Sorry, you need to enable JavaScript to visit this website.

ഫറോവമാരുടെ നാട്ടിൽ നിന്ന് ബോളിവുഡിലേക്ക്

പുരാതന സംസ്‌കൃതികളുടെ സംഗമ ഭൂമിയായ ഫറോവമാരുടെ ചരിത്രമുറങ്ങുന്ന ഈജിപ്തിൽ നിന്ന് ഇന്ത്യൻ സിനിമയുടെ ഈറ്റില്ലവും സിരാകേന്ദ്രവുമായ ബോളിവുഡിൽ സാന്നിധ്യം അറിയിക്കാനും ഭാഗ്യം പരീക്ഷിക്കാനും ശ്രമിക്കുകയാണ് അമേരിക്കൻ പൗരത്വം ലഭിച്ച മൂഇസ്മായിൽ. പരസ്യങ്ങളിലൂടെയും ചെറുകിട വേഷങ്ങളിലൂടെയും പത്തു വർഷം മുമ്പാണ് മൂഇസ്മായിൽ കലാമേഖലയിൽ പ്രവേശിച്ചത്.  അഭിനയ മേഖലയിലേക്കുള്ള പ്രവേശനം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ നിർമാണ മേഖലയിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചു. ഇതിലൂടെ ഏറെ പരിചയ സമ്പത്ത് ആർജിക്കാനും ക്യാമറകൾക്കു പിന്നിലെ കാര്യങ്ങൾ കൂടുതൽ അടുത്തറിയാനും സാധിച്ചു. സ്റ്റാർ ട്രെക് ബിയോണ്ട്, ഗോസ്റ്റ് പ്രോട്ടോകോൾ, മിഷൻ ഇംപോസിബിൾ എന്നിവ അടക്കമുള്ള ഏതാനും ലോക സിനിമകളിൽ നിർമാണ സംഘങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരുന്നു അത്. നിർമാണ മേഖലയിലെ ജോലിയിലൂടെ സിനിമ ലോകത്തെ കുറിച്ച് ഏറെ മനസ്സിലാക്കാൻ സാധിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞതായി മൂഇസ്മായിൽ പറയുന്നു. 
ഇപ്പോഴിതാ മൂഇസ്മായിലിന് ഇന്ത്യൻ സിനിമയിൽ വേഷമിടാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഖുദാ ഹാഫിസ് 2 സിനിമയുടെ ചിത്രീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ആദ്യ ഈജിപ്ഷ്യൻ നടനാണ് അദ്ദേഹം. ഖുദാ ഹാഫിസ് 2 ആവേശവും ആക്ഷനും സമന്വയിപ്പിക്കുന്നു. ദമ്പതികളായ സമീറിനെയും നർഗീസിനെയും പരസ്പരം നഷ്ടപ്പെടുകയും വേർരെടുകയും ചെയ്യുന്ന ദമ്പതികൾ വീണ്ടും കണ്ടെത്താനും വീണ്ടെടുക്കാനും നടത്തുന്ന ശ്രമങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. 
ഖുദാ ഹാഫിസ് 2 ൽ പ്രധാന വില്ലനായ താബശ് ഹാജിയായാണ് താൻ വേഷമിടുന്നതെന്ന് മൂഇസ്മായിൽ പറയുന്നു. ഈജിപ്തിൽ, വിശിഷ്യ പിരമിഡുകൾക്കു സമീപം ചിത്രീകരിച്ച അപൂർവം സിനിമകളിൽ ഒന്നാണ് ഖുദാ ഹാഫിസ് 2. മാർവൽ സിനിമാറ്റിക് യൂനിവേഴ്‌സ്, മൂൺ നൈറ്റ് തുടങ്ങിയ പ്രധാന സിനിമകളിൽ വേഷമിട്ടവരെ നേരത്തെ തെരഞ്ഞെടുത്ത പ്രശസ്ത വ്യക്തി താനുമായി ബന്ധപ്പെടുകയായിരുന്നു. കാസ്റ്റിംഗിനു ശേഷം ഈ വേഷം ചെയ്യാൻ താൻ അനുയോജ്യനാണെന്ന് സംവിധായകന് ബോധ്യപ്പെട്ടു. തുടർന്ന് തനിക്ക് ആ വേഷം ലഭിക്കുകയും താൻ പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ കഴിഞ്ഞ ഡിസംബറിൽ ചിത്രീകരിക്കുകയും ചെയ്തു. 
ബോളിവുഡ് സിനിമയിൽ വേഷമിടുന്ന ആദ്യ ഈജിപ്തുകാരൻ ആകാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ട്. ഈ സിനിമ ഈജിപ്തിലാണ് ചിത്രീകരിച്ചത്. ഈജിപ്തിനെ ലോക ഭൂപടത്തിൽ ഉൾപ്പെടുത്തലും ഞങ്ങൾക്ക് ധാരാളം അനുഭവങ്ങളും വ്യത്യസ്തതകളും ഉണ്ടെന്ന് ലോകത്തിനു മുന്നിൽ കാണിക്കലും താൻ ലക്ഷ്യം വെക്കുന്നു. 
വിദ്യുത് ജംവാൽ ലോകത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. അയോധനകല മേഖലയിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു നടന്മാരിൽ ഒരാളാണ് വിദ്യുത് ജംവാൽ. ബോളിവുഡിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് ചിത്രത്തിന്റെ സംവിധായകനായ ഫാറൂഖ് കബീർ. ഇദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. 
സിനിമയെ ആഗോള നിലവാരത്തിലെത്തിക്കാൻ ടീം മുഴുവൻ പരസ്പരം സഹായിച്ചു. ഈജിപ്തിൽ നാൽപതു ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പിരമിഡ് ഏരിയ, കയ്‌റോ കോട്ട, അൽമുഇസ്സ് റോഡ്, അൽഹുസൈൻ റോഡ് പോലെ ഓൾഡ് കയ്‌റോയിലെ റോഡുകൾ അടക്കമുള്ള ഈജിപ്തിലെ തെരുവുകളിൽ ചേസിംഗുകളും സംഘട്ടനങ്ങളും ചിത്രീകരിച്ചു. വിദ്യുത് ജംവാൽ, ശിവലീക ഒബറോയ്, ഡാനിഷ് ഹുസൈൻ, അസ്‌റാർ ഖാൻ തുടങ്ങി പ്രധാന അഭിനേതാക്കൾ ഇതിൽ പങ്കെടുത്തു. 
ഖുദാ ഹാഫിസ് ഒന്നാം ഭാഗം വൻ വിജയമായി മാറിയതോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിലെ ചില ദൃശ്യങ്ങൾ ഈജിപ്തിൽ ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. അതൊരു മനോഹര അനുഭവമായിരുന്നു. അവർ അത് വളരെ ആസ്വദിച്ചു. ഗിസയിലെ പിരമിഡുകളിൽ ആദ്യമായി ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചതിലൂടെ ഇന്ത്യൻ ചരിത്രത്തിലും ഈ സിനിമ പ്രവേശിച്ചു. 
സിനിമയിൽ ഇംഗ്ലീഷിലും അറബിയിലുമാണ് താൻ അഭിനയിച്ചത്. തന്റെ റോളിന് ഹിന്ദി ഭാഷ അറിയേണ്ട ആവശ്യമില്ല. വിദ്യുത് ജംവാലിനൊപ്പമുള്ള ചേസിംഗുകളെ ചുറ്റിപ്പറ്റിയുള്ള, മാഫിയ സംഘത്തിലെ പ്രശസ്ത അംഗത്തിന്റെ റോളാണ് തനിക്കുള്ളത്. തന്റെ മകളെ വീണ്ടെടുക്കാൻ വിദ്യുത് ജംവാൽ ശ്രമിക്കുന്ന വ്യക്തിക്ക് സംരക്ഷണം നൽകുന്ന റോളാണ് സിനിമയിൽ തനിക്കുണ്ടായിരുന്നത്. 
ലോക സിനിമയിൽ സാന്നിധ്യറിയിക്കാൻ മതിയായ ഘടകങ്ങൾ ഈജിപ്തിലുണ്ട്. അതുല്യമായ ഇന്ദ്രിയ ശക്തികളുള്ള താരിഖ് അൽഅരിയാൻ, പീറ്റർ മീമി എന്നിവരെ പോലുള്ള നിരവധി വിശിഷ്ട വ്യക്തികളും ക്രിയേറ്റീവ് ഡയറക്ടർമാരും ഈജിപ്തിലുണ്ട്. വലിയ താരങ്ങളുടെ ഉള്ളിലെ അഭിനയ ശേഷികളെല്ലാം പുറത്തെടുക്കാൻ അവർക്ക് കഴിയും. വൈകാതെ ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയണമെന്നാണ് പ്രത്യാശിക്കുന്നത്. 
മികച്ച കഥകളോടെ വ്യത്യസ്ത സിനിമകൾ പുറത്തിറക്കണമെന്നും നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആഗോള സിനിമ ചിത്രീകരണത്തിന് ഈജിപ്തിൽ പുതിയ കവാടങ്ങൾ തുറക്കണമെന്നും ആഗ്രഹിക്കുന്നു. ചിത്രീകരണം, ചിത്രസംയോജനം മുതലായവയിൽ ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർക്കാനും അന്താരാഷ്ട്ര സിനിമകളുടെ സാങ്കേതിക വിദ്യകൾ പഠിക്കാനും താൽപര്യമുണ്ട്. 
നിലവിൽ ഈജിപ്തിലെ ചെങ്കടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താൻ നിരവധി പുതിയ പദ്ധതികളുടെ പണിപ്പുരയിലാണ്. ദീർഘകാലം താൻ അമേരിക്കയിൽ കഴിഞ്ഞിട്ടുണ്ട്. വാഷിംഗ്ടണിൽ ജീവിച്ചിട്ടും അഭിനയ രംഗത്തെ തന്റെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ സാധിച്ചിരുന്നില്ല. മുഴുവൻ സിനിമ നിർമാണ കമ്പനികളും അക്കാലത്ത് തനിക്ക് സമീപമായിരുന്നു. മധ്യപൗരസ്ത്യ ദേശത്ത് തിരിച്ചെത്തിയ ശേഷം സ്ഥിതിഗതികൾ മാറി. നിരവധി അറബ് രാജ്യങ്ങളിൽ താൻ കഴിഞ്ഞു. 
പത്തു വർഷത്തോളം പരസ്യ മേഖലയിൽ പ്രവർത്തിച്ചു. അഭിനയ മേഖലയുടെ ഉള്ളറകളെ കുറിച്ച് കൂടുതൽ അറിയാൻപിന്നീട് നിർമാണ മേഖലയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. രണ്ടു വർഷത്തോളം സംഗീത നിർമാണം, വീഡിയോ നിർമാണം, വാണിജ്യ പരസ്യ നിർമാണം എന്നീ മേഖലകളിൽ പ്രവർത്തിച്ചു. 
2010 ൽ ആണ് ആദ്യമായി അഭിനയ മേഖലയിലേക്ക് കാലെടുത്തുവെച്ചത്. ഹ്രസ്വ സിനിമ ചിത്രീകരണത്തിന് പദ്ധതിയുള്ളതായും ഈ സിനിമയിലെ വേഷം ചെയ്യാൻ താൻ അനുയോജ്യനായിരിക്കുമെന്നും യൂനിവേഴ്‌സിറ്റി പഠനകാലത്തെ സഹപാഠി അറിയിച്ചതോടെ ആയിരുന്നു അത്. അഭിനയത്തോടുള്ള അഭിനിവേശത്താൽ ഈ ഓഫർ താൻ സ്വീകരിച്ചു. അഭിനയ കലയിൽ മുന്നോട്ടുള്ള പ്രയാണം തുടരണമെന്ന നിശ്ചയദാർഢ്യത്തോടെ പിന്നീട് മറ്റു സിനിമകളിലും ഭാഗഭാക്കായി. അമേരിക്കൻ സിനിമയായ സ്റ്റാർ ടെക് ബിയോണ്ട്, ഗോസ്റ്റ് പ്രോട്ടോകോൾ, മിഷൻ ഇംപോസിബിൾ എന്നീ സിനിമകളിൽ പങ്കാളിയായി. ഈ സിനിമകളിലെല്ലാം ദുബായിൽ ചിത്രീകരിച്ച ഭാഗങ്ങളിലാണ് താൻ പങ്കാളിത്തം വഹിച്ചത്. 
തുടക്കത്തിൽ കലയുമായി തനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. ബിസിനസ് മാനേജ്‌മെന്റിലായിരുന്നു യൂനിവേഴ്‌സിറ്റി പഠനം. പിന്നീട് ദുബായ് അമേരിക്കൻ യൂനിവേഴ്‌സിറ്റിയിൽ മാസ് കമ്യൂണിക്കേഷൻ ആന്റ് മീഡിയ കോഴ്‌സ് പഠിച്ചു. ഇതിനു ശേഷം അമേരിക്കയിൽ സിനിമ നിർമാണത്തിൽ പഠനം നടത്തി. ന്യൂയോർക്ക് അക്കാദമിയിൽ അഭിനയവും പഠിച്ചു. ഈ പഠനങ്ങളെല്ലാം തന്നെ ഏറെ സഹായിക്കുകയും പ്രായോഗിക തലത്തിൽ അവ താൻ പ്രയോജനപ്പെടുത്തുകയും ചെയ്തു. 
ഡിസ്‌നി വേൾഡ് കമ്പനിയുടെ പുതിയ കാർട്ടൂൺ പദ്ധതിയിൽ താൻ ഇപ്പോൾ പങ്കാളിത്തം വഹിക്കുന്നു. ഈ പ്രോജക്ടിന്റെ സംവിധായകൻ ഈജിപ്തുകാരനാണ് എന്നതിൽ ഏറെ ആഹ്ലാദമുണ്ട്. സ്വന്തം ശബ്ദത്തിലാണ് ഡിസ്‌നി കാർട്ടൂണിൽ താൻ പങ്കാളിത്തം വഹിക്കുന്നത്. ഏറ്റവും മികച്ച നിലയിൽ ഇത് അഭ്രപാളിയിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മൂഇസ്മായിൽ പറയുന്നു. 

Latest News