Sorry, you need to enable JavaScript to visit this website.

മണൽക്കവിതയുടെ പരാഗകോശങ്ങൾ 

പ്രണയത്തിന്റെയും കാൽപനികതയുടെയും  മിശ്രിതമാണ് കവിത. പ്രകൃതിയിലെ താളത്തിനൊപ്പം സപ്തസ്വരങ്ങളുതിർത്ത് കവിത മനുഷ്യ മനസ്സുകൾക്ക് പലപ്പോഴും ആശ്വാസമാകുന്നു. സർഗാത്മകയുടെ ഉൾവെളിച്ചം സമ്മാനമായി കിട്ടിയ ഒരാൾ പിച്ചവെച്ചു തുടങ്ങുന്നതുപോലും കവിതയിലൂടെയാണ്. അമ്മയുടെ താരാട്ടുപാട്ടിൽ തുടങ്ങി മരങ്ങളുടെ ഇലയനക്കത്തിലും കാറ്റിന്റെ ശബ്ദത്തിലും, മഴത്താളത്തിലുമെല്ലാം കവിത കുടിയിരിക്കുന്നു. 
മനുഷ്യർ ഇടപെടുന്ന പ്രകൃതിയിലെ എല്ലാ ചേതനവും അചേതനവുമായ വസ്തുക്കളിൽ കവിതയൂറിക്കിടക്കുന്നു. പ്രത്യക്ഷമാകേണ്ട അവസരത്തിലെല്ലാം കവിത തേനൂറുന്ന പോലെ പ്രകൃതിയിൽ നിന്നും മനുഷ്യ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നു. ദൈവത്തിന്റെ ഉദാത്തമായ സൃഷ്ടികളിൽ ഉറഞ്ഞു കിടക്കുന്നതിനെ കവിതയുടെ രൂപഭാവത്തെ അവൻ കണ്ടെടുക്കുന്നു. മറ്റുള്ളവർ കാണാത്തതും കേൾക്കാത്തതും സർഗാത്മക ചിന്തകളിലൂടെ കണ്ടെത്തുന്നവനാണ് കവി. അത് പ്രകൃതിക്കും മനുഷ്യകുലത്തിന് ആകമാനവും ദാർശനികമായ ഒരു പ്രകാശം ചൊരിയുന്നു. കവികൾ സ്വയം തന്നിലേക്കുൾവലിയുമ്പോഴും പ്രകൃതിയാണ് അവനിലെ അസംസ്‌കൃത വസ്തു.


യുവകവി പ്രദീഷിന്റെ 'പഴക്കമേറിയ ഒരിടം' എന്ന കവിതാ സമാഹരത്തിലെ ഓരോ കവിതയും  ഏകാന്തതയുടെ പുറംതോട് തകർത്ത് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വായനക്കാരെ  നയിക്കുന്നു. പ്രകൃതിയുടെ ഭാവതലങ്ങളെ ഒപ്പിയെടുക്കുന്നു ഓരോ കവിതകളും. അതിന് സ്വന്തം നാടെന്നോ പ്രവാസമെന്നോ വ്യത്യാസമില്ല. നനവൂറും മണ്ണും ഉണങ്ങിത്തരിച്ച മണലും കവിക്ക് സമമാണിവിടെ. മണ്ണിന്റെ നനവിൽ മണലിനേയും കാല്പനികതയിൽ അവൻ ഊർവ്വരതയുള്ളതാക്കുന്നു. മരങ്ങളിൽ പെയ്യുന്ന മഴത്തുള്ളികളെ ഏറ്റുവാങ്ങാൻ മരങ്ങളില്ലാതെ ഊഷരതയിലേക്ക് പെയ്തിറങ്ങുന്ന മഴയും കവിയിൽ സൃഷ്ടിക്കുന്നത് വ്യത്യസ്തമായ ഭാവങ്ങളാണെങ്കിലും പ്രത്യക്ഷത്തിൽ രണ്ടിനേയും സമപ്പെടുത്താനുള്ള അവാച്യമായ ഒരു സിദ്ധി അവൻ കൈവശപ്പെടുത്തുന്നു. നനഞ്ഞ കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നപോലെ മണലുകൊണ്ട് അവൻ കവിതയുടെ സ്വപ്‌നക്കൊട്ടാരം പണിതുയർത്തുന്നു.


'എന്റെ പ്രിയപ്പെട്ടവരേ
ഏകാന്തതയും ചൂടുകാറ്റും
ചുറ്റിയടിക്കുന്ന ഈ മരുഭൂമിയിൽ
ഓരോ ദിവസവും
തള്ളി നീക്കുമ്പോൾ
ഇങ്ങനെയല്ലാതെ
എനിക്കെന്നെയാശ്വസിപ്പിക്കാൻ
മറ്റൊരു വഴിയുമില്ല.'
ഒറ്റപ്പെടലിന് സമാശ്വാസമാവുകയാണ് പലപ്പോഴും ഇവിടെ കവിത. 

45 കവിതകളിലും ഏകാന്തത അനുഭവിക്കുന്നവന്റെ ഒറ്റക്ക് പറച്ചിലുണ്ട്, ആ പിറുപിറുക്കൽ തന്നോട് മാത്രമല്ല, ചുറ്റുപാടുകളിൽ കവി കണ്ട കാഴ്ചകൾ, മനുഷ്യർ മനുഷ്യരുടെ മേലെയും പ്രകൃതിക്ക് നേരെയും നടത്തുന്ന അതിക്രമങ്ങൾ എല്ലാം കവിതയ്ക്ക് വിഷയമാകുന്നു.

'മുറിയുടെ അകത്തും പുറത്തും 
വർഷങ്ങളോളം പഴക്കമേറിയ 
മൗനം വന്നടിയുന്നു. 
ഭാരമേറിയ ഏകാന്തത 
മുറിയിലേക്ക് ഇഴഞ്ഞു വന്ന് 
ചുറ്റിപ്പിടിക്കുന്നു.' (പഴക്കമേറിയ ഒരിടം)


'ചൂണ്ട'യെന്ന കവിതയിൽ തെളിഞ്ഞ വെള്ളത്തിലൂടെ ഒഴുകിവരുന്ന ഇരയെ ചുണ്ടയിലെ ഇരനോക്കുന്നു. ഇരയാക്കപ്പെടുന്ന ഇരകളെ കുറിച്ചും മീനുകളെ ഉപേക്ഷിച്ച് ചൂണ്ടയിടുന്നവനെ കൊത്തിയെടുത്ത് പറക്കുമ്പോൾ ആരാണ് ഇര ഏതാണ് വേട്ടക്കാരൻ എന്ന് അറിയാതെ പോകുന്നു. 

ഇത് വർത്തമാന കാലത്ത് നാം വായിക്കാറുള്ള ഇരയും വേട്ടക്കാരനും എന്നതിന്റെ പുതിയ കാഴ്ചയാണ്

'ഒടുക്കം വരണ്ട മണ്ണിലെ വേരുകൾ പോലെ 
എന്നെ ഉണക്കാനിട്ട് നീ കടന്നുകളഞ്ഞത്' (വഴി). 
ബാല്യകാലത്ത് നടന്നുതീർത്ത വഴികളിലെവിടെയോ വെച്ച് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ കരിഞ്ഞുപോയതിനെ കവി ഓർത്തെടുക്കുകയാണ്.


തെരുവിലെ ഭയപ്പെടുത്തുന്ന കാഴ്ചകൾ കണ്ട് കവി മാത്രമല്ല വാനക്കാരനും ഭീതിയിലാഴുന്നു. 'തെരുവിന്റെ ഒഴിഞ്ഞ തിണ്ണകളിൽ ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ വേഗത്തെ നോക്കി അന്ധാളിച്ചിരിപ്പുണ്ട്' 'ഏകാന്ത നിലവിളികൾ' എന്ന കവിതയിൽ

'അടഞ്ഞും തുറന്നും' എന്ന കവിതയിൽ നിസ്സഹായതയുടെ പിടച്ചിലുകളുണ്ട്.  
അലങ്കാര മത്സ്യങ്ങളുടെ ജീവിതം പോലെ നമ്മൾ വെറും കാഴ്ചവസ്തു വാക്കപ്പെടും നിഴലുകൾപോലും കൂട്ടിനില്ലാത്ത ഏകാന്തത ഒരു വെല്ലുവിളിയാണ്.

'കറുപ്പിനെ ഒരു പാട് കാലം
ഒരേ വേഗതയിൽ കുരുക്കി
പൂഴ്ത്തി
ശ്വാസം മുട്ടിക്കാനാവില്ലയെന്ന്
കാറ്റ് വിളിച്ചറിയിക്കുന്നുണ്ട്.' (ഒച്ചവെക്കുന്ന ഇരുട്ട് )

ഈ വരികളിൽ വംശീയ അധിക്ഷേപത്തിന് ഇരയാകുകയും കറുത്തവനായതിന്റെ പേരിൽ വെള്ളക്കാരൻ പോലീസുകാരുടെ ബൂട്ടിനുള്ളിൽ ഞരിഞ്ഞമർന്ന ജോർജ് ഫ്‌ളോായിഡിനെ ഓർമിപ്പിക്കുന്നു. വംശീയതക്കെതിരെയുള്ള ഒരു കവിയുടെ അമർഷം വരികളിൽ നിഴലിക്കുന്നുണ്ട്.


'ഹൃദയം കൊരുത്തു പോകുന്ന
നിഴലുകളിൽ നിന്നും
മൗനം മുഴങ്ങുമ്പോൾ
നിലവിളിക്കുന്ന ശബ്ദത്തെ
മരുന്നുകൾ വിഴുങ്ങും.' (ശബ്ദം)
പുതിയ കവിത അതിശയോക്തികളുടെ ചിത്രീകരണമല്ല, അത് കാലത്തെ കൊത്തിവെക്കുന്ന പലതരം വൈകാരിക ഭാവങ്ങളുടെ കൊളാഷ് രൂപമാണ്. നാം ജീവിക്കുന്ന കാലത്തെ തൊലിയുരിച്ചു കാട്ടാൻ കവിതയുടെ പ്ലോട്ട് ആവശ്യമാണെന്ന് കവികൾ കവിതയിലൂടെ തന്നെ ഉച്ചത്തിൽ വിളിച്ചു പറയാറുണ്ട്. ഒരു റൂമിയേയോ, ബാഷോയെയോ, ഒരു റാബിയേയോ സൃഷ്ടിക്കാൻ നമ്മുടെ കവിത അമ്പേ പരാജയപ്പെട്ടിട്ടുണ്ട്. ഉളിപോലെ മുറുക്കിപ്പിടിച്ച പേന കൊണ്ട് പ്രദീഷ് കവിത കൊത്തുമ്പോൾ കുടിയേറ്റത്തെയും, പ്രവാസത്തെയും, പലായനത്തെയും കുറിച്ചെഴുതുമ്പോൾ ദൃശ്യമടങ്ങുന്ന ബിംബങ്ങൾ നമുക്ക് മുന്നിൽ.
പ്രശസ്ത നിരൂപകൻ സുനിൽ സി. ഇ യുടെ 'കവിതയുടെ പരാഗകോശങ്ങൾ' എന്ന പഠനത്തിലെ വരികൾ തീർത്തും ഈ കവിതാ സമാഹരത്തിന്റെ സവിശേഷത വ്യക്തമാക്കുന്നുണ്ട്.


നാട്ടിൽനിന്നും മാറി നിൽക്കുമ്പോഴാണ് നമുക്ക് നാടിനെ വിശദമായി കാണാനും ചിത്രീകരിക്കാനുമാവുക. കാരുണ്യം ഇനിയും വറ്റിത്തീരാത്ത  മണലാരണ്യത്തിലിരുന്ന് പ്രദീഷ് എഴുതുമ്പോൾ അത് ജീവിച്ചിരിക്കുന്ന ദേശത്തിന്റെ  അതിരുകൾക്കപ്പുറവും കാണുന്ന ഒരു കവിയുടെ രചനകളായി മാറുന്നു. പ്രശസ്ത ഇറാഖി കവി അബ്ദുൽ വഹാബ് അൽബയാത്തിയുടെ കവിതകളോട് സദൃശ്യപ്പെടുത്തിയാണ് മിനിക്കഥകളുടെയും കുറുങ്കവിതകളുടെയും രാജകുമാരൻ 'പി.കെ പാറക്കടവ്' തന്റെ അവതാരികയിൽ പ്രദീഷിന്റെ കവിതകളെ കുറിച്ച് പറയുന്നത്.


കടിച്ചാൽപൊട്ടാത്ത കടംവാങ്ങിയ ദർശനങ്ങളൊന്നും കവി പങ്കുവെക്കുന്നില്ല, ചിലവരികളിൽ രുചികരമല്ലാത്ത സത്യത്തിന്റെ വിളംബരങ്ങൾ കാണാം. ചില കവിതകളിൽ പരിസ്ഥിതി സംബന്ധമായ ഉൽകണ്ഠകളുണ്ട്. 'പഴക്കമേറിയ ഒരിടം' പ്രദീഷിന് കവിതയുടെ ഒരു പുതിയ ഭൂമിക സൃഷ്ടിക്കാനുള്ള ഇടം നൽകുന്നുണ്ട്. 

ബാഷോ ബുക്‌സാണ് പ്രസാധകർ.
വില 100 രൂപ

Latest News