ട്രിപ്പിളില്‍ മലയാളിത്തിളക്കം, സ്വര്‍ണവും വെള്ളിയും കേരളത്തിലേക്ക്‌

ബേമിംഗ്ഹാം- കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോളിന് സ്വർണം. 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. മലയാളി താരം അബ്ദുല്ല അബൂബക്കർ വെള്ളി നേടി. (17.02 മീറ്റർ). പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. ഗെയിംസിൽ ഇന്ത്യയുടെ 16-ാം സ്വർണമാണിത്.
പുരുഷൻമാരുടെ (51 കിലോ) ബോക്‌സിങ്ങിൽ അമിത് പങ്കൽ സ്വർണം നേടി. 5-0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്‌ഡൊണാൾഡിനെയാണ് തോൽപിച്ചത്. ബോക്‌സിംഗിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതാ ബോകസിംഗിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0നാണു നിതു കീഴടക്കിയത്. പുരുഷൻമാരുടെ ബോക്‌സിങ്ങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ ന്യൂസീലന്റിനെ പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.
മത്സരത്തിൽ ഒരു ഗോളിന്റെ ലീഡെടുത്ത ഇന്ത്യയ്‌ക്കെതിരെ അവസാന സെക്കന്റുകളിലാണ് ന്യൂസിലന്റ് സമനില ഗോൾ നേടിയത്. അതേസമയം വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ സിംഗപ്പൂരിന്റെ ലോക പതിനെട്ടാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോൽപിച്ചത്. സ്‌കോർ: 21-19, 21-17.
 

Latest News