യു. എന്‍ സമാധാന സേനയുടെ ഭാഗമായ രണ്ട് ഇന്ത്യന്‍ സൈനികര്‍ കോംഗോയില്‍ കൊല്ലപ്പെട്ടു

കോംഗോ- യു. എന്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ യു. എന്‍ സമാധാന സേനയുടെ ഭാഗമായ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യു. എന്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ ബി. എസ്. എഫ് സൈനികരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ രണ്ടാംദിനം നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള യു. എന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ബി. എസ്. എഫ് സൈനികര്‍ കോംഗോയിലെത്തിയത്. പട്ടാള ഭരണത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട കോംഗോ ജനതയെ സംരക്ഷിക്കാന്‍ യു. എന്‍ സമാധാന സേനക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ രാജ്യത്ത് അക്രമം അഴിച്ചുവിട്ടത്. പ്രക്ഷോഭകാരികള്‍ക്കു നേരെ യു. എന്‍ സമാധാന സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പലതവണ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയേറ്റ് രണ്ടു പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു.

ശിശുപാല്‍ സിംഗും സന്‍വാല റാം വൈഷ്‌ണോയിയുമാണ് കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍. കോംഗോയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ സമാധാന സേനയുടെ സൈനികബേസ് കൊള്ളയടിക്കാനും തീയിടാനുമുള്ള കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. സൈനിക ക്യാമ്പും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനാണ് ആയുധധാരികള്‍ ശ്രമിച്ചത്.

കോംഗോയില്‍ ഉടലെടുത്തിരിക്കുന്ന സായുധ സംഘര്‍ഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്‌കോ ദൗത്യം യു. എന്‍ ആവിഷ്‌കരിച്ചത്. മെയ് 22ന് കോംഗോ ദേശീയ ആര്‍മിയെയും മോനസ്‌കോയെയും ലക്ഷ്യമിട്ട് നടന്ന സായുധസംഘങ്ങളുടെ ആക്രമണം ഇന്ത്യന്‍ ആര്‍മി ഉള്‍പ്പെട്ട സമാധാന സേന പരാജയപ്പെടുത്തിയിരുന്നു.

Latest News