ആവേശമയുര്‍ന്നു, ലുസൈല്‍ ഉണര്‍ന്നു

ദോഹ - ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിന്റെ വേദിയായ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആദ്യ ഔദ്യോഗിക മത്സരത്തിന് വിസില്‍ മുഴങ്ങി. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍അറബി-അല്‍റയ്യാന്‍ മത്സരത്തിനാണ് ഇന്നലെ സ്‌റ്റേഡിയം സാക്ഷിയായത്. എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന ഈ കളിക്കളത്തില്‍ ലോകകപ്പിലെ എല്ലാ റൗണ്ടിലും മത്സരമുണ്ട്. ആകെ പത്തു കളികള്‍. സെപ്റ്റംബര്‍ ഒമ്പതിന് സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരത്തില്‍ സൗദി പ്രൊഫഷനല്‍ ലീഗ് ചാമ്പ്യന്മാരായ അല്‍ഹിലാലും ഈജിപ്ത് ചാമ്പ്യന്മാരും ഏറ്റുമുട്ടും. 
ലോക കപ്പിനായി ഖത്തര്‍ നിര്‍മിച്ച സ്‌റ്റേഡിയങ്ങളൊക്കെയും നൂതനാവിഷ്‌കാരങ്ങളായി ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പരമ്പരാഗത അറബ് പാനപാത്രത്തില്‍ ഫനാര്‍ റാന്തലിന്റെ നിഴലും വെളിച്ചവും വീഴുന്ന വശ്യമാ മാതൃകയിലാണ് ലുസൈല്‍. അലങ്കാര രൂപങ്ങളെ പ്രതിധ്വനിപ്പിക്കുന്നതാണ് ഇതിന്റെ ആകൃതിയും രൂപവും. ലോകകപ്പ് കഴിയുന്നതോടെ രണ്ട് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള നൂതന നഗരമായി ലുസൈല്‍ മാറും. 

Latest News