ദർശനങ്ങളിലെ കനൽശോഭ

നവതിയുടെ നിറവിലെത്തിയ പ്രൊഫ. പ്രയാർ പ്രഭാകരന്റെ ചിന്താപഥങ്ങളിലൂടെ...

പ്രഗത്ഭനായ ഇടതുപക്ഷ ചിന്തകനും പ്രഭാഷകനും വാഗ്മിയുമായ പ്രൊഫ. പ്രയാർ പ്രഭാകരൻ നവതിയുടെ നിറവിലാണ്. ഭാരതീയ ദർശനങ്ങളെ പ്രയാറിനോളം ആഴത്തിൽ പഠിച്ച വ്യക്തികൾ ഏറെയില്ല. മാർക്‌സിയൻ കാഴ്ചപ്പാടോടെ ഭാരതീയദർശനത്തെ വ്യാഖ്യാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അത്തരം പഠനത്തിന്റെയും മനനത്തിന്റെയും ചിന്തയുടെയും ഫലമായി നിരവധി പുസ്തകങ്ങൾ ഭാഷയ്ക്കു ലഭിച്ചിട്ടുണ്ട്. ചുനക്കരയിലുള്ള വീിട്ടിലിപ്പോൾ അദ്ദേഹം വിശ്രമജീവിതത്തിലാണ്.
പ്രായത്തിന്റെ ക്ഷീണം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ചിന്തകളിലെ യുവത്വത്തിന് ഒട്ടുമെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി സംസാരിക്കുന്ന ആർക്കും ബോധ്യമാകും 'നാനാഹി നാസ്തി കിഞ്ചന' ഒന്നുപോലും ഇവിടെ അന്യമായിട്ടില്ല. എന്നതാണ് വേദം നൽകുന്ന സന്ദേശമെന്ന് അദ്ദേഹം സമൂഹത്തെ ഓർമ്മിപ്പിച്ചു. ഇന്നത്തെ ഭാരതത്തിന്റെ രാഷ്ട്രീയസാഹചര്യത്തിൽ ഈ ആപ്തവാക്യം പ്രചരിപ്പിക്കപ്പെടേണ്ടതാണ്.
വസുധൈവകുടുംബകം എന്ന ആശയത്തെ പ്രൊഫ. പ്രയാർ പ്രഭാകരൻ ഇങ്ങനെ വിശദീകരിക്കുന്നു. കുടുംബമെന്നത് മനുഷ്യനുമാത്രമുള്ളതല്ല, സർവജീവികൾക്കുമുണ്ട്. പക്ഷികൾക്കുണ്ട്. ഈച്ചകൾക്കുണ്ട്. അതുകൊണ്ടാണ് ഈച്ചയെപ്പോലും കൊല്ലരുതെന്നും അവയുടെ ഉപദ്രവമുണ്ടാകുമ്പോൾ ഓടിച്ചുവിടുകയാണ് വേണ്ടതെന്നും ഭാരതീയദർശനം ഉദ്‌ഘോഷിക്കുന്നത്. 
മലയാളത്തിൽ മികച്ച പുസ്തകങ്ങൾ പുറത്തിറക്കുന്ന ഫേബിയൻ ബുക്‌സിന്റെ ഉടമ ഹരിയുമായുള്ള അടുപ്പമാണ് എന്നെ രണ്ടരപതിറ്റാണ്ടുമുമ്പ്  അദ്ദേഹത്തിന്റെ പിതാവായ പ്രഭാകരൻ സാറിന്റെ അടുത്തെത്തിച്ചത്.  ലോക ക്ലാസിക് കൃതികളുടെ പരിഭാഷകൾ പുറത്തിറക്കി പ്രസാധകരുടെ ഇടയിൽ വേറിട്ടശബ്ദം ഫേബിയൻ കേൾപ്പിക്കുന്നകാലമായിരുന്നത്. 
പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന പുസ്തകം എഡിറ്റ് ചെയ്തുകൊണ്ടാണ് ഞാൻ ഫേബിയനുമായും ഹരിയുമായും കൂടുതലടുത്തത്. പ്രശസ്ത പരിസ്ഥിതിപ്രവർത്തക മേധാപട്കറായിരുന്നു പുസ്തകം ആലപ്പുഴയുടെ തീരദേശഗ്രാമമായ അർത്തുങ്കലിൽവച്ച് പ്രകാശനം നിർവ്വഹിച്ചത്. തീരമേഖലയിലെ പ്രമുഖരാഷ്ട്രീയ പ്രവർത്തകനായിരുന്ന ലാൽ കോയിപ്പറമ്പിൽ പരിപാടിയുടെ മുഖ്യസംഘാടകനായുണ്ടായിരുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഇവിടെ ആരും കാര്യമായി ചിന്തിക്കാതിരുന്ന കാലത്താണ് ഈ പുസ്തകം ഫേബിയൻ പുറത്തിറക്കിയത്.
പ്രൊഫ. പ്രയാർ പ്രഭാകരൻ സാർ പറയുന്നു: ഭാഷ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മഴക്കൂടുതലുള്ള പ്രദേശത്ത് രൂപപ്പെടുന്നഭാഷയായിരിക്കില്ല. മഞ്ഞ്‌പൊഴിയുന്നയിടങ്ങളിൽ രൂപപ്പെടുന്നത്. ഇങ്ങനെ കാലാവസ്ഥയുമായി ഭാഷകൾക്ക് വളരെ വലിയബന്ധമാണുള്ളത്. ഭൗതികസ്വഭാവമാണ് ഭാഷകളെ സൃഷ്ടിക്കുന്നത്.
ഉജ്ജ്വല വാഗ്മി, നാടകരചയിതാവ്, നാടകനടൻ, സിനിമ ഗാനരചയിതാവ്, എം.ജി.ആറിന്റെ പ്രഥമ മലയാള സിനിമയുടെ തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സ്വാമി ബ്രഹ്മവ്രതന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി, 1930 ഓഗസ്റ്റ് 14ന് കൊല്ലം ജില്ലയിലെ  ഓച്ചിറയ്ക്കടുത്ത് പ്രയാറിലാണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യത്തോടും ഭാഷയോടും ഏറെ പ്രതിപത്തികാണിച്ചു. സചിവോത്തമ സ്വർണമെഡൽ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ പ്രഭാഷണകലയിൽ  ചെറുപ്പകാലത്തുതന്നെ ഏറ്റുവാങ്ങി.
പ്രമുഖ സംസ്‌കൃത പണ്ഡിതനും 60ഓളം പുസ്തകങ്ങളുടെ രചയിതാവും ഭാഗവതത്തിന്റെ തർജ്ജമകാരനും വ്യാഖ്യാതാവുമായ കെ.കെ. പണിക്കരുടെ മകളും ഗവ. ഗേൾസ് ഹൈസ്‌കൂൾ മാവേലിക്കര റിട്ട. ഹെഡ്മിസ്ട്രസ്സും ചുനക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൽ. വസുന്ധതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. 
പ്രൊഫ. പ്രയാർ പ്രഭാകരൻ സാറിന്റെ വലംകൈ വസുന്ധതി ടീച്ചറാണെന്ന് പറയാം. പ്രഭാകരൻ സാറിന്റെ പ്രശസ്തമായ പലകൃതികളും കേട്ടെഴുതിയെടുത്തത് ടീച്ചറാണ്. വീട്ടിലെത്തിയ ഒരതിഥി സർഗാത്മകമായ ഈ കുടുംബത്തെ ഇങ്ങനെ വിലയിരുത്തുകയുണ്ടായി: ഭർത്താവ് പറയുന്ന കാര്യങ്ങൾ ഭാര്യ എഴുതിയെടുക്കുന്നു. അവരുടെ മകനത് മനോഹരമായ പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. ഇത് വലിയൊരുകാര്യമാണ്. മലയാളഭാഷക്ക് ഈ കൂട്ടുകെട്ട് വലിയ സംഭാവനകളാണ് ചെയ്യുന്നത്. മറ്റെവിടെയെങ്കിലും ഇത്തരത്തിലുള്ളൊരു കൂട്ടുകെട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.
ആശാൻ കവിതയുടെ ഹൃദയതാളം, സൗന്ദര്യബോധത്തിന്റെ ഒരു കന്നിക്കൊയ്ത്ത്, ശ്രീനാരായണഗുരുസന്ദേശത്തിന്റെ ദീപ്ത സൗരഭ്യം, ഭരതമുനിയുടെ നാട്യശാസ്ത്രത്തിലൂടെ, വേദം ആത്മവിദ്യയുടെ ആദിമരേഖ.. എന്നീ പുസ്തകങ്ങൾ കേട്ടെഴുതിയെടുത്തത് താനാണെന്ന് അഭിമാനത്തോടെ വസുന്ധതി ടീച്ചർ പറഞ്ഞു.
ജോസഫ് മുണ്ടശ്ശേരിയുടെ നാടകാന്തം കവിത്വം എന്ന പുസ്തകത്തിന് വിമർശനാത്മക പഠനമെഴുതിക്കൊണ്ടാണ് നിരൂപണസാഹിത്യത്തിലേക്കു പ്രൊഫ.പ്രയാർ പ്രഭാകരൻ കടന്നുവന്നത്. കവി ഭാരതീയ സാഹിത്യശാസ്ത്രങ്ങളിൽ, ഭാരതീയ സാഹിത്യശാസ്ത്ര പഠനങ്ങൾ, അനുഭൂതിയുടെ അനുപല്ലവി,പ്രതിഭയുടെ പ്രകാശഗോപുരങ്ങൾ,ആശാൻ കവിതയുടെ ഹൃദയതാളം,സൗന്ദര്യബോധത്തിൽ ഒരു കന്നിക്കൊയ്ത്ത്, ഭരതമുനിയുടെ നാട്യശാസ്ത്രത്തിലൂടെ,വേദങ്ങൾ ആത്മവിദ്യയുടെ ആദിമരേഖ, നാരായണഗുരു: അഭേദ ദർശനത്തിന്റെ ദീപ്തസൗന്ദര്യം.
വഹിച്ച പദവികൾ: 
കേരള യൂണിവേഴ്‌സിറ്റിയിൽ എം.എ (മലയാളം) എക്‌സാമിനേഷൻ ബോർഡ് അംഗം. കേരള യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം. കേരള സാഹിത്യ അക്കാദമി അംഗം.കേരള സംഗീത നാടക അക്കാദമി അംഗം. കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം.
അമ്പലപ്പുഴ കുഞ്ചൻ സ്മാരകം നിർവ്വാഹകസമിതി അംഗം.കേരള ഗ്രന്ഥശാലാസംഘം നിർവ്വാഹകസമിതി അംഗം.ഗ്രന്ഥാലോകം പത്രാധിപസമിതി അംഗം എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
1999  അബുദാബി ശക്തി അവാർഡ്, 2012 കുമാരനാശാൻ സ്മാരക ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റിയൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാൻ, 2012 പ്രൊഫ. പ്രസന്നൻ സ്മാരക സാഹിത്യ പുരസ്‌കാരം, 2014  തിരുവനന്തപുരം ഗുരുദേവൻ ബുക്ക്ട്രസ്റ്റ് പുരസ്‌കാരം, 2015 ഡോ. സുകുമാർ അഴീക്കോട് വിചാരവേദി പുരസ്‌കാരം. 2015 കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും നേടുകയുണ്ടായി.
ഹീര (അധ്യാപിക, ഗവ. ഹൈസ്‌കൂൾ കായംകുളം), മീര (രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്‌സിറ്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി), ഹരി (ഫേബിയൻ ബുക്‌സ്), ഹാരി (പത്രപ്രവർത്തകൻ) എന്നിങ്ങനെ നാലു മക്കൾ.
 

Latest News