽ
സാധ്യത: ക്വാർട്ടർ ഫൈനൽ
ഖത്തർ ലോകകപ്പിൽ നെതർലാന്റ്സ്-അർജന്റീന ക്വാർട്ടർ ഫൈനലിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലോകകപ്പ് നേടിയിട്ടില്ലാത്ത മികച്ച ടീമുകളുടെ പട്ടികയിലാണ് നെതർലാന്റ്സ്. എഴുപതുകൾ അവരുടെ സുവർണ കാലമായിരുന്നു. യോഹാൻ ക്രയ്ഫ് എന്ന ലോകോത്തര താരം കളിച്ച 1974 ൽ പശ്ചിമ ജർമനിയോടും 1978 ൽ അർജന്റീനയോടും ഫൈനൽ തോറ്റു. 2010 ൽ സ്പെയിനിനെതിരെയും ഫൈനൽ കളിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോലും അവർക്ക് ഒരിക്കലേ കിരീടം നേടാനായിട്ടുള്ളൂ -1988 ൽ. ഒളിംപിക്സിൽ ചാമ്പ്യന്മാരായിട്ടില്ല. അവസാന മെഡൽ 1920ലായിരുന്നു.
കഴിഞ്ഞ ഏഴു വർഷമായി തകർച്ചയിലായിരുന്നു നെതർലാന്റ്സ്. 2014 ൽ മൂന്നാം സ്ഥാനത്തേക്കു നയിച്ച കോച്ച് ലൂയിസ് വാൻഹാലിനെ തിരിച്ചുകൊണ്ടുവന്നതോടെയാണ് ഓറഞ്ച് മധുരം ഡച്ച് ടീം വീണ്ടെടുത്തത്. 2016 ലെ യൂറോ കപ്പിനും 2018 ലെ ലോകകപ്പിനും നെതർലാന്റ്സിന് യോഗ്യത നേടാൻ പോലുമായില്ല.
തൊണ്ണൂറുകളിലെ ഡച്ച് ടീമും മോഹിപ്പിക്കുന്നതായിരുന്നു. എന്നാൽ 1994 ൽ ബ്രസീലിനോട് ക്വാർട്ടറിലും 1998 ൽ ബ്രസീലിനോട് സെമി ഫൈനലിലും ക്രൊയേഷ്യയോട് ലൂസേഴ്സ് ഫൈനലിലും തോറ്റു. 2006 ൽ പോർചുഗൽ പ്രി ക്വാർട്ടറിൽ വഴിമുടക്കി. ലോകകപ്പിലെ ഒരു മത്സരവും നെതർലാന്റ്സ് നിശ്ചിത സമയത്ത് ഒന്നിലേറെ ഗോളിന് തോറ്റിട്ടില്ല.
അട്ടിമറി വീരന്മാർ
ഫിഫ റാങ്കിംഗ്: 18
ലോകകപ്പിൽ: മൂന്നാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ
മികച്ച കളിക്കാരൻ: സാദിയൊ മാനെ
കോച്ച്: ആലിയു സിസെ
സാധ്യത: പ്രി ക്വാർട്ടർ
ലോകകപ്പിലെ അവിസ്മരണീയ ഓർമയാണ് സെനഗാൽ. 2002 ലോകകപ്പിലെ ആദ്യ മത്സരം ആഘോഷമാക്കിയവരാണ് അവർ. അരങ്ങേറ്റത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അവർ അട്ടിമറിച്ചു. ഡെന്മാർക്കുമായും ഉറുഗ്വായുമായും സമനില നേടി. പ്രി ക്വാർട്ടറിൽ സ്വീഡനെ എക്സ്ട്രാ ടൈമിൽ ഞെട്ടിച്ചു. ക്വാർട്ടർ ഫൈനലിൽ തുർക്കിയാണ് അവരെ പിടിച്ചുകെട്ടിയത്. ഇത്തവണ ആഫ്രിക്കയിലെ ഒന്നാം നമ്പർ ടീം ആഫ്രിക്കൻ ചാമ്പ്യന്മാരെന്ന തലയെടുപ്പുമായാണ് ലോകകപ്പിന് വരുന്നത്.
സുസംഘടിതമാണ് സെനഗാൽ. ഒന്നാന്തരം ആക്രമണനിരയുണ്ട്. എങ്കിലും അതിനൊത്ത രീതിയിൽ ഗോളടിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന ദൗർബല്യം.
സെനഗാൽ ഫുട്ബോളിന്റെ സുവർണ ദശയാണ് ഇത്. 2019 ലെ ആഫ്രിക്കൻ കപ്പിൽ ഫൈനലിലെത്തുകയും കഴിഞ്ഞ വർഷം ചാമ്പ്യന്മാരാവുകയും ചെയ്തു. എഡ്വേഡ് മെൻഡി, കാലിദു കൂലിബാലി, ഇസ്മായില സാർ, മാനെ എന്നിവരെല്ലാം യൂറോപ്പിലെ മുൻനിര ക്ലബ്ബുകളിൽ കളിക്കുന്നവരാണ്. തോൽപിക്കാൻ കടുകട്ടിയായ ടീമുകളിലൊന്നായി സെനഗാലിനെ വളർത്തിയെടുക്കാൻ കോച്ച് ആലിയു സിസെക്ക് സാധിച്ചിട്ടുണ്ട്.
സെനഗാലിന് ലോകകപ്പിൽ മറ്റൊരു ചരിത്രം സൃഷ്ടിക്കാനായി. ഫെയർപ്ലേ ചട്ടപ്രകാരം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ആദ്യ ടീമാണ് അവർ. 2018 ൽ ജപ്പാനും സെനഗാലും തമ്മിൽ പോയന്റിലും ഗോൾവ്യത്യാസത്തിലും അടിച്ച ഗോളിലും പരസ്പരമുള്ള മത്സരഫലത്തിലും എല്ലാം തുല്യമായിരുന്നു. ഒടുവിൽ ലഭിച്ച കാർഡുകളുടെ കണക്ക് പരിഗണിച്ചു. കൂടുതൽ കാർഡ് കിട്ടിയതിനാൽ സെനഗാൽ പുറത്തായി.