ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  ടയ്‌ലര്‍, ഐ.പി.എല്‍ ഉടമ മുഖത്തടിച്ചു

വെല്ലിംഗ്ടണ്‍ - വിരമിച്ച ന്യൂസിലാന്റ് ക്രിക്കറ്റര്‍ റോസ് ടയ്‌ലറുടെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഐ.പി.എല്ലില്‍ കളി തോറ്റതിന് രാജസ്ഥാന്‍ റോയല്‍സ് ഉടമ തന്റെ മുഖത്തടിച്ചുവെന്നാണ് ടയ്‌ലര്‍ റോസ് ടയ്‌ലര്‍: ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പുസ്തകത്തില്‍ എഴുതുന്നത്. 
2011 സീസണില്‍ മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി തോറ്റപ്പോഴാണ് സംഭവമെന്ന് ടയ്‌ലര്‍ പറയുന്നു. 195 റണ്‍സായിരുന്നു ലക്ഷ്യം. ഞാന്‍ പൂജ്യത്തിന് എല്‍.ബിയായി. പിന്നീട് കളിക്കാരും സപ്പോര്‍ട് സ്റ്റാഫും മാനേജ്‌മെന്റ് പ്രതിനിധികളും ഹോട്ടലിന്റെ മുകള്‍ നിലയിലെ ബാറില്‍ ഒത്തുകൂടിയിരുന്നു. ഷെയ്ന്‍ വോണിനൊപ്പം ലിസ് ഹേര്‍ലിയുമുണ്ടായിരുന്നു. ഉടമകളിലൊരാള്‍ എന്നെ സമീപിച്ചു. റോസ്, നിങ്ങള്‍ക്ക് കോടികള്‍ നല്‍കുന്നത് ഡക്കാവാനല്ലെന്ന് പറഞ്ഞ് മൂന്നാലു തവണ മുഖത്തടിച്ചു. അയാള്‍ ചിരിക്കുകയായിരുന്നു. ശക്തമായിരുന്നില്ല അടി. എന്നാല്‍ അത് തമാശയല്ലെന്ന് വ്യക്തമായിരുന്നു. ഞാനത് പ്രശ്‌നമാക്കിയില്ല. എന്നാല്‍ മറ്റെവിടെയെങ്കിലും ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല -ടയ്‌ലര്‍ എഴുതി. 
വിവാദ പരാമര്‍ശത്തോടെ റോയല്‍സ് പ്രതികരിച്ചിട്ടില്ല. 2011 ല്‍ ഒരു സീസണ്‍ മാത്രം കളിച്ച് ടയ്‌ലര്‍ റോയല്‍സ് വിട്ടു. 2008 മുതല്‍ 2011 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലായിരുന്നു ടയ്‌ലര്‍. ആ ടീം വിട്ടത് തെറ്റായെന്ന് ടയ്‌ലര്‍ പറയുന്നു. എന്നാല്‍ വീരേന്ദര്‍ സെവാഗിനെയും വോണിനെയും മഹേല ജയവര്‍ധനെയെയും യുവരാജ് സിംഗിനെയും പോലുള്ള വലിയ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് ടീമുകള്‍ പലതവണ മാറിയതിനാലാണെന്നും ടയ്‌ലര്‍ പറയുന്നു.
 

Latest News