ശ്രീലക്ഷ്മി: വിജയങ്ങളുടെ പരിമളം

കൗതുകത്തിനു തോന്നിയ ഒരു പ്രവൃത്തിയിലൂടെ ഒരു വ്യവസായംതന്നെ കെട്ടിപ്പടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി. നിമിഷവേഗം കൊണ്ട് സ്വന്തമായി വഴിവെട്ടി. വൻമുതൽമുടക്കില്ലാതെ, ആർക്കുമുന്നിലും തലകുനിക്കാതെ സ്വന്തമായി വരുമാനവഴി തുറക്കുകയായിരുന്നു അവർ.

കോവിഡ് മഹാമാരി ഒട്ടേറെ പേരുടെ ജീവിതം വഴിമുട്ടിച്ചെങ്കിൽ തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരക്കാരിയായ ശ്രീലക്ഷ്മിക്ക് ലോക്ഡൗൺ ഒരു വഴിത്തിരിവാകുകയായിരുന്നു. തൃശൂർ ജില്ലയിലെ തൃപ്രയാർ  ശ്രീവിലാസ് യു.പി. സ്‌കൂളിലെ മലയാളം അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. കുട്ടികളോടൊപ്പം കളിചിരികളുമായി പാറിപ്പറന്നു നടക്കവേയായിരുന്നു സ്‌കൂളുകൾ അടയ്‌ക്കേണ്ടിവന്നത്. 
ലോക്ഡൗൺ വന്നതോടെ ഉള്ള ജോലിയും നഷ്ടപ്പെട്ടു. അതോടെ ജീവിതത്തിൽ ശരിക്കും ഒറ്റപ്പെട്ടതുപോലെ തോന്നി. എല്ലാവരും വീട്ടിനകത്ത് അടച്ചിരിപ്പായി. കുറച്ചുകാലം പ്രാദേശിക ചാനലായ ഗ്രാമ്യ ഓർബിറ്റിൽ വാർത്താ അവതാരകയായി ജോലി നോക്കി. അവിടെനിന്നും തൃശൂർ ബ്രില്യൻസ് കോളേജിൽ പി.എസ്.സി പരിശീലനത്തിനു ചേർന്നു. പിന്നീട് അവിടെത്തന്നെ അധ്യാപികയായി. എന്നാൽ ഇതൊന്നുമല്ല തന്റെ ജീവിതവഴി എന്ന തിരിച്ചറിവിൽ അവിടെനിന്നും പടിയിറങ്ങുകയായിരുന്നു.
പെരിങ്ങോട്ടുകര ചേന്ദംകുളം സദാനന്ദന്റെയും കനകയുടേയും മകളായ ശ്രീലക്ഷ്മി, നാട്ടിക എസ്.എൻ.കോളേജിൽനിന്നും ബിരുദപഠനത്തിനുശേഷം ടി.ടി.സിയും സ്വന്തമാക്കി. അതിനിടയിലായിരുന്നു വിവാഹം. മകൾ ജനിച്ചതിനുശേഷമാണ് സ്‌കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. കോവിഡാനന്തരം ജോലി നഷ്ടമായതോടെ ജീവിതം വഴിമുട്ടുകയായിരുന്നു. മകൾ അഷ്മിതയുമൊത്ത് തൃശൂർ നഗരത്തിലെ ഫ്ലാറ്റിൽ താമസിച്ചുവരവേയാണ് സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ശ്രീലക്ഷ്മിയിലുദിച്ചത്. കറ്റാർ വാഴ കൊണ്ട് സോപ്പുണ്ടാക്കുന്ന വിദ്യ യൂട്യൂബിലൂടെ കണ്ടപ്പോൾ അതൊന്നു പരീക്ഷിക്കാമെന്നായി.
സുഹൃത്തിനെക്കൊണ്ട് 630 രൂപയുടെ സോപ്പ് മേക്കിംഗ് കിറ്റ് ഓൺലൈനിൽ വരുത്തിച്ചു. അടുത്ത ഫ്ലാറ്റിലെ സുമംഗല ആന്റിയുടെ വീടിന്റെ ടെറസിലുണ്ടായിരുന്ന കറ്റാർ വാഴയുടെ ഒരു തണ്ട് മുറിച്ചുകൊണ്ടുവന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഞാനും മകളും ചേർന്ന് സോപ്പ് നിർമ്മിച്ചു. അടുത്ത ദിവസം ആ സോപ്പ് ആന്റിക്കുതന്നെ സമ്മാനിച്ചു. ആന്റിക്ക് സോപ്പ് വളരെ ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ടെന്ന ആ കമന്റാണ് വീണ്ടും സോപ്പുണ്ടാക്കണമെന്ന ചിന്തയിലേയ്ക്കു നയിച്ചത്. ആദ്യശ്രമംതന്നെ വീഡിയോയാക്കി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനും നല്ല പ്രതികരണമാണുണ്ടായത്. പലരും നേരിട്ട് വിളിച്ചു. ഇനിയും സോപ്പുണ്ടാക്കണമെന്നു പറഞ്ഞ് ഓർഡർ നൽകി. അതോടെ ഈ രംഗത്തു നിലയുറപ്പിക്കാൻ തീരുമാനിക്കുകയായിരുന്ന. 630 രൂപ മുടക്കിയുണ്ടാക്കിയ നാലു സോപ്പുകളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ശ്രീലക്്ഷ്മി പറയുന്നു.
ആദ്യശ്രമം വിജയിച്ചതോടെ ഈ രംഗത്ത് സജീവമാകാനായിരുന്നു തീരുമാനം. കറ്റാർ വാഴയിൽനിന്നാണ് ആദ്യസോപ്പുണ്ടാക്കിയതെങ്കിൽ പിന്നീട് പലതരം പഴങ്ങളുടെയും പച്ചക്കറികളുടെയും സത്തുപയോഗിച്ച് സോപ്പുനിർമ്മാണം തുടങ്ങി. കറ്റാർവാഴയ്ക്കു പുറമെ ചാർക്കോൾ, പപ്പായ, ബീറ്റ് റൂട്ട്, ചെറുനാരങ്ങ, റെഡ് വൈൻ, ഹണി, മുൾട്ടാണി മിട്ടി... എന്തിനേറെ പറയുന്നു സാമ്പാറു കഷണത്തിൽനിന്നുപോലും ശ്രീലക്ഷ്മി സോപ്പുണ്ടാക്കുമെന്ന് സുഹൃത്തുക്കൾ കളിയായി പറയാറുണ്ടായിരുന്നു. സംഗതി സത്യമാണ്. പതിനഞ്ചുതരം സോപ്പുകൾ ശ്രീലക്ഷ്മി വിപണിയിലെത്തിച്ചു. സോപ്പുനിർമ്മാണത്തിലെ നൂതന സാങ്കേതികവിദ്യകളും സ്വായത്തമാക്കി. പുതിയ സോപ്പുകൾ വിപണിയിലെത്തിക്കുന്നതിനുമുൻപ് കെമിസ്റ്റിന്റെയും ഡോക്ടർമാരുടെയും സേവനവും അവർ ഉപയോഗിച്ചു.
എവർലി ഓർഗാനിക്‌സ് എന്ന പേരിൽ വിപണിയിലുള്ള ഉല്പന്നങ്ങളെല്ലാം ഈ തൃശൂർകാരിയുടെ കൈപുണ്യത്തിൽനിന്നും പിറവികൊണ്ടതാണ്. വിപണിയിലൂടെ മാത്രമല്ല, സോഷ്യൽ മീഡിയകളിലൂടെയും ഉല്പന്നങ്ങൾ വിറ്റുതുടങ്ങി. ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം ഓർഡറുകളെത്തി. മനോഹരമായി റാപ്പ് ചെയ്ത ഉല്പന്നങ്ങൾ ഗിഫ്റ്റ് പാക്കറ്റിലാക്കിയായിരുന്നു വിപണിയിലെത്തിച്ചത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പലതരം ഉല്പന്നങ്ങളും നിർമ്മിച്ചുതുടങ്ങിയത്. ഫേസ് ജെൽ, ഹെയർ ജെൽ, ലിപ് ബാം, ഷാംപൂ, കണ്ടീഷണർ, ഹെയർ ഓയൽ, ഫേസ് ക്രീം, മസാജിംഗ് ഓയിൽ, പപ്പായ ജെൽ, കോഫി ജെൽ, ബോഡി ലോഷൻ, ഷവർ ജെൽ, ഫുട് ക്രീം, ഹാൻഡ് വാഷ്, ഹാൻഡ് ക്രീം...  തുടങ്ങിയ ഉല്്പന്നങ്ങളും എവർലി ഓർഗാനിക്‌സ് വിപണിയിലെത്തിച്ചു.
നിർമ്മാണാവശ്യത്തിനായ കറ്റാർവാഴ സ്വന്തം പറമ്പിലും സുഹൃത്തുക്കളുടെ വീട്ടിലുമായി കൃഷി ചെയ്തു. ഓയിൽ നിർമ്മാണത്തിനാവശ്യമായ ബീറ്റ് റൂട്ട്, പപ്പായ തുടങ്ങിയവ പോണ്ടിച്ചേരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് എത്തിച്ചിരുന്നത്.
ആദ്യഘട്ടത്തിൽ സ്വന്തം ഫ്ലാറ്റിൽ വച്ചുതന്നെയായിരുന്നു ഉല്പാദനമെങ്കിൽ പിന്നീട് അയ്യന്തോളിൽ ഒരു വീട്് വാടകയ്‌ക്കെടുത്ത് പ്രൊഡക്ഷൻ യൂണിറ്റാക്കി. ഇരുപതിലേറെ സൗന്ദര്യ വർദ്ധക വസ്തുക്കൾ അവിടെ നിർമ്മിച്ചുതുടങ്ങി. അഞ്ചു സ്ത്രീകൾക്ക് ജോലി നൽകിയതിലൂടെ സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ബിസിനസുകാരിയായി ശ്രീലക്ഷ്മി ഉയർന്നുവരികയായിരുന്നു. മാസത്തിൽ അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കുന്നുണ്ട് ഈ യുവസംരംഭകയിപ്പോൾ.
എവർലി ഓർഗാനിക്‌സിന്റെ ഉല്പന്നങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നടക്കുന്ന പ്രത്യേക സ്റ്റാളുകൾ കേന്ദ്രീകരിച്ചും വില്പന നടത്തുന്നുണ്ട്. ഗുണമേന്മയുള്ള ഈ ജൈവ ഉല്പന്നങ്ങൾക്ക് വില അല്പം കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണെന്ന് ശ്രീലക്ഷ്മി പറയുന്നു. ബാംഗ്ലൂരിൽ പുതിയ ഫാക്ടറി വാടകക്കെടുത്ത് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഓൺലൈൻ ബിസിനസ് മാത്രമല്ല, സൂപ്പർ മാർക്കറ്റുകളിലും ബ്യൂട്ടി പാർലറിലും ഹോട്ടലുകളിലുമെല്ലാം ഉല്പന്നങ്ങൾ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നും ആവശ്യക്കാർ എത്തിത്തുടങ്ങിയത് നല്ല തുടക്കമായാണ് ശ്രീലക്ഷ്മി കാണുന്നത്. യു.എ.ഇയിൽനിന്നും യു.കെ.യിൽനിന്നും അമേരിക്കയിൽനിന്നുമെല്ലാം ആവശ്യക്കാരെത്തിയതിനാൽ എക്‌സ്‌പോർട്ടിംഗ് ലൈസൻസ് സമ്പാദിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരികയാണ്. കേരളത്തിലേക്കാൾ എളുപ്പത്തിൽ എക്‌സ്‌പോർട്ടിംഗ് ലൈസൻസ് ലഭിക്കുന്നത് ബാംഗ്ലൂരിൽ നിന്നായതിനാലാണ് ഫാക്ടറി അങ്ങോട്ടേയ്ക്കു മാറ്റിയത്. ബാംഗ്‌ളൂർ ഇലക്‌ട്രോണിക് സിറ്റിക്കടുത്താണ് പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
അധ്യാപക ജോലിയിൽനിന്നും വഴിമാറി സോപ്പു നിർമ്മാണത്തിനിറങ്ങിയപ്പോൾ മുഖം ചുളിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഇപ്പോൾ പിന്തുണയുമായി തനിക്കൊപ്പമുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. കട്ട സപ്പോർട്ടുമായി തനിക്കൊപ്പം നിൽക്കുന്നത് തൃശൂർ സ്്്കൂൾ ഓഫ് ഇന്ത്യയിലെ മൂന്നാം ക്ലാസുകാരിയായ മകൾ തന്നെയാണെന്ന് അവർ പറയുന്നു. കൂടാതെ തന്നോടൊപ്പം ജോലി നോക്കുന്ന ബീനയും മീരയും ശ്രീലക്ഷ്മിയും അപർണ്ണയും ജോർജിയും ആര്യയും അലക്‌സിയും ജിൽനയുമെല്ലാം നൽകുന്ന സഹകരണം ഏറെ വലുതാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
വയലാർ രാമവർമ്മ ഫൗണ്ടേഷന്റെ 2021 ലെ യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം ശ്രീലക്ഷ്മിയെ തേടിയെത്തിയിരുന്നു. കൂടാതെ പഞ്ചായത്തിന്റെയും പഠിച്ച കോളേജിന്റെയുമെല്ലാം ആദരവിന് പാത്രമാകാനും ഇവർക്ക് കഴിഞ്ഞു.
നാട്ടിലെ അമ്മമാരും സഹോദരിമാരും നിർമ്മിക്കുന്ന ഒട്ടേറെ ഉല്പന്നങ്ങളുണ്ട്. വിൽക്കാനറിയാത്തതുകൊണ്ടാണ് പലരും ഈ രംഗത്തേയ്ക്കു കടന്നുവരാത്തത്. അത്തരം ഉല്പന്നങ്ങൾ വാങ്ങി തന്റെ ഉല്പന്നങ്ങളോടൊപ്പം വിൽക്കാനുള്ള ശ്രമവും ശ്രീലക്ഷ്മി നടത്തുന്നുണ്ട്. തന്നാലാവുന്നതുകൊണ്ട് അവരും ജീവിക്കട്ടെ എന്ന നിലപാടാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. കൂടാതെ സാമ്പത്തികനില ഭദ്രമായാൽ കുറച്ചുകുട്ടികളെ ചേർത്തുനിർത്തി അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുനൽകണമെന്നും ശ്രീലക്ഷ്മി ആഗ്രഹിക്കുന്നു. കാരണം പത്താം വയസ്സിൽ അച്ഛന്റെ മരണത്തോടെ ഏറെ ഏകാന്തത അനുഭവിച്ചിട്ടുണ്ട്. അത്തരം വേദനകളിൽനിന്നാണ് ഈയൊരു തീരുമാനമെന്നും അവർ പറയുന്നു.
കൗതുകത്തിനു തോന്നിയ ഒരു പ്രവൃത്തിയിലൂടെ ഒരു വ്യവസായംതന്നെ കെട്ടിപ്പടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി. നിമിഷവേഗം കൊണ്ട് സ്വന്തമായി വഴിവെട്ടി. വൻമുതൽമുടക്കില്ലാതെ, ആർക്കുമുന്നിലും തലകുനിക്കാതെ സ്വന്തമായി വരുമാനവഴി തുറക്കുകയായിരുന്നു അവർ.

Latest News