Sorry, you need to enable JavaScript to visit this website.

സിൽവറിലും മികച്ച ഗോൾഡ് 

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് പൂച്ചെണ്ട് സമർപ്പിച്ചു തുടങ്ങാം. പണി അറിയുന്നവർ പദവിയിലെത്തിയതിന്റെ മികവാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. കാൺപൂർ ഐ.ഐ.ടിയിലെ ഗ്രാേജ്വറ്റാണല്ലോ, മോശമാവില്ല. കേരളത്തിന്റെ തരികിട സിൽവർ പാതയ്ക്ക് അദ്ദേഹം തുടക്കം മുതലേ എതിരായിരുന്നു. തലയിൽ ആൾപാർപ്പുള്ള ആർക്കും ഇത്തരമൊരു പദ്ധതിയുടെ പ്രയോജനരാഹിത്യം ബോധ്യപ്പെടും. എന്നിട്ടും സിൽവർ ലൈൻ എന്നും പറഞ്ഞ് സദാ വാചകമടിക്കുന്നന്നവർക്ക് നല്ല ആഘാതമായി  നിലപാട്. കേന്ദ്ര സർക്കാർ ഈ ഇടപാടിനെ അംഗീകരിക്കില്ലെന്നുറപ്പിച്ചിട്ടും നിങ്ങളെന്തിനാണ് ഇതും പറഞ്ഞ് കാലം കഴിക്കുന്നതെന്ന് കേരള ഹൈക്കോടതിയും പലവുരു ചോദിക്കുകയുണ്ടായി. ഏതായാലും രണ്ടു ലക്ഷം കോടി വായ്പയെടുത്തുള്ള പദ്ധതി സ്വാഹ. ഇതിന്റെ കാര്യം തീരുമാനമായ ശേഷവും കേരളത്തിലെ മൂന്ന്  മന്ത്രിമാർ ദൽഹിയിൽ കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ കാണാൻ ചെന്നു. മലയാളികളായ എം.പിമാരാണ് കൂടിക്കാഴ്ചയ്ക്കുള്ള അപ്പോയിന്റ്‌മെന്റ് ഉറപ്പിച്ചത്. സമയം പാഴാക്കാനില്ലാത്തതിനാൽ ഉടൻ കമ്മീഷൻ ചെയ്യാനുള്ള പാതകളെ കുറിച്ച് ട്വീറ്റ് ചെയ്യാൻ മന്ത്രി കുതിച്ചു. സങ്കടത്തിലായ കേരള മന്ത്രിമാർ ഉടൻ വാർത്താ സമ്മേളനം നടത്തി. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഞങ്ങൾ നേമം, കൊച്ചുവേളി, ട്രിവാൻഡ്രം സെൻട്രൽ വികസനത്തെ പറ്റി ചർച്ച ചെയ്യാനെത്തിയപ്പോൾ മന്ത്രി മാറി കളഞ്ഞത് ഒട്ടും ശരിയായില്ല. ശരി, നിങ്ങൾ പറയുന്നതെല്ലാം വിശ്വസിച്ചു. ഇനിയും ഈ ഇടപാടുമായി മുന്നേറി സമയവും ധനവും പാഴാക്കേണ്ട കാര്യമുണ്ടോ?  കേരളത്തിന്റെ സിൽവർ ലൈനിന് കേന്ദ്ര അംഗീകാരമില്ലെന്ന് തീരുമാനം വന്ന ശേഷം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ സംഘം റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തിന് അതിവേഗ ട്രെയിനുകൾ ഓടാനുള്ള ഗോൾഡൻ ലൈനായ മൂന്നാം പാത നൽകാമെന്നാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. അതു മതി. സ്ഥലമേറ്റെടുക്കേണ്ടതില്ല. റെയിൽവേ തന്നെ നടപ്പാക്കിക്കോളും. അല്ലെങ്കിൽ തന്നെ പല തരം തിരക്കുകളിൽപെട്ട കേരള സർക്കാർ ഈ വയ്യാവേലിയൊന്നും ചുമക്കേണ്ട കാര്യവുമില്ല. 

***   ***   ***

മാധ്യമങ്ങൾ പ്രത്യേക അജണ്ട വെച്ചു നടത്തുന്ന ചർച്ചകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. മാധ്യമ വിചാരണകൾ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കേസുകളിൽ മാധ്യമ വിചാരണ നിർണായക ഘടകമായി വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പലപ്പോഴും കങ്കാരു കോടതികളായി മാറുന്നുണ്ട്. പരിചയസമ്പന്നരായ ജഡ്ജിമാർ പോലും അതിന്റെ സ്വാധീനത്തിൽനിന്നു കുതറാൻ പ്രയാസപ്പെടുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും പ്രത്യേക അജണ്ട വെച്ചുള്ളതുമായ മാധ്യമ ചർച്ചകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ് ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങളുടെ പക്ഷപാതപരമായ പ്രചാരണം ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്, അത് ജനാധിപത്യ സംവിധാനത്തെ കേടുവരുത്തുന്നു. നീതിനിർവഹണത്തെ അതു പ്രതികൂലമായി ബാധിക്കുന്നു. സ്വന്തം ഉത്തരവാദിത്വം മറന്നു പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ജനാധിപത്യത്തെ രണ്ടടി പിന്നോട്ടു നടത്തുകയാണെന്നും  ചീഫ് ജസ്റ്റിസ് വിമർശിച്ചു.

***   ***   ***

പാർലമെന്റിലെ യാത്രയയപ്പ് ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപമാനിച്ചെന്ന് ആരോപണം. ആംആദ്മി പാർട്ടിയാണ് കടുത്ത ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോയും അവർ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വാക്‌പോരാണ് നടന്നത്. രാഷ്ട്രപതി എല്ലാവരെയും തൊഴുത് നീങ്ങുന്നുണ്ടെങ്കിലും, മോഡിയോട് കൂപ്പുകൈ നീട്ടുമ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനൊരു വീഡിയോ ആണ് എഎപി ട്വീറ്റ് ചെയ്തു. സർ ഇവർ ഇങ്ങനെയാണ്, അങ്ങയുടെ കാലാവധി കഴിഞ്ഞു, ഇനി തിരിഞ്ഞു നോക്കില്ലെന്നും ഇതോടൊപ്പം എഎപി കുറിച്ചു.  സമാന രീതിയിലുള്ള വിമർശനം കോൺഗ്രസ് നേതാക്കളും ഉന്നയിച്ചതിന് പിന്നാലെ ബി.ജെ.പി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദനം ചെയ്‌തെന്നും, ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.  ബി.ജെ.പി പുറത്തുവിട്ട വീഡിയോയിൽ രാഷ്ട്രപതി മോഡിയോട് കൂപ്പുകൈ നീട്ടുമ്പോൾ തിരിച്ച് അദ്ദേഹവും അഭിവാദ്യം ചെയ്യുന്നുണ്ട്. ഇത് ഫേക്ക് ന്യൂസാണെന്ന് ബി.ജെ.പിയുടെ ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ പറഞ്ഞു. 

***   ***   ***

ചില ആളുകൾ വളർന്നു വലുതായാലും കൊച്ചു കുട്ടികളെ പോലെ പെരുമാറിക്കളയും. സമൂഹ മാധ്യമത്തിൽ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ രൺവീർ സിങിനെതിരെ മുംബൈയിൽ പോലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കിഴക്കൻ മുംബൈയിലെ ചെമ്പൂർ പോലീസ് സ്‌റ്റേഷനിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പവിത്രതയെ അപമാനിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു. നടനെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകൾ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ഒരു അഭിഭാഷകനും നടനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രൺവീർ സിങ് കാമറക്ക് മുന്നിൽ നഗ്‌നനായി പ്രത്യക്ഷപ്പെട്ടത്. 1972ൽ കോസ്‌മോപൊളിറ്റൻ മാസികക്കായി ബർട്ട് റെയ്‌നോൾഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകൾ രൺവീർ  ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
അമ്മയെ തല്ലിയാലും ന്യായീകരിക്കാൻ ആളുണ്ടാവുമെന്ന് പറഞ്ഞത് പോലെ താരത്തെ അനുകൂലിക്കാനും ചിലരെത്തി. രൺവീർ സിങിന്റെ നഗ്‌ന ഫോട്ടോ ഷൂട്ടിനെ പിന്തുണച്ചത്  സംവിധായകൻ രാം ഗോപാൽ വർമ്മയാണ്. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലർക്കും ആത്മാവിഷ്‌ക്കാരത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.  ഇക്കാര്യത്തിൽ ലിംഗ സമത്വം വേണമെന്നും രാം ഗോപാൽ വർമ്മ അഭിപ്രായപ്പെടുന്നു.
 സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാൻ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാൻഡ് അംബാസഡർ ആണ് രൺവീർ.- രാം ഗോപാൽ വർമ കുറിച്ചു.

***   ***   ***

കൊളംബിയൻ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനിൽ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫീസിന്റെ വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തി എന്നാണ് കേസ്. കേസിൽ വാദം ഉടൻ ആരംഭിക്കും.  വിധി ഷകീറയ്ക്ക് അനുകൂലമല്ലെങ്കിൽ താരത്തിന് എട്ട് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. 2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിസംബന്ധിച്ചാണ് സർക്കാരും പോപ് താരവുമായി തർക്കത്തിലായത്. നികുതി അടച്ച് കേസിൽ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷൻ താരത്തെ അറിയിച്ചുവെങ്കിലും കോടതിയിൽ കേസ് നേരിടാൻ തീരുമാനിക്കുകയായിരുന്നു ഷക്കീറ. ബാർസിലോണ ഫുട്‌ബോൾ താരം ജോറാഡ് പീകെയുമായി പ്രണയത്തിലായിരുന്ന കാലത്ത് (2012-14) ഷകീറ സ്‌പെയിനിൽ ആണ് താമസിച്ചിരുന്നത്. 2011 സ്‌പെയിനിലെത്തിയ ഷകീറ ബഹാമസിനെ ടാക്‌സ് റെസിഡൻസിയായി നിലനിർത്തി.2013-14 വർഷത്തിൽ ഷകീറ ഒരു സംഗീക മത്സരത്തിൽ പങ്കെടുത്തിരുന്നു. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളിൽ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്‌പെയിന് നികുതി നൽകണം എന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.അതേസമയം, സ്‌പെയിൻ സർക്കാരിന് നികുതി നൽകിയെന്നും ഇനി നികുതിയൊന്നും നൽകാനില്ല എന്നുമാണ് ഷകീറയുടെ വാദം. ഒക്ടോബർ 2021 ന് പുറത്ത് വന്ന ഏറ്റവും വലിയ സാമ്പത്തിക വെളിപ്പെടുത്തലായ പാൻഡോറ പേപ്പറിൽ ഷകീറയുടെ പേരും ഉണ്ടായിരുന്നു. അതേസമയം, ബോളിവുഡിൽ ഇതാ ഒരു മര്യാദക്കാരൻ. 
ബോളിവുഡിലെ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമെന്ന റെക്കോർഡ്  ഒരിക്കൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അക്ഷയ് കുമാർ. 
 അക്ഷയിനെ സമ്മാൻ പത്ര നൽകി ആദരിച്ചിരിക്കുകയാണ് ആദായനികുതി വകുപ്പ്. രണ്ടു ടേമിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി നാട്ടിൽ വാർത്താ സമ്മേളനമൊന്നും നടത്താറില്ല. മോഡിയെ അഭിമുഖം ചെയ്ത അപൂർവ പ്രതിഭ കൂടിയാണ് നടൻ. 

***   ***   ***

അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ച്  നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിലായി.  സീരിയൽ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലുമാണ് അറസ്റ്റിലായത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു നൗഫൽ അമിതവേഗതയിൽ വണ്ടി ഓടിച്ചത്.
റോഡിലുള്ള വാഹനങ്ങൾ തട്ടിത്തെറിപ്പിച്ചതോടെ നാട്ടുകാർ രോഷാകുലരായി. ഇതോടെ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു ആളുകൾ വാഹനം തടയാൻ ശ്രമിച്ചു. വെട്ടിച്ചെടുത്തു രക്ഷപ്പെടാൻ നോക്കിയെങ്കിലും നൗഫലിന്റെ കാറിന്റെ ടയർ പൊട്ടി. ഇതിനെ തുടർന്നു വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാനായി  ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പോലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് നടിയെ കണ്ടെത്തിയത്. 2018ൽ എംഡിഎംഎ ലഹരി പദാർഥവുമായി ഇരുവരും പോലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. കൊച്ചി-ആലപ്പുഴ ഭാഗങ്ങളിലുള്ളവർ പകലായാലും രാത്രിയായാലും നല്ല കരുതലോടെ വേണം നിരത്തിലിറങ്ങാൻ. ഏതെങ്കിലും സിനിമാ നടികളും സുഹൃത്തുക്കളും ലഹരിയിൽ വാഹനവുമായി കടന്നു വരാം. കലക്ടർ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ഇറങ്ങാനും സാധ്യതയുണ്ട്. 

Latest News