Sorry, you need to enable JavaScript to visit this website.

കനിവിന്റെ സ്‌നേഹ ഭാജനം, കോട്ടക്കലിലെ ഉമ്മ

അറാറിലും അൽജൗഫിലുമുള്ള എംബസിയുമായി ബന്ധമുള്ള വളണ്ടിയറുമായി ഞാൻ ബന്ധപ്പെടുകയും അവിടെ നിന്നുള്ള വേണ്ട സഹായം ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിൽ ഞാൻ സ്‌പോൺസറുമായി സംസാരിക്കുകയും ചെയ്തു. സ്‌പോൺസർ നല്ല രീതിയിൽ സഹകരിക്കുകയും അൽജൗഫിലും അറാറിലുമുള്ള കേസുകൾ അദ്ദേഹം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
 

 

ഇക്കഴിഞ്ഞ ഏപ്രിൽ 23 നാണ് എന്റെ വാട്‌സ്ആപ്പിലേക്ക് നാട്ടിൽ നിന്നും ഒരു ശബ്ദസന്ദേശം വരുന്നത്. തുറന്നു നോക്കിയപ്പോൾ സ്‌നേഹനിധിയായ ഒരു ഉമ്മയുടെ ദീനരോദനമായിരുന്നു അത്. സന്ദേശം മുഴുവൻ കേൾക്കാൻ ഞാൻ ശ്രമിച്ചില്ല. അത്രക്കും ഹൃദയസ്പർശിയായിരുന്നു അവരുടെ സന്ദേശം. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലെ അവസാന പത്തിലെ ആ സന്ദേശം എനിക്കൊരിക്കലും അവഗണിക്കാൻ പറ്റുമായിരുന്നില്ല. റിയാദ് ഡീപോർട്ടഷൻ സെന്ററിൽ കഴിയുന്ന തന്റെ മകന്റെ വിവരം പറയാനും അവനെ വേഗം നാട്ടിലേക്കു അയക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു തരണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. തന്റെ മകനെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ച് എത്രയും വേഗം നാട്ടിലേക്കയക്കാൻ അവർ എന്നോട് കേണപേക്ഷിക്കുകയായിരുന്നു. മോനെ എന്നുള്ള അവരുടെ വിളി എന്നെ വല്ലാതെ സങ്കടത്തിലാക്കി. ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് എന്റെ പ്രിയപ്പെട്ട ഉമ്മ മരണപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ഞാൻ മോനെ എന്നൊരു വിളി കേൾക്കുന്നത്. എന്റെ പെറ്റുമ്മയാണ് എന്നെ ആ വിളി വിളിച്ചതെന്ന് എനിക്ക് തോന്നി. ഉമ്മാന്റെ മകനെ എത്രയും വേഗം നാട്ടിലെത്തിക്കുവാൻ എന്നാൽ കഴിയുന്ന കാര്യങ്ങൾ ഞാൻ ചെയ്തു തരാമെന്നും ഇനി ഉമ്മ എനിക്ക് സന്ദേശമൊന്നും അയക്കേണ്ട എന്നും ഉമ്മയുടെ മകനോട് എന്നെ വിളിക്കുവാൻ പറയണമെന്നും ഞാൻ പറഞ്ഞു. അതനുസരിച്ചു മകൻ എന്നെ വിളിക്കുകയും മകനോട് കേസിന്റെ വിശദ വിവരങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. കേസിന്റെ വിശദ വിവരങ്ങൾ അറിഞ്ഞതിനു ശേഷം ഞാൻ റിയാദ് ഡീപോർട്ടഷൻ സെന്ററിൽ പോയി വേണ്ട നടപടികൾ സ്വീകരിച്ചു. അവന്റെ പേരിൽ അറാറിലും അൽജൗഫിലുമായി രണ്ടു കേസുകൾ ഉള്ളതിനാൽ റിയാദിൽ നിന്നും നാട്ടിലേക്ക് പോകാനുള്ള സാധ്യത മങ്ങി. എന്റെ അഭ്യർത്ഥന മാനിച്ച് അവനെ രണ്ടു ദിവസത്തിനകം റിയാദ് ഡീപോർട്ടഷൻ സെന്ററിൽ നിന്ന് അറാറിലേക്ക് അയക്കുകയും ചെയ്തു. 


അറാറിലും അൽജൗഫിലുമുള്ള എംബസിയുമായി ബന്ധമുള്ള വളണ്ടിയറുമായി ഞാൻ ബന്ധപ്പെടുകയും അവിടെ നിന്നുള്ള വേണ്ട സഹായം ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിൽ ഞാൻ സ്‌പോൺസറുമായി സംസാരിക്കുകയും ചെയ്തു. സ്‌പോൺസർ നല്ല രീതിയിൽ സഹകരിക്കുകയും അൽജൗഫിലും അറാറിലുമുള്ള കേസുകൾ അദ്ദേഹം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ആ ഉമ്മ എന്നെ വിളിക്കും. ഒരു ദിവസം ദുബായിലുള്ള അവരുടെ മകൻ എന്നെ ഒരു കോൺഫറൻസ് കോളിലൂടെ നിർബന്ധിച്ചു ആ ഉമ്മയുമായി സംസാരിക്കാനുള്ള അവസരമൊരുക്കി. പൊന്നുമോനെ എന്നാണ് വിളിക്കുക. തന്റെ മകന്റെ കാര്യം എന്തായി എന്ന് അനേഷിക്കും. വല്ലാത്തൊരു സ്‌നേഹത്തിന്റെ നിറകുടമാണ് ആ മാതാവ്. ചെറിയ പെരുന്നാളിന്റെ മുമ്പായി എങ്ങനെയെങ്കിലും എന്റെ മകനെ നാട്ടിലെത്തിക്കണമെന്നായിരുന്നു ആ ഉമ്മയുടെ ആഗ്രഹം. ഞാൻ പറഞ്ഞു, ചെറിയ പെരുന്നാളിന്റെ മുമ്പായി ഉമ്മാന്റെ മകനെ നാട്ടിലെത്തിക്കുകവൻ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും ഞാൻ പരമാവധി ശ്രമിക്കാം.


പക്ഷേ ആ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും മെയ് മാസം നാലാം തീയതി അൽജൗഫ് എയർപോർട്ടിൽ നിന്ന് ദൽഹിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ ആ ഉമ്മയുടെ മകൻ നാട്ടിലെത്തി. മകൻ നാട്ടിലെത്തിയിട്ടും ആ പ്രിയപ്പെട്ട മാതാവ് എന്നെ വിടാൻ തയാറായില്ല. അതിനിടയിൽ എന്റെ കുടുംബവുമായി പരിചയപ്പെട്ടു. എന്റെ ഭാര്യയുമായി സംസാരിക്കും. പൊന്നുമോൻ എപ്പോൾ നാട്ടിൽ വന്നാലും ഈ ഉമ്മയെ കാണാൻ വരണം. ഈ ഉമ്മയെ കാണാതെ പോകരുത്. എന്റെ ഭാര്യയും പറഞ്ഞിരുന്നു നിർബന്ധമായും നമ്മൾ ആ ഉമ്മയെ പോയി കാണണമെന്ന്. അങ്ങനെ ഇക്കഴിഞ്ഞ മെയ് മാസം പതിനാലാം തീയതി രണ്ടാഴ്ചത്തേക്ക് നാട്ടിൽ പോയപ്പോൾ ഞാനും ഭാര്യയും ഇളയ മകനും കൂടി മെയ് പത്തൊൻപതാം തീയതി കോട്ടക്കലിലുള്ള അവരുടെ വീട്ടിലേക്കു ആ മാതാവിനെ കാണുവാൻ വേണ്ടി പോയിരുന്നു. വരുന്നതിന്റെ മുമ്പ് വിവരം പറയണമെന്നും കാരണം എന്ത് ഭക്ഷണമാണ് മോന് വേണ്ടി തയാറാക്കേണ്ടത് എന്നറിയുവാൻ വേണ്ടിയാണു എന്നും പറഞ്ഞു. ഞാൻ പറഞ്ഞു, പ്രത്യേകിച്ചു ഭക്ഷണമൊന്നും ഞങ്ങൾക്ക് വേണ്ടി തയാറാക്കേണ്ട. സാമ്പാറും ചോറും മാത്രം ഉണ്ടാക്കിയാൽ മതി. അയച്ചു തന്ന ലൊക്കേഷൻ നോക്കി ഞങ്ങൾ ഉച്ചക്ക് ഏകദേശം ഒന്നര മണിക്ക് കോട്ടക്കൽ ആര്യവൈദ്യശാലക്കു പിറകുവശത്തുള്ള അവരുടെ വീട്ടിലെത്തി. അവരുടെ മക്കളും പേരമക്കളും ദമാമിൽ പ്രവാസിയായിരുന്ന അവരുടെ ഭർത്താവും കൂടി ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. നല്ല കോരിച്ചൊരിയുന്ന മഴയുമുണ്ടായിരുന്നു. എല്ലാവരും കൂടിയിരുന്ന് സുഭിക്ഷമായ സദ്യയും കഴിച്ച് കുറെ സമയം വർത്തമാനവും പറഞ്ഞിരുന്നു. ആ ഉമ്മയുടെ ഭർത്താവ് സൗദി പബ്ലിക് ട്രാൻസ്പോർട് കമ്പനിയുടെ (സാപ്റ്റകോ) ഡ്രൈവർ ആയി ദമാമിൽ കുറെ വർഷങ്ങൾ ജോലി ചെയ്തിരുന്നു.


ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട എന്റെ ഉമ്മയുടെ കാര്യങ്ങൾ ആ മാതാവ് അന്വേഷിച്ചു. മോന്റെ ഉമ്മ മരണപ്പെട്ടിട്ടില്ല. എന്നിലൂടെ മോന്റെ ഉമ്മ ജീവിക്കുന്നു എന്നെല്ലാം പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ആ മാതാവിന്റെ കലർപ്പില്ലാത്ത സ്‌നേഹത്തെ ഓർത്ത് ചില രാത്രികളിൽ ഞാൻ കരഞ്ഞിട്ടുണ്ട്. മക്കൾക്ക് മാതാപിതാക്കൾ വല്ലാത്തൊരു ഭാരമാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. സ്വത്തിനു വേണ്ടി മാതാപിതാക്കളെ കൊല്ലുന്ന മക്കളുണ്ട്. നോക്കാനാളില്ലാതെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ നടതള്ളുന്ന മക്കളുണ്ട്. മാതാപിതാക്കളെ നോക്കുന്ന കാര്യത്തിൽ വഴക്കും വക്കാണവും അടിപിടിയും കൂടി തല്ലിപ്പിരിയുന്ന മക്കളുണ്ട്. മാതാപിതാക്കൾക്ക് ഭക്ഷണം കൊടുക്കാതെ മുറിയിലടച്ചു പീഡിപ്പിക്കുന്ന മക്കളുണ്ട്. മാതാപിതാക്കൾ രോഗശയ്യയിൽ കിടക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത മക്കളുണ്ട്. മരണശയ്യയിൽ കിടക്കുമ്പോൾ പോലും സ്വന്തം മക്കളെ ഒരു നോക്ക് കാണാനുള്ള അതിയായ മോഹം പൂവണിയാതെ മരണത്തെ പുൽകുന്ന എത്ര മാതാക്കളുണ്ട്. മക്കളുണ്ടായിട്ടും ഉറ്റവരുടെയോ ഉടയവരുടെയോ യാതൊരു സാന്നിധ്യവുമില്ലാതെ വൃദ്ധസദനങ്ങളിൽ കിടന്നു മരണത്തിലേക്കുള്ള ദിനരാത്രങ്ങൾ എണ്ണിയെണ്ണി നെടുവീർപ്പിടുന്ന എത്രയോ മാതാപിതാക്കൾ നമുക്ക് ചുറ്റുപാടുമുണ്ട്. എന്നാൽ കോട്ടക്കലിലെ ആ ഉമ്മ ഇനിയും കരുണ വറ്റാത്ത ഈ ഭൂമിയിലെ വല്ലാത്തൊരു അനുഗ്രഹമാണ്. പരമകാരുണ്യവാൻ ഈ ഭൂമിക്ക് നൽകുന്ന ഏറ്റവും മുന്തിയ അനുഗ്രഹമാണത്. അവർ അവസാനം എനിക്കയച്ച സന്ദേശം ഞാൻ മരണപ്പെട്ടാൽ മോൻ എന്നെ വന്നു കാണുന്നത് എനിക്ക് പൊരുത്തമാണെന്നാണ്. മോനു വേണ്ടി ഞാൻ എപ്പോഴും പ്രാർഥിക്കുമെന്നു പറഞ്ഞു. പ്രിയമുള്ളവരേ മാതാപിതാക്കൾ വല്ലാത്തൊരു അനുഗ്രഹമാണ്. അവരെ നോക്കി സംരക്ഷിക്കുക. ഈ ഭൂമിയിൽ അവർ ജീവിക്കുന്നിടത്തോളം കാലം മക്കൾ അവർക്ക് കാരുണ്യത്തിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കുക.

(റിയാദ് ഇന്ത്യൻ എംബസിയിലെ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥനാണ് ലേഖകൻ)

Latest News