കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യയുടെ വലിയ വിമാനം പൊന്തുമ്പോൾ യാത്രക്കാർക്കൊപ്പം നാല് ക്വിന്റൽ ബീഫും പുറപ്പെടുമെന്നത് പഴയ കഥ. ജിദ്ദ-കാലിക്കറ്റ് നേരിട്ടുള്ള ഫ്ളൈറ്റ് തുടങ്ങിയ കാലം മുതൽ ഗർഭിണികളും കുടുംബനികളും സുരക്ഷിത യാത്രയ്ക്ക് തെരഞ്ഞെടുത്തിരുന്നതും എയർ ഇന്ത്യയെ. പൊതു മേഖലാ സ്ഥാപനത്തിന്റെ എല്ലാ കുഴപ്പങ്ങളും കാണിച്ചു തുടങ്ങിയത് പിന്നീടുള്ള വർഷങ്ങളിലാണ്. പതിവായി ഷെഡ്യൂൾ റദ്ദ് ചെയ്യുക, വിമാനം മുടങ്ങുക, കൗണ്ടർ സ്റ്റാഫ് യാത്രക്കാരോട് പരുഷമായി പെരുമാറുക എന്നീ സ്വഭാവ ഗുണങ്ങൾ കൂടിയായപ്പോൾ കുടുംബ യാത്രക്ക് ആരും എയർ ഇന്ത്യ പ്രിഫർ ചെയ്യാതായി. ജിദ്ദയിലെ ഒരു പ്രമുഖൻ മൂന്ന് വർഷം മുമ്പ് എയർ ഇന്ത്യ ഫ്ളൈറ്റിലെ ബിസിനസ് ക്ലാസിൽ അവധിയ്ക്ക് പോയത് രസകരമാണ്. ബിസിനസ് ക്ലാസ് ലൗഞ്ചിൽ കയറിയിരുന്ന് സെൽഫിയെടുത്ത് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വിളംബരം ചെയ്തത് റമദാൻ 28നായിരുന്നു. മൂന്ന് ദിവസത്തെ വിമാന മുടക്കത്തിന് ശേഷം ചങ്ങാതി നാട്ടിലെത്തിയത് പെരുന്നാൾ ആഘോഷം കഴിഞ്ഞും. കോഴിക്കോട്ടേക്ക് വലിയ വിമാനങ്ങൾ വരാതായതോടെ എയർ ഇന്ത്യ ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള ഫ്ളൈറ്റ് കൊച്ചിയിലേക്കായി മാറി. ഇതോടെ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ ഓപ്ഷനുകളിലൊന്ന് മുംബൈ വഴിയുള്ള എയർ ഇന്ത്യയുടെ കണക്ഷൻ സർവീസാണ്. മാസങ്ങൾക്ക് മുമ്പ് ഇതിനെ കുറിച്ചും ധാരാളം ആക്ഷേപങ്ങളുണ്ടായിരുന്നു. മുംബൈ കസ്റ്റംസിലെ കാലതാമസം, കണക്ഷൻ ഫ്ളൈറ്റ് മിസ്സാവൽ എന്നിങ്ങിനെ പലതും. നിലനിൽപ്പിനായി പൊരുതുന്ന ഫ്ളാഗ് ഷിപ്പ് കരിയർ പഴയ രീതികളെല്ലാം മാറ്റുകയാണ്. ജിദ്ദ എയർപോർട്ടിലെ കൗണ്ടർ സ്റ്റാഫ് മുതൽ എല്ലാവരുടേയും സമീപനത്തിൽ യാത്രക്കാർക്ക് വ്യത്യാസ ഫീൽ ചെയ്തു തുടങ്ങി. ചൊവ്വാഴ്ച രാത്രി 9.45 നുള്ള മുംബൈ വഴി കോഴിക്കോട് വിമാനം 10.40നേ പറക്കുകയുള്ളുവെന്ന് യഥാസമയം യാത്രക്കാരെ അറിയിച്ചു. വിമാനം വൈകിയാൽ കോഴിക്കോട് കണക്ഷൻ മിസ്സാവുമെന്ന ആശങ്കയോടെയാണ് പല കുടുംബങ്ങളും യാത്ര തുടർന്നത്. മുംബൈ ഛത്രിപതി ശിവജി വിമാനത്താവളത്തിൽ കോഴിക്കോട് യാത്രക്കാരുടെ നടപടി ക്രമങ്ങൾ എളുപ്പം പൂർത്തിയാക്കി. ജിദ്ദയിൽ വിമാനം വൈകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനം ഒരു മണിക്കൂർ വൈകി പുറപ്പെടാനും നിർദേശിക്കുകയുണ്ടായി. കോഴിക്കോട് ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് എത്തേണ്ട വിമാനം പത്ത് മണി കഴിഞ്ഞാണ് എത്തിയതെങ്കിലും കുടുംബങ്ങൾ സുരക്ഷിതമായി തന്നെ നാട്ടിലെത്തി. എയർ ഇന്ത്യയും നന്നാവാൻ തീരുമാനിച്ചു. കാലം പോയൊരു പോക്ക്.






