Sorry, you need to enable JavaScript to visit this website.

ഹൂത്തി തടവറയിൽ 110 ദിവസം : നടുക്കുന്ന ഓർമകളുമായി മലയാളി യുവാവ്


കരയിലെത്തിയപ്പോൾ എല്ലാവരേയും മുഖംമൂടി അണിയിച്ച് ഒരു കാറിൽ കയറ്റി അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. ആരാണ് ഈ കൊള്ളക്കാരെന്നോ എന്തിനാണ് തങ്ങളെ ബന്ദികളാക്കിയതെന്നോ ആർക്കും ഒരു ഊഹവുമുണ്ടായിരുന്നില്ല. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിലാണ് അജ്ഞാത കേന്ദ്രത്തിലെത്തിയത്. അവിടെവെച്ച് ഞങ്ങൾ പതിനൊന്നു പേരുടെയും പാസ്‌പോർട്ടും ഫോണുകളുമെല്ലാം അവർ കൈക്കലാക്കി. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ലായിരുന്നു.  ഉറക്കമില്ലാത്ത രാത്രികൾ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം.


ദിപാഷിന് ഇനിയും വിശ്വാസം വന്നിട്ടില്ല. താനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന്. ഭയത്തിന്റെ ചിറകടിയൊച്ചകൾ ഇപ്പോഴും ആ കാതുകളിൽ മുഴങ്ങുന്നുണ്ട്. സംസാരംപോലും പൂർവസ്ഥിതിയിലായിട്ടില്ല. കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്‌നമായി കാണാനാണ് ദിപാഷ് ആഗ്രഹിക്കുന്നത്. ഒന്നും രണ്ടും ദിവസമല്ല, നീണ്ട നൂറ്റിപ്പത്തു ദിവസമാണ് അയാൾ കടൽകൊള്ളക്കാരുടെ തടവിൽ കഴിഞ്ഞത്. ആരോടും സംസാരിക്കാനാവാതെ, നാടിനെയും പ്രിയപ്പെട്ടവരെയും കുറിച്ചുമാത്രം ചിന്തിച്ചു കഴിഞ്ഞ നാളുകൾ. ഒരിക്കലും അവരുടെ സാമീപ്യം തന്റെ ജീവിതത്തിലുണ്ടാവില്ലെന്ന് തീർച്ചപ്പെടുത്തിയ നിമിഷങ്ങൾ. മരണത്തിനും ജീവിതത്തിനുമിടയിൽ ഉറ്റവരെയും ഉടയവരെയും കാണാനാവാതെ ഹൂത്തി തീവ്രവാദികളുടെ തോക്കിൻ മുനയിൽ ജീവിതം തള്ളിനീക്കുകയായിരുന്നു ഈ കോഴിക്കോട്ടുകാരൻ.
ഐക്യരാഷ്ട്ര സംഘടനയുടെയും ഭാരത സർക്കാരിന്റെയും കേരള സർക്കാരിന്റെയും നിരന്തര ശ്രമഫലമായാണ് യെമനിലെ ഹൂത്തി തീവ്രവാദികളുടെ തടവറയിൽനിന്നും നാട്ടിലേയ്ക്കു മടങ്ങാൻ ദിപാഷിനും കൂട്ടർക്കും അവസരമൊരുങ്ങിയത്. കോഴിക്കോട് മേപ്പയ്യൂരിലെ വീട്ടിൽ ഇപ്പോൾ ആഹ്ലാദം തിരതല്ലുകയാണ്. മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്  മടങ്ങിയെത്തിയതിന്റെ സന്തോഷമാണെവിടെയും. നാടും നാട്ടുകാരും ഗംഭീര സ്വീകരണമൊരുക്കിയാണ് ദിപാഷിനെ സ്വീകരിച്ചത്. നടുക്കുന്ന ആ ഓർമ്മകളെക്കുറിച്ച് പറയുമ്പോൾ ആ കണ്ണുകളിൽ ഇപ്പോഴും ഭയം നിഴലിക്കുന്നുണ്ട്.
മലയോര ഗ്രാമമായ പേരാമ്പ്രക്കടുത്തുള്ള മേപ്പയ്യൂരിലെ കേളപ്പന്റെയും ദേവിയുടെയും മകനായി ജനിച്ച ദിപാഷ് മുംബൈയിലെ ഒരു കമ്പനിയിൽ കാറ്ററിംഗ് ജോലി നോക്കുന്നതിനിടയിലാണ് യു.എ.ഇയിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ലഭിക്കുന്നത്. ലിവ മരിയൻ കമ്പനിയുടെ റബാബി എന്ന കാർഗോ കപ്പലിൽ കുക്കായാണ് ജോലിയിൽ പ്രവേശിച്ചത്. 2021 ഒക്‌ടോബർ ഇരുപത്തിയേഴിന് അബുദാബി പോർട്ടിൽനിന്നും ആ കപ്പൽ യാത്ര പുറപ്പെട്ടു. ഫിലിപ്പൈൻസുകാരനായ ക്യാപ്റ്റൻ കാർലോസും ഇന്തോനേഷ്യക്കാരനായ സൂര്യ ഹിദായത്ത് എന്ന ചീഫ് ഓഫീസറും മ്യാൻമറിൽനിന്നും എത്യോപ്യയിൽനിന്നും ഓരോരുത്തരും ഏഴ് ഇന്ത്യക്കാരുമായാണ് കപ്പൽ യാത്ര തുടങ്ങിയത്. നവംബർ അഞ്ചിന് കപ്പൽ യെമനിലെ സൊകോട്ര ദ്വീപിലെത്തി. അവിടെനിന്നും മെഡിക്കൽ ഉപകരണങ്ങളുമായി സൗദി അറേബ്യയിലെ ജിസാൻ തുറമുഖത്തേയ്ക്കായിരുന്നു യാത്ര. സൊകോട്ര ദ്വീപിൽനിന്നും മെഡിക്കൽ ഉപകരണങ്ങളുമായി മൂന്നു തവണയാണ് ജിസാനിലേയ്ക്കും തിരിച്ചും റബാബി കപ്പൽ യാത്ര ചെയ്തത്.
നാലാം തവണ ജിസാനിലേയ്ക്കു കാർഗോയുമായി തിരിക്കുന്നതിനിടെയായിരുന്നു ജീവിതം മാറ്റിമറിച്ച ആ സംഭവമുണ്ടായത്. 2022 ജനുവരി മാസം മൂന്നാം തീയതി. പുതുവർഷത്തെ വരവേറ്റതിന്റെ അടുത്ത ദിവസം. ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണി. കപ്പലിലെ അപകട സൈറൺ നിലയ്ക്കാതെ മുഴങ്ങുന്നതുകേട്ടാണ് എല്ലാവരും ഞെട്ടിയുണർന്നത്. എല്ലാവരും മുറിയിൽനിന്നും മുകളിലത്തെ നിലയിലേയ്ക്ക് ഓടിയെത്തി. കപ്പൽകൊള്ളക്കാരെക്കുറിച്ച് അന്നുവരെ കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കൺമുന്നിൽ കണ്ടത് അപ്പോഴാണ്. 
ഇരുട്ടിനെ വകഞ്ഞുമാറ്റി മുന്നോട്ടു കുതിക്കുകയായിരുന്ന കാർഗോ കപ്പലിനെ സ്പീഡ് ബോട്ടുകൾ വളയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മാത്രമല്ല, കപ്പലിലേയ്ക്ക് അവർ തുരുതുരാ വെടിവയ്ക്കാനും തുടങ്ങി. എല്ലാവരും തറയിൽ കമിഴ്ന്നുകിടന്നു. ഇരുട്ടിന്റെ മറവിൽ കൂറ്റൻ തിരമാലകളിൽ ആടിയുലയുന്ന കപ്പലിലേയ്ക്കു നിരവധി തവണ വെടിയുതിർത്തെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. കപ്പൽകൊള്ളക്കാർ തങ്ങളുടെ കപ്പൽ റാഞ്ചിയെന്നാണ് എല്ലാവരും കരുതിയത്.
അപകടസന്ദേശം നൽകിയതിനുശേഷം ക്യാപ്റ്റൻ കപ്പലിന്റെ എൻജിൻ ഓഫാക്കി. എല്ലാവരും ഇഴഞ്ഞിഴഞ്ഞ് രണ്ടു മുറികളിൽ കയറി കതകടച്ചിരുന്നു. അക്രമികൾ കപ്പലിൽ വലിഞ്ഞുകയറി പരിശോധന തുടങ്ങിയിരുന്നു. അടഞ്ഞ വാതിലുകൾ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റൻ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. അടിയന്തര സന്ദേശം നൽകിയതിനാൽ രക്ഷയ്ക്കായി ആരെങ്കിലും എത്തുമെന്നായിരുന്നു ക്യാപ്റ്റന്റെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താവുകയായിരുന്നു. അക്രമികൾ വെടിയുതിർത്ത് വാതിലുകളുടെ കൊളുത്തുകൾ തകർത്തു. എല്ലാവരോടും കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തീവ്രവാദികളെ അനുസരിക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളു. അക്രമികളുടെ ആജ്ഞയനുസരിച്ച് എല്ലാവരും കൈകൾ പൊക്കി അവർക്കു മുന്നിൽ കീഴടങ്ങി. ഞങ്ങളെ അവർ ഒരു മുറിയിക്കുള്ളിലാക്കി വാതിലടച്ചു. തോക്കുധാരികളായ അക്രമികൾ മുറിയ്ക്കു കാവലും നിന്നു. ജീവൻ തിരിച്ചുകിട്ടിയാൽ മതിയെന്ന ചിന്തയിലായിരുന്നു എല്ലാവരും.
ഒടുവിൽ ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും വിളിച്ചുകൊണ്ടുപോയി കപ്പലിന്റെ ദിശ മാറ്റി ഓടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിരന്തരം വെടിയുതിർത്തതിനാൽ കപ്പലിന്റെ നിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലായിരുന്നു. ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവാത്ത അവസ്ഥ. കപ്പൽ ജീവനക്കാരായ നാലുപേരെ സ്പീഡ് ബോട്ടിൽ കയറ്റി കടലിൽ ചുറ്റിസഞ്ചരിച്ചു. കപ്പലിൽ എന്താണെന്നറിയാനുള്ള തിടുക്കമായിരുന്നു അവർക്ക്. തുടർന്ന് അവരെ കപ്പലിൽത്തന്നെ തിരിച്ചെത്തിച്ചു. ഒടുവിൽ എല്ലാവരെയും സ്പീഡ് ബോട്ടിൽ കയറ്റി കരയിലേയ്ക്ക് യാത്ര തിരിച്ചു. കരയിലെത്തിയപ്പോൾ എല്ലാവരേയും മുഖംമൂടി അണിയിച്ച് ഒരു കാറിൽ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ആരാണ് ഈ കൊള്ളക്കാരെന്നോ എന്തിനാണ് തങ്ങളെ ബന്ദികളാക്കിയതെന്നോ ആർക്കും ഒരു ഊഹവുമുണ്ടായിരുന്നില്ല. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിലാണ് അജ്ഞാത കേന്ദ്രത്തിലെത്തിയത്. അവിടെവച്ച് ഞങ്ങൾ പതിനൊന്നു പേരുടെയും പാസ്‌പോർട്ടും ഫോണുകളുമെല്ലാം അവർ കൈക്കലാക്കി. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം.
ദിവസങ്ങൾ പിന്നിടുമ്പോഴാണ് അക്രമികളുടെ ലക്ഷ്യം മറ്റെന്തോ ആണെന്ന് മനസ്സിലായത്. സോമാലിയൻ കടൽകൊള്ളക്കാരെക്കുറിച്ച്് എല്ലാവരും കേട്ടിട്ടുണ്ട്. പണത്തിനുവേണ്ടി ആരേയും കൊല്ലാൻ പോലും മടിയില്ലാത്തവരാണ് അവരെന്നും കേട്ടിട്ടുണ്ട്. എന്നാൽ ഇക്കൂട്ടർക്ക് മറ്റെന്തോ ലക്ഷ്യമാണുള്ളതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ദിവസങ്ങൾ കഴിയവേ കൊള്ളക്കാരുടെ സ്വഭാവരീതിയിലും മാറ്റം കണ്ടുതുടങ്ങി. അവർ നല്ല രീതിയിൽ പെരുമാറിത്തുടങ്ങി. ചെങ്കടൽ തീരത്തുള്ള യെമനിലെ പ്രധാന തുറമുഖമായ അൽ ഹൊദൈദയിലായിരുന്നു ഞങ്ങളുടെ തടവറ എന്നു മനസ്സിലായി. അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങളെ കപ്പലിലേയ്ക്കു തന്നെ തിരിച്ചയച്ചു.
സൗദിയും യെമനും തമ്മിൽ നടന്ന സംഘർഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങളുടെ കപ്പൽ തട്ടിക്കൊണ്ടുപോകപ്പെട്ടത്. 2015 മുതൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായായിരുന്നു ഈ ആക്രമണം. യെമൻ അധീനതയിലുള്ള സൊകോട്ര ദ്വീപിൽനിന്നും ജിസാനിലേയ്ക്ക് സൈനിക ഉപകരണങ്ങളാണ് കൊണ്ടുപോകുന്നത് എന്നു തെറ്റിദ്ധരിച്ചാണ് റബാബി കപ്പലിനെയും ജീവനക്കാരായ ഞങ്ങളെയും ബന്ദികളാക്കിയതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ കപ്പലിലുണ്ടായിരുന്നത് സൗദി അറേബ്യയിലെ വിവിധ ആശുപത്രികൾക്കു ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.
ദിപാഷ് ജോലി ചെയ്തുവന്ന കപ്പൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന വാർത്തയൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. കാരണം തീവ്രവാദികൾ ഞങ്ങളുടെ ഫോൺ കൈവശമാക്കിയിരുന്നു. പതിനഞ്ചു ദിവസത്തിനുശേഷമാണ് അവർ നൽകിയ ഒരു ഫോണിൽ വീട്ടിലേയ്ക്കു വിളിക്കാൻ അനുമതി ലഭിച്ചത്. അതും വെറും അഞ്ചു മിനിറ്റ് സമയം മാത്രം. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് അച്ഛനോടും അമ്മയോടും അമ്മാവനോടുമെല്ലാം സംസാരിച്ചത്. ദീർഘയാത്രയിലാണെന്നും അതുകൊണ്ടാണ് വിളിക്കാൻ കഴിയാഞ്ഞതെന്നുമാണ് അച്ഛനോടും അമ്മയോടും പറഞ്ഞത്.  എന്നാൽ അമ്മാവനോട് സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. ഹൂത്തി തീവ്രവാദികൾ തങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവർ ഞങ്ങളുടെ ജീവൻവച്ച് വിലപേശുകയാണെന്നും പറഞ്ഞു. അമ്മാവൻ ഉടൻതന്നെ സ്ഥലം എം.എൽ.എ ആയ ടി.പി. രാമകൃഷ്ണൻ മുഖാന്തിരം മുഖ്യമന്ത്രിയെയും കേന്ദ്രത്തെയുമെല്ലാം വിവരം അറിയിച്ചു. കൂടെയുണ്ടായിരുന്ന ആലപ്പുഴക്കാരൻ അഖിൽ രഘു ആകട്ടെ വീട്ടുകാരെ അറിയിച്ചതിന്റെ ഫലമായി അവർ സ്ഥലം എം.പിയായ എ.എം. ആരിഫ് മുഖാന്തിരം മോചനത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി.
എല്ലാവരുടെയും കൂട്ടായ ശ്രമം ഫലം കണ്ടുതുടങ്ങുകയായിരുന്നു. യു.എ.ഇ അംബാസഡർ ഈ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അറിയിച്ചു. ചെങ്കടലിലെ കപ്പൽചാലിന്റെ സുരക്ഷിതത്വം മെച്ചപ്പെടുത്തണമെന്നും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തിൽ ഉടൻ ഇടപെടൽ നടത്തി. ഇന്ത്യാ ഗവൺമെന്റും കേരള സർക്കാരും യോജിച്ച് ഇവരുടെ മോചനത്തിനായി നടത്തിയ ശ്രമം ഫലം കണ്ടു. നാലുമാസത്തോളം നീണ്ട തടവുജീവിതത്തിനുശേഷം ഏപ്രിൽ ഇരുപത്തിമൂന്നിന് കപ്പൽ ജീവനക്കാരെ മുഴുവൻ വിട്ടയയ്ക്കാൻ തീവ്രവാദികൾ തയ്യാറായി.
കപ്പലിൽനിന്നും ഞങ്ങളെ യെമനിലെ സന എയർപോർട്ടിലാണ് ആദ്യമെത്തിച്ചത്. തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന ഫോണും പാസ്‌പോർട്ടുമെല്ലാം ഞങ്ങൾക്കു തിരിച്ചുകിട്ടി. അവിടെ നിന്നും പ്രത്യേക വിമാനത്തിൽ മസ്‌ക്കറ്റിലേയ്ക്കായിരുന്നു യാത്ര. മസ്‌ക്കറ്റിൽനിന്നും ഭാരത സർക്കാർ ചാർട്ടർ ചെയ്ത വിമാനത്തിൽ ഇന്ത്യക്കാരായ ഏഴുപേരും നാട്ടിലേയ്ക്കു മടങ്ങി. ദിപാഷ് കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലാണ് വിമാനമിറങ്ങിയത്.
മലയോര മേഖലയായ മേപ്പയ്യൂരിലെങ്ങും ഉത്സവപ്രതീതിയായിരുന്നു. തങ്ങളുടെ കൂട്ടുകാരനും നാട്ടുകാരനുമെല്ലാമായ ദിപാഷ് മരണമുഖത്തുനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ വാർത്ത 
ഹർഷാരവങ്ങളോടെയാണ് അവർ എതിരേറ്റത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആ നാട് ദിപാഷിനെ സ്വാഗതം ചെയ്തത്. പിറന്നുവീണ മണ്ണിലെത്തിയപ്പോൾ ദിപാഷിനും ആശ്വാസം. എങ്കിലും ഇപ്പോഴും രാത്രിയുടെ അനന്തയാമങ്ങളിൽ അവന്റെ കാതിൽ വെടിയൊച്ചയുടെ മുരൾച്ച മുഴങ്ങാറുണ്ട്. അജ്ഞാതമായ ദേശത്ത്, അജ്ഞാതരായവർക്ക് തോന്നിയ ദാക്ഷിണ്യമാണ് തന്റെ ജീവിതമെന്നും അവൻ തിരിച്ചറിയുന്നു.
പഴയ കാര്യങ്ങൾ ഓർക്കാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും വീണ്ടും യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ദിപാഷ്.  കമ്പനിയുടെ ക്ഷണം ദിപാഷിനെ തേടിയെത്തിക്കഴിഞ്ഞു. ജനുവരി മുതലുള്ള ശമ്പളവും അയച്ചുതന്നു. റബാബി കപ്പൽ ഇപ്പോഴും കടലിൽ തന്നെയാണുള്ളതെന്നാണ് അറിയാനായത്. പുതിയ കപ്പലിൽ പഴയ തട്ടകത്തിലേയ്ക്കുള്ള പ്രയാണത്തിനായി കാത്തിരിക്കുകയാണ് ഈ യുവാവ്.

Latest News