ദേശീയ പവര്‍ലിഫ്റ്റിംഗ്: കാസര്‍കോടിന് കായിക മാമാങ്കം

കാസര്‍കോട - ദേശീയ സബ് ജൂനിയര്‍-ജൂനിയര്‍ ക്ലാസ്സിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് പതാക ഉയര്‍ന്നു. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയാണ് പതാക ഉയര്‍ത്തിയത്. വര്‍ക്കിംഗ് ചെയര്‍മാനും കാസര്‍കോട് നഗരസഭ ചെയര്‍മാനുമായ അഡ്വ. വി.എം. മുനീര്‍, കാസര്‍കോട് നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍, പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്‍ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ സംബന്ധിച്ചു. പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ മാര്‍ച്ച് പാസ്റ്റും സംഘടിപ്പിച്ചിരുന്നു. 14 വരെയാണ് മത്സരങ്ങള്‍. കാസര്‍കോട് നഗരസഭയും ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു വലിയ ദേശീയ കായിക മാമാങ്കത്തിന് കാസര്‍കോട് ജില്ല സാക്ഷ്യം വഹിക്കുന്നത്. 
കേരളം ഉള്‍പ്പടെ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍നിന്നും  250 പുരുഷ താരങ്ങളും 160 വനിതാ താരങ്ങളും 100 ഒഫീഷ്യല്‍സും ഉള്‍പ്പടെ 510 പേരാണ് കാസര്‍കോട് എത്തിച്ചേരുന്നത്. സ്‌ക്വാറ്റ്, ബെഞ്ച് പ്രസ്സ്, ഡെഡ് ലിഫ്റ്റ് എന്നീ മൂന്ന് ഇനം മത്സരങ്ങളാണ് നടക്കുന്നത്.  രാവിലെ പത്ത് മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ഏഴ് മണിക്ക് സമാപിക്കും. ഞായറാഴ്ച വൈകിട്ട് സമാപന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Latest News