Sorry, you need to enable JavaScript to visit this website.

സെനഗാലിന്റെ സൽപുത്രൻ

ആഫ്രിക്കൻ കപ്പുമായി സാദിനൊ മാനെ


2002 ൽ തങ്ങളുടെ ആദ്യ ലോകകപ്പിൽ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ടീമാണ് സെനഗാൽ. മലർത്തിയടിച്ചത് സിനദിൻ സിദാൻ, തിയറി ഓൺറി തുടങ്ങിയ സൂപ്പർതാരങ്ങൾ അണിനിരന്ന, നിലവിലെ ജേതാക്കളായ ഫ്രഞ്ച് പടയെ. പ്രീ ക്വാർട്ടറിലെത്തി അവർ. ഏതൊരു ആഫ്രിക്കൻ രാജ്യത്തെയും പോലെ ദാരിദ്ര്യവും, പട്ടിണിയും, ഗോത്ര തർക്കങ്ങളും നിലനിന്നിരുന്ന സെനഗാൽ എന്ന രാജ്യത്തിന് ആ വിജയം അഭിമാനകരമായ നേട്ടമായിരുന്നു.
അതിന്റെ ആഹ്ലാദം തെരുവുകളിലും ഗ്രാമങ്ങളിലും അലതല്ലി. തെക്കൻ സെനഗാലിലെ കാസമാൻസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബാംബാലി എന്ന കൊച്ചു ഗ്രാമത്തിലും ആ ആഹ്ലാദം അലയടിച്ചു. ബാംബാലിയുടെ ഗ്രാമവഴികളിൽ കുട്ടികൾ നൃത്തം ചെയ്തു. അതിലൊരു കറുത്തു മെലിഞ്ഞ, സാദിയോ മാനെ എന്ന കുട്ടി വലിയൊരു കിനാവു കണ്ടു തുടങ്ങി. ഒരിക്കൽ താനടങ്ങുന്ന സെനഗാൽ ടീമിനായി ഇതുപോലെ ആരവങ്ങളോടെ ജനങ്ങൾ തെരുവിൽ കാത്തിരിക്കണമെന്നും, തന്നെ രാജ്യത്തിന്റെ പോരാളിയായി ജനങ്ങൾ നെഞ്ചിലേറ്റണമെന്നും. ആ സ്വപ്‌നങ്ങളെ ഹൃദയത്തിൽ ഒളിപ്പിച്ച് പതിനഞ്ചാം വയസ്സിൽ മുഷിഞ്ഞു കീറിയ ജഴ്‌സിയും പൊട്ടിയ ബൂട്ടുമായി സാദിയോ ബാംബാലിയിൽ നിന്നും മുന്നൂറ് കിലോമീറ്റർ അകലെയുള്ള, സെനഗാലിന്റെ തലസ്ഥാന നഗരമായ ദകാറിലേക്ക് യാത്ര തിരിച്ചു.
ദകാറിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായ ജനറേഷൻ എഫ് സിയുടെ ട്രയൽസിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ജനറേഷൻ എഫ് സിയുടെ മൈതാനത്ത് മുഷിഞ്ഞു കീറിയ ജഴ്‌സിയും പൊട്ടിയ ബൂട്ടുമായി തന്റെ ഊഴം കാത്തിരിക്കുന്ന സാദിയോ മാനെയുടെ നേർക്ക് പരിഹാസച്ചുവയുള്ള നോട്ടവും ചിരിയും ചോദ്യങ്ങളും ഏറെയുണ്ടായി. പക്ഷേ ഊഴമെത്തിയപ്പോൾ പൊട്ടിയ ബൂട്ടണിഞ്ഞ സാദിയോ പന്തിനെ കാലിൽ കൊരുത്ത് ആ മൈതാനത്ത് നിറഞ്ഞാടി. അവിശ്വസനീയമായ മെയ്‌വഴക്കത്തോടെ പന്തിനെ നിയന്ത്രിച്ചും, പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞും മികവൊത്ത കളി മെനഞ്ഞും തന്നെ പരിഹസിച്ചവരുടെ മുന്നിൽ ആ പയ്യൻ തന്റെ പ്രതിഭ തെളിയിച്ചു. ജനറേഷൻ എഫ് സിയുടെ മാനേജർക്ക് മറുത്തൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. അന്നുമുതൽ സാദിയോ മാനെ ആ ടീമിന്റെ കുന്തമുനയായി. അതൊരു ഇതിഹാസത്തിന്റെ  പിറവിയായിരുന്നുവെന്ന് അവിടെ കൂടിയ ആരും ചിന്തിച്ചിരിക്കില്ല.  ജനറേഷൻ എഫ് സിക്കായി രണ്ട് സീസൺ കളിച്ച സാദിയോ 91 മത്സരങ്ങളിൽ നിന്ന്  131 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
വളരെ പെട്ടെന്ന് തന്നെ എൽ ഹാദ്ജി ദിയൂഫിന് ശേഷം സെനഗാൽ കണ്ട ഏറ്റവും മികച്ച താരമായി സാദിയോ മാനെ മാറി. പക്ഷേ തന്റെ സ്വപ്‌നങ്ങൾ പൂവണിയാൻ ആഫ്രിക്കയുടെ പരിമിതികൾക്ക് ആവില്ലെന്ന് തിരിച്ചറിഞ്ഞ  സാദിയോ ഏതൊരു ഫുട്‌ബോൾ താരത്തിന്റെയും സ്വപ്‌നഭൂമിയായ യൂറോപ്പിനെ ലക്ഷ്യം വെച്ചു. അത് പത്തൊമ്പതാം വയസ്സിൽ ഫ്രഞ്ച് ഒന്നാം ഡിവിഷൻ ക്ലബ്ബായ മെറ്റ്‌സിന്റെ മുന്നേറ്റ നിരയിൽ എത്തിച്ചു. അവിടെ രണ്ട് സീസൺ കളിച്ച സാദിയോ, പിന്നീട് ഓസ്ട്രിയൻ വമ്പൻമാരായ റെഡ് ബുൾ സാൽസ്ബർഗിലേക്ക്. 2014ൽ ഇംഗ്ലീഷ് ക്ലബ്ബായ സൗതാംപ്ടണിലേക്ക് ചേക്കേറിയതിനു ശേഷമാണ് സാദിയോ മാനെയെ ഫുട്‌ബോൾ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.
പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലക്കെതിരായ ഒരു മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ ഹാട്രിക് നേടി
യൂറോപ്പിനെ വിസ്മയിപ്പിച്ച സാദിയോ മാനെയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂൾ നോട്ടമിട്ടു. സൗതാംപ്ടണിൽ നിന്നു ലിവർപൂളിലേക്കുള്ള ആ കൂടുമാറ്റത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിംഗ് എന്നാണ് ലിവർപൂളിന്റെ സൂപ്പർ മാനേജർ യുർഗൻ ക്ലോപ്പ് വിശേഷിപ്പിച്ചത്. മുഹമ്മദ് സലാഹ്, ഫെർമീഞ്ഞോ, അലിസൺ ബക്കർ  തുടങ്ങിയ പ്രതിഭകൾ ഉണ്ടായിട്ടും അവരുടെ നിഴലിൽ ഒതുങ്ങാതെ സാദിയോ മാനെ ലിവർപൂളിനായി തന്റെ കയ്യൊപ്പ് ചാർത്തി. 
ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിവയൊക്കെ ലിവർപൂൾ നേടിയതിൽ സാദിയോ മാനെ നിർണായകമായ റോൾ വഹിച്ചിരുന്നു. ഇപ്പോൾ ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന സാദിയോ, ഇതിനിടെ ചരിത്രത്തിലാദ്യമായി മാതൃരാജ്യമായ സെനഗാലിന് ആഫ്രിക്കൻ നേഷൻസ് കപ്പും നേടി കൊടുത്തിരുന്നു. സാദിയോ കുട്ടിക്കാലത്ത് കണ്ട കിനാവ് പോലെ, സെനഗാലിലെ ജനഹൃദയങ്ങളിൽ അദ്ദേഹം രാജ്യത്തിന്റെ പോരാളിയായി മാറി കഴിഞ്ഞിട്ടുണ്ട്.
വലിയ നേട്ടങ്ങൾ കൊയ്യുമ്പോഴും തന്റെ രാജ്യത്തെയും, ദാരിദ്ര്യത്തിൽ അകപ്പെട്ട തന്റെ ഗ്രാമത്തെയും സാദിയോ മറന്നില്ല. അദ്ദേഹം സെനഗാലിലും തന്റെ ഗ്രാമമായ ബാംബാലിയിലും നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നുണ്ട്. തന്റെ വരുമാനത്തിൽ നിന്ന് വലിയൊരു പങ്ക് സാദിയോ സെനഗാലിലെ പട്ടിണിപ്പാവങ്ങൾക്കായി മാറ്റിവെക്കുന്നു. ബാംബാലിയിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടി കോടികൾ മുടക്കി ആ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. ഒപ്പം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും വേണ്ടി ആധുനിക നിലവാരമുള്ള വിദ്യാലയങ്ങളും ആശുപത്രികളും അദ്ദേഹം നിർമ്മിച്ചു. ഗ്രാമത്തിലെ ഒരു വീടും വിശന്നിരിക്കരുതെന്ന് നിർബന്ധമുള്ള സാദിയോ ഓരോ വീട്ടിലും പ്രതിമാസം 70 യൂറോക്ക് തുല്യമായ പണം എത്തിക്കുന്നു. ബാംബാലിയിലെ വിദ്യാർത്ഥികളിൽ, ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അവരുടെ തുടർപഠനത്തിന് അദ്ദേഹം വലിയതോതിൽ സഹായം ചെയ്യുന്നുണ്ട്. വിശപ്പും ഇല്ലായ്മയും കുട്ടിക്കാലം തൊട്ടേ അറിയുന്ന സാദിയോ മാനെ തന്റെ രാജ്യത്തു നിന്ന് പട്ടിണിയും ദാരിദ്ര്യവും മാറണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അതിനായി വലിയ തോതിൽ പ്രയത്‌നിക്കുന്നു. വർത്തമാനകാലത്ത് പന്ത് തട്ടുന്ന സൂപ്പർതാരങ്ങൾ ആഡംബര നൗകകളിലും ഉല്ലാസ കേന്ദ്രങ്ങളിലും അവധി ആഘോഷിക്കുമ്പോൾ സാദിയോ തന്റെ ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങൾക്ക് അടുത്തേക്ക് ഓടിയെത്തും. അവരിൽ ഒരാളായി മാറും. സാദിയോ പറയാറുണ്ട്.
'നിങ്ങളെനിക്ക് ആഡംബരമായ സൗകര്യങ്ങൾ ഒരുക്കുമ്പോൾ, വിലകൂടിയ സമ്മാനങ്ങളും അത്യാധുനിക വാഹനങ്ങളും നൽകുമ്പോൾ എനിക്കെന്റെ പട്ടിണിക്കാലം ഓർമ്മ വരും. അപ്പോൾ ഞാൻ എന്റെ രാജ്യത്തേക്ക് യാത്ര തിരിക്കും. എനിക്കുള്ളതെല്ലാം എന്റെ രാജ്യത്തിനും ഗ്രാമത്തിനും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കത് ഏറെ സന്തോഷമുള്ള കാര്യമാണ്'.
വിശ്വകിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തുന്ന സാദിയോ മനെക്കും സംഘത്തിനും ആ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരുടെ പ്രാർത്ഥനകൾ ഉണ്ടാവും. അവരുടെ ഹൃദയത്തിലെ രാജ്യത്തിന്റെ പോരാളിക്ക് അത് വലിയ കരുത്താവട്ടെ.

Latest News