Sorry, you need to enable JavaScript to visit this website.

ഗോള്‍മഴയില്‍ വനിതാ ഫുട്‌ബോള്‍ തുടങ്ങി

കോഴിക്കോട്/കൊച്ചി - രണ്ടിടങ്ങളിലായി ആരംഭിച്ച കേരളാ വനിതാ ലീഗ് ഫുട്‌ബോളിന് ഗോള്‍വര്‍ഷത്തോടെ തുടക്കം. കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം കേരളാ എഫ്.സി മറുപടിയില്ലാത്ത 11 ഗോളിന് കേരളാ യുനൈറ്റഡ് എഫ്.സിയെ തുരത്തിയപ്പോള്‍ കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത പത്തു ഗോളിന് എമിറേറ്റ്‌സ് സോക്കര്‍ ക്ലബ്ബിനെ തകര്‍ത്തു. 
ദേശീയ വനിതാ ലീഗില്‍ ഗോള്‍ വര്‍ഷിച്ച ഗോകുലത്തിന് കേരളാ ലീഗില്‍ എതിരാളികളുണ്ടാവുമോയെന്ന് സംശയമാണ്. കേരളാ യുനൈറ്റഡിനെതിരെ ആദ്യ പകുതിയില്‍ തന്നെ ഗോകുലം അര ഡസന്‍ ഗോളിന് മുന്നിലെത്തിയിരുന്നു. നേപ്പാല്‍ താരം സബിത്ര ആദ്യ പകുതിയില്‍ മാത്രം നാലു ഗോള്‍ സ്വന്തമാക്കി. ഇടവേളക്കു ശേഷം ഒരു ഗോള്‍ കൂടി സ്വന്തം പേരില്‍ കുറിച്ചു. മൂന്നാം മിനിറ്റില്‍ ടീമിന്റെ ആദ്യ ഗോളടിച്ച് തുടക്കമിട്ട സബിത്ര 9, 27, 35 മിനിറ്റുകളിലായി വീണ്ടും സ്‌കോര്‍ ചെയ്തു. ക്യാപ്റ്റന്‍ കാഷ്മിന, രേഷ്മ, സന്ധ്യ, ഘാടനക്കാരി വിവിയന്‍ കോനാഡ്, ഹാര്‍മിലന്‍ എന്നിവരും ഗോളടിച്ചു. 
കേരളാ ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീം അരങ്ങേറ്റം ആഘോഷമാക്കി. എമിറേറ്റ്‌സിനെതിരെ അവര്‍ രണ്ടക്കം കണ്ടു. അപൂര്‍ണ നര്‍സാരി ആദ്യ പകുതിയില്‍ എട്ട് മിനിറ്റ് ഇടവേളയില്‍ ഹാട്രിക് പൂര്‍ത്തിയാക്കി -34, 40, 42 മിനിറ്റുകളില്‍. രണ്ടാം മിനിറ്റില്‍ മുസ്‌കാന്‍ സുബ്ബയിലൂടെയാണ് ഗോള്‍വര്‍ഷം തുടങ്ങിയത്. സുനിത മുണ്ട 19ാം മിനിറ്റില്‍ ലീഡുയര്‍ത്തി. അതോടെ ഗോളിന്റെ അണ പൊട്ടി. രണ്ടാം പകുതിയില്‍ കിരണ്‍ രണ്ടു ഗോളടിച്ചു. മാളവിക, അശ്വതി. പി എന്നിവരും ലക്ഷ്യം കണ്ടു. 
കേരള വിമന്‍സ് ലീഗിന്റെ നാലാാം പതിപ്പാണ് ഇത്. ഫൈനല്‍് ഒക്ടോബര്‍ 15 നാണ്. പത്തു ടീമുകളിലായി മുന്നൂറ്റമ്പതോളം പെണ്‍കുട്ടികള്‍ക്ക് ലീഗില്‍ അവസരം ലഭിക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. വിജയികള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. 
ഡോണ്‍ ബോസ്‌കോ എഫ്.എ, കടത്തനാട് രാജാ എഫ്.എ, ലൂക്കാ സോക്കര്‍ ക്ലബ്ബ്, ലോര്‍ഡ്‌സ് എഫ്.എ, കൊച്ചി വൈ.എം.എ.എ, എസ്.ബി എഫ്.എ പൂവാര്‍, ബാസ്‌കോ ഒതുക്കുങ്ങല്‍ എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ രാംകോ സിമന്റ്‌സ് ആണ്. നിവിയ ആണ് ഒഫീഷ്യല്‍ ബോള്‍ ആന്‍ഡ് കിറ്റ് പാര്‍ട്ണര്‍. 

Latest News