Sorry, you need to enable JavaScript to visit this website.

പഴനിയിലെ ലോക്കപ്പിൽ മാമുക്കോയ

മലയാളത്തിലെ യുവ നടന്മാരിൽ പുതിയ തലമുറയ്ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ടൊവിനോ തോമസ്. 2018ലെ മഹാ പ്രളയ സമയത്ത് ടൊവിനോയുടെ മനുഷ്യസ്‌നേഹം തൊട്ടറിഞ്ഞവരാണ് മലയാളികൾ. ചെങ്ങന്നൂർ പോലെ ഏറ്റവും ഗുരുതരമായി പെരുമഴ ബാധിച്ച പ്രദേശമാണ് തൃശൂർ ജില്ല. ആ സമയത്ത് സ്വന്തം വീട് പ്രളയ ബാധിതർക്ക് തുറന്നിട്ടു കൊടുത്ത ആളാണ് ടൊവിനോ. ദുരുപയോഗം ചെയ്യാതെ ആർക്ക് വേണമെങ്കിലും തന്റെ ബംഗ്ലാവിൽ താമസിക്കാമെന്നാണ് നടൻ അറിയിച്ചത്. കുറച്ചുകാലമായി സിനിമ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തല്ലുമാല. കോഴിക്കോട് നഗരത്തിലും ഈ സിനിമയുടെ പ്രൊമോഷൻ സംഘടിപ്പിച്ചിരുന്നു. വെങ്ങളം മുതൽ മലപ്പുറത്തെ ഇടിമൂഴിക്കൽ വരെ നീളുന്ന കോഴിക്കോട് ബൈപാസിന്റെ ഓരത്തുള്ള ഹൈലൈറ്റ്് മാളിലായിരുന്നു പ്രൊമോഷൻ ഇവന്റ്. കലാലയ വിദ്യാർഥികൾ ഉച്ച മുതൽ തന്നെ മാളിലേക്ക് ഒഴുകിയെത്തി. വൈകുന്നേരമാവുമ്പോഴേക്ക് അതൊരു മഹാ പ്രവാഹമായി. ബൈപാസ് റോഡിന് മറ്റൊരു സവിശേഷതയുമുണ്ട്. നഗരത്തിൽ അടുത്ത കാലത്താരംഭിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെല്ലാം ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലുമാണ്. ദൂരദിക്കുകളിൽ നിന്നെല്ലാം ഇവിടേക്ക് ആംബുലൻസുകളിൽ രോഗികളെ എത്തിക്കുന്നു. ബൈപാസിൽ ഗതാഗതം സ്്തംഭിച്ചാൽ വിഷമത്തിലാവുന്നത് അത്യാസന്ന നിലയിലുള്ള രോഗികൾ കൂടിയാണ്. വ്യാഴാഴ്ച രാത്രി മാളിന് മുമ്പിൽ റെക്കോർഡ് ജനക്കൂട്ടമെത്തിയപ്പോഴാണ് ആന്റി ക്ലൈമാക്്‌സ്. 
തല്ലുമാല പ്രൊമോഷൻ നടത്താനാവാതെ ടൊവിനോ തോമസ് മടങ്ങി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടത്താൻ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങി. മാളിനുള്ളിലും പുറത്തും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മാളിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും അണിയറ പ്രവർത്തകർക്ക് സാധിച്ചില്ല. 'ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ്' ടൊവിനോ ഇതിന് ശേഷം തന്റെ സോഷ്യൽ മീഡിയയിൽ എത്തി ലൈവിൽ പറഞ്ഞത്. ഇത്രയും വലിയ ജനത്തിരക്ക് മുമ്പ് എങ്ങും താൻ കണ്ടിട്ടില്ലെന്നും ടോവിനോ ലൈവിൽ പറഞ്ഞു. സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാൻ കാരണമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്രയും ആളുകൾ എത്തുന്നത് മുൻകൂട്ടി കണ്ട് ക്രമീകരണങ്ങൾ നടത്തിയില്ലെന്നാണ് മാളിൽ പരിപാടി കാണാൻ എത്തിയവർ പറയുന്നത്. ഇതേ പരിപാടി ബീച്ചിലോ, സ്‌റ്റേഡിയത്തിലോ നടത്തിയിരുന്നുവെങ്കിൽ ബൈപാസ് വഴിയുള്ള ഗതാഗതത്തെ ഒരു തരത്തിലും ബാധിക്കില്ലായിരുന്നു.

                         ****                 ****                ****

സത്യൻ അന്തിക്കാടിന്റെ നാടൻ സിനിമകൾ ഒരു കാലഘത്തിൽ കേരളത്തിലെ പ്രദർശന ശാലകളെ സജീവമാക്കിയവയായിരുന്നു. ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, കവിയൂർ പൊന്നമ്മ  മുതൽ സഹ താരങ്ങളെ പല സിനിമകളിലും കാണാം. ഇക്കൂട്ടത്തിൽ മെഗാ ഹിറ്റായ ചിത്രമായിരുന്നു മഴവിൽക്കാവടി.  ഹൃദ്യമായ ഗാനങ്ങളും പഴനിയുടെ വശ്യമായ ലൊക്കേഷനും ഈ സിനിമയുടെ സവിശേഷതയായിരുന്നു. ഇതിലെ മാമുക്കോയയുടെ കഥാപാത്രത്തിന് തമിഴ്‌നാട്ടിൽ ലെതർ ഫാക്ടറിയിലാണ് ജോലിയെന്നാണ് നാട്ടിലുള്ളവർ വിശ്വസിച്ചിരുന്നത്. അതു കൊണ്ടു തന്നെ ഇഷ്ടം പോലെ ലതർ പഴ്‌സുകൾ കോയയുടെ വീട്ടിൽ കാണാം. മൂപ്പരുടെ കെയറോഫിൽ തൊഴിൽ തേടി ജയറാമും പഴനിയിലെത്തുന്നു. തീർഥാടകരുടെ ലക്ഷ്വറി ബസ്സുകൾ കൂട്ടത്തോടെ എത്തുന്ന രാവിലെ നാല് മണി നേരമാണ് മാമുക്കോയയുടെ ജോലിയിലെ പീക്ക് അവർ. മാമുക്കോയയുടെ അതേ തൊഴിലിലേർപ്പെട്ട് പിടിലായി ലോക്കപ്പിലെത്തുന്ന ജയറാം കുഞ്ഞിക്കാദറിനെ  (മാമുക്കോയയുടെ കഥാപാത്രം) കാണുന്ന ഒരു സീനുണ്ട്. ഇത് മലയാളത്തിൽ നിരവധി ട്രോളുകൾക്ക്്  വിഷയമായിട്ടുണ്ട്. അടുത്തിടെ ഇതേ സീനിന് അന്താരാഷ്ട്ര പ്രാധാന്യം കൈവന്നു. മലയാളി ട്രോളന്മാരെ സമ്മതിക്കണം.  യുഎസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി അടുത്തിടെ  തായ്‌വാൻ സന്ദർശിച്ചിരുന്നു. ചൈന തായ്്‌വാനെ വിരട്ടാൻ നോക്കേണ്ടെന്ന് പറയാനാണ് മൂപ്പത്തി ഏഷ്യയിലെത്തിയത്. ചൈന എന്തെങ്കിലും പോക്രിത്തരം കാട്ടിയാൽ യു.എസും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളും വെറുതെ കൈയും കെട്ടിനോക്കി നിൽക്കില്ലെന്നും മദാമ്മ പറഞ്ഞു. ഇതിനെ പരിഹസിച്ച് പ്രചരിച്ച ട്രോളിൽ മാമുക്കോയയുടെ റോളിൽ ഉക്രെയിനും തായ്്‌വാനായി ജയറാമുമായിരുന്നു. 
                           ****                 ****                ****

അങ്കമാലിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ ദേശീയ പാതയിലെ കുഴികൾ സമീപകാലത്ത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവേയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പോസ്റ്ററിൽ റോഡിലെ കുഴിയെ പറ്റിയുള്ള പരാമർശമുണ്ടായത്. കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷൻ വിവാദത്തിലുമായി. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. 'തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,' എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളിൽ നിന്നും വിമർശനമുയർന്നത്. ന്നാ താൻ കേസ് കൊട് സിനിമയിൽ പറയുന്നത് തമിഴ്‌നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റർ വിവാദമായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സർക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. പരസ്യം കണ്ടപ്പോൾ ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല സിനിമയെടുത്തിരിക്കുന്നത്. കൊഴുമ്മൽ രാജീവൻ എന്ന മുൻകാല കള്ളൻ മര്യാദയ്ക്ക് ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കുഴി എങ്ങനെ അയാളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ഈ സിനിമയിൽ കുഴി മാത്രമല്ല പ്രശ്‌നം. കുഴിയും ഭാഗമാണ്. അത് എങ്ങനെ ഒരു സാധാരണ മനുഷ്യനെ ബാധിക്കുന്നു എന്നത് തമാശയും സറ്റയറും ചേർത്ത് പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ്. - കുഞ്ചാക്കോ ബോബൻ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വളരെ ക്രിയാത്മകമായാണ് എടുത്തത് എന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മന്ത്രിയുമായി സംസാരിച്ചതിനു പിന്നാലെയാണ് ചാക്കോച്ചൻ ഇത് വ്യക്തമാക്കിയത്. പരസ്യത്തെ രസകരമായാണ് എടുത്തതെന്നും കുടുംബത്തിനൊപ്പം സിനിമ കാണാനെത്തുമെന്ന് തന്നോട് പറഞ്ഞുവെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.  ഒരു പൊതുസുഹൃത്ത് വഴിയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കാൻ സാധിച്ചത്. അദ്ദേഹം വളരെ രസകരമായാണ് ഈ പരസ്യത്തെ എടുത്തത്. സിനിമയെ സിനിമയായി കാണുകയും പരസ്യത്തെ പരസ്യമായി കാണുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹം കുടുംബസമേതം സിനിമ കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, ഭരണപക്ഷത്ത് ഇരിക്കുന്ന ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. മന്ത്രിമാരും എംഎൽഎമാരും ഉണ്ട്. അവരെല്ലാം സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് എന്നാണ് അറിഞ്ഞത്- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

                             ****                 ****                ****

പാക്കിസ്ഥാനിൽ  മാധ്യമപ്രവർത്തകരുടെ കഷ്ടകാലമാണ്. പ്രമുഖ പാക്കിസ്ഥാനി വാർത്താ ചാനലായ എ.ആർ.വൈ ന്യൂസിന്റെ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ അമ്മദ് യൂസഫിനെയാണ്  പാക് പോലീസ് അറസ്റ്റ് ചെയ്തത് .ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ കറാച്ചിയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വാറണ്ടില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്നാണ് എ.ആർ.വൈ ന്യൂസ് ചാനൽ അധികൃതർ ആരോപിക്കുന്നത്.അമ്മദ് യൂസഫിന്റെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥർ ബലമായി ഇടിച്ചുകയറി. യൂസഫിന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറകൾ തിരിച്ചുവെച്ച സംഘം വീട്ടിലേക്കുള്ള പ്രധാന എൻട്രൻസിന് മുകളിൽ നിന്ന് കോമ്പൗണ്ടിലേക്ക് ചാടുകയായിരുന്നു'- എ.ആർ.വൈ ന്യൂസ് ചാനൽ അറിയിച്ചു. യൂസുഫിന്റെ അറസ്റ്റ് ചാനലിനെതിരായ സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ചാനൽ   പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.സർക്കാരിനെ വിമർശിച്ച 'കുറ്റ'ത്തിനും 'രാജ്യദ്രോഹ'പരമായ കണ്ടന്റുകൾ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ചും എ.ആർ.വൈ ന്യൂസിന്റെ സംപ്രേഷണം സർക്കാരിന്റെ റെഗുലേറ്ററി അതോറിറ്റി നിർത്തിവെച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അമ്മദ് യൂസഫിന്റെ അറസ്റ്റ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ചാനൽ തെറ്റായ വാർത്തകൾ പ്രക്ഷേപണം ചെയ്തു എന്നാണ് അതോറിറ്റി ആരോപിക്കുന്നത്. വാർത്താ അവതാരകർ പക്ഷപാതപരമായാണ് വാർത്തകൾ അവതരിപ്പിക്കുന്നതെന്നും അതോറിറ്റി പറയുന്നു. ഇതേ സമയം, പാക്കിസ്ഥാനിൽ നിന്നുള്ള ഒരു വീഡിയോ വൈറലായിട്ടുണ്ട്. പാക്കിസ്ഥാനിലെ വിലക്കയറ്റത്തിൽ രൂക്ഷമായി പ്രതികരിച്ച് യുവതി. അവശ്യ സാധനങ്ങൾക്ക് അടക്കം റോക്കറ്റ് പോലെ വില കുതിച്ചുയരുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും പാക്കിസ്ഥാനി യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഞാൻ എന്റെ കുട്ടിക്ക് ഭക്ഷണം കൊടുക്കണോ അതോ കൊല്ലണോ എന്നാണവർ ചോദിക്കുന്നത്. കറാച്ചി നഗരത്തിലാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഈ പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും വീഡിയോയിൽ പരാതിപ്പെടുന്നു. പാക്കിസ്ഥാനി മാധ്യമപ്രവർത്തകൻ ഹാമിദ് മിർ ആണ് ഈ വീഡിയോ പങ്കുവെച്ചത്.

                              ****                 ****                ****

ഇതാദ്യമായി റോയിട്ടേഴ്‌സിലെ  പത്രപ്രവർത്തകരും സമര രംഗത്തെത്തി. വാഗ്ദാനം നൽകിയ ശമ്പള വർധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ ജീവനക്കാർ പണിമുടക്കി.  ശമ്പള വർദ്ധനവ് സംബന്ധിച്ച് കമ്പനി ചർച്ചകൾ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് ജീവനക്കാർ പണിമുടക്കിയത്. 300 ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്. കമ്പനിയിലെ 90 ശതമാനം ആളുകളും സമരത്തിൽ പങ്കെടുത്തു. ജോലി നിർത്തിവെച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. തൊഴിലാളി യൂണിയനായ ന്യൂസ് ഗിൽഡാണ് സമരത്തിന് നേതൃത്വം നൽകിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോ ജേണലിസ്റ്റുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.  റോയിട്ടേഴ്‌സ് മാനേജർമാർ തങ്ങളുമായി സഹകരിക്കുന്നില്ലെന്നും ഗിൽഡിലെ അംഗങ്ങൾ പറയുന്നു. ശമ്പളം വർധിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ട് ഇവർ യുഎസ് നാഷണൽ ലേബർ റിലേഷൻസ് ബോർഡിനും പരാതിയും നൽകിയിട്ടുണ്ട്. ഒരു ശതമാനം ശമ്പള വർധനവ് വച്ചുള്ള മൂന്ന് വർഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാർ പറഞ്ഞു.ശമ്പള വർധനവുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ ന്യൂസ് ഗിൽഡുമായുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്ന് ഇ-മെയിൽ പ്രസ്താവനയിലൂടെ റോയിട്ടേഴ്‌സ് വ്യക്തമാക്കി. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, ഒത്തുതീർപ്പിനായി ഗിൽഡ് കമ്മിറ്റിയുമായി ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും തങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി പറഞ്ഞു. റോയിട്ടേഴ്‌സിന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച്, കമ്പനിയിൽ മൊത്തം 200 നഗരങ്ങളിലായി ഏകദേശം 2,500 പത്രപ്രവർത്തകർ ജോലി ചെയ്യുന്നുണ്ട്.
കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാന പ്രഖ്യാപനത്തിനു ശേഷമാണ് റോയിട്ടേഴ്‌സ് ജീവനക്കാർ വ്യാഴാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. തങ്ങളുടെ വരുമാനം ഉയർന്നതായും, കമ്പനിയുടെ മൊത്തം വരുമാനം 6% വർദ്ധിച്ച് 1.67 ബില്യൺ ഡോളറായെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മെയ് മാസത്തെ വരുമാന പ്രഖ്യാപനത്തെ തുടർന്ന്, കമ്പനി അതിന്റെ ബിസിനസിലും ജീവനക്കാരിലും കൂടുതൽ നിക്ഷേപിക്കുമെന്ന് തോംസൺ റോയിട്ടേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഹാസ്‌കർ പറഞ്ഞു.

                           ****                 ****                ****

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായ നടിയാണ് സ്വാസിക വിജയ്.  സോഷ്യൽ മീഡിയയിലും സജീവമായ നടിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സ്വാസിക. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്ന് ഒരു പ്രേക്ഷകയുടെ കമന്റിനായിരുന്നു സ്വാസികയുടെ പ്രതികരണം. അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. 
അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല.സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സ്വാസിക മറുപടി കമന്റായി കുറിച്ചത്.
 

Latest News