Sorry, you need to enable JavaScript to visit this website.

ചരിത്രം കുറിച്ച് മനീഷ കല്യാൺ, യുവേഫയില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

യുവേഫ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം

പാരീസ്- യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി വനിത ഫുട്‌ബോളർ മനീഷ കല്യാൺ ചരിത്രമെഴുതി. വനിതാ ചാമ്പ്യൻസ് ലീഗിൽ തന്റെ പുതിയ ക്ലബായ അപ്പോളോൺ ലേഡീസിന് വേണ്ടിയാണ് മനീഷ കളത്തിൽ ഇറങ്ങിയത്. ഇന്ത്യൻ വനിതാ ഫുട്‌ബോളിലെ സൂപ്പർ സ്റ്റാറായ മനീഷ ഗോകുലം കേരളത്തിന്റെ മുൻ താരമായിരുന്നു. ഒരു മാസം മുമ്പാണ് സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിൽ എത്തിയത്.
ഇന്നലെ നടന്ന മത്സരത്തിൽ അപ്പോളോൺ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്  റിഗാസ് എഫ്.എസിനെ തോൽപ്പിച്ചു. ആദ്യദിനം നാൽപത് മിനിറ്റാണ് മനീഷ കളത്തിലുണ്ടായിരുന്നത്. ജയത്തോടെ അപ്പോളോൺ, യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എത്തി. മനീഷയ്ക്ക് അപ്പോളോൺ ലേഡീസിൽ രണ്ട് വർഷത്തെ കരാർ ഉണ്ട്. അവസാന മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. ഇരുപതുകാരിയായ താരം കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകൾ നേടിയിരുന്നു. ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടവും മനീഷ നേടിയിട്ടുണ്ട്. എ.എഫ്.സി കപ്പിലും ഗോകുലത്തിനായി ബൂട്ടുകെട്ടി. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെയും പ്രധാന താരമായിരുന്നു. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ നേടിയിട്ടുണ്ട്. നേരത്തെ സേതു എഫ്.സിയിലും മനീഷ കളിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ നിമിഷമാണ് മനീഷ കല്യാണിലൂടെ ഇന്നലെ എഴുതിച്ചേർത്തത്. സ്പ്രിന്റിംഗിലും ബാസ്‌കറ്റ്‌ബോളിലും ആയിരുന്നു മനീഷ കല്യാൺ ആദ്യം പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിനു ശേഷം ആൺകുട്ടികളോടൊപ്പം ഫുട്‌ബോൾ കളിക്കുമായിരുന്നു കല്യാൺ. കല്യാണിന്റെ പന്തടക്കം ശ്രദ്ധിച്ച പരിശീലകൻ മനീഷയോട് ഫുട്‌ബോൾ കളിക്കണോ എന്ന് ചോദിച്ചു. വേണം എന്ന ഉത്തരത്തിൽനിന്നാണ് യൂറോപ്യൻ ഫുട്‌ബോളിനോളം വളർന്ന കല്യാണിന്റെ കായിക ജീവിതം ആരംഭിക്കുന്നത്. 2021 നവംബറിൽ മനൗസിൽ നടന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ ബ്രസീലിനെതിരെ ഇന്ത്യക്കായി ഗോൾ നേടിയപ്പോഴാണ് കല്യാൺ വാർത്തകളിൽ ഇടം നേടിയത്. ഈ മത്സരത്തിൽ ഇന്ത്യ 6-1ന് തോറ്റെങ്കിലും കല്യാണിന്റെ നേട്ടം ചരിത്രപുസ്തകത്തിൽ ഇടംപിടിച്ചു. 2019 ജനുവരിയിൽ ഹോങ്കോങ്ങിനെതിരെ 17ാം വയസ്സിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2019 എ.എഫ്.സി അണ്ടർ-19 വനിതാ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ, പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 18-0 വിജയത്തിൽ ഹാട്രിക് നേടി. തായ്‌ലൻഡിനെതിരെ ഇന്ത്യ 1-0ന് വിജയിച്ചതിൽ കല്യാണും നിർണായക പങ്കുവഹിച്ചു.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ കല്യാണിനെ 2020-21 ലെ എമർജിംഗ് പ്ലേയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഈ മാസം ആദ്യം കല്യാണിനെ 2021-22 സീസണിലെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുത്തിരുന്നു. കല്യാണിന്റെ നാടായ മുഗോവാളിലെ സർക്കാർ മിഡിൽ സ്‌കൂളിലെ കായിക അധ്യാപകനായ ബ്രഹ്മജിത്ത് സിംഗാണ് കല്യാണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്. 
'മനീഷയുടെ കാൽപ്പാടുകൾ അതിശയിപ്പിക്കുന്നതായിരുന്നു. അവളുടെ മാതാപിതാക്കളെ കാണാൻ ഞാൻ പ്രിൻസിപ്പലിനെ നിർബന്ധിച്ചു. അവളുടെ കഴിവുകളെക്കുറിച്ച് കേട്ടപ്പോൾ അവളുടെ പിതാവ് സന്തോഷിക്കുകയും അവളെ പരിശീലിപ്പിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തുവെന്നും ബ്രഹ്മജിത്ത് ഇന്നലെ അൽജസീറ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജില്ലാ ഫുട്‌ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനീഷ പിന്നീട് അത്‌ലറ്റിക്‌സിനോട് വിട പറഞ്ഞു. തുടർന്ന് ഫുട്‌ബോൾ മാത്രമായിരുന്നു മനീഷയുടെ ജീവിതം. ഏറെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബമായിരുന്നു മനീഷയുടേത്. അപകടത്തിലേറ്റ പരിക്ക് ചികിത്സിക്കാൻ സ്വന്തം സ്ഥലം വിൽക്കേണ്ടി വന്ന കുടുംബമായിരുന്നു ഇത്. സ്വന്തം ഗ്രാമത്തിൽ പെൺകുട്ടികളുടെ ഫുട്‌ബോൾ ടീം ഇല്ലാത്തതിനാൽ ആൺകുട്ടികൾക്കൊപ്പമായിരുന്നു മനീഷ കളിച്ചത്. ദൂരസ്ഥലങ്ങളിലും ആൺകുട്ടികളുടെ ടീമിനൊപ്പം പോയി. പത്തു ആൺകുട്ടികളും മനീഷയും. അതായിരുന്നു ടീമിന്റെ ഘടന. മുടി തൂവാലകൊണ്ട് കെട്ടിവെച്ചായിരുന്നു മനീഷ കളിച്ചിരുന്നത്. ഒരു മത്സരത്തിനിടെ തൂവാല കെട്ടഴിഞ്ഞ് മുടി പുറത്തേക്ക് ചാടി. എന്നാൽ ആരും പ്രശ്‌നമുണ്ടാക്കിയില്ല. പകരം അവർ അവളെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു. കളിക്കളത്തിലും ജീവിതത്തിലും പോരാടിയാണ് മനീഷ കല്യാൺ എന്ന പെൺകുട്ടി യൂറോപ്യൻ ഫുട്‌ബോളിൽ ഇന്ത്യൻ സാന്നിധ്യം സ്വർണ്ണനൂലുകൊണ്ട് എഴുതിവെച്ചത്.
 

Latest News