ആകാശമായവളേ

ഇന്ത്യയിലെ ഏറ്റവും മികച്ച നടി. ധീരത വാഴ്ത്തപ്പെടുന്നു എന്നർഥമുള്ള സൂരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ ക്യാപ്റ്റൻ ഗോപിനാഥിന്റെ ഭാര്യയായി വേഷമിട്ട മലയാളികളുടെ സ്വന്തം അപർണാ ബാലമുരളി. ജീവിതാഭിലാഷമായ ഒരു എയർലൈൻ സർവീസ് ആരംഭിച്ച കഥാനായകന്റെ ജീവിതപങ്കാളി. ആശയുടെ ആകാശക്കുതിപ്പിൽ നേരിട്ട ആഘാത-പ്രത്യാഘാതങ്ങളുടെ പരമ്പരയിൽ പകർന്നാടിയ അപർണയുടെ ജീവിതത്തിലൂടെ...

ശ്യാം പുഷ്‌കരന്റെ 'മഹേഷിന്റെ പ്രതികാര' ത്തിൽ ജിസ്മി അഗസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തൃശൂർക്കാരി അപർണാ ബാലമുരളി വെള്ളിത്തിരയിൽ സജീവമായത്. എന്നാൽ അതിനുമുൻപുതന്നെ ഒന്നുരണ്ടു ചിത്രങ്ങളിൽ ബാലതാരമായി മുഖം കാണിച്ചിരുന്നു. സൺഡെ ഹോളിഡേയിലെ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അപർണയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ഒന്നിനുപിറകെ ഒന്നായി നിരവധി ചിത്രങ്ങൾ. ആദ്യചിത്രത്തിലൂടെ ഗായികയായും പ്രശസ്തി നേടാൻ അപർണയ്ക്കു കഴിഞ്ഞു.
ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും നല്ല നടിയായി അപർണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തമിഴകത്തും നിറഞ്ഞ സാന്നിധ്യമായി മാറിയിരിക്കുകയാണ് അപർണ. സൂര്യ നായകനായ സൂരരൈ പോട്ര് എന്ന ചിത്രത്തിൽ മാരന്റെ ബൊമ്മിയായി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 
ഒഡീഷൻ വഴിയാണ് സൂരരൈ പോട്ര് എന്ന ചിത്രത്തിലെത്തുന്നത്. ഇത് മൂന്നാമത്തെ തമിഴ് ചിത്രമാണ്. തോട്ടകൾ എന്ന ചിത്രത്തിൽ മീരയായും സർവ്വംതല മായം എന്ന ചിത്രത്തിൽ സാറയായും തമിഴിൽ വേഷമിട്ടിരുന്നു. തമിഴിൽ നേരത്തെ വേഷമിട്ടതിനാൽ ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല. മാത്രമല്ല, ബൊമ്മിക്കുവേണ്ടി കൃത്യമായ പരിശീലനമുണ്ടായിരുന്നു. വർക്ക് ഷോപ്പുകളും സ്‌ക്രിപ്റ്റ് റീഡിംഗ് സെഷനുമെല്ലാം കഴിഞ്ഞാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനുമുൻപേ ബൊമ്മിയായി മനസ്സിനെ പാകപ്പെടുത്തിയിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആദ്യമൊരു സംശയമുണ്ടായിരുന്നു. എന്നാൽ സംവിധായികയായ സുധ കൊങ്കാരയുടെ സഹായം ഏറെയുണ്ടായിരുന്നു. അഭിനേതാക്കളെല്ലാം തിരക്കഥയും ഡയലോഗുകളുമെല്ലാം അറിഞ്ഞിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. നല്ല ഹോംവർക്കാണ് സിനിമയുടെ കരുത്ത് എന്ന് വിശ്വസിക്കുന്ന ഈ സംവിധായിക ചിത്രീകരണം തുടങ്ങുന്നതിനുമുൻപുതന്നെ എല്ലാവരെയും നന്നായി പരിശീലിപ്പിച്ചിരുന്നു. മധുരയിൽ പോയി അവിടെ സ്വന്തം കാലിൽ ജീവിതം നയിക്കുന്ന ബൊമ്മിമാരെ കാണാനും അവസരമൊരുക്കി. മധുരയുടെ സംസ്‌കാരവും ജീവിതരീതിയുമെല്ലാം പഠിപ്പിക്കാൻ സത്യ എന്നൊരു അധ്യാപികയും അവിടെയുണ്ടായിരുന്നു. മധുരൈ സ്ലാങ്ങ് പഠിച്ചാണ് ചിത്രം ഡബ്ബ് ചെയ്തത്.
ക്യാപ്റ്റൻ ഗോപിനാഥിന്റെ ഭാര്യയായ ഭാർഗവിയെയാണ് അവതരിപ്പിക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യയാണ് ക്യാപ്റ്റൻ ഗോപിനാഥിന്റെ വേഷത്തിലെത്തുന്നത്. ഭാർഗവി വളരെ ബോൾഡായ കഥാപാത്രമാണ്. ആത്മവിശ്വാസവും കഴിവുമെല്ലാം പ്രകടിപ്പിക്കേണ്ട കഥാപാത്രം. ഒരു സ്ത്രീ എങ്ങനെയിരിക്കണമെന്ന പരമ്പരാഗത ചട്ടക്കൂടുകളെ അനുസരിക്കാതെ തന്റെ ശക്തമായ ഇച്ഛാശക്തിയും ശാരീരിക ശക്തിയും പ്രകടിപ്പിക്കുകയാണവൾ. 
- കുട്ടിക്കാലംതൊട്ടേ ഇഷ്ടപ്പെട്ട നടനായിരുന്നു സൂര്യ. അദ്ദേഹത്തിന്റെ നായികയാണെന്നറിഞ്ഞപ്പോൾ ശരിക്കും പേടിയുണ്ടായിരുന്നു. എന്നാൽ പരിചയപ്പെട്ടപ്പോൾ ആ പേടിയെല്ലാം പമ്പകടന്നു. ഇത്രയും അനുഭവസമ്പത്തുണ്ടായിട്ടും എല്ലാവരോടും സ്‌നേഹത്തോടും എളിമയോടുംകൂടിയാണ് പെരുമാറിയത്. വളരെ ക്ഷമയോടെയും കൂടെ അഭിനയിക്കുന്നവരോട് ബഹുമാനത്തോടെയുമാണ് അദ്ദേഹം സഹകരിച്ചത്- അപർണ പറയുന്നു.
സുധാ മാമിന്റെ ആദ്യസംവിധാന സംരംഭമാണെങ്കിലും അങ്ങനെയൊരു ടെൻഷനൊന്നും അവർക്കുണ്ടായിരുന്നില്ല. സെറ്റിൽ വളരെ കണിശതയോടെയാണ് അവർ പെരുമാറിയത്. ഓരോ സീനും എങ്ങനെ വേണമെന്ന് വ്യക്തമായ ഒരു ബോധം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് ആ റിസൾട്ട് കിട്ടുന്നതുവരെ ക്ഷമയോടെ അഭിനയിപ്പിക്കും. ഇരുത്തംവന്ന ഒട്ടേറെ അഭിനേത്രികൾ ഉണ്ടായിട്ടുപോലും തുടക്കക്കാരിയായ എനിക്ക് ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ഏല്പിക്കാൻ അവർ കാണിച്ച ധൈര്യത്തെ സമ്മതിക്കണം. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ പരമാവധി ഭംഗിയാക്കണമെന്ന് ഞാനും ആഗ്രഹിച്ചു. തിരക്കഥാകൃത്ത് ശാലിനിമാമും ഏറെ സഹായിച്ചിരുന്നു.
തമിഴകം ഇഷ്ടമാണെങ്കിലും മലയാളം വിട്ടുള്ള അഭിനയമൊന്നും ആലോചനയിലില്ല. മനസ്സിനിഷ്ടപ്പെട്ട നല്ല സിനിമകൾ ലഭിക്കുകയാണെങ്കിൽ അഭിനയിക്കും. തമിഴിൽ വരണമെന്ന് കരുതി വന്നതല്ല. മലയാളമാണ് ഏറെ കംഫർട്ട്. എങ്കിലും കലാകാരന്മാരോട് ഏറെ ആദരവുള്ളവരാണവർ. ഭക്ഷണമായാലും എന്തായാലും സമയത്ത് നമ്മുടെ അടുത്തുണ്ടാകും. മോശമായി ആരും ഇതുവരെ പെരുമാറിയിട്ടില്ല. സൂര്യ സാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ടു ഡി എന്റർടൈന്റ്‌മെന്റ് ആണ് ചിത്രമൊരുക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കം നല്ല പരിഗണനയാണ് ലഭിച്ചത്.
അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടവയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ജിസ്മിയും സൺഡേ ഹോളിഡേയിലെ അനുവും സർവ്വോപരി പാലാക്കാരനിലെ അനുപമയും തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഓട്ടോ ഡ്രൈവറായ ഭാഗീരഥിയും കാമുകിയിലെ അച്ചാമ്മ വർഗീസും ബി.ടെകിലെ പ്രിയയും അള്ള് രാമേന്ദ്രനിലെ സ്വാതിയും മിസ്റ്റർ ആന്റ് മിസിസ് റൗഡിയിലെ പൂർണ്ണിമയുമെല്ലാം മനസ്സിന് ഇഷ്ടപ്പെട്ട വേഷങ്ങളായിരുന്നു. ഏതു കഥാപാത്രമായാലും മനസ്സിനിണങ്ങിയെങ്കിൽ മാത്രമേ സ്വീകരിക്കാറുള്ളു.
അപർണ കുട്ടിക്കാലംതൊട്ടേ പാട്ടു പഠിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ സാറിന്റെ ഭാര്യ ഉണ്ണിമായ എന്റെ ടീച്ചറായിരുന്നു. ടീച്ചർ പറഞ്ഞിട്ടായിരുന്നു ഒഡീഷന് പോയത്. ചിത്രീകരണം തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ഫഹദിന്റെ നായികയാണെന്ന് അറിയുന്നത്. ശരിക്കും അത്ഭുതംതന്നെയായിരുന്നു. ടീച്ചർക്ക് ഞാൻ പാടുമെന്ന് അറിയാം. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിലെ ''മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...''- എന്ന ഗാനം വിജയ് യേശുദാസിനൊപ്പം പാടിയത്. ഒരു മുത്തശ്ശിഗഥയിൽ വിനീത് ശ്രീനിവാസനൊപ്പം പാടിയ ''തെന്നൽ നിലാവിന്റെ...'',- പാവയിൽ വിജയ് യേശുദാസിനൊപ്പം പാടിയ ''വിണ്ണിൽ തെളിയും മേഘമേ...'',- സൺഡെ ഹോളിഡേയിൽ അരവിന്ദ് വേണുഗോപാലിനൊപ്പം പാടിയ ''മഴപാടും...''- എന്നിവയുമുണ്ട്. കൂടാതെ തമിഴിൽ 8 തോട്ടകൾ എന്ന ചിത്രത്തിലും നാട് എന്ന സംഗീത ആൽബത്തിലും പാടിയിട്ടുണ്ട്.
ബ്ലസിയുടെ പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിലാണ് ഇനി വേഷമിടാനുള്ളത്. ഇതിൽ രൂപ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനിടെ തമിഴിൽ രാജീവ് മേനോൻ സംവിധാനം ചെയ്ത സർവ്വം താളമയം എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. മലയാളിയായ ഒരു നഴ്‌സിനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ കാതൽ.

Latest News