Sorry, you need to enable JavaScript to visit this website.

മന്ത്രിക്ക് മറുപടിയുണ്ടോ, നെട്ടോട്ടമോടുന്ന ഈ പാവങ്ങളോട്

സി. വിനോദ് ചന്ദ്രൻ


സർക്കാർ ഡോക്ടർമാർ തീരെ ശരിയല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. മരുന്നു ക്ഷാമത്തിന്റെ പേരിൽ ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് എണ്ണയൊഴിച്ചു കൊടുക്കുകയാണെന്നാണ് ഇതിന് സർക്കാർ ഡോക്ടർമാരുടെ മറുവാദം. ഇത് സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങൾ മുറുകുമ്പോഴും ഒരു യാഥാർഥ്യം വളരെ പച്ചയായി തന്നെ തെളിഞ്ഞു നിൽക്കുകയാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കാരുണ്യ ഫാർമസികളിലുമെല്ലാം മരുന്നിന് കടുത്ത ക്ഷാമമാണ്. 
സർക്കാർ ആശുപത്രികളിൽനിന്ന് കിട്ടുന്ന സൗജന്യ മരുന്നിൽ അസുഖങ്ങളെ അകറ്റി നിർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സാധാരണക്കാരായ രോഗികൾ ഇപ്പോൾ നെട്ടോട്ടമോടുകയാണ്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഒരു നേരത്തെ മരുന്ന് വാങ്ങി കഴിക്കുമ്പോഴേക്കും കീശ കാലിയാകുന്നു. കർക്കിട മാസത്തിൽ കാലവർഷം കലിതുള്ളിയതോടെ നാട്ടിലെങ്ങും വിവിധ തരത്തിലുള്ള രോഗങ്ങൾ പടരുകയാണ്. അതിനിടയിൽ വെള്ളപ്പൊക്കവും കൂടിയായതോടെ സാധാരണ തൊഴിലാളികൾക്ക് വേലയും കൂലിയുമില്ലാതായി. അസുഖങ്ങൾക്ക് തുടർച്ചയായി മരുന്നു കഴിക്കേണ്ടവരിൽ പലരും മരുന്ന് വാങ്ങാൻ പണമില്ലാതെ മരുന്ന് കഴിക്കുന്നത് നിർത്തിയിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും മണിക്കൂറുകളോളം വരി നിന്ന് വല്ലപ്പോഴും കിട്ടുന്ന മരുന്നുകളിലാണ് ആളുകൾ ആരോഗ്യം നിലനിർത്തുന്നത്.
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെ തുടർന്ന് കേരളത്തിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് രോഗികൾ നെട്ടോട്ടമോടുമ്പോൾ മന്ത്രിയും ഡോക്ടർമാരും ഇപ്പോഴും പരസ്പരം കുറ്റങ്ങൾ ചാർത്തി കള്ളനും പോലീസും കളിച്ചു കൊണ്ടിരിക്കുകയാണ്. തിരുവല്ലയിലെ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ മിന്നൽ സന്ദർശനത്തിൽ മരുന്നുകൾ കിട്ടാതെ നെട്ടോട്ടമോടുന്ന രോഗികളെ കാണുകയും ഡോക്ടർമാരാണ് ഇതിന് ഉത്തരവാദികളെന്ന് പറഞ്ഞ് അവരെ പരസ്യമായി ശാസിക്കുകയും ചെയ്തതാണ് ഡോക്ടർമാരുടെ സംഘടനയും ആരോഗ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് വഴി വെച്ചതും മരുന്ന് ക്ഷാമത്തിന്റെ കാരണങ്ങൾ വെളിവാക്കപ്പെട്ടതും.
സർക്കാർ ആശുപത്രികളിൽ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്റെ ഉത്തരവാദിത്തം സംസ്ഥാന ആരോഗ്യ വകുപ്പിന് തന്നെയാണ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കുമെല്ലാം മരുന്നുകൾ എത്തിക്കുന്നത്. മൊത്തമായി മരുന്ന് വാങ്ങുന്നതിന് രാജ്യത്തെ വിവിധ മരുന്നു കമ്പനികളുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വർഷം തോറും ടെണ്ടർ ഉറപ്പിക്കുകയാണ് ചെയ്യുക. 
സാമ്പത്തിക വർഷം കണക്കാക്കിയാണ് മരുന്നു വാങ്ങുന്നതിനുള്ള ടെണ്ടർ ഉറപ്പിക്കുക. അതായത് ഏപ്രിൽ മാസം മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് എതെല്ലാം മരുന്നുകൾ എത്രത്തോളം അളവിൽ വേണ്ടി വരുമെന്ന് കണക്കാക്കി അതനുസരിച്ച് വിതരണത്തിനായി കമ്പനികളെ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള നടപടികൾ ഓരോ വർഷവും മാർച്ചിൽ പൂർത്തീകരിക്കുകയും ഏപ്രിലിൽ മരുന്ന് വിതരണം ആരംഭിക്കുകയും ചെയ്യും. 
എന്നാൽ എറ്റവും വലിയ വീഴ്ചയാണ് മരുന്ന് വാങ്ങുന്നതിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്. 2022-23 വർഷത്തേക്കുള്ള മരുന്നിന്റെ ടെണ്ടർ നടപടികൾ അനിശ്ചിതമായി വൈകിയതാണ് മരുന്നു ക്ഷാമത്തിനുള്ള കാരണം. ടെണ്ടർ നിശ്ചയിക്കേണ്ട സമയം കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും ടെണ്ടർ ഉറപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനായില്ല. ഇതോടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് മരുന്നുകൾ കിട്ടാതാകുകയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും കാരുണ്യ ഫാർമസികളിലേക്കുമുള്ള മരുന്നു വിതരണം തടസ്സപ്പെടുകയുമായിരുന്നു. കോർപറേഷന്റെ പക്കൽ സ്റ്റോക്കുള്ള പരിമിതമായ മരുന്നുകൾ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിഭജിച്ച് നൽകുകയാണ് ചെയ്യുന്നത്. ആവശ്യത്തിന്റെ ചെറിയ ഭാഗം പോലും പൂർത്തീകരിക്കാൻ ഇതുകൊണ്ട് കഴിയുന്നില്ല. 
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നു വാങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ വളരെ കുറഞ്ഞ ഫണ്ട് മാത്രമാണ് ഇതിനായി നീക്കിവെക്കാറുള്ളത്. ഈ ഫണ്ട് ഉപയോഗിച്ചാണ് ആരോഗ്യ കേന്ദ്രങ്ങൾ വളരെ പരിമിതമായ തോതിൽ ഇപ്പോൾ അത്യാവശ്യ മരുന്നുകൾ വാങ്ങിച്ച് രോഗികൾക്ക് വിതരണം ചെയ്ത് തൽക്കാലം പിടിച്ചു നിൽക്കുന്നത്. അത് കൂടി ഇല്ലായിരുന്നെങ്കിൽ കളി മാറിയേനെ. മഴക്കാലത്ത് പകർച്ച പനിയും മറ്റു സാംക്രമിക രോഗങ്ങളുമെല്ലാം വലിയ തോതിൽ വ്യാപിക്കുകയും രോഗികളുടെ എണ്ണം വളരെ കൂടുതലാകുകയും ചെയ്തതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരുമാണ് ഇതിന്റെ പേരിൽ രോഗികളുടെ രോഷത്തിനിരയാകുന്നത്. 
പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്കും ഹൃദയ സംബന്ധിയായ അസുഖങ്ങൾക്കുള്ള മരുന്നുകളും  ക്യാൻസർ രോഗികൾ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളും വിവിധ കുത്തിവെപ്പുകൾക്കുള്ള മരുന്നുകളുമാണ് പ്രധാനമായും കിട്ടാനില്ലാത്തത്. ഓരോ ജില്ലയിലും ഏതൊക്കെ മരുന്നുകൾക്കാണ് കടുത്ത ക്ഷാമമുള്ളതെന്ന് കണ്ടെത്തി അത്തരം മരുന്നുകൾ താൽക്കാലികമായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ആശുപത്രികളിലെത്തുന്ന പല മരുന്നുകൾക്കും വേണ്ടത്ര ഗുണനിലവാരമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇക്കാര്യങ്ങൾ ആശുപത്രി മേധാവികൾ പല തവണ ആരോഗ്യ വകുപ്പിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിക്കും ഇക്കാര്യം ബോധ്യമുണ്ട്. യാതൊരു നിലവാരവുമില്ലാത്ത ഉത്തരേന്ത്യയിലെ ചില കമ്പനികൾ കുറഞ്ഞ തുകയിൽ മരുന്നു വിതരണത്തിന് തയാറാവുകയും ഇവരുടെ വലയിൽ സംസ്ഥാന സർക്കാർ വീണുപോകുകയും ചെയ്യുന്നതാണ് മരുന്നുകളുടെ ഗുണനിലവാരം കുറയാൻ കാരണമാകുന്നത്. ഇത് കണക്കിലെടുത്ത് മിനിമം 50 കോടിയെങ്കിലും വിറ്റുവരവില്ലാത്ത കമ്പനികൾ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ടെണ്ടറിൽ പങ്കെടുക്കേണ്ടതില്ലെന്ന് സർക്കാർ ഇത്തവണ നിബന്ധന വെച്ചിരുന്നു.

Latest News