റിയാദ് - മേഖലയിലെ വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിന് ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. ഇതിന് അറബ് സൈനിക സഖ്യത്തിന്റെയും ഏകീകൃത സൈനിക സംവിധാനത്തിനും ശേഷിയുണ്ടെന്നതിന്റെ തെളിവാണ് ഇരുപത്തിനാലിലേറെ രാജ്യങ്ങളിൽനിന്നുള്ള സൈനിക വിഭാഗങ്ങൾ പങ്കെടുത്ത ഗൾഫ് ഷീൽഡ് -1 സംയുക്ത സൈനികാഭ്യാസ പ്രകടനമെന്നും രാജാവ് പറഞ്ഞു.
മേഖല ദർശിച്ച ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസ പ്രകടനത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് വെല്ലുവിളികൾ നേരിടുന്നതിന് അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് സൽമാൻ രാജാവ് വ്യക്തമാക്കിയത്.
സൽമാൻ രാജാവ് അടക്കം ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിൽനിന്നുള്ള രാഷ്ട്ര നേതാക്കളും പ്രതിനിധികളും സൈനികാഭ്യാസ സമാപന ചടങ്ങിൽ പങ്കെടുത്തു. മധ്യപൗരസ്ത്യ ദേശത്ത് ഇത്രയും സൈനികരും സൈനികോപകരണങ്ങളും സൈനികാഭ്യാസ പ്രകടനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. കരുത്തും സംഘശക്തിയും വിളിച്ചോതി, ഒരു മാസം പിന്നിട്ട സംയുക്ത സൈനികാഭ്യാസ പ്രകടനത്തിന്റെ പ്രൗഢോജ്വല സമാപനത്തിനാണ് ഇന്നലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ സാക്ഷ്യം വഹിച്ചത്.






