Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കഥ - അരുമ

കഥ
 

 
അല്ലെങ്കിൽ തന്നെ വൈകി, ഏഴു മണിക്കാ നിക്കാഹ്...
 
മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ പകുതി താഴ്ത്തി ലൈറ്റ് ഓഫ് ചെയ്യാനൊരുങ്ങുമ്പോഴാ പിന്നിൽ നിന്ന് ഒരു തൊണ്ടയനക്കം..
 
''അസ്താലിൻ'' ഉണ്ടോ?,  എവിടെയും കിട്ടിയില്ല... മോൾക്ക് ചുമ കൂടിയ വിവരം ഇപ്പോഴാ വീട്ടിന്നു വിളിച്ചു പറഞ്ഞത്',
 
 
കലിപ്പ് മനസ്സിലമർത്തി ''മോൾ'' എന്ന് കേട്ടതോടെ തിരിഞ്ഞു പോലും നോക്കാതെ ഷട്ടർ മേൽപോട്ടേക്ക് ആഞ്ഞുതള്ളി, ജോലിക്കാരെല്ലാം പോയി, പരിചിത മരുന്നായതിനാൽ അധികം തപ്പാതെ ഒരെണ്ണം അയാളുടെ കയ്യിൽ കൊടുത്തു.
 
ഷട്ടറിനടിയിലൂടെ കയ്യിട്ടു ലൈറ്റ് ഓഫാക്കുന്നതിനിടയിൽ കഴുത്ത് തിരിച്ചു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. ''കാശ് നാളെ വാങ്ങിക്കൊള്ളാം, അൽപം ധൃതിയുണ്ട്, അതാ..'' 
 
 
അയാൾ കൃതാർത്ഥനായി നോക്കി നിന്നു, പൂട്ട് ഒന്ന് കൂടി വലിച്ചുറപ്പു വരുത്തി താക്കോൽകൂട്ടം കയ്യിലേന്തി കാറിനെ ലക്ഷ്യം വെച്ചു. സമയം ഒമ്പതര... വീട്ടിലെത്താൻ എന്നത്തേതിലും വൈകി, കാർ പോർച്ചിൽ നിർത്തി, കോളിംഗ് ബെല്ലടിച്ചു...ഭാര്യ വാതിൽ തുറക്കുന്നു..
 
സലാം പറഞ്ഞു അകത്തു കടന്നയുടനെ അയാൾ ചോദിച്ചു
 
''എവിടെ?, അവൾ ഉറങ്ങിയോ....?!''
 
വാതിലടച്ചു കുറ്റിയിടുന്നതിനിടയിൽ തിരിഞ്ഞു കൊണ്ട് ഭാര്യ ചോദിച്ചു. 
''മണി എത്രയായീന്നാ വിചാരം?'', കോളേജിന്ന് വരുമ്പോഴേ അവൾക്ക് തലവേദനയായിരുന്നു, കുറച്ചു വായിച്ചു.. അവിടത്തെന്നെ കിടന്നുറങ്ങി''
 
''ഞാൻ വൈകിട്ട് വിളിച്ചപ്പോൾ എന്നോടൊന്നും പറഞ്ഞില്ലല്ലോ?!''
 
''അതിനു... അവൾ എന്റെ കൂട്ടാ....ഹല്ലാതെ നിങ്ങളെപ്പോലെ ഖൽബ് ഉറപ്പില്ലാത്തതല്ല''
 
നിന്നെ ഞാൻ.........അയാൾ അടിക്കാൻ കൈ പൊക്കുന്നു,
 
ഒളിച്ചുകളിയിലേർപ്പെട്ട കുട്ടികളുടെ ചാപല്യത്തോടെ ഓടി മാറുന്നു.
 
ഭാര്യ ഒരു പ്രത്യേക തരക്കാരിയാ. നല്ല തന്റേടി, കുറിക്കു ഉത്തരം കൊടുക്കും... അത് പോലെ സ്‌നേഹവും, അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ഫ്രണ്ട്‌സിനെപ്പോലെയാ. നല്ല പ്രകൃതം, ഒരർഥത്തിൽ അയാളുടെ ആത്മധൈര്യം അവൾ തന്നെയാ.. മനസ്സ് നിറഞ്ഞു റബ്ബിനെ പല വട്ടം സ്തുതിച്ചിട്ടുണ്ട്, ഇവളെ സഹധർമ്മിണിയായി കിട്ടിയതിന്.
 
 
ഡ്രസ്സ് മാറി നേരെ മകളുടെ മുറിയിൽ പോയി,
 
ലൈറ്റ് ഓഫ് ചെയ്യാതെ വായിച്ച പുസ്തകം നെഞ്ചിൽ കമഴ്ത്തിവെച്ചു അലസമായി ഉറങ്ങുന്നു, അയാൾ പുസ്തകം മാറ്റി പുതപ്പു നേരെയാക്കി, ആ സ്‌നേഹവയ്‌പോടെയുള്ള  കരസ്പർശലാളനം അവളിൽ ഉറങ്ങിക്കിടന്ന ബോധമണ്ഡലത്തെ തൊട്ടുണർത്തി., പതിയെ മിഴികൾ തുറന്നു എഴുന്നേൽക്കുന്നു..
 
''വേണ്ട.... മോളുറങ്ങിക്കോ, എങ്ങനെയുണ്ട് തലവേദന..?''
''ഇല്ല, ഇപ്പോൾ കുറവുണ്ട്....'' അവൾ കിടക്കുന്നു, അയാൾ ലൈറ്റ് ഓഫ് ചെയ്തു ബെഡ്‌റൂമിൽ ഇരുന്നു... രണ്ടു കയ്യും കിടക്കയിലൂന്നി ഓരോന്നാലോചിച്ചിരിക്കുന്ന ഭർത്താവിനോടവൾ ചോദിച്ചു
 
''ഭക്ഷണം എടുക്കട്ടെ?'',
''ഞാൻ നിക്കാഹിന്റെ വീട്ടിനു ലേശം കഴിച്ചു, മോള് കഴിച്ചിരുന്നോ?''
''മ്ഹും, കഴിച്ചു, ചപ്പാത്തിയായിരുന്നു''
''എത്രയെണ്ണം കഴിച്ചു?''
 
ആ ചോദ്യം അത്ര രസിച്ചില്ല, പതിവായതിനാൽ അടുത്ത ചോദ്യം എന്താണെന്നും അവൾക്കറിയാം ഒന്നിച്ചിരുന്നേ കഴിക്കാറുള്ളു, മോളുറങ്ങിയാൽ ഇങ്ങനെയാ.., ഒറ്റ മകൾ, അതും ഒമ്പത് വർഷത്തിനു ശേഷം... എന്നാലും ഇങ്ങനെയുണ്ടോ ഒരു സൂക്ഷ്മത? കെട്ടിച്ചയക്കെണ്ടതല്ലേ? ആ സ്‌നേഹത്തിനു മുമ്പിൽ ഒന്നും പുറത്തു കാണിക്കില്ല, സ്ഫടികം കൊണ്ട് കരിങ്കല്ലുടയ്ക്കുന്ന പ്രതീതിയോടെ എല്ലാം മയപ്പെത്തും..
 
തേച്ച ഷർട്ട് ഹാംഗറിലിടാതെ തിരിഞ്ഞുനിന്ന് അവൾ പറഞ്ഞു:
 
''അടുത്ത ചോദ്യം വേണ്ട, മൂന്നു ചപ്പാത്തിയും ഞാൻ തന്നെയാ ചൂടോടെ പൊട്ടിച്ചു കൊടുത്തത്, എല്ലാം കഴിച്ചിട്ടുണ്ട്''
 
അയാൾ വികാരവയ്‌പോടെ ഭാര്യയെ നോക്കുന്നു. ആ നോട്ടം അവളിലും ഒരു കരിനിഴൽ വീഴ്ത്തി.
''എന്താ ഇക്കാ......വല്ലാണ്ട്?''
 
''ഹല്ലാ, ഷാനു ഡിഗ്രിക്ക്  ഫൈനൽ ഇയർ അല്ലെ?, ഇവളുടെ കൂട്ട് തന്നെയാ ഇന്ന് നിക്കാഹു കഴിഞ്ഞ കുട്ടി''
 
''അതിനിപ്പോ... ഡിഗ്രി കഴിഞ്ഞില്ലല്ലോ?''
 
'' കഴിഞ്ഞാൽ... കെട്ടിക്കണ്ടേ?''
 
''പിന്നല്ലാണ്ട്, ഇവിടെത്തന്നെ നിർത്താനാണോ?'
 
''നമുക്ക് ഇവിടെ തന്നെ താമസമാക്കുന്ന ഒരു പയ്യനെ കണ്ടെത്തിയാലോ, അവളെ കണ്ടോണ്ടിരിക്കാലോ?''
 
അവൾ ഉറക്കെ ചിരിക്കുന്നു...
 
''അതിനു വടക്ക് ഭാഗത്ത് നിന്ന് നോക്കിയാ മതി, ഇവിടെതന്നെ പൊറുത്തോളും... ഹും.. ഓരോന്നോർത്തു തല തിരിഞ്ഞെന്നാ തോന്നുന്നത്; ഉപ്പ വിളിച്ചിരുന്നു, നാളെ പോകുന്ന വഴിക്ക് കാണണമെന്നും പറഞ്ഞു''
 
 
''എന്നെയും വിളിച്ചിരുന്നു, ഷാനുന് ഒരാലോചനക്കാര്യമാ..''
 
അയാളുടെ അസ്വസ്ഥത കണ്ടു അവൾ സമാധാനിപ്പിച്ചു.
 
''നിങ്ങൾ വിഷമിക്കണ്ട, ഉപ്പാനോട് ഡിഗ്രി കഴിഞ്ഞു നോക്കാമെന്ന് പറയാം''
 
കുറച്ചു കൂടി അടുത്തിരുന്നു സങ്കോചത്തോടെ  രണ്ടു കയ്യും പിടിച്ചു അവൾ പറഞ്ഞു.
 
'' അവളെ കെട്ടിച്ചാലും, ഞാനില്ലേ നിങ്ങൾക്ക് ..ഒരു നിഴല് പോലെ.....''
 
അയാൾ ഗദ്ഗദത്തോടെ മുറിഞ്ഞു ... മുറിഞ്ഞു.. മുഴുമിച്ചു
 
''അതറിയാം... പക്ഷെ... പക്ഷെ... നിനക്കാര്?''
 
അവളുടെ പിടുത്തം അയയുന്നു, കണ്ണുകളിൽ പതിയെ ഇരുട്ട് കയറുന്നു.. ജീവന്റെ ജീവനായി, അതിലുമേറെ, തന്നെ സ്‌നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭർത്താവിനെ നോക്കി അവൾ വിതുമ്പി. അന്നേരം പുറത്ത് മഴയുടെ സൂചനയായി കാറ്റിന്റെ പതിഞ്ഞ ആരവം.  
 

Latest News