സിന്ധുവിന്റെ കളിയിൽ  വിള്ളലുണ്ട് -വിമൽ

ന്യൂദൽഹി- പി.വി.സിന്ധുവിന്റെ പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും നിർണായക ഘട്ടത്തിൽ എതിരാളികൾ ഇത് മുതലാക്കുകയാണെന്നും മലയാളിയായ മുൻ ഇന്ത്യൻ ബാഡ്മിന്റൺ കോച്ച് യു.വിമൽകുമാർ. എതിരാളികൾ പ്രത്യാക്രമണം നടത്തുമ്പോൾ പരുങ്ങുന്നുവെന്നതാണ് കോമൺവെൽത്ത് ഗെയിംസിലുൾപ്പെടെ നിരവധി സമീപകാല ഫൈനലുകളിൽ സിന്ധുവിന്റെ തോൽവിക്ക് കാരണമെന്ന് വിമൽകുമാർ വിലയിരുത്തി. വാശിയേറിയ പോരാട്ടങ്ങൾ ജയിക്കാൻ അൽപം പാകതയും ഭാഗ്യവും സിന്ധുവിന് വേണ്ടതുണ്ടെന്ന് വിമൽ കരുതുന്നു. 
ഒളിംപിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും ദുബായ് സൂപ്പർ സീരീസ് ഫൈനൽസിലും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഇരുപത്തിരണ്ടുകാരി ഫൈനലിൽ തോൽക്കുകയായിരുന്നു. 
കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ സയ്‌ന നേവാളിനെതിരെ പതിവ് ആക്രമണമഴിച്ചുവിടാൻ സിന്ധുവിന് സാധിച്ചില്ലെന്ന് വിമൽകുമാർ കരുതുന്നു. ദീർഘ റാലികളിലും പ്രത്യാക്രമണങ്ങളിലും സിന്ധുവിന് പിടിച്ചു നിൽക്കാനാവുന്നില്ല. ഈ ദൗർബല്യമാണ് സയ്‌ന മുതലാക്കിയത്. സയ്‌ന ആക്രമിച്ചു കൊണ്ടേയിരുന്നു. കളി മൂന്നാം ഗെയിമിലേക്ക് നീങ്ങിയിരുന്നുവെങ്കിൽ എന്തും സംഭവിക്കാമായിരുന്നു -വിമൽ വിലയിരുത്തി. നേരിട്ടുള്ള ഗെയിമുകളിൽ സിന്ധു ജയിക്കുകയായിരുന്നു. 
തോൽക്കുമ്പോൾ എല്ലാവരും സിന്ധുവിനെ വിമർശിക്കുന്നത് ശരിയല്ലെന്ന് വിമൽ ഓർമിപ്പിച്ചു. മറ്റു കളിക്കാരികൾക്കെതിരെ സിന്ധു നന്നായി കളിക്കുന്നുണ്ട്. അവൾക്ക് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ. അൽപം പക്വതയാർജിക്കുന്നതോടെ കളി മെച്ചപ്പെടും. അൽപം ഭാഗ്യവും കൂടി വേണം. ഈ ഫൈനലിലും സിന്ധു അനായാസ പോയന്റുകൾ സയ്‌നക്ക് സമ്മാനിച്ചു. ആത്മവിശ്വാസമില്ലാത്തതിനാലായിരുന്നു അത്. മറ്റ് കളിക്കാരികൾക്കെതിരെ പരുങ്ങിയ സയ്‌ന ഫൈനലിൽ സിന്ധുവിനെതിരെ ആവേശത്തിലായിരുന്നു -വിമൽ പറഞ്ഞു. 
2014 ൽ ഗോപിചന്ദ് അക്കാദമി വിട്ട് ബംഗളൂരുവിലേക്ക് താവളം മാറ്റിയ സയ്‌ന മൂന്നു വർഷത്തോളം വിമൽകുമാറിന്റെ പരിശീലനത്തിലായിരുന്നു. ടൂർണമെന്റിൽ പൊതുവെ സയ്‌നയുടെ പ്രകടനം തൃപ്തികരമല്ലെന്നും എന്നാൽ അവരുടെ മനോദാർഢ്യം അദ്ഭുതപ്പെടുത്തുന്നതാണെന്നും വിമൽ അഭിപ്രായപ്പെട്ടു. സോണിയ ചിയക്കും ക്രിസ്റ്റി ഗിൽമറിനുമെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സയ്‌ന ഫൈനലിൽ സിന്ധുവിനെതിരെ നിലവാരം മെച്ചപ്പെടുത്തി. റിയൊ ഒളിംപിക്‌സിൽ പുറത്തായത് സയ്‌നയെ പോലെ എന്നെയും നിരാശപ്പെടുത്തിയിരുന്നു. നല്ല ഫോമിലായിരുന്നു അതുവരെ. പരിക്കുകൾ അലട്ടിയ ശേഷമാണ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയത്. കായികക്ഷമത നിലനിർത്തിയാൽ സയ്‌ന 2-3 വർഷത്തോളം ഉന്നത നിലവാരത്തിൽ കളിക്കുമെന്ന് വിമൽ കരുതുന്നു. 
കോമൺവെൽത്ത് ഗെയിംസിൽ മിക്‌സഡ് സ്വർണം നേടിയത് അടുത്ത മാസം ആരംഭിക്കുന്ന തോമസ്, യൂബർ കപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയുടെ സാധ്യത മെച്ചപ്പെടുത്തുന്നുവെന്ന് അമ്പത്തഞ്ചുകാരൻ വിലയിരുത്തി. ഫൈനലിൽ മലേഷ്യയെ തോൽപിച്ചത് വലിയ നേട്ടമായിരുന്നു. 
ഇന്ത്യയുടെ പുരുഷ നിരക്ക് തങ്ങളുടേതായ ദിനത്തിൽ ആരെയും തോൽപിക്കാനാവുമെന്ന് 1992 ലെ ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിമൽകുമാർ അഭിപ്രായപ്പെട്ടു. ഏഷ്യൻ ഗെയിംസിൽ കിഡംബി ശ്രീകാന്തിൽ നിന്നോ എച്ച്.എസ് പ്രണോയ്‌യിൽ നിന്നോ സ്വർണമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് വിമൽ പറഞ്ഞു.  1982 ലെ ഏഷ്യൻ ഗെയിംസിൽ പ്രകാശ് പദുക്കോൺ സ്വർണം നേടാൻ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാൽ പ്രൊഫഷനലെന്ന് പറഞ്ഞ് കളിക്കാൻ അനുമതി നൽകിയില്ലെന്നും വിമൽ ഓർമിച്ചു. 
 

Latest News