ഞാനാരെന്നറിയില്ലേൽ താനാരാണെന്ന് ഞാൻ പറഞ്ഞുതരാം...

നിയമസഭയിലെ കോമഡി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സ്പീക്കർ വിലക്കേർപ്പെടുത്തിയിട്ട്് ഏറെ കാലമായിട്ടില്ല. മലയാള ടിവി ചാനലുകളിൽ ആക്ഷേപ ഹാസ്യ പരിപാടി അവതരിപ്പിക്കുന്നവർ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു, അപ്പോഴതാ ചിരിയുടെ മാലപ്പടക്കവുമായി മൊയമാലി ഫെയിം ഇ.പി ജയരാജൻ രംഗത്തെത്തിയിരിക്കുന്നു. തലസ്ഥാനത്തെ പത്രക്കാരെ ക്ഷണിച്ചു വരുത്തി അദ്ദേഹം വിമാന വിലക്കിനെതിരെ വാചാലനായി. മനോരമ ന്യൂസിലെ തിരുവാ എതിർവാ മുതൽ എല്ലാവർക്കും അമ്പലപ്പുഴ പാൽപായസം പോലെ ഹൃദ്യമായി അദ്ദേഹത്തിന്റെ ബ്രീഫിംഗ്. കോർപറേറ്റഡ് പോലുള്ള നിസാര അബദ്ധങ്ങൾ കണ്ടില്ലെന്ന്് നടിക്കാം. ഏതായാലും ഇൻഡിഗോയെ കോഓപ്പറേറ്റീവ് ആക്കിയില്ലല്ലോ, ആശ്വാസം. വയനാട്ടിലെ തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിനാലൊക്കെയായിട്ടല്ലേ കൂട്ട്. കണ്ണൂരിലെ വിമാനത്താവളം മൂപ്പരുടെ വീട്ടുമുറ്റത്താണ്. പറന്നുയർന്നാൽ അര മണിക്കൂറിനകം അനന്തപുരിയിലെത്താം. പണം പോയാലെന്താ പവറ് വരികയല്ലേ. അദ്ദേഹമാണ് ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലേക്ക് ഏറ്റവുമധികം യാത്ര ചെയ്ത വ്യക്തി. അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടി പറയുന്നത് പോലെ ഇക്കാര്യവും സഖാവ് തന്നെ വിവരിക്കേണ്ടി വന്നു. പുവർ മല്ലൂസ്, ഐ.ക്യു തീരെ പോരാ.  
വിമാനയാത്രാ വിലക്കിന് ശേഷം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തലസ്ഥാനത്തുനിന്ന് ട്രെയിനിലാണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്.  താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനമാർഗം കണ്ണൂരിലേക്ക് പോകാൻ ഇരുന്നതായിരുന്നെന്നും എന്നാൽ ആ പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജൻ പറഞ്ഞു. ഇനി അവരുടെ വിമാനത്തിൽ പോകില്ലെന്ന് തീരുമാനിച്ചു. ഇൻഡിഗോ വളരെ വളരെ മോശമായ നിലപാടാണ് സ്വീകരിച്ചത്. ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുക, വിമാനത്തിൽ ശരിയായ നില സ്വീകരിച്ചയാളുകളെ യാത്ര ചെയ്യുന്നതിൽനിന്ന് വിലക്കുക. 
അതൊരു തെറ്റായ തീരുമാനമാണ്. മാത്രമല്ല ഇന്ത്യൻ എയർ സർവീസിനെ സംബന്ധിച്ചിടത്തോളം ഇൻഡിഗോ കൈക്കൊണ്ടത് വളരെ തെറ്റായ തീരുമാനമാണ് -ജയരാജൻ പറഞ്ഞു. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. താൻ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നയാളാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് വന്നതിന് പിന്നാലെ അങ്ങോട്ട് പോയി. ഇവർ (ഇൻഡിഗോ) മാത്രമേ ലോകത്ത് വിമാനസർവീസുള്ളൂ. എത്ര വിമാനസർവീസുകളുണ്ട്, വളരെ നല്ല നിലയിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നവർ-  ജയരാജൻ ആരാഞ്ഞു. യാത്രാസമയത്തിന്റെ കാര്യത്തിൽ മാത്രമേ ബുദ്ധിമുട്ടുള്ളൂ അല്ലേയെന്ന ചോദ്യത്തിന് ഉറക്കം ട്രെയിനിലാക്കും അപ്പോൾ പ്രശ്‌നം തീർന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി. കെ റെയിൽ വന്നാൽ യാത്രാസമയത്തിന്റെ കാര്യത്തിലുള്ള ബുദ്ധിമുട്ട് മാറുമല്ലോ എന്ന ചോദ്യത്തിന് കെ റെയിൽ വന്നാൽ  വളരെ സൗകര്യമായിരുന്നു എന്നും ഇൻഡിഗോയുടേയെല്ലാം ആപ്പീസ് പൂട്ടുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും ജയരാജൻ, നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇൻഡിഗോയിൽ യാത്ര ചെയ്തില്ലെങ്കിൽ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സർവീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇൻഡിഗോയിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇ.പി. പറഞ്ഞിരുന്നു. ഇൻഡിഗോയുടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന വാർത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ ശപഥം എത്രകാലം നിലനിൽക്കുമെന്നറിയില്ല. ഓരോ മിനിറ്റും വിലപ്പെട്ട വിപ്ലവ നായകർക്ക്  നമ്മെയൊക്കെ പോലെ എട്ടും പത്തും മണിക്കൂറെടുത്ത് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യനൊക്കെ സാധിക്കുമോ? എല്ലാം കണ്ടറിയാം. 
ഇതേ തുടർന്ന്് ഇൻഡിഗോയുടെ ഫേസ്ബുക്ക് പേജിൽ ട്രോൾ മഴയുമായി മലയാളികളെത്തി.   ഇ.പി ജയരാജനെ ട്രോളിയും ഇൻഡിഗോയെ ട്രോളിയുമാണ് മലയാളികൾ ആഘോഷമാക്കിയത്.  രസകരമായ ചില കമന്റുകൾ ഇങ്ങിനെ-  നിങ്ങളുടെ ഒരു ബീമാനത്തിന് എത്രയാ വെളാ..? എന്നാണ് ഒരു രസികൻ കമന്റിട്ടത്. നിനക്കൊക്കെ പറക്കാൻ അല്ലെ അറിയൂ സഖാവിന് പറപ്പിക്കാൻ അറിയാമെടാ ഇൻഡികോയെ എന്നാണ് വേറൊരാളുടെ കമന്റ്, കേരളത്തിന്റെ മുകളിൽ കൂടി ഇനി നിങ്ങൾ പറക്കില്ല മെക്കളെ എന്നാണ് ഒരാളുടെ കമന്റ്, കേരളത്തിന്റെ ആകാശത്തൂടെ നിങ്ങടെ വിമാനം പറക്കണോ വേണ്ടയോ എന്ന് ഇനി ഞങ്ങൾ തീരുമാനിക്കും... നിങ്ങളെക്കാൾ     നിന്ന് പരിചയസമ്പത്തുള്ളയാളാ പറയുന്നത് .  വൻ ഇടിവ്, പ്രവാസികൾ പണം അയക്കാത്തതെന്തുകൊണ്ട്? നാട്ടിലേക്ക് വരാൻ എടുത്ത് വെച്ച എന്റെ ഇൻഡിഗോ ടിക്കറ്റ് ഞാൻ കീറിക്കളഞ്ഞു....ഇതൊരു തുടക്കം മാത്രം, ഇനി കണ്ണൂരിന്റെ ചുവന്ന മണ്ണിനു മുകളിലൂടെ ഇൻഡിഗോ വിമാനം പറക്കണോ വേണ്ടയോ എന്ന് സഖാക്കൾ തീരുമാനിക്കും.ഉയർന്നു പറക്കാൻ ആണ് തീരുമാനം എങ്കിൽ, എറിഞ്ഞിടാൻ ഇവിടെ പാർട്ടിക്ക് ചുണക്കുട്ടികൾ ഉണ്ട് ലാൽസലാം എന്നിങ്ങനെയാണ് കമന്റുകൾ. 
*** *** ***
ഗൂഗിൾ ഉൾപ്പടെയുള്ള ടെക്ക് കമ്പനികൾക്ക് ഇന്ത്യൻ ഡിജിറ്റൽ മാധ്യമങ്ങളുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും കണ്ടന്റുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്കും ലഭിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. യൂട്യൂബ് ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകളുടെ ഉടമസ്ഥതയുള്ള ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉടമസ്ഥത വഹിക്കുന്ന മെറ്റാ, ട്വിറ്റർ, ആമസോൺ പേ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്ക് ഇത്തരം കണ്ടന്റുകളിൽനിന്ന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ ഒരു ഭാഗം ഡിജിറ്റൽ പബ്ലിഷർമാർക്ക് നൽകണമെന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഇതുവരെ കൃത്യമായ നിയമങ്ങളുടെ അഭാവം മൂലം ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ   ഡിജിറ്റൽ മാധ്യമങ്ങൾക്ക് വരുമാനത്തിന്റെ കൃത്യമായ വിഹിതം നൽകിയിരുന്നില്ല. ഇത്തരം പ്ലാറ്റ്‌ഫോമുകൾ കണ്ടന്റുകൾക്ക് വരുമാനം നൽകുന്ന രീതികൾ ഇനിയും സുതാര്യമല്ല. അതിനാൽ തന്നെ പരസ്യങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കൂടുതലും കണ്ടന്റ് ക്രിയേറ്റർമാരിലേക്ക് എത്താതെ കമ്പനികൾക്ക് തന്നെ ലഭിക്കുകയായിരുന്നു. പല  ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരും പലപ്പോഴായി ഇതിനെതിരെ ശബ്ദം ഉയർത്തുകയും ചെയ്തിരുന്നു.
 ഇപ്പോൾ ഇതിന് പരിഹാരം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഇത്തരം കമ്പനികൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ശരിയായ വിഹിതം ലഭിക്കാൻ ഉതകുന്ന പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടു വരാൻ ഒരുങ്ങുകയാണെന്ന്  ഐടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  ഐടി നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഈ നിയമം അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിരവധി രാജ്യങ്ങൾ ഇത്തരത്തിലുള്ള നിയമവുമായി മുന്നോട്ട് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ടെക് ഭീമന്മാർ വൻ ലാഭം നേടുകയാണ്. വിപണി മൊത്തം പിടിച്ചെടുക്കുന്ന തരത്തിലെ ഈ രീതി ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.  കേന്ദ്രത്തിന്റെ വരുമാനം കൂട്ടാൻ ഓരോ വഴികൾ.. 
*** *** ***
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽനിന്ന് താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് എംഎൽഎയും ചലച്ചിത്രതാരവുമായ കെ.ബി ഗണേഷ് കുമാർ. വിജയ് യേശുദാസ്, റിമി ടോമി, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യൻമാർ. ഇത്തരം ജനവിരുദ്ധ രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യൻമാർ പിൻമാറണമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. ഇത് നിയമം മൂലം നിരോധിക്കാനാവില്ലെന്ന് സാംസ്‌കാരികമന്ത്രി വി.എൻ വാസവൻ പറഞ്ഞു. പരസ്യത്തിൽ അഭിനയിക്കുന്നവരുടെ ഉള്ളിൽ ഒരു സാംസ്‌കാരിക വിപ്ലവം ഉണ്ടായാലേ ഇത്തരം കാര്യത്തിൽ ഒരു മാറ്റമുണ്ടാകുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഒരു ചാനലിലെ ക്യാമറാമാൻ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായതിനെ തുടർന്ന് സാമ്പത്തിക നഷ്ടം താങ്ങാനാവാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തത്. ഇത് കേരളത്തിലെ ഒറ്റപ്പെട്ട സംഭവമാണെങ്കിലും നമുക്ക് ലജ്ജ തോന്നുന്ന കാര്യം ഇത്തരം സാമൂഹ്യദ്രോഹ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നതാണ്. 
എംഎൽഎ  പറഞ്ഞത്  വിവാദമായതിന് പിന്നാലെ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ച നടനും സംവിധായകനുമായ ലാൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ലാലിന്റെ  വാക്കുകൾ - കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായ സമയത്ത് അങ്ങനെ ഒരു പരസ്യം വന്നപ്പോൾ തിരിച്ചും മറിച്ചുമൊക്കെ ആലോചിച്ചു. നിയമപരമായിട്ടുളള ഒരു സംഭവം ആണെന്നും സർക്കാരിന്റെ അനുമതിയോട് കൂടി തന്നെ ചെയ്യുന്നതാണ് എന്നൊക്കെ കേട്ടപ്പോൾ ഒരു പരസ്യം ചെയ്തു. അത് ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആ സമയത്ത് മനസ്സിൽ ചിന്തിച്ചിരുന്നില്ല. ഇനി ഇത്തരം പരസ്യങ്ങൾ വന്നാൽ തീർച്ചയായും പോയി തല വെക്കില്ല. പരസ്യത്തിന്റെ ഭാഗമായതിൽ സങ്കടമുണ്ട് എന്നും ലാൽ പറഞ്ഞു. ഒരു പ്രൊഡക്ടിന് വേണ്ടിയുളള പരസ്യത്തിൽ അഭിനയിച്ചു എന്നേ ഉളളൂ. നേരത്തെയും നിരവധി അഭിനേതാക്കൾ ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുളളതാണ്. ആ പരസ്യം കണ്ട് ആർക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ടെന്നും ലാൽ പറഞ്ഞു.
*** *** ***
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. മലയാള സിനിമയിലേക്ക് നായികയായി വന്നെങ്കിലും പിന്നീട് അന്യ ഭാഷകളിലും സജീവമായി. 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിലെ കഥാപാത്രത്തെയാവും മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർക്കുക. ഇനിയും വിവാഹം കഴിക്കാത്ത താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ മേനോൻ. പലപ്പോഴായി നിത്യ മേനോന്റെ വിവാഹ വാർത്തകളും പ്രണയവുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നിത്യ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നു. 'ഇന്ത്യ ടുഡെ'യാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു, ഒരു കോമൺ സുഹൃത്ത് വഴി പരിചയപ്പെടുകയും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറിയെന്നുമായിരുന്നു റിപ്പോർട്ട്.  നടി തന്റെ വിവാഹ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് നിത്യ മേനോൻ 'ദ ക്യു'വിനോട് പ്രതികരിച്ചു. 'എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്' -നിത്യ മേനോൻ പറഞ്ഞു. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി നിൽക്കുകയാണ് നിത്യ മേനോൻ. 
ഇതിനിടയിലാണ് നിത്യ മലയാളത്തിലെ ഒരു നായക നടനുമായി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം വൈകാതെ ഉണ്ടാവുമെന്നുമുള്ള വാർത്ത വരുന്നത്.  പുര നിറഞ്ഞു നിൽക്കാനും സമ്മതിക്കില്ലെന്ന് വെച്ചാൽ.

Latest News