വാഷിംഗ്ടണ്‍- ഇന്ത്യയുമായുള്ള യു. എസിന്റെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെക്ക് പെന്റഗണില്‍ അകമ്പടിയില്ലാതെ പ്രവേശനം അനുവദിച്ചതായി യു. എസ് വ്യോമസേന സെക്രട്ടറി ഫ്രാങ്ക് കെന്‍ഡാല്‍ അറിയിച്ചു. യു. എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യാ ഹൗസില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യു. എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡിഫന്‍സ് ആസ്ഥാനമായ പെന്റഗണ്‍ പ്രവേശനം ലഭിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഉയര്‍ന്ന സുരക്ഷാ അനുമതികളില്ലാതെ അമേരിക്കന്‍ പൗരന്മാര്‍ക്ക് പോലും കെട്ടിടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സംയുക്ത അഭ്യാസങ്ങള്‍ നടത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും ദീര്‍ഘമായ അടുത്തബന്ധമാണുള്ളതെന്നും സംയോജിത പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ വര്‍ഷങ്ങളായി ബന്ധം കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും തങ്ങള്‍ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.






