Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഉലയൂതി പുകയുന്ന ജീവിതങ്ങൾ


അരമനകളുടെ പടിയിറങ്ങി ആഭരണശാലകളുടെ പടികയറിയ കൃത്രിമ രത്‌നക്കല്ലുകളുടെ ശിൽപ്പികളിൽ ഇന്നുയരുന്നത് നിലനിൽപ്പിന്റെ നിലവിളി. നഗരവൽക്കരണത്തിന്റെ ഞെരുക്കത്തിനിടയിലും ഗ്രാമവിശുദ്ധി കൈവിടാത്ത പാലക്കാട് കൽവാക്കുളത്തെ തെലുങ്കുവംശജരുടെ കുലത്തൊഴിലിന്റെ നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യവഴിയിൽ ഒരു ചുരുക്കയാത്ര.

 

രാജശാസനത്തിന്റെ വാറോലക്കീറുകൾ ദ്രവിച്ചു പതിഞ്ഞ പാലക്കാടിന്റെ പട്ടണപ്രാന്തത്തിൽ, നീന്തൽക്കുളമായ കൽവാക്കുളത്തിന്റെ ചുറ്റോരത്തെ ഓലച്ചാളകളിൽ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കുകൾക്ക് കണ്ണാടിക്കല്ലുകളുടെ നക്ഷത്രശോഭയുണ്ടായിരുന്നു - ഒരു നൂറ്റാണ്ടിനപ്പുറത്ത്. ആ കാലത്തിനിപ്പുറത്തേക്ക് നടന്ന ആറുപതിറ്റാണ്ടിനിടയിൽ കൂരകളുടെ സ്ഥാനത്തെല്ലാം ഉയർന്ന കെട്ടുറപ്പുള്ള വീടുകൾ വൈദ്യുതവെളിച്ചത്തിന്റെ തിളക്കിത്തിലായെങ്കിലും അവയിലെ മനുഷ്യജന്മകളുടെ കുലത്തൊഴിലിനു മാറ്റുകുറഞ്ഞു. കണ്ണാടിച്ചീളുകളിൽ ജീവിതം ഹോമിച്ച തെലുങ്കുവംശജരായ കല്ലുരക്കാരുടെ കുടുംബങ്ങളിൽ ഇന്ന് പാരമ്പര്യത്തിൽ കണ്ണിചേർക്കാൻ പുതിയ കൈകളെ കണ്ടെത്താനാവാതെ നിലനിൽപ്പിന്റെ നിലവിളി ഉയരുന്നു.
 മൈസൂർ രാജാവിന്റെ അരമനയും, സിംഹാസനവും കിരീടവും തൊട്ട് ആടയാഭരണങ്ങൾക്കുവരെ തിളക്കവും മിനുക്കവും കൂട്ടാനുള്ള കുലീനതയും, സുഭഗതയും, രൂപവൈശിഷ്ട്യവും ഒത്തുചേർന്ന രത്‌നക്കല്ലുകൾ നാനാവർണ്ണങ്ങളിൽ രൂപപ്പെടുത്തുകയെന്ന ധർമ്മം രാജഭക്തി രക്തത്തിൽ ചേർന്ന ദരിദ്രകുടുംബങ്ങൾക്ക് കുലത്തൊഴിലായിരുന്നു. ആന്ധ്രപ്രദേശിൽ പോക്കനാട് ദേശക്കാരായ 'പണ്ടാരം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന (വീരശൈവ) ജംഗം സമുദായത്തിൽപ്പെട്ട ഇവർ മൈസൂർ കീഴടക്കാനുള്ള ടിപ്പുസുൽത്താന്റെ പടയോട്ടത്തിനിടയിൽ അന്നവും അഭയവും തേടിയാണ് പാലക്കാട്ടെത്തിയത്. ഇവിടെ കൽവാക്കുളം പ്രദേശത്ത് ഒരു തറ മുഴുവനായി ഈ കുടുംബങ്ങൾ വ്യാപിച്ചു. ഓലയിൽ മറച്ചുണ്ടാക്കിയ കൊച്ചു ചാളകളിൽ കുടുംബമായി താമസിച്ച് കുലത്തൊഴിൽ തുടർന്നു. രാജവംശത്തിനുവേണ്ടി നിർവഹിച്ച കൈത്തൊഴിലിന്റെ മിനുക്കം പാലക്കാട്ടെ രാജവംശത്തിന്റെ കിരീടാവകാശികൾക്കും പങ്കുവച്ചു. ഭരണാധികാരമില്ലെങ്കിലും അന്യംനിന്നുപോയ രാജാധികാരത്തിന്റെ പ്രൗഢപാരമ്പര്യം സൂക്ഷിക്കുന്ന പാലക്കാട്ടുശ്ശേരി രാജപരമ്പര (അച്ചൻമാർ എന്ന പേരിൽ ഇവർ അറിയപ്പെടുന്നു) പ്രായക്രമമനുസരിച്ച് അരിയിട്ടുവാഴ്ച നടത്തി, അധികാര കൈമാറ്റം നടത്തുമ്പോൾ അണിയുന്ന കിരീടത്തിൽ കൽവാകുളത്തെ കല്ലുരക്കാരുടെ കരവിരുതാണ് ഇപ്പോഴും മിന്നുന്നത്.


കുലത്തൊഴിൽ കൈവിട്ട് പുതിയ തലമുറ


എന്നാൽ, കാലത്തിന്റെ കുത്തൊഴുക്കിൽ പുതിയ തലമുറ ജീവിതവഴികളിൽ മാറ്റങ്ങളോടൊപ്പം സഞ്ചരിച്ചപ്പോൾ കുലത്തൊഴിലിന്റെ മഹിമ പാടിയവർ കുറഞ്ഞുകൊണ്ടേയിരുന്നു. ഇന്ന് കണ്ണാടിക്കല്ലുരയിൽ ജീവിതം തളച്ചിട്ടവരുടെ എണ്ണം വിരലുകളിൽ ചേർത്തുവയ്ക്കാൻ മാത്രം. 'കുടുംബം പുലരാൻ കുലത്തൊഴിലിനാവില്ലെന്ന' തിരിച്ചറിവായിരുന്നു വിദ്യകൊണ്ട് സമ്പന്നരായ നവയൗവ്വനങ്ങൾക്ക്.
    പെണ്ണായാൽ പൊന്നുവേണമെന്ന ചിന്ത സാമ്പത്തികശേഷിയുടെ ഏറ്റക്കുറച്ചിലോ, ജാതിമത അതിർവരമ്പുകളോ ഇല്ലാതെ നിലനിൽക്കുന്നേടത്താണ് സ്വർണ്ണാഭരണശാലകളിലെ സ്വർഗ്ഗസമാനമായ അകത്തളങ്ങളിൽ ആഭരണവ്യാപാരത്തിന്റെ നിലനിൽപ്പ്. ഈ ആഭരണങ്ങൾക്ക് ആകർഷണമേറ്റണമെങ്കിൽ ദാരിദ്ര്യമൊഴിയാത്ത ജംഗകുടുംബങ്ങളിൽ കണ്ണാടിക്കല്ലുകൾ ഉരഞ്ഞുവീഴണം. പക്ഷെ, കുടിൽവ്യവസായത്തിന്റെ നേരിയ പരിഗണനപോലും ഈ കുലത്തൊഴിലിനില്ല. കണ്ഠാഭരണങ്ങളിൽ ചേർത്തുവയ്ക്കാൻ വേണ്ടത് പേരുമായി പൊരുത്തപ്പെടുന്ന കല്ലുകളാണ്. നവരത്‌നമാല, പുലിനഖമാല, പാലയ്ക്കമാല, മാങ്ങാമാല, ഗോപിമാല, അരിമണിമാല, പൂത്താലി, നാഗപടത്താലി തുടങ്ങി പലകൂട്ടം മാലകൾക്ക് പല നിറങ്ങളിലാണ് കല്ലുകൾ ഉരച്ചുമിനുക്കേണ്ടത്. ലോക്കറ്റ് ഹൃദയാകൃതിയിൽ ഉള്ളതാണെങ്കിൽ ചേർത്തുവയ്ക്കുന്ന കല്ലിനും ആ രൂപമാവണം. മോതിരങ്ങളിൽ ഡയമണ്ടും, നവരത്‌നക്കല്ലും, പൂച്ചക്കണ്ണും, സ്ഫടികവും, പേളും,  പുഷ്യരാഗവും, മൊണാലിസയും, ഇന്ദ്രനീലവുമാണ് ആധുനികതയുടെ അടയാളക്കല്ലുകൾ. പരന്ന വളകളിലാവട്ടെ, ഒന്നിലേറെ നിറങ്ങളും രൂപവുമുള്ള കല്ലുകൾ ഇടകലർത്തി പതിച്ചുകിട്ടുന്നതാണ് ആവശ്യക്കാരിലധികപേർക്കും ഇഷ്ടം.

കുപ്പയിലും പിറക്കുന്ന മാണിക്യം 

 നിറമുള്ള ഏതുതരം കണ്ണാടിക്കഷണവും ദളങ്ങളായി മുറിച്ചെടുത്ത് ഉരച്ചുമിനുക്കി ആഭരണങ്ങളിൽ പതിച്ചുചേർക്കുന്നതിന് പാകത്തിലാക്കാൻ കൽവാക്കുളത്തെ കല്ലുരക്കാർക്ക് കരുത്തുണ്ട്. പഴയകാല പ്രൗഢിയുള്ള വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുമ്പോൾ അവയിലെ നിറപ്പകിട്ടുള്ള വാതിൽ - ജനാലകളിലെ ചില്ലുകളോ കുപ്പിപ്പാത്രങ്ങളോ, കൗതുകവസ്തുക്കളോ ഇവയുടെ പൊട്ടിയ കഷ്ണങ്ങളോ മതി ഇവർക്ക് ദളങ്ങളാക്കാൻ. ഒരുകാലത്ത് മുംബൈയിലെ ഗുജറാത്തി വ്യാപാരികളിൽനിന്നാണ് കോയമ്പത്തൂരിലെ ഇടനിലക്കാർ വഴി ദളങ്ങൾ ലഭിച്ചിരുന്നത്. മേൻമ കൂടുതൽ ബെൽജിയം ഗ്ലാസിനാണ്. ഡൽഹി, ഫിറോസാബാദ്, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ കല്ലുകൾ ലഭ്യമാണെങ്കിലും അവയും കൽവാക്കുളക്കാരുടെ കൈകളിലെത്താൻ ഇടനിലക്കാർ വേണം. കാങ്കേയമാണ് ചന്ദ്രകാന്തക്കല്ലിന്റെ മുഖ്യ വിപണനകേന്ദ്രം.

 ഓരോ കല്ലിന്റേയും രൂപവും മിനുക്കവും പൂർണ്ണമാവുന്നത് നിർമ്മാണപ്രക്രിയയുടെ പല ഘട്ടങ്ങളിലൂടെയാണ്. കട്ടിങ്ങ്, നൈസിങ്ങ്, പോളിഷിങ്ങ്, ബഫിങ്ങ് എന്നിങ്ങനെ അത് വേർതിരിക്കപ്പെടുന്നു. കണ്ണാടിച്ചീളുകൾ ഗ്ലാസ്‌കട്ടർ ഉപയോഗിച്ച് നിശ്ചിതവലിപ്പത്തിൽ മുറിച്ചെടുത്താൽ ദളങ്ങളായി. കീടക്കല്ലുകൾ മണൽത്തരിപോലെ മിനുപ്പ് കൂട്ടിയും കുറച്ചും പൊടിയാക്കി ചക്രാകൃതിയും ബലവുമുള്ള ലോഹത്തകിടുകളിൽ പശതേച്ച് ഒട്ടിച്ചുവയ്ക്കണം. തകിടുകൾ കൈപ്പട്ടരകൊണ്ടോ മരത്തിന്റെ മറ്റുപകരണങ്ങളിൽ കാൽകൊണ്ട് ചവിട്ടിയോ തിരിച്ചാണ് ദളങ്ങൾക്ക് ആകൃതി വരുത്തുന്നതും മിനുക്കുന്നതും. പെൻസിൽ വലിപ്പമുള്ള അലകുകളുടെ അറ്റത്ത് അരക്കു ചേർത്തുവെച്ച് അതിലാണ് ഉരസിയെടുക്കാനുള്ള ദളങ്ങൾ ഉറപ്പിക്കുക. മരക്കരി ഊതിയുലച്ചുണ്ടാക്കുന്ന തീച്ചൂടിൽ ഇത്തരം പ്രാഥമികജോലികളെ സഹായിക്കുന്നത് ജംഗകുടുംബങ്ങളിലെ സ്ത്രീകളാണ്.

മാറാത്ത ജീവിതം, മാറ്റംവന്ന തൊഴിലുപകരണങ്ങൾ

ആദ്യകാലത്തുണ്ടായിരുന്ന തൊഴിലുപകരണങ്ങളിൽ കൈപ്പട്ടരച്ചാണയ്ക്കു പുറമെ ഒരേസമയം മൂന്നുപേർക്ക് ഒരുമിച്ചിരുന്ന് കല്ലുരയ്ക്കാവുന്ന റംഗൂൺചാണയ്ക്കും കൈകാലുകൾ ഒരേസമയം ചലിപ്പിക്കേണ്ട മറ്റൊരുതരം ചാണയ്ക്കും പുറമെ മോട്ടോർ ഘടിപ്പിച്ച ഉരക്കല്ലുകൂടി ഇന്ന് ഇവരുടെ പണിപ്പുരകളിലുണ്ട്. എന്നാൽ അധ്വാനത്തിനനുസരിച്ച ആദായമുണ്ടാക്കാൻ ഇവർക്കാവുന്നില്ല. ദിവസം അഞ്ചോ ആറോ മണിക്കൂർ ജോലിചെയ്ത് സാധാരണ കൂലിപ്പണിക്കാർ ആയിരം രൂപ വരെ പ്രതിഫലം പറ്റുമ്പോൾ കണ്ണും, മെയ്യും, മനസ്സും അതിസൂക്ഷ്മതയോടെ സമർപ്പിച്ച് രാപ്പകൽ ജോലിചെയ്യുന്ന കല്ലുരക്കാർക്ക് അസംസ്‌കൃതവസ്തുക്കളുടെ വിലയും മറ്റു ചെലവുകളും കഴിഞ്ഞ് കൈയ്യിൽകിട്ടുന്നത് അറുന്നൂറുമുതൽ പരമാവധി ആയിരം രൂപയ്ക്കടുത്താണ്. നാഗഫണരൂപത്തിൽ ഒരു നാഗഫണമാലയ്ക്കു വേണ്ടി ഒരു ദിവസം നാല്പതുകല്ലുകളാണ് ഉരച്ചെടുക്കാനാവുക. ഉരയ്ക്കുന്നതിനിടയിൽ പൊട്ടിയാൽ പകരം മറ്റൊന്ന് ഉണ്ടാക്കണം. മാതൃകകൾ (മോൾഡ്) മാത്രം നൽകി ഇവരിൽനിന്ന് സമയബന്ധിതമായി വാങ്ങുന്ന രത്‌നക്കല്ലുകൾ ആഭരണങ്ങളിൽ പതിഞ്ഞുകഴിഞ്ഞാൽ ആഭരണശാലക്കാർക്ക് യുക്തംപോലെ വില നിശ്ചയിക്കാം. അവർക്കല്ലാതെ പുറമെ മറ്റൊരാൾക്കും കല്ലുകൾ വിൽക്കാൻ അവയുണ്ടാക്കുന്നവർക്ക് അവകാശവുമില്ല.


മറുനാട്ടിൽ പ്രശസ്തി മലയാളികളിലൂടെ

ദേശാന്തരങ്ങളിൽ ഈ നക്ഷത്രക്കല്ലുകളുടെ തിളക്കം പരത്തിയത് മലയാളികൾ തന്നെയാണ്. മിനുക്കിയെടുക്കുന്ന ഓരോ കല്ലിന്റേയും മേന്മയും തൂക്കവും കാരറ്റിലാണ് കണക്കാക്കുന്നത്. സുതാര്യമായ നീലാഞ്ജനകല്ലുകൾക്കൊപ്പം ഹരിത-നീലകളിൽ തുടങ്ങി തിളക്കമേറിയ കടുംനിറങ്ങളിലുള്ള കല്ലുകൾ വരെ കല്ലുരക്കാരുടെ പണിപ്പുരകളിലുണ്ട്. സ്വർണ്ണത്തിനു പുറമെ ആ നിറമുള്ള മുക്കുപണ്ടങ്ങളിലും ഇത്തരം കല്ലുകളുടെ ഉപയോഗം നിലനിൽക്കുന്നു.

വേഷഭംഗിയിൽ എന്നും മുഖ്യസ്ഥാനം

കഥകളി - ഓട്ടംതുള്ളൽ വേഷങ്ങളിൽ മെയ്യഴകുള്ള ആടയാഭരണങ്ങളിലും കിരീടങ്ങളിലും കൽവാക്കുളം കല്ലുരക്കാരുടെ അധ്വാനവിയർപ്പിന്റെ തിളക്കം കാണാം. ചെറുതുരുത്തി കലാമണ്ഡലത്തിൽ നിന്ന് വൻതോതിൽ ആവശ്യമുയർന്ന കാലമുണ്ട്.
നവവധുവിനേയും, നർത്തകിയേയും ആകർഷകമാക്കുന്ന ആഭരണങ്ങളിൽ നെറ്റിച്ചുട്ടി, മാട്ടി തുടങ്ങിയവയ്ക്ക് നിറച്ചാർത്തോടെ തിളക്കമേറ്റാൻ ഈ കല്ലുകൾക്ക് കഴിയും. പണികഴിഞ്ഞ കല്ലിന്റെ ഒരു ഭാഗം ഉയർന്നും മറുഭാഗം പരന്നും ആയിരിക്കും. പരപ്പുള്ള ഭാഗങ്ങൾ ഒന്നിനോടൊന്ന് ഒട്ടിച്ചുചേർത്ത കല്ലുകൾ ആഭരണങ്ങളിലെത്തിയാൽ തിരിച്ചും മറിച്ചും അണിഞ്ഞ് വൈവിധ്യം കാട്ടാം.


ദാമ്പത്യത്തിന്റെ കെട്ടുറയ്ക്കുന്ന 'ആത്മലിംഗം'


 'സ്ത്രീധനമെന്ന പേരിൽ വധുവിന്റെ വീട്ടുകാർ വരനു നൽകുന്ന വിവാഹസമ്മാനങ്ങളിൽ ഏറെ വിലപ്പെട്ടതായി എന്നും നിലനിൽക്കുന്നത് സ്വർണ്ണം തന്നെ. പിന്നീടുണ്ടാകുന്ന അഭിപ്രായഭിന്നതകളിൽ താലിച്ചരടിന്റെ കെട്ടയയുന്നതാവട്ടെ, പലപ്പോഴും ഇതിന്റെ പേരിലാവും. എന്നാൽ സ്വർണ്ണത്തെ വർണാഭമാക്കുന്ന സാമാന്യം വിലകുറഞ്ഞ കല്ലുകൾ ദാമ്പത്യബന്ധത്തിന്റെ കെട്ടുമുറുക്കി നിലനിർത്താനുള്ള വിശ്വാസോപാധിയാണ് ജംഗസമുദായത്തിന്.

നാളെയുടെ ഭീതിയിൽ നരവീണ തലമുറ


കാഴ്ചയുടെ തിളക്കം ശേഷിക്കുവോളം കല്ലുകൾക്കു മിനുക്കുകൂട്ടാൻ കൈപ്പട്ടര ചലിപ്പിക്കുന്നതിന് കാൽമുട്ടുകൾ മടക്കി വേദന മറന്ന് നിലത്തിരിക്കാനുള്ള ജന്മനിയോഗം തുടരുമെന്നുറപ്പിച്ചവരാണ് ഈ രംഗത്ത് ഇന്നു ബാക്കിനിൽക്കുന്നത്. കുറേപ്പേർ കാങ്കേയത്തേയ്‌ക്കെന്നപോലെ പാലക്കാടുതന്നെ എലപ്പുള്ളി ഗ്രാമപ്രദേശത്തെത്തി. കോവിഡ്കാല നിയന്ത്രണങ്ങൾക്കിടയിൽ സ്വർണ്ണവ്യാപാരം കുറഞ്ഞ് തൊഴിലവസരങ്ങൾ നഷ്ടമായതോടെ ചിലർ നേരത്തെ ഉപേക്ഷിച്ച മറ്റു പണികളിലേയ്ക്ക് മടങ്ങി. പത്താംതരം പരീക്ഷയെഴുതി പിതാവ് കുപ്പുരാജിനൊപ്പം പണിക്കിരുന്നതാണ് ബാൽരാജ് എന്ന ചെറുപ്പക്കാരൻ. അറുപതു വർഷം കല്ലുരച്ച കുപ്പുരാജ് എൺപതാം വയസ്സിൽ കണ്ണടക്കുമ്പോൾ കൈകൾ കൈപ്പട്ടരയിലായിരുന്നു. നാലരപ്പതിറ്റാണ്ടായി രംഗത്തുള്ള ത്യാഗരാജിന്റെ പിതാവ് നഞ്ചപ്പ കൽവാക്കുളത്തെ കടന്നുപോയ കല്ലുരക്കാരിൽ അതിപ്രഗത്ഭനായി അറിയപ്പെടുന്നു. ജനിച്ചു വീഴുമ്പോൾതൊട്ട് ചക്രച്ചാണകളുടെ ഒച്ചയും ചലനവും അറിഞ്ഞ ചന്ദ്രശേഖർ, ഹരിദാസ്, ലക്ഷ്മണൻ, വേണുഗോപാൽ എന്നീ പേരുകൾ ചേർന്നാൽ മുതുമുത്തഛൻമാർ പകർന്ന പാരമ്പര്യ സൂക്ഷിപ്പുകാരുടെ പട്ടികയായി.


പരമ്പരാഗത തൊഴിൽവ്യവസായ മേഖലയിലെ മറ്റു തൊഴിലാളിവിഭാഗങ്ങൾക്ക് ലഭിക്കുന്ന ഒരു സഹായവും ഇവർക്കില്ല. അംഗസംഖ്യ കുറവായതിനാൽ രാഷ്ട്രീയ പിൻബലത്തോടെ എന്തെങ്കിലും നേടാനാവുന്നില്ല. കല്ലുകൾക്ക് കൂടുതൽ ലാഭകരമായ വിപണി കണ്ടെത്താനും അസംസ്‌കൃതവസ്തുക്കൾ സബ്‌സിഡിയോടെ ലഭിക്കാനും വഴിയില്ല. തൊഴിൽ വികസിപ്പിക്കുന്നതിന് ബാങ്ക് വായ്പയ്ക്കും ചൂഷകരിൽ നിന്നുള്ള മോചനത്തിനുമായി സഹകരണസംഘം രൂപവൽക്കരണത്തിന് സാധിക്കുന്നില്ല. പിന്നെയെങ്ങനെ ഈ പരമ്പരാഗത കരകൗശലവേലയിൽ ഉറച്ചുനിൽക്കും? ഈ രംഗത്ത് ഇന്നുള്ളവരുടെ കണ്ണുകളിൽ നിഴൽ പരക്കുന്നതോടെ ചിലപ്പോൾ കല്ലുരയുടെ കഥകൾക്ക് വിരമമായേക്കാം. പ്രായംകുറഞ്ഞ പണിക്കാരനായി അമ്പതുവർഷത്തെ ജീവിതം പിന്നിടുന്ന ബാൽരാജിനും കൽച്ചീളുകൾക്കിടയിൽ ഇനി എത്രകാലം ജീവചക്രം തിരിക്കാനാവുമെന്ന ചിന്തയുണ്ട്. എല്ലാറ്റിനും ഉത്തരം നൽകാനാവുക വരാനിരിക്കുന്ന കാലത്തിനുമാത്രം.

Latest News