Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഒലിയുടെ സ്വപ്‌നങ്ങൾക്ക് അശ്വവേഗം

ഇത് ഒലി അമൻ ജോധ. തേനീച്ചയും പരുന്തും കുതിരകളുമാണ് അവളുടെ കൂട്ടുകാർ. വയസ്സ് പതിനാറേ ആയിട്ടുള്ളുവെങ്കിലും ഒലി കടുത്ത പ്രകൃതി സ്‌നേഹിയാണ്. പ്രകൃതിയിലുള്ള ജീവജാലങ്ങൾ അവളുടെ കളിക്കൂട്ടുകാരും. പ്രകൃതിസ്‌നേഹിയായിരുന്ന ഉപ്പൂപ്പയാണ്് അവൾക്ക് ഈ പേര് സമ്മാനിച്ചത്. ജനിക്കുന്നതിനുമുൻപ് ഉപ്പൂപ്പ മരിച്ചെങ്കിലും അവളുടെ പ്രിയപ്പെട്ട ദാദു അവൾക്ക്  ആ പേരു തന്നെ സമ്മാനിച്ചു. 


അമ്മയെ അവൾ ദാദുവെന്നാണ് വിളിക്കുന്നത്. തേനീച്ചകളെ സംരക്ഷിച്ചും പരിപാലിച്ചുമെല്ലാം അവൾ ആ പേര് അന്വർഥമാക്കി.
അമിയ താജ് ഇബ്രാഹിമാണ് ഒലിയുടെ ദാദു. വയനാട് അമ്പലവയലിലെ വാടകവീട്ടിലാണ് താമസം. അമിയയുടെ തറവാട് മാനന്തവാടിക്കടുത്ത കമ്മനയിലായിരുന്നു. വിവാഹിതയായി 
ഒലി ജനിച്ചതിനുശേഷം ഒരു വർഷം കഴിഞ്ഞാണ് ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അമിയ മനസ്സിലാക്കുന്നത്. ആ തെറ്റ് ഉൾക്കൊള്ളാൻ അമിയക്കായില്ല. അവൾ കുഞ്ഞിനെയുമെടുത്ത് അവിടെനിന്നും പടിയിറങ്ങി. ജീവിക്കാനുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു. കഠിനമായ, കയ്‌പേറിയ ആ യാത്ര തുടർന്നുകൊണ്ടിരുന്നു. പട്ടിണി കിടന്ന നാളുകൾ... പാഠപുസ്തകങ്ങളിൽനിന്നുള്ള അറിവിനേക്കാൾ ജീവിതസത്യങ്ങളായിരുന്നു അവൾ തിരിച്ചറിഞ്ഞത്. അതുകൊണ്ടാകണം ഒന്നാം കഌസിൽ ചേർത്തപ്പോൾ പഠിക്കാൻ വയ്യെന്ന് അവൾ പറഞ്ഞു. അതോടെ പഠനം നിർത്തി. പിന്നീട് ഓപ്പൺ സ്‌കൂളിലൂടെയായിരുന്നു വിദ്യാഭ്യാസം. ഒന്നിലും എട്ടിലും മാത്രമേ ഒലി കഌസിലിരുന്നു പഠിച്ചിട്ടുള്ളു. പ്രകൃതിയും ജീവജാലങ്ങളുമായിരുന്നു അവളുടെ ഗുരുക്കന്മാർ. ഫലമോ ഒന്നിലധികം ഭാഷകൾ അവൾ സ്വായത്തമാക്കി. ഏറെ യാത്രകൾ ചെയ്തു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. അവിടെയെല്ലാം താമസിച്ച് അവരുടെ ജീവിതരീതികൾ പഠിച്ചെടുത്തു. എവിടെ ചെന്നാലും അവിടെയുള്ള എന്തു ജോലിയും ചെയ്യും. ഒലിക്കറിയാത്ത ജോലികളില്ല. കശ്മീരിൽ ചെന്നപ്പോൾ ആപ്പിൾ തോട്ടങ്ങളിലായിരുന്നു ജോലി നോക്കിയത്. എന്തു തൊഴിലും ചെയ്യാം. പക്ഷേ, മാനം മാത്രം വിറ്റ് ജീവിക്കരുത് എന്ന് ദാദു പഠിപ്പിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ലാത്തതുകൊണ്ട് ചെല്ലുന്നിടത്ത് താമസിക്കും. ആർക്കു മുന്നിലും കൈനീട്ടില്ല. തേനീച്ച വളർത്തിയും നിത്യവും തൊഴിലെടുത്തും ആ അമ്മയും മകളും ജീവിച്ചു.
ഒലിക്ക് കുതിരയോടുള്ള സ്‌നേഹം മൂന്നാം വയസ്സിൽ തുടങ്ങിയതാണ്. ആഗ്രഹം അമ്മയെ അറിയിച്ചപ്പോൾ അവർ ഞെട്ടിപ്പോയി. ജീവിതായോധനത്തിനായി കിണഞ്ഞുശ്രമിക്കുന്നതിനിടയിലായിരുന്നു മകളുടെ ആഗ്രഹമെങ്കിലും അവളെ നിരാശയാക്കാൻ ആ മാതാവിന് തോന്നിയില്ല. കുടുംബസുഹൃത്തിന്റെ സഹായത്താൽ ഒരു കുതിരയെ സ്വന്തമാക്കി. കല്ലാറിലെ ഒരു ഫോറസ്റ്റ് ഗാർഡാണ് അവളെ കുതിരസവാരി പഠിപ്പിച്ചത്. അമാൻ ചന്ദ് എന്നു പേരിട്ട ആ കുതിരയുമായിട്ടായിരുന്നു പിന്നീടുള്ള യാത്രകൾ. നാലാം വയസ്സിൽ അവൾ പൃഥ്വിദേവ് എന്ന മറ്റൊരു കുതിരയെകൂടി സ്വന്തമാക്കി. കുതിര സവാരി നന്നായി പരിശീലിച്ചെങ്കിലും ഇവയെ തീറ്റിപ്പോറ്റാൻ അവർക്കാകുമായിരുന്നില്ല. അതിനാൽ അവയെ വിൽക്കേണ്ടിവന്നു. കുതിരകളെ തന്റെ ചിറകുകളായി കാണുന്ന ഒലി ഇന്ത്യയിലെ ആദ്യത്തെ വുമൺ ഫാരിയർ കൂടിയാണ്.
ഏറെ സ്‌നേഹിച്ചിരുന്ന കുതിരയായ അമൻ ചന്ദിന് ലാടം അടിക്കുന്നതിനിടെ മുറിവേറ്റപ്പോൾ ഒലിക്ക് വല്ലാതെ വേദനിച്ചു. ഒരു തമിഴ്‌നാട്ടുകാരനായിരുന്നു ലാടമടിച്ചത്. മുറിവേറ്റ കുതിര സുഖംപ്രാപിക്കാൻ ഏറെ നാളുകൾ കാത്തിരിക്കേണ്ടിവന്നു. എന്തുകൊണ്ട് സ്വന്തമായി ലാടം നിർമ്മിച്ചുകൂടാ എന്ന ചിന്തയിലേയ്ക്ക് നയിച്ചത് ആ സംഭവമായിരുന്നു. ഒടുവിൽ ലാടം അടിക്കുന്നത് പഠിക്കാൻതന്നെ അവൾ തീരുമാനിച്ചു. ഒൻപതാം വയസ്സിൽ നേപ്പാളിലെത്തി കൊഹൽപൂരിലെ താജ്ഖാൻ എന്നയാളുടെ ശിക്ഷണത്തിൽ അവൾ ആ വിദ്യ സ്വായത്തമാക്കി. നല്ല കുതിരക്കാരന് കുതിരയെ കാണുമ്പോൾ തന്നെ കാലിനാവശ്യമായ ലാടത്തിന്റെ അളവ് മനസ്സിൽ തെളിയും -നൂറിലധികം കുതിരകൾക്ക് ലാടം അണിയിച്ച ഒലി പറയുന്നു. ലാടമണിയിച്ച കുതിരകളൊന്നും ഇതുവരെ തന്നെ ഉപദ്രവിച്ചിട്ടില്ല. അവയുടെ കാലിൽനിന്നും ഒരിറ്റുപോലും രക്തം പൊടിഞ്ഞിട്ടുമില്ല. അത്രയും വിദഗ്ധമായാണ് ലാടം അണിയിക്കുന്നത്. ഒരു കുതിരയ്ക്ക് ലാടം അണിയിച്ചാൽ രണ്ടായിരം രൂപ വരെ കൂലിയും ലഭിക്കും- അവൾ കൂട്ടിച്ചേർക്കുന്നു.
കുതിരകളെപ്പോലെ തേനീച്ചകളെയും ഏറെ സ്‌നേഹിക്കുന്ന ഒലിക്ക് അഞ്ചുവർഷം മുൻപ് തേനീച്ച വളർത്തലിൽ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലും ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റൂറൽ ഡവലപ്‌മെന്റ് ആന്റ് പഞ്ചായത്തീരാജിലും ഒലിക്ക് ക്ഷണം ലഭിച്ചിരുന്നു. ഹൈദരാബാദിൽ എപ്പികൾച്ചറിൽ റിസോഴ്‌സ് പേഴ്‌സനായി ജോലി ചെയ്തുവരികയാണ് ഒലിയിപ്പോൾ. ഇതിനിടയിൽ കുതിരകൾക്ക് ലാടം നിർമ്മിക്കാനും സമയം കണ്ടെത്തുന്നു. മാസത്തിൽ ഇരുപതോളം ലാടം നിർമ്മിച്ചുനൽകുന്നുണ്ട്.
ഉപ്പൂപ്പ കുറ്റിയാടി മുഹമ്മദ് മുസ്‌ലിയാർ പ്രകൃതി സ്‌നേഹിയായിരുന്നു. വീട്ടിൽ അഭ്യാസക്കളരിയും ഔഷധക്കളരിയുമുണ്ടായിരുന്നു. ഔഷധനിർമ്മാണത്തിനായി തേൻ ചേർക്കും. അതിനായി വീട്ടിൽ തേനീച്ചയെ വളർത്തിയിരുന്നു. എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ആദ്യമായി തേനീച്ചയുടെ കുത്തേൽക്കുന്നത്. ദാദു തേൻ പുരട്ടിത്തന്നു. അത് രുചിച്ചപ്പോൾ നല്ല രസംതോന്നി. തേനീച്ചയെ വളർത്താനും തേനെടുക്കുന്ന രീതിയുമെല്ലാം പഠിച്ചു. വയനാട്ടിലെ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നാണ് തേനീച്ച കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാനും ഗവേഷണം നടത്താനും അവസരം ലഭിച്ചത്.
കുതിരയെ നിർത്തിയാണ് ലാടം അടിക്കുന്നത്. അവയുടെ ഭാരം നമ്മൾ വഹിക്കേണ്ടിവരും. കുതിരയെ കിടത്തി ലാടം അടിക്കുമ്പോൾ കുതിരകൾക്ക് രക്തസമ്മർദ്ദം കൂടി ഹൃദയാഘാതമുണ്ടാകാൻ സാധ്യതയുണ്ട്- അനുഭവത്തിന്റെ വെളിച്ചത്തിൽ ഒലി പറയുന്നു. എച്ച്.പി.ആർ.സിയിൽ ഹൈദരാബാദ് പോളോ റൈഡിങ് കഌബ്ബിലെ അംഗമാണ് ഒലി. രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി ഹോഴ്‌സ് അനാട്ടമിയും അഭ്യസിക്കുന്നുണ്ട്. ഒട്ടകങ്ങളെ മെരുക്കിയെടുക്കാനും വിദഗ്ധയാണ് ഈ പെൺകുട്ടി. ഇതിനിടയിൽ കാമൽ റൈഡിങ്ങും പരിശീലിച്ച ഒലിയുടെ ആഗ്രഹങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കുതിക്കുകയാണ്. അവളുടെ സ്വപ്‌നങ്ങൾക്ക് കരുത്തായി ദാദു അമിയയും കൂട്ടിനുണ്ട്.
ഞാൻ അനുഭവിച്ച യാതനകളൊന്നും ഇവൾ അനുഭവിക്കേണ്ടിവന്നിട്ടില്ല. വിശ്വസിച്ച ആൾ ചതിച്ചെന്നറിഞ്ഞപ്പോൾ ഇറങ്ങിപ്പോന്നതാണ്. പട്ടിണി കിടക്കേണ്ടിവന്നപ്പോൾ അവളാണ് എന്നെ ആശ്വസിപ്പിച്ചിരുന്നത്. അവൾ ആകെ ആവശ്യപ്പെട്ടത് ഒരു കുതിരയെ വാങ്ങിത്തരണമെന്നായിരുന്നു. ആ ആഗ്രഹം ഞാൻ സാധിച്ചുകൊടുത്തു. അവയെ തീറ്റിപ്പോറ്റാൻ ആകാത്തതുകൊണ്ട് വിൽക്കേണ്ടിവന്നു. കുറച്ചുകഴിഞ്ഞ് അവൾക്ക് നല്ലൊരു കുതിരയെ വാങ്ങിച്ചുകൊടുക്കണം. ജാതിയോ മതമോ നോക്കാതെ കനിവുള്ള മനുഷ്യനായി അവളെ വളർത്തണം എന്ന ലക്ഷ്യം മാത്രമേ എനിക്കുള്ളു... മകളുടെ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്തൊരുക്കുന്ന ദാദു അമിയ പറയുന്നു.
ഇക്യുൻ വെറ്റെറിനേറിയൻ കോഴ്‌സ് പഠിച്ച് കുതിരകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നാണ് ഒലിയുടെ ഇനിയുള്ള ആഗ്രഹം. എന്നാൽ ഇതിന് ചെലവേറെയാണ്. സ്‌പോൺസറായി ആരെങ്കിലും വന്നെങ്കിൽ മാത്രമേ പഠനം സാധ്യമാവുകയുള്ളു. എങ്കിലും സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന വുമൺ ഫാരിയർ അവാർഡ് ലഭിച്ചപ്പോൾ കുറച്ചൊന്നുമല്ല സന്തോഷിച്ചത്. റിസ്‌കാണെന്ന് പറയുന്നിടത്ത് ധൈര്യപൂർവ്വം കടന്നുവരിക. അതാണ് ഒലിയെ വ്യത്യസ്തയാക്കുന്നത്. എൻ.ഐ.ഒ.എസ് വഴി പത്താം കഌസ് പാസാകണം. എപ്പികൾച്ചറിൽ പി.എച്ച്.ഡി എടുക്കണം. ഒരുപാട് കുതിരകളെ വാങ്ങി ഒരു ഫാം തുടങ്ങണം. സമ്പാദ്യത്തിൽനിന്നും ഒരുപങ്ക് ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കണം... ഒലിയുടെ സ്വപ്‌നങ്ങൾ കുതിരവേഗത്തിൽ പായുകയാണ്.

Latest News