Sorry, you need to enable JavaScript to visit this website.

അര്‍ജന്റീനക്കെതിരെ കളിക്കില്ല -ബ്രസീല്‍

സാവൊപൗളൊ - അര്‍ജന്റീനയുമായി അടുത്ത മാസം കളിക്കണമെന്ന് ഫിഫ നിശ്ചയിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിന് തങ്ങള്‍ ഇല്ലെന്ന് ബ്രസീല്‍. ലോകകപ്പ് ആസന്നമായിരിക്കെ ഒരു പ്രധാന മത്സരം കളിക്കുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചു. രണ്ട് ടീമുകളും ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞ സാഹചര്യത്തില്‍ മത്സരത്തിന് പ്രസക്തിയില്ല. 
സാവൊപൗളോയില്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ മത്സരമാണ് ഇത്. ഏഴ് മിനിറ്റാവുമ്പോഴേക്കും കളി നിര്‍ത്തി വെക്കേണ്ടി വന്നു. അര്‍ജന്റീനയുടെ നാല് കളിക്കാര്‍ കോവിഡ് ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞ് ബ്രസീലിലെ ആരോഗ്യവകുപ്പ് അധികൃതര്‍ കളത്തിലിറങ്ങുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം ഫെബ്രുവരിയില്‍ ഫിഫ രണ്ട് രാജ്യങ്ങളുടെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് പിഴയിടുകയും മത്സരം വീണ്ടും നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോഴേക്കും ബ്രസീലും അര്‍ജന്റീനയും ഫൈനല്‍ റൗണ്ട് ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. മത്സരം വീണ്ടും നടത്താനുള്ള ഫിഫ നീക്കത്തിനെതിരെ ഇരു രാജ്യങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ മാസാവസാനത്തോടെ വിധിയുണ്ടാവുമെന്ന് കരുതുന്നു. സെപ്റ്റംബറിലാണ് മത്സരം നടത്തേണ്ടത്. എന്നാല്‍ ഫിഫ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 
കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനും സസ്‌പെന്‍ഷനുണ്ടാവാനും സാധ്യതുണ്ടെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ കരുതുന്നു. അര്‍ജന്റീനയും കളി ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചനയുണ്ട്. കളി നടത്തില്ലെന്ന് ഫിഫ അര്‍ജന്റീനക്ക് വാക്ക് കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 
ലോകകപ്പ് ഇത്ര സമീപമെത്തിയിരിക്കെ അര്‍ജന്റീനയെ നേരിടുന്നതിനു പകരം യൂറോപ്പില്‍ രണ്ട് സന്നാഹ മത്സരം കളിക്കാനാണ് ബ്രസീല്‍ ഉദ്ദേശിക്കുന്നത്. 

Latest News