Sorry, you need to enable JavaScript to visit this website.

അരീക്കോട്ടുകാരിയുടെ തപാൽ സൗഹൃദങ്ങൾ

റസ്ബിൻ വയനാടൻ മലനിരയിലിരുന്ന്  കത്തെഴുതുന്നു
റസ്ബിൻ ഉമ്മ റഹീനയോടൊപ്പം.
റസ്ബിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന കത്തുകൾ

 

പല രാജ്യങ്ങളിൽനിന്നും കത്തുകൾ വരുമ്പോൾ നാട്ടുകാരും ബന്ധുക്കളും വീണ്ടും സംശയദൃഷ്ടിയോടെയെത്തി. അവൾ പെൺകുട്ടിയല്ലേ. അവൾക്ക് വിവാഹം കഴിക്കേണ്ടേ എന്നെല്ലാമായിരുന്നു അവരുടെ ആധി. എന്നാൽ ഉമ്മ ഒന്നിനും ചെവി കൊടുത്തില്ല. വടക്കുമുറി പാറപ്പുറത്ത്് റഹീനയ്ക്ക് മകളെ നന്നായി അറിയാമായിരുന്നു. അവൾക്ക് അതിന്റേതായ സ്വാതന്ത്ര്യവും അവർ നൽകിയിരുന്നു.  

ആശയവിനിമയത്തിന് അനന്ത സാധ്യതകൾ തുറന്നിട്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ കത്തുകൾക്കായി കാത്തിരിക്കുന്നവർ എത്രപേരുണ്ടാകും. സോഷ്യൽ മീഡിയകളിൽ നിമിഷങ്ങൾക്കകം സന്ദേശങ്ങൾ മാറിമറയുമ്പോൾ ഇപ്പോഴും തപ്പാലാപ്പീസിലെ കത്തുകളിൽ കണ്ണുംനട്ടിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട് മലപ്പുറത്ത്. റെസ്ബിൻ അബ്ബാസ് എന്ന പതിനെട്ടുകാരി. തിരുവമ്പാടി അൽഫോൻസ കോളേജിലെ ബി.എസ്‌സി സൈക്കോളജി രണ്ടാം വർഷ വിദ്യാർഥിനി.
ഒരു കാലത്ത് തപാലിലൂടെ കത്തുകൾ ലഭിക്കാൻ ആഴ്ചകളും മാസങ്ങളും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാൽ ഇന്നോ വാട്ട്‌സപ്പിൽ സന്ദേശങ്ങൾക്ക് ഇരട്ട നീല ടിക്ക് കണ്ടില്ലെങ്കിൽ ദേഷ്യപ്പെടുന്ന പുതുതലമുറയാണിന്ന്. വഴിയോരങ്ങളിലും കവലകളിലുമെല്ലാമുണ്ടായിരുന്ന തപാൽപെട്ടികൾ പോലും അപ്രത്യക്ഷമായിത്തുടങ്ങി. ഏതു ദേശങ്ങളിൽനിന്നും പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ഒരു ഫോൺ കോൾ അകലം മാത്രമേയുള്ളു ഇന്നത്തെ തലമുറയ്ക്ക്.
എന്നാൽ കത്തുകൾക്കായി കാത്തിരിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് റസ്ബിൻ. മലപ്പുറം അരീക്കോട്ടെ വീട്ടിലേയ്ക്ക് അമേരിക്കയിൽനിന്നും സാറ എന്ന പെൺകുട്ടി ആദ്യമായി കത്തയച്ചപ്പോൾ അതൊരു പുതിയ ബന്ധത്തിന്റെ തുടക്കമായി. സാറയെപ്പോലെ ലോകത്തിലെ പല രാജ്യങ്ങളിൽനിന്നും അറിയാത്ത ദേശങ്ങളിൽനിന്നും നിരവധി പേർ അരീക്കോട് പോസ്റ്റ് ഓഫീസിലേയ്ക്ക് കത്തുകൾ അയച്ചുകൊണ്ടിരിക്കുന്നു. എല്ലാ കത്തുകളുടെയും വിലാസം ഒന്നുതന്നെ. റസ്ബിൻ അബ്ബാസ് കെ., പാറപ്പുറത്ത്് വീട്, ഊർങ്ങാട്ടിരി, അരീക്കോട്. അവയോരോന്നായി ആ വീട്ടുമുറ്റത്ത് വന്നു പതിച്ചുകൊണ്ടിരുന്നു. ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, ഇറ്റലി, കാനഡ, തുർക്കി, സ്‌പെയിൻ തുടങ്ങി നാല്പത്തിമൂന്ന് രാജ്യങ്ങളിൽ ഇന്ന് റസ്ബിന് സുഹൃത്തുക്കളുണ്ട്. അവരുമായി ആശയവിനിമയം നടത്തുന്നതാകട്ടെ കത്തുകൾ വഴിയും. ഇനിയും പുതിയ സൗഹൃദങ്ങൾ തേടുകയാണ്.
കത്തെഴുത്ത് ഒരു ഹോബിയായി തുടങ്ങിയതല്ല റസ്ബിൻ. ജീവിതവഴിയിൽ വന്നുചേർന്ന ഒരു ദശാസന്ധിയിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ഒരു ബാല്യമുണ്ടായിരുന്നു റസ്ബിന്. സൗഹൃദങ്ങൾ പ്രതീക്ഷയിലേയ്ക്കുള്ള വഴി തുറക്കുകയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. പഠനത്തിലും കലാ കായിക മേഖലയിലുമെല്ലാം മികവു പുലർത്തിയിരുന്ന കാലം. ഇടയ്‌ക്കെപ്പോഴോ ആണ് ഉപ്പയും ഉമ്മയും വഴിമാറുന്നത്. വേർപിരിയുകയാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. ഞാനും അനുജനും ഉമ്മയോടൊപ്പം താമസം തുടങ്ങി. ആദ്യകാലത്ത് അതെന്നിൽ യാതൊരു പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നില്ല. എന്നാൽ പിന്നീട് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കളിയാക്കാനും ചിരിക്കാനും തുടങ്ങിയപ്പോഴാണ് ശരിക്കും സമ്മർദ്ദത്തിലായത്. നീ അനാഥയാണെന്നും നിന്നെ ദത്തെടുത്തതാണെന്നും നിന്റെ നാട് ഇതല്ലെന്നുമെല്ലാം കേൾക്കുമ്പോൾ ആരാണ് പതറാത്തത്. ഒരു സ്‌കൂൾ വിദ്യാർഥിനിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു ഇതെല്ലാം. പഠനത്തിൽപോലും ശ്രദ്ധിക്കാൻ കഴിയാതായി. അധ്യാപകരും എന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു. ശരിക്കും ഒരുതരം വിഷാദരോഗം എന്നെ പിടികൂടിയിരുന്നു. അതോടെ സ്‌കൂളിൽ പോകുന്നതുപോലും നിർത്തിവയ്‌ക്കേണ്ടിവന്നു. പുറത്തിറങ്ങാനും ആളുകളെ കാണുന്നതുമെല്ലാം പേടിയായി. നാലുവർഷത്തോളം ഒന്നും ചെയ്യാതെ വീട്ടിലെ മുറിയിൽ കഴിച്ചുകൂട്ടി. ഒൻപതാം ക്ലാസിലെത്തിയപ്പോഴാണ് പഴയ സുഹൃത്തുക്കളെ കാണാനും പുതിയ സൗഹൃദങ്ങൾക്കുമെല്ലാമായി ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ചേർന്നത്. ബന്ധുക്കളുടെ നിർദ്ദേശത്തെത്തുടർന്ന് കൗൺസലിങ്ങും നടത്തി. അതിന്റെ ഭാഗമായി പഴയ മാനസികാവസ്ഥയ്ക്ക് നല്ല മാറ്റമുണ്ടായി. നന്നായി പഠിക്കണമെന്നും കളിയാക്കിയവർക്ക് മുന്നിലൂടെ തലയുയർത്തി നടക്കണമെന്നും തോന്നിത്തുടങ്ങി.
കുട്ടിക്കാലംതൊട്ടേ ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്നതുകൊണ്ട് നോട്ട് ബുക്കിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ഇതുകണ്ട് അടുത്ത സീറ്റിലിരുന്ന കുട്ടിയാണ് ഡൂഡിൾ ആർട്ടാണിതെന്നും ഗൂഗിളിൽ നോക്കി നന്നായി വരയ്ക്കണമെന്നും പറഞ്ഞുതന്നത്. അങ്ങനെയാണ് ഡൂഡിൾ ആർട്ടിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നത്. ഇത്തരം കലാപരിപാടികൾ ഇൻസ്റ്റഗ്രാമിൽ പോസ്്റ്റ് ചെയ്തതോടെയാണ് സാറയുമായി പരിചയപ്പെടുന്നത്. 
ഡൂഡിൾ ആർട്ട് ഇഷ്ടമായെന്നും അഡ്രസ് അയച്ചുതരുമോയെന്നുമായിരുന്നു സന്ദേശം. സാറയെക്കുറിച്ച് വിശദമായി അറിഞ്ഞതിനുശേഷമാണ് വിലാസം നൽകിയത്. അന്നു ഞാൻ അരീക്കോട് സുലമുസ്സലം ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
രണ്ടുമാസം കഴിഞ്ഞാണ് സാറയുടെ പോസ്റ്റ് കാർഡ് എനിക്കു ലഭിച്ചത്. പല ദിവസങ്ങളിലും പോസ്റ്റ് ഓഫീസിലെത്തും. എനിക്കായി കത്തു വല്ലതും വന്നിട്ടുണ്ടോ എന്നറിയാൻ. 
കിട്ടിക്കഴിഞ്ഞപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. അവർ കത്തെഴുതിയതിലല്ല, ഒന്നിനും സമയമില്ലാത്ത ഇന്നത്തെ കാലത്ത് അവർ എനിക്കായി നീക്കിവെച്ച സമയത്തെയാണ് ഞാൻ വിലമതിച്ചത്. പറഞ്ഞറിയിക്കാനാവാത്ത ആ സന്തോഷമാണ് ഇനിയും ഒരുപാട് രാജ്യങ്ങളിലെ ആളുകളെ പരിചയപ്പെടണമെന്ന തോന്നലുണ്ടാക്കിയത്. കത്തുകളിലൂടെയുള്ള സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. ഈ നാടോ രാജ്യമോ കണ്ടിട്ടില്ലാത്തവർ പോലും എനിക്കായി സമയം നീക്കിവയ്ക്കുന്നു എന്നറിയുമ്പോഴുണ്ടാകുന്ന ഊർജം ചെറുതല്ലെന്നു മനസ്സിലായി. ഏതൊരാളും അഡ്രസ് ചോദിച്ചുകഴിഞ്ഞാൽ അവരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. രണ്ടുമൂന്നു ദിവസം അവരെക്കുറിച്ചുള്ള പഠനമാണ്. സംഭവം സത്യമാണോ വിശ്വാസയോഗ്യമാണോ എന്നെല്ലാം അന്വേഷിക്കും. പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ടാൽ മറുപടി നൽകും. അവരുടെ ജീവിതശൈലിയും ഭക്ഷണവും സാംസ്‌കാരികമേഖലയുമെല്ലാം പഠിക്കും. അവർ എന്നിൽനിന്നും എന്താണ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കിയാണ് പ്രതികരിക്കുന്നത്. തൃപ്തികരമെങ്കിൽ കത്തിടപാടുകൾ തുടങ്ങും. ഇതാണ് രീതി.
അമേരിക്കയിൽനിന്നുള്ള ചോക്‌ളേറ്റ്, ഹംഗറിയിൽനിന്നും തേയില, തായ്‌ലണ്ടിൽനിന്നുള്ള നാണയങ്ങൾ തുടങ്ങി കത്തിനൊപ്പം ചിലർ സമ്മാനങ്ങളും അയയ്ക്കും. അതെല്ലാം ജീവിതത്തിലെ അമൂല്യവസ്തുക്കളായാണ് കാണുന്നത്. തിരക്കിനിടയിലും ലോകത്തെ നാല്പത്തിമൂന്നു രാജ്യങ്ങളിലുള്ളവർ എനിക്കായി സമയം കണ്ടെത്തുന്നു. അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. സുഹൃത്തുക്കളെല്ലാം പതിനേഴിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരാണെന്നതും ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു.
ഓരോ രാജ്യത്തെയും പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളുമെല്ലാം വ്യത്യസ്തങ്ങളാണ്. നമ്മുടെ സ്റ്റാമ്പുകളിൽ നവോത്ഥാന നായകരും സ്വാതന്ത്ര്യ സമര സേനാനികളും രാജാക്കന്മാരുമെല്ലാമാണ് ഇടം പിടിക്കുന്നതെങ്കിൽ മറ്റ് രാജ്യങ്ങളിലെ സ്റ്റാമ്പുകളിൽ പ്രകൃതി ദൃശ്യങ്ങളും പൂക്കളും മൃഗങ്ങളുമെല്ലാമാണ് സ്ഥാനം കണ്ടെത്തുന്നത്. അവരുടെ സ്റ്റാമ്പുകളിൽ ആളുകളുടെ ചിത്രങ്ങൾ കാണാനാവില്ല.
പല രാജ്യങ്ങളിൽനിന്നും കത്തുകൾ വരുമ്പോൾ നാട്ടുകാരും ബന്ധുക്കളും വീണ്ടും സംശയദൃഷ്ടിയോടെയെത്തി. അവൾ പെൺകുട്ടിയല്ലേ. അവൾക്ക് വിവാഹം കഴിക്കേണ്ടേ എന്നെല്ലാമായിരുന്നു അവരുടെ ആധി. എന്നാൽ ഉമ്മ ഒന്നിനും ചെവി കൊടുത്തില്ല. വടക്കുമുറി പാറപ്പുറത്ത്് റഹീനയ്ക്ക് മകളെ നന്നായി അറിയാമായിരുന്നു. അവൾക്ക് അതിന്റേതായ സ്വാതന്ത്ര്യവും അവർ നൽകിയിരുന്നു.  
ഞാൻ കണ്ടതിൽവച്ച് ഏറ്റവും കരുത്തയായ സ്ത്രീയാണ് എന്റെ ഉമ്മ. ഉമ്മ എനിക്ക് എന്റേതായ സ്‌പേസ് നൽകിയിരുന്നു. എന്റെ ആഗ്രഹങ്ങൾക്ക് ഉമ്മ ഒരിക്കലും നോ എന്നു പറഞ്ഞിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നത്തെ ഞാനുണ്ടാവുമായിരുന്നില്ല. ഉമ്മയും സ്‌കൂൾ വിദ്യാർഥിയായ അനുജൻ അബിയും സുഹൃത്തുക്കളുമാണ് എനിക്ക് കരുത്തു പകർന്നുതന്നത്.
ഇൻസ്്റ്റഗ്രാമിൽ നിരവധി പേർ സന്ദേശങ്ങളയയ്ക്കാറുണ്ടെങ്കിലും എല്ലാം സ്വീകരിക്കാറില്ല. കാരണം പലതും ഫേക്ക് അക്കൗണ്ടുകളായിരിക്കും. അതുകൊണ്ടുതന്നെ ഒാരോരുത്തരേയും നന്നായി നിരീക്ഷിച്ചതിനുശേഷം മാത്രമേ സുഹൃത്തുക്കളായി തിരഞ്ഞെടുക്കാറുള്ളു. പഠനത്തിലെ തിരക്കു കാരണം ഇപ്പോൾ കൂടുതൽ സൗഹൃദങ്ങൾക്ക് സമയം കണ്ടെത്താനാവുന്നില്ല. എങ്കിലും പുതിയ രാജ്യങ്ങളിൽനിന്നുള്ളവരെ സ്വീകരിക്കാനും ശ്രമിക്കാറുണ്ട്.
സൈക്കോളജി പഠനവിഷയമാക്കിയതിനു പിന്നിലും കാരണങ്ങളുണ്ട്. ചൈൽഡ് സൈക്കോളജിയാണ് പ്രധാന വിഷയമായിട്ടെടുത്തത്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് ലക്ഷ്യം. എന്നെപ്പോലെ ഒരുപാട് കുട്ടികൾ ഈ സമൂഹത്തിലുണ്ട്. എനിക്ക് എല്ലാവരുമുണ്ട്. എന്നാൽ അനാഥാലയങ്ങളിൽ കഴിയുന്നവർക്ക് ആരാണുള്ളത്. എന്നെപ്പോലെ വേർപിരിഞ്ഞുകഴിയുന്ന മാതാപിതാക്കളുള്ള കുട്ടികളുടെ മാനസികാരോഗ്യത്തിനായി പ്രവർത്തിക്കണം. ഞാൻ അനുഭവിച്ച വേദന മറ്റുള്ളവർക്ക് ഉണ്ടാകരുതെന്ന ചിന്തയാണ് ഇതിനു പിന്നിൽ.
സമൂഹത്തോട് റസ്ബിന് ഒന്നേ പറയാനുള്ളു. സമൂഹം പലനിലയ്ക്കും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വേദനിപ്പിക്കാനും ശ്രമിക്കും. എങ്കിലും നിങ്ങളുടെ സന്തോഷം നിങ്ങൾ തന്നെയാണ് കണ്ടെത്തേണ്ടത്. തന്റെ വിലാസം ഇതല്ല, നീ അനാഥയാണ് എന്നു പറഞ്ഞവരുടെ കൈകളിലാണ് പലപ്പോഴും എനിക്കുള്ള കത്തുകൾ ലഭിക്കുന്നത്. അപമാനിക്കാൻ ശ്രമിച്ചവർ അംഗീകരിക്കുന്ന കാഴ്ച ഏറെ സന്തോഷം തരുന്നതാണ്. കത്തിലൂടെ മനസ്സിന് സാന്ത്വനം നൽകിയവർക്ക് അരികിലേയ്ക്ക് ഒരുനാൾ ചിറകു വിരിച്ച് പറക്കാനും റസ്ബിൻ ആഗ്രഹിക്കുന്നുണ്ട്.

 


 

Latest News