Sorry, you need to enable JavaScript to visit this website.

ഏഷ്യാ കപ്പില്‍ കോലി കളിക്കും, സഞ്ജു പുറത്ത്

മുംബൈ - യു.എ.ഇയില്‍ ഈ മാസം 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയും കെ.എല്‍ രാഹുലും തിരിച്ചെത്തിയപ്പോള്‍ സഞ്ജു സാംസണ്‍ പുറത്തായി. പരിക്കുള്ള പെയ്‌സ്ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ പരിഗണിച്ചില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ്. ഐ.പി.എല്ലിനു ശേഷം കോവിഡും പരിക്കുമായി പുറത്തായിരുന്നു രാഹുല്‍.  
കഴിഞ്ഞ നവംബറില്‍ ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന ഇന്ത്യയുടെ 23 ട്വന്റി20 മത്സരങ്ങളില്‍ നാലെണ്ണത്തിലേ കോലി കളിച്ചിട്ടുള്ളൂ. ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവരെ സ്റ്റാന്റ്‌ബൈകളായി നിലനിര്‍ത്തി. സഞ്ജുവിനൊപ്പം ഇശാന്‍ കിഷന്‍, കുല്‍ദീപ് യാദവ് എന്നിവരെയും തഴഞ്ഞു. അര്‍ഷദീപ് സിംഗ്, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, ദീപക് ഹൂഡ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. 
ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ടിലൂടെ മൂന്നാമത്തെ ടീം ഗ്രൂപ്പില്‍ സ്ഥാനം നേടും. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ബി-യില്‍. യോഗ്യതാ റൗണ്ട് 20 ന് ഒമാനില്‍ ആരംഭിക്കും. യു.എ.ഇ, കുവൈത്ത്, സിംഗപ്പൂര്‍, ഹോങ്കോംഗ് ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. 
 

Latest News