Sorry, you need to enable JavaScript to visit this website.

ധൂർത്തിന്റെ  കാർണിവൽ 

ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ  മീഡിയ സ്വാധീനങ്ങളെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് അച്ചടി മാധ്യമങ്ങൾ. ലോകത്തിന്റെ പല ഭാഗത്തും ഇതു തന്നെ സ്ഥിതി. ഇന്ത്യയിലും വ്യത്യസ്തമല്ല. മുപ്പതും നാൽപതും ലക്ഷം കോപ്പികൾ നിത്യേന അച്ചടിക്കുന്ന പത്രങ്ങളുടെ നാടാണ് ഇന്ത്യ. വാട്ട്‌സാപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിജ്ഞാനം വെരിഫൈ ചെയ്യാൻ ദിനപത്രങ്ങൾ ഏറെ സഹായകമാണ്. ഈ ധാരണയ്ക്ക് വിരുദ്ധമായ ഒന്നാണ് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിന്റെ പഠന റിപ്പോർട്ടിലുള്ളത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വസ്തുതകളുടെ സത്യം സംബന്ധിച്ച ആളുകളുടെ ധാരണകളെ  കോവിഡ് കാലം വലിയ തോതിൽ സ്വാധീനിച്ചതായാണ് പഠനത്തിലുള്ളത്. 
'ദ മാറ്റർ ഓഫ് ഫാക്റ്റ്' എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് പഠനം  നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന  തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നു.   ഇവ ഷെയർ ചെയ്യുകയും ചെയ്യുന്നു. ലോക  ജനസംഖ്യയുടെ മൂന്നിൽ രണ്ട്  ഭാഗം അതായത് 67 ശതമാനം പേരാണ് ഗൂഗിളിനെയും മറ്റ് സെർച്ച് എഞ്ചിനുകളേയും വസ്തുതകൾ കണ്ടെത്താനായി ആശ്രയിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളെയും വിവരങ്ങളുടെ സത്യം അറിയാനായി ആശ്രയിക്കുന്നുണ്ട്. 

***  ***  ***

വംശനാശ ഭീഷണി നേരിടുന്ന വെള്ള സ്രാവിനെ പിടിച്ച് പൊരിച്ചു തിന്ന വ്‌ളോഗർക്കെതിരെ അന്വേഷണവുമായി ചൈനീസ് ഭരണകൂടം. ഗ്രേറ്റ് വൈറ്റ് ഷാർക്കിനെയാണ് 'ടിസി' എന്ന് അറിയപ്പെടുന്ന വ്‌ളോഗർ ഫ്രൈ ചെയ്തത്. വീഡിയോ വൈറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ വ്‌ളോഗർ വീഡിയോ പേജിൽനിന്നും ഡിലീറ്റ് ചെയ്തു. സ്രാവിന് തന്നേക്കാൾ വലുപ്പമുണ്ടെന്നും നല്ല സ്വാദുള്ളതാണെന്നും വ്‌ളോഗർ വീഡിയോയിൽ പറയുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവി വർഗത്തിൽ പെട്ടതാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക്. വീഡിയോ നീക്കം ചെയ്‌തെങ്കിലും വ്‌ളോഗർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷം മുതൽ പത്ത് വർഷം വരെ വ്‌ളോഗർക്ക് തടവ് ലഭിച്ചേക്കാം. ടിസി കഴിച്ചത് വെള്ള സ്രാവാണെന്ന് ചൈനയിലെ മധ്യ നഗരമായ നാൻചോങ്ങിലെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
'ഇത് നിങ്ങൾക്ക് മോശമായി തോന്നാം. എന്നാൽ വളരെ മൃദുലമായ മാംസമാണ് സ്രാവിനുള്ളത്.- പാകം ചെയ്ത മാംസം കഷ്ണിച്ചുകൊണ്ട് ടിസി പറഞ്ഞു. ജൂലൈ പകുതിയോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.തന്നേക്കാൾ വലുപ്പമുണ്ടെന്നു കാണിക്കാൻ യുവതി സ്രാവിനോടൊപ്പം കിടക്കുന്നതും വീഡിയോയിലുണ്ട്.  രണ്ട് മീറ്റർ നീളമുള്ള സ്രാവിനെയാണ് യുവതി ഗ്രിൽ ചെയ്തത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറാണ് വെള്ള സ്രാവിനെ വംശനാശം സംഭവിക്കുന്ന മത്സ്യങ്ങളുടെ പട്ടികയിൽ പെടുത്തിയത്. വെള്ളസ്രാവിനെ പിടിക്കുന്നതും കൊലപ്പെടുത്തുന്നതും ചൈനയിൽ കുറ്റകരമാണ്. എട്ട് ദശലക്ഷം ആളുകളാണ് ടിസിയെ ഫോളോ ചെയ്യുന്നത്.

***  ***  ***

ചില മാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ രഞ്ജിനി ജോസ്. ഒരാണിനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുന്നതിന് അർത്ഥം അവർ തമ്മിൽ വിവാഹിതരാകുന്നു എന്നല്ലെന്ന്  രഞ്ജിനി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ നിന്നും വാർത്തകൾ നൽകുന്ന മഞ്ഞപത്രക്കാർക്കും അത് വായിക്കുന്നവർക്കും മാത്രമാണ് രസമെന്നും എന്തിനാണ് കുറച്ച് മാസങ്ങളായി തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. മഞ്ഞ പത്രക്കാർക്കും ഒരു പണിയുമില്ലാതിരിക്കുന്നവർക്കും ഇതൊക്കെ രസമാണ്. മനസിലാക്കേണ്ട കാര്യം, എല്ലാവരും മനുഷ്യരാണെന്നുള്ളതാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല. ഒന്നോ രണ്ടോ തവണയാണെങ്കിൽ വിട്ട് കളയാം. ഒരുപാട് ആകുമ്പോൾ പറയേണ്ടത് പറയണം.
ഒരു ആണിന്റെ കൂടെയുള്ള ഫോട്ടോ ഇട്ട് ഒരു ബർത്‌ഡേ വിഷ് ചെയ്ത് സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്താൽ ഉടനെ അയാളുമായി ബന്ധമുണ്ടെന്നോ വിവാഹം ചെയ്യാൻ പോവുകയാണെന്നോ അല്ല അതിന് അർത്ഥം. കൂടാതെ എന്നെ  സഹോദരിയെപ്പോലെ കാണുന്ന ഒരു വ്യക്തിയുടെ കൂടെ ഗൃഹലക്ഷ്മിയിൽ കവർ പേജ് വന്നപ്പോൾ അതിൽ എല്ലാവരും ചോദിക്കുന്നത് നിങ്ങൾ ഇനി വിവാഹം കഴിക്കുമോയെന്നാണ്. വിവാഹം കഴിക്കുന്നതിനെപ്പറ്റി ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ നിലപാടാണ് പറഞ്ഞത്- രഞ്ജിനി വ്യക്തമാക്കി.

***  ***  ***

കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടി വാർത്തകളിൽ ഇടംനേടിയിരുന്നു. മീൻ വിൽക്കുന്ന ഹനാന്റെ ചിത്രം പത്രത്തിൽ വന്നതോടെയാണ് കേരളത്തിൽ വലിയ ചർച്ചയായത്. ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഹനാൻ മീൻ കച്ചവടം നടത്തിയത്. പിന്നീട് വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റിയ ഹനാൻ അതിനെയൊക്കെ അതിജീവിച്ചു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം വർക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഫിറ്റ്‌നസിന്റെ തിരക്കിലാണ് ഹനാൻ. തനിക്ക് ക്രഷ് തോന്നിയ നടൻ ഷെയ്ൻ നിഗം ആണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്  ഹനാൻ. ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ വ്യക്തമാക്കിയിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വിജയ്‌യുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. നായിക ആയിട്ട് ആണെങ്കിൽ ഷെയ്ൻ ആണെന്നും ഹനാൻ പറയുന്നുണ്ട്. 
ഹനാന്റെ വർക്ക് ഔട്ട് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ജിമ്മിൽ അനായാസം വർക്ക് ഔട്ട് ചെയ്യുന്ന ഹനാന്റെ വീഡിയോയാണ് പുറത്തുവന്നത്. ഹനാന്റെ മനോബലത്തെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയെങ്കിലും വസ്ത്രധാരണത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് ഹനാന് നേരിടേണ്ടി വന്നത്. വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹനാൻ. മോശം അഭിപ്രായം പറയുന്നവരും വിമർശിക്കുന്നവരുമാണ് തന്നെ ഇത്രയും ശക്തയായി നിർത്താൻ കാരണമായതെന്നും വസ്ത്രത്തിന്റെ പേരിൽ സുഹൃത്തുക്കളോ കുടുംബക്കാരോ ഒന്നും പറയാറില്ലെന്നും ഹനാൻ പറഞ്ഞു.
കമന്റിടുന്നവരോട് ഒന്നും പറയാനില്ല. ഫലമുള്ള മാവിലല്ലേ കല്ലെറിയുക എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. മാർക്കറ്റിൽ ഡിമാൻഡ് ഉള്ള എന്തും നമുക്ക് വിൽക്കാമല്ലോ? അങ്ങനെയാണ് ഞാൻ ഫിഷ് സംരംഭം ആരംഭിച്ചത്. നല്ല രീതിയിൽ ഉള്ള വസ്ത്രധാരണമാണ് ഞാൻ ചെയ്തിട്ടുള്ളത്. വർക്ക്ഔട്ടിൽ മാത്രമാണ് അങ്ങനെയൊരു വസ്ത്രധാരണം നടത്തിയത്-. ഹനാൻ വ്യക്തമാക്കി.

***  ***  ***

കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം  ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂർ പിന്നിട്ടപ്പോഴാണ് 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ് വഴിയിൽ നിന്നുപോയത്. തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസിൽ കൊണ്ടുപോയി. പിന്നീട് മൊബൈൽ വർക്ക്‌ഷോപ് വാഹനം എത്തി ഇലക്ട്രിക്  ബസ് കെട്ടിവലിച്ച് വികാസ്ഭവൻ ഡിപ്പോയിലേക്കാണ് കൊണ്ടുപോയത്. ബസ് കേടായതിന്റെ കാരണം വ്യക്തമല്ല. ബാറ്ററിയുടെ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. 
ഹരിയാനയിൽനിന്ന് ഒരുമാസം മുൻപു വാങ്ങി ട്രയൽ റൺ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ബസാണിത്. ഘട്ടംഘട്ടമായി നഗര ഗതാഗതത്തിന് ഇലക്ട്രിക് ബസ് ഉപയോഗിക്കാനുള്ള 400 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ബസാണിത്. ആദ്യഘട്ടത്തിൽ 25 ബസുകളാണ് നിരത്തിലിറക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നിവൃത്തിയില്ലാതെ നട്ടംതിരിയുന്ന കെഎസ്ആർടിസി ഇത്രയും തുക മുടക്കി പുതിയ ബസുകൾ വാങ്ങുന്നതിനെതിരെ ഇടതു സംഘടനകളുടെ ശക്തമായ എതിർപ്പുയർന്നിരുന്നു. ഈ ബസുകൾ ക്രമേണ എൽ.കെ.ജി ക്ലാസ് മുറികളാവില്ലെന്നാര് കണ്ടു? 

***  ***  ***

എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജിയെത്തി.   എറണാകുളം സ്വദേശിയും അഭിഭാഷകനുമായ എം.ആർ. ധനിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ കലക്ടർ രേണു രാജിനോടു റിപ്പോർട്ടു തേടണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളിലൂടെ അവധി അറിയിക്കുന്നതിനു വ്യക്തമായ മാർഗരേഖ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
അതിനിടെ, സാഹചര്യം നോക്കി സ്‌കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നു മന്ത്രി വ്യക്തമാക്കി. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നു ചൂണ്ടിക്കാട്ടി എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മിഷനിലും പരാതി ലഭിച്ചിട്ടുണ്ട്. രാവിലെ വിദ്യാർഥികൾ വാഹനങ്ങളിൽ സ്‌കൂളുകളിലേക്കു പുറപ്പെട്ട ശേഷം കലക്ടർ അവധി പ്രഖ്യാപിച്ചത് കനത്ത വിമർശനത്തിനു വഴിവെച്ചിരുന്നു. എറണാകുളം കലക്ടറുടെ ഫേസ്ബുക്ക്  പേജിൽ കടുത്ത വിമർശനങ്ങളും ആക്ഷേപങ്ങളുമാണ് രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്.  ജോലിക്കാരായ മാതാപിതാക്കളിൽ പലരും കുട്ടികളെ സ്‌കൂളിൽ അയച്ച ശേഷം ജോലിക്കു പോകുമ്പോഴാണ് അവധി വിവരം അറിയുന്നത്. 
കുട്ടികൾ തിരികെ വന്നാൽ ഒറ്റയ്ക്കായി പോകുമെന്നു വന്നതോടെ പലരും ആശങ്കയിലുമായി. ഇതിനിടെ സ്‌കൂളുകളിൽ വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണം ഒരുക്കിയതു നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി. എറണാകുളത്തെ കലക്ടർ ആലപ്പുഴയിലെ മുൻ കലക്ടർ ശ്രീരാം വെങ്കട്ടരാമന്റെ ഭാര്യയാണ്. ഈ ബന്ധം കണക്കിലെടുത്ത് കലക്ടറെ വിമർശിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ കണ്ടു. കെ.എം ബഷീറെന്ന മാധ്യമ പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിൽക്കുന്ന ശ്രീരാം വെങ്കട്ടരാമനെ കലക്ടറായി വെച്ചതിനെതിരെ ആലപ്പുഴയിൽ വൻ പ്രതിഷേധമാണുയർന്നത്. ജനകീയ വികാരം കണക്കിലെടുത്താണ് സ്ഥലം മാറ്റിയതെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി പത്രത്തിൽ ലേഖനവുമെഴുതി. നല്ല പണിഷ്‌മെന്റാണിത്. സപ്ലൈകോ എം.ഡിയായാണ് നിയമനം. ഇതിന്റെ ആസ്ഥാനം എറണാകുളം കടവന്ത്രയിലും. രേണുരാജ് ജോലി ചെയ്യുന്ന എറണാകുളം കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കാക്കനാടിൽ നിന്ന് 12 കിലോ മീറ്റർ അകലെ. നല്ല തിരക്കുള്ള സമയമാണെങ്കിൽ പത്ത് മിനുറ്റ് സമയമെടുക്കും. ഹണിമൂൺ കാലമല്ലേ... 

***  ***  ***

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ അഞ്ചാം പേജിന്റെ ഏറ്റവും താഴെ ഒരു വാർത്ത. ഏഷ്യാനെറ്റ് ചാനലിലെ നേർക്കുനേരിൽ ചർച്ച ചെയ്ത കടക്കെണിയിലെ ധൂർത്തിന്റെ കാർണിവൽ എന്ന ശീർഷകത്തിലെ സംവാദമാണ് പ്രകോപനം. ഇവിടത്തെ ധൂർത്ത് അവിടെ കിടിലൻ എന്ന തലവാചകത്തിലെ വാർത്ത അടിപൊളി. എട്ടര കോടി വിലയുള്ള കാറിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ ധൂർത്ത് കാണുന്നില്ലെന്നാണ് സങ്കടപ്പെടുന്നത്. 
മുഖ്യമന്ത്രിയുടെ കാറിനു പുറമെ ഒരു പൈലറ്റ് വാഹനവും രണ്ട് എസ്‌കോർട്ട് വാഹനവും സുരക്ഷാ ചുമതലയുള്ള പോലീസുകാരുടെ ട്രാവലറും ലോക്കൽ പോലീസിന്റെ വാഹനങ്ങളും ഉൾപ്പെടുന്നതാണ് വാഹനവ്യൂഹവുമെന്ന് രേവതിയുടെ അങ്കമാലിയിലെ പ്രധാന മന്ത്രിയുടെ മകൾ സ്റ്റൈലിൽ അടുത്ത വാചകങ്ങൾ. ഇതിനെ പർവതീകരിച്ചാണ് മാധ്യമങ്ങൾ 'ധൂർത്തി'ന്റെ കഥ മെനയുന്നത്. അതേസമയം, മുപ്പതോളം വാഹന അകമ്പടിയിൽ എട്ടരക്കോടി രൂപ വിലയുള്ള കാറിലെ പ്രധാനമന്ത്രിയുടെ യാത്രയിൽ മാധ്യമങ്ങൾ ധൂർത്ത് കാണുന്നുമില്ല. അതാണ് ന്യായം. 

Latest News