Sorry, you need to enable JavaScript to visit this website.

സൈക്കോതെറാപ്പിക്ക് ആമയും പട്ടിയും; സംരംഭത്തിന്റെ ആദ്യഘട്ടം വിജയമെന്ന് യു.എ.ഇ

അബുദാബി- യു.എ.ഇയില്‍ മൃഗങ്ങളുടെ സഹായത്തോടെയുള്ള സൈക്കോതെറാപ്പി പദ്ധതി  ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. യു.എ.ഇയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.
ദുബായ് പോലീസ്, അല്‍ മര്‍മൂം ഇനിഷ്യേറ്റീവ്, പോഷ്പാവ്‌സ് കെന്നല്‍സ് ആന്‍ഡ് കാറ്ററി എന്നിവയുടെ സഹകരണത്തോടെയാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഇത് നടപ്പാക്കിയത്. 131 തെറാപ്പി സെഷനുകളിലായി 30 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ പ്രോഗ്രാം പ്രയോജനപ്പെടുകയും അസാധാരണ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
പരമ്പരാഗത സൈക്കോളജിക്കല്‍ സെഷനുകള്‍ക്ക് ഒരു കോംപ്ലിമെന്ററി അല്ലെങ്കില്‍ ബദല്‍ തെറാപ്പി എന്ന നിലയില്‍ അനിമല്‍ അസിസ്റ്റഡ് സൈക്കോതെറാപ്പി പ്രോഗ്രാം 2021 നവംബറിലാണ് ആരംഭിച്ചത്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാമൂഹികവും മാനസികവുമായ അവസ്ഥ മെച്ചപ്പെടുത്താന്‍ പരിശീലനം ലഭിച്ച മൃഗങ്ങളെ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് രോഗം, വിയോഗം, അക്രമം അല്ലെങ്കില്‍ ദുരുപയോഗം പോലുള്ള ഗുരുതരമായ ആഘാതമോ മോശം സംഭവങ്ങളോ അനുഭവിച്ചതിന് ശേഷം.
'അനിമല്‍ അസിസ്റ്റഡ് സൈക്കോതെറാപ്പി' പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായിരുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ സയീദ് അല്‍ മന്‍സൂരി പറഞ്ഞു.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന് അനുസൃതമായാണ് പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.

 

 

Tags

Latest News