രണ്ടു കളിയില്‍ 20, ഗോള്‍ വര്‍ഷിച്ച് ബ്ലാസ്‌റ്റേഴ്‌സ് വനിതകള്‍

കോഴിക്കോട്/കൊച്ചി - കേരളാ വനിതാ ലീഗ് ഫുട്‌ബോളിലെ രണ്ടാമത്തെ മത്സരത്തിലും പത്തു ഗോളടിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.  കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത പത്തു ഗോളിന് അവര്‍ എസ്.ബി എഫ്.എ പൂവാറിനെ തരിപ്പണമാക്കി. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത പത്തു ഗോളിന് എമിറേറ്റ്‌സ് സോക്കര്‍ ക്ലബ്ബിനെയും തകര്‍ത്തിരുന്നു. 
ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കേരള യുനൈറ്റഡ് എഫ്.സിക്ക് ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് വടകര കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി. കേരളാ യുനൈറ്റഡ് ആദ്യ കളിയില്‍ ഗോകുലം കേരളയോട് മറുപടിയില്ലാത്ത 11 ഗോളിന് തോറ്റിരുന്നു. 
കേരള യുനൈറ്റഡിന്റെ  10-ാം നമ്പര്‍ താരം ബേബി ലാല്‍ച്ചിയാന്‍ഡമി 16, 52, 55, 70 മിനുട്ടുകളിലായി നാലുഗോള്‍ നേടി. പി.അലീന രണ്ടു ഗോളടിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിന് ബാസ്‌കോ എഫ്.സിയും കടത്തനാട് രാജ എഫ്.എയും ഏറ്റുമുട്ടും.

Latest News