Sorry, you need to enable JavaScript to visit this website.

ഈ ദിനങ്ങൾ ഓർമിക്കുക, ഖത്തർ ലോകകപ്പിലേക്ക് നൂറു നാൾ

മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ ലോകകപ്പിലേക്ക് ഇനി നൂറു നാൾ. ലിയണൽ മെസ്സിക്കും ക്രിസ്റ്റ്യാനൊ റൊണാൾഡോക്കും പ്രിയപ്പെട്ട കിരീടം ഉയർത്താൻ ലഭിക്കുന്ന അവസാന അവസരം. താൻ ആഘോഷിച്ച ലോകകപ്പിലേക്ക് കീലിയൻ എംബാപ്പെക്ക് തിരിച്ചുവരവ്. ആറാം തവണ ലോകകപ്പുയർത്താനുള്ള ബ്രസീലിന്റെ ശ്രമം. 32 ടീമുകൾ, 64 മത്സരങ്ങൾ, 29 ദിനങ്ങൾ. നവംബർ 20 ന് ലോകകപ്പ് ആരംഭിക്കുകയാണ്. ഫൈനൽ ഡിസംബർ 18 നും. 

കിരീടസാധ്യത
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. നെയ്മാറും വിനിസിയൂസ് ജൂനിയറും മറ്റു മാന്ത്രികന്മാരുമുൾപ്പെട്ട സെലസാവൊ ഫോമിന്റെ പാരമ്യത്തിലേക്ക് പതിയെ നടന്നടുക്കുകയാണ്.  2002 നു ശേഷമുള്ള ആദ്യ ലോകകപ്പ് കിരീടം കാനറികൾ സ്വന്തമാക്കുമോ? 
റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് ബെൽജിയമാണ്. സുവർണ തലമുറ എന്നറിയപ്പെട്ട ബെൽജിയത്തിന്റെ സ്വപ്‌ന ടീമിന് കാര്യമായൊന്നും നേടാനായിട്ടില്ല. ആ ടീം സാവധാനം വഴിപിരിയുകയാണ്. കെവിൻ ഡിബ്രൂയ്‌നെ ഇപ്പോഴുമുണ്ട്. റൊമേലു ലുകാകുവിനും എഡൻ ഹസാഡിനുമൊക്കെ കൂടെ നിൽക്കാനാവുമോ?
അർജന്റീനയാണ് റാങ്കിംഗിൽ മൂന്നാമത്. ഡിയേഗൊ മറഡോണയുടെ കാലത്തിനു ശേഷമുള്ള കാത്തിരിപ്പാണ് അർജന്റീനക്ക്. മറഡോണ മരണപ്പെട്ട ശേഷമുള്ള ആദ്യ ലോകകപ്പാണ് ഇത്. അപരാജിതരായി മുന്നേറുകയാണ് അർജന്റീന. മെസ്സിയുടെ ചുറ്റും അർജന്റീന മെച്ചപ്പെടുകയാണ്.
നാലാം നമ്പറാണ് ഫ്രാൻസ്. നിലവിലെ ചാമ്പ്യന്മാർ. ഏറ്റവും താരസമ്പന്നമായ ടീം. ഉജ്വല ഫോമിലാണ് ടീമിന്റെ ആക്രമണം നയിക്കുന്ന എംബാപ്പെയും കരീം ബെൻസീമയും. 1962 ൽ ബ്രസീലാണ് അവസാനമായി ലോകകപ്പ് നിലനിർത്തിയ ടീം. ഫ്രാൻസിന് അത് ആവർത്തിക്കാനാവുമോ?
ഇംഗ്ലണ്ടാണ് അഞ്ചാം നമ്പർ. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റ്, കഴിഞ്ഞ യൂറോ കപ്പിലെ ഫൈനലിസ്റ്റ്. എന്നാൽ അവസരം വരുമ്പോൾ മങ്ങിപ്പോവുന്നവർ. ഇംഗ്ലണ്ടിന്റെ വനിതാ ടീം യൂറോപ്യൻ ചാമ്പ്യന്മാരായത് ആ രാജ്യത്ത് വലിയ ആവേശമിളക്കിവിട്ടിട്ടുണ്ട ്.. അതിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ പുരുഷ ടീമിനാവുമോ?

താരങ്ങൾ
ലിയണൽ മെസ്സി (അർജന്റീന), ഏഴു  തവണ ലോക പ്ലയർ ഓഫ് ദ ഇയർ. 35 വയസ്സുള്ള ആ കാലുകൾ അവസാന കുതിപ്പിന് ഒരുങ്ങുകയാണ്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ഒരു ലോകകപ്പ് മെഡൽ മെസ്സിക്കു വേണം. 
ക്രിസ്റ്റ്യാനൊ റൊണാൾഡൊ (പോർചുഗൽ). പുരുഷ ഫുട്‌ബോളിൽ ക്രിസ്റ്റിയാനോയെക്കാൾ കൂടുതൽ രാജ്യാന്തര ഗോളുകൾ ആരും നേടിയിട്ടില്ല. യൂറോപ്യൻ ചാമ്പ്യനായിരുന്നു. പക്ഷെ ലോകകപ്പിൽ ഇതുവരെ ഫൈനൽ പോലും കളിക്കാനായിട്ടില്ല. 37 വയസ്സായി, ഇനിയൊരവസരം ലഭിക്കില്ല.
കീലിയൻ എംബാപ്പെ (ഫ്രാൻസ്) - പത്തൊമ്പതാം വയസ്സിൽ റഷ്യയിലെ ലോകകപ്പിലെ ഇളക്കിമറിച്ച താരം. അതിനു ശേഷം മെച്ചപ്പെട്ടിട്ടേയുള്ളൂ. ആദ്യ രണ്ടു ലോകകപ്പുകളിൽ ചാമ്പ്യനായ ഒരാളേയുള്ളൂ -പെലെ. എംബാപ്പെയെ കാത്തിരിക്കുന്നത് ആ റെക്കോർഡാണ്. 
കെവിൻ ഡിബ്രൂയ്‌നെ (ബെൽജിയം) -ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ. ഡിബ്രൂയ്‌നെ മധ്യനിരയിലൂടെ ഊളിയിടുന്നതിനെക്കാൾ മികച്ച കാഴ്ചയെന്തുണ്ട് ഫുട്‌ബോളിൽ? ആരോഗ്യത്തോടെ ഡിബ്രൂയ്‌നെ ലോകകപ്പിനുണ്ടാവണമേയെന്നാണ് ബെൽജിയത്തിന്റെ പ്രാർഥന. 
നെയ്മാർ (ബ്രസീൽ)-ഇപ്പോഴും ബ്രസീലിന്റെ പ്രധാന കളിക്കാരനാണ്. പക്ഷെ പാരിസ് സെയ്ന്റ് ജെർമാനിൽ എംബാപ്പെയുടെയും മെസ്സിയുടെയും നിഴൽ മാത്രം. പന്ത് കിട്ടിയാൽ നെയ്മാർ മാന്ത്രികനാവും. കുതന്ത്രങ്ങളിലും മോശക്കാരനല്ല. 

മിന്നൽ വേഗം
മിഴി ചിമ്മിത്തുറക്കും മുമ്പെ ലോകകപ്പ് കഴിയും. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം നാലു കളികളാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ടിലേക്ക് മുന്നേറും. നോക്കൗട്ട് ഘട്ടത്തിന് മുമ്പ് ഇടവേളയില്ല. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രി ക്വാർട്ടർ തുടങ്ങും. ആദ്യത്തെ വിശ്രമ ദിനം ഡിസംബർ ഏഴിനാണ് -ടൂർണമെന്റ് ആരംഭിച്ച് 18 ദിവസം കഴിയുമ്പോൾ. 

കാണേണ്ട കളികൾ
സെനഗാൽ-നെതർലാന്റ്‌സ് (നവം. 21) -കിക്കോഫ് ആവേണ്ട മത്സരമായിരുന്നു ഇത്. ഖത്തറിന് ആദ്യ മത്സരം കളിക്കാനായി ഉദ്ഘാടന ദിനം മാറ്റുകയാണ്. ഖത്തർ-ഇക്വഡോർ ആയിരിക്കും ആദ്യ കളി. ലിവർപൂളിൽ ഒരുമിച്ചു കളിച്ച സാദിയൊ മാനെയും വിർജിൽ വാൻഡെക്കും മുഖാമുഖം വരുന്ന മത്സരമാണ് സെനഗാൽ-നെതർലാന്റ്‌സ്.
അർജന്റീന-മെക്‌സിക്കൊ (നവം. 26) - ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ പ്രധാന മത്സരം. ലോകകപ്പിലെ പരമ്പരാഗത ടീമുകളാണ് രണ്ടും. അർജന്റീനക്ക് പ്രി ക്വാർട്ടറിലേക്ക് ടിക്കറ്റുറപ്പിക്കാൻ മെസ്സിക്ക് സാധിക്കുമോ?
സ്‌പെയിൻ-ജർമനി (നവം. 27) - ഗ്രൂപ്പ് ഘട്ടത്തിലെ ഫൈനൽ. ജർമനി 2014 ലെ ചാമ്പ്യന്മാർ, സ്‌പെയിൻ 2010 ലെ ജേതാക്കൾ. ലോക ഫുട്‌ബോളിലെ അതിയാകന്മാർ. ആര് അതിജീവിക്കും?
ഇറാൻ-അമേരിക്ക (നവം. 29) - പോരാട്ടങ്ങളുടെ മാതാവെന്നാണ് ഈ ടീമുകൾ തമ്മിലുള്ള 1998 ലെ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ഇറാൻ ജയിച്ചു ആ മത്സരം. അന്നത്തെ കോലാഹലമൊന്നുമില്ലെങ്കിലും പതിയെ ചൂടുണരുകയാണ്. 1980 ൽ തകർന്ന നയതന്ത്ര ബന്ധം ഈ രാജ്യങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. 
ഘാന-ഉറുഗ്വായ് (ഡിസം. 2) - 2010 ജൂലൈ 2 ആരെങ്കിലും ഓർമിക്കുന്നുണ്ടോ? എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ഘാനക്ക് സെമിഫൈനലിലേക്ക് വഴിയൊരുക്കിയേക്കാവുന്ന ഗോൾ വലയിലേക്ക് നീങ്ങവെ ലൂയിസ് സോറസ് ബോധപൂർവം ഗോൾലൈനിൽ കൈ കൊണ്ട് തടുത്തത്, ചുവപ്പ് കാർഡ് വാങ്ങിയത്, പെനാൽട്ടി അസമോവ ജ്യാൻ പാഴാക്കിയത്, ഷൂട്ടൗട്ടിൽ ഉറുഗ്വായ് ജയിച്ചത്. പകരം ചോദിക്കാൻ സമയമൊരുങ്ങുകയാണ്. 

കപ്പിന് മുമ്പ്
ലോകകപ്പ് യൂറോപ്യൻ സീസണിന്റെ പാതിവഴിയിലാണെന്നതിനാൽ കൂടുതൽ പരിശീലന മത്സരങ്ങളൊന്നും വേണ്ട. സെപ്റ്റംബർ 22-27 കാലത്ത് യൂറോപ്യൻ നാഷൻസ് ലീഗിൽ പ്രമുഖ ടീമുകൾ ഏറ്റുമുട്ടുന്നുണ്ട് ഇറ്റലി-ഇംഗ്ലണ്ട് (സെപ്റ്റം. 23), നെതർലാന്റ്‌സ്-ബെൽജിയം (സെപ്റ്റം. 25), ഇംഗ്ലണ്ട്-ജർമനി (സെപ്റ്റം. 26), പോർചുഗൽ-സ്‌പെയിൻ (സെപ്റ്റം. 27). സൗദി അറേബ്യ സെപ്റ്റംബർ 27 ന് അമേരിക്കയുമായി ഏറ്റുമുട്ടും. ലോകകകപ്പിന് മുമ്പുള്ള അവസാന മത്സരങ്ങളായിരിക്കും അവ. 
 

Latest News