കാലി (കൊളംബിയ) - അണ്ടര്‍-20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലേറെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രൂപല്‍ ചൗധരി. 4x400 റിലേയില്‍ വെള്ളി കരസ്ഥമാക്കിയ പതിനേഴുകാരി 400 മീറ്ററില്‍ വെങ്കലം നേടി. യു.പിയിലെ മീറത്തിലെ ചെറുകിട കര്‍ഷക കുടുംബത്തില്‍ ജനിച്ച രൂപല്‍ മൂന്നു ദിവസത്തിനിടെ നാലു തവണയാണ് 400 മീറ്റര്‍ ഓടിയത്. രണ്ടു തവണ തന്റെ മികച്ച പ്രകടനം മെച്ചപ്പെടുത്തി. ഏഷ്യന്‍ ജൂനിയര്‍ റെക്കോര്‍ഡോടെയാണ് റിലേ ടീം വെള്ളി നേടിയത്.
അണ്ടര്‍-20 ഫെഡറേഷന്‍ കപ്പില്‍ പ്രിയ മോഹനെ ഞെട്ടിച്ചാണ് രൂപല്‍ ദേശീയ ശ്രദ്ധയിലേക്കു വന്നത്. അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് രൂപല്‍. 2018 ല്‍ ഫിന്‍ലന്റില്‍ ഹിമ ദാസ് സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒമ്പത് മെഡലായി. 2016 ല്‍ ജൂനിയര്‍ ലോക റെക്കോര്‍ഡോടെ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു.