അവാർഡ് നൽകുന്നതിലപ്പുറം ആ സമൂഹങ്ങളുടെ സംഗീതം നിലനിൽക്കാൻ ഉള്ള പ്രവർത്തനങ്ങൾ
ആവശ്യമാണ്. തണുപ്പുള്ള നിലാസന്ധ്യകളിൽ തീ കാഞ്ഞു കൊണ്ട് ആടിപ്പാടി തിമർത്തിരുന്ന
ആദിവാസി ഊരുകൾ മാഞ്ഞു പോയിട്ടേറെയായിട്ടില്ല. അത് തിരിച്ചു കൊണ്ട് വരാനുള്ള ഒരു പ്രേരണയാകട്ടെ
നഞ്ചിയമ്മക്കുള്ള ഈ അംഗീകാരം. അട്ടപ്പാടിയിൽ നഞ്ചിയമ്മയോടൊപ്പം ആദിവാസി കൂട്ടായ്മകളിൽ
ഒരുമിച്ച് പ്രവർത്തിക്കുകയും ഹൃദയം നിറയെ സ്‌നേഹം പങ്കിടുകയും ചെയ്ത അനുഭവങ്ങളിലേക്ക്
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ലേഖിക നടത്തുന്ന യാത്ര.

നഞ്ചിയമ്മയുടെ മനോഹരവും ധീരവും ശക്തവുമായ ശബ്ദത്തിലുള്ള
'ഓ രംഗനാഥനെ വാ വ
രണ്ടു വരം താ മുരുകാ'
ആദിവാസി സ്ത്രീകളുടെ കൂട്ടായ്മയിലെ സ്ഥിരം പ്രാർത്ഥനാഗാനമായിരുന്നു.
ഹൃദയമലിഞ്ഞു പാടുന്ന ആ ഗാനം പാടിക്കഴിഞ്ഞും കുറെ നേരം ആ പാട്ടിന്റെ ഹൃദയരാഗം അന്തരീക്ഷത്തിൽ നിലനിൽക്കും.
സന്ധ്യകളിൽ, ആട് മേക്കാൻ പോയി തിരിച്ചുവന്ന് കുളിച്ചു ധൃതിയിൽ സ്ത്രീകളുടെ കൂടെ എത്തും. വെയിലിൽ ആട് കളുമായി കുന്നുകൾ താണ്ടി വന്ന ക്ഷീണം ആ കുളിയോടെ ഇല്ലാതാക്കിയിട്ടുണ്ടാവും. മുൾച്ചെടികൾ കൊണ്ടുള്ള കൈകാലുകളിൽ ഉള്ള പോറലുകൾ ഇടക്ക് തടവി ഉണക്കിക്കൊണ്ട് പാട്ട് തുടങ്ങും. ഉറച്ച് അലിഞ്ഞു പാടും നഞ്ചിയമ്മ. എല്ലാവരുടെയും പൊരിവെയിൽ പകലിലെ ക്ലേശങ്ങൾ നഞ്ചിയമ്മയുടെ പാട്ടിൽ മറന്നു പോകും. ആ സന്ധ്യകളിൽ എത്രയോ പേരുണ്ടെങ്കിലും നഞ്ചിയമ്മയുടെ പാട്ട് മാത്രം കേൾക്കും. നഗ്‌നപാദയായി പടികൾ ചവിട്ടി ചവിട്ടി വെള്ളിങ്കിരി മലയിൽ പോകും പോലെ, അതൊരു യാത്രയാണ്. ആർക്കും ആ പാട്ടിനൊപ്പം പോകാതിരിക്കാൻ ആവില്ല. പാട്ട് തീരുമ്പോൾ അവിടെയുള്ള സ്ത്രീകൾ പറയും. 'അയാളിന്റെ പാട്ട്....'
കുറച്ചു സമയമെടുക്കും മടങ്ങിവരാൻ.
അഹഡ്‌സിന്റെ (അട്ടപ്പാടി ഹിൽസ്്് ഏരിയാ ഡവലപ്‌മെന്റ് സൊസൈറ്റി) പരിസ്ഥിതി സാക്ഷരത പരിപാടികളിലൂടെയാണ് നഞ്ചിയമ്മ അട്ടപ്പാടിയിൽ കൂടുതൽ ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്.
പിന്നീട് അവർ സമഖ്യയുടെ ട്രൈബൽ ഹോസ്റ്റലിൽ പാട്ട് പഠിപ്പിച്ചു കൊടുക്കാൻ വരുമായിരുന്നു. നഞ്ചമ്മക്കയുടെ പാട്ട് അത്രക്ക് പ്രിയമായിരുന്നു.
ഇടക്കിടക്ക് പറയും ഇന്ന് വരാൻ പറ്റില്ല, ആട് മേക്കാൻ പോയിട്ട് നേരായിപ്പോയി. 'പിള്ളേകളോട് സൊല്ലു നാളേക്ക് വർഗെ' ആടും കുട്ടികളുമെല്ലാം പരിഗണിക്കപ്പെടുക തന്നെയാണ്.
ഏറെനാളുകൾക്ക് ശേഷം കാണുമ്പോൾ നിറഞ്ഞ ചിരിയോടെയുള്ള ഒരു കെട്ടി പ്പിടിക്കലുണ്ട്. കെട്ടിപ്പിടിക്കുമ്പോൾ ഉള്ള ആ തണുപ്പിലും അവരുടെ സംഗീതമറിയാം.
ഒറ്റക്കു പാടുന്ന പാട്ടുകളല്ല ഗോത്ര വിഭാഗങ്ങളുടേത്.
അത് സമൂഹമായിപ്പാടുന്നവയാണ്.അത് അവരുടെ സാമൂഹ്യ വീക്ഷണം പോലെത്തന്നെയാണ് തുല്യതയുടെതുമാണ്.പാട്ടുകൾക്കൊപ്പം ആട്ട (നൃത്തം )വും പതിവുണ്ട്. നിത്യജീവിതത്തിലെ കാര്യങ്ങൾ തന്നെയാണ് പാട്ടുകളിൽ വരുന്നത്. കാട്ടുറവകളുടെ കളകള ശബ്ദം പോലെ നിർമലമാണതിന്റെ ഭാഷ. അയത്‌ന ലളിതമായ താളവും. പറ, ദവിൽ, കൊഗൽ എന്നിങ്ങനെയുള്ള വാദ്യങ്ങളുടെ അകമ്പടിയാണ് പതിവ്. ഒരുമിച്ചുള്ള ഈ പാട്ട് കളും ആട്ടങ്ങളും അവരുടെ ജീവിതത്തിന്റെ കൂട്ടായ്മയുടെ സംഗീതമാണ്. ജനനത്തിനും മരണത്തിനും വിവാഹത്തിനും ഉത്സവങ്ങൾക്കും അതിന്റെതായ പാട്ടുകൾ ഉണ്ട്. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും എല്ലാം ചേർന്ന് ആണ് പാടുകയും ആടുകയും ചെയ്യുന്നത്. വട്ടത്തിൽ ഉള്ള ഈ ആട്ടം ആരെയും കാണിക്കാൻ ഉള്ളതല്ല. ഒരു സദസ്സിനെ രസിപ്പിക്കാനല്ല, മറിച്ച് പങ്കെടുക്കുന്നവരുടെ ആഹ്ലാദമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് അവരുടെ ജീവിത സന്ദർഭങ്ങളുടെ സംഗീതമാണ്, ആഹ്ലാദമോ യാത്ര പറയലോ ഒക്കെയാണ്. ആരും പുറത്തല്ലാത്ത സാമൂഹ്യ ജീവിതത്തിന്റെ ഹൃദ്യമായ ആവിഷ്‌കാരം. അത് അവാർഡുകൾക്കപ്പുറമുള്ള മാനവികതയാണ്.
നഞ്ചിയമ്മയിലൂടെ ഈ സംഗീതം ലോകമറിയുമ്പോഴും ആ സമൂഹങ്ങൾ ശരിക്കു മനസ്സിലാക്കപ്പെടുന്നുണ്ടാവുമോ? സംശയമാണ്.
കടുത്ത നീതിനിഷേധങ്ങളുടെ ഭൂമികയിൽ നിന്നാണ് നഞ്ചിയമ്മ പാടുന്നത്. ആട് മാട് കളെ വളർത്തിയും കൃഷി ചെയ്തും ജീവിച്ചുവരുന്ന അവരുടെ കൃഷിഭൂമിയും മറ്റു പലരുടെയും എന്ന പോലെ കയ്യേറ്റക്കാർ കൊണ്ട് പോയതാണ്. അത് തിരിച്ചുപിടിക്കാനുള്ള സമരത്തിലാണ് നഞ്ചിയമ്മ. 2013 ൽ മരിച്ചു പോയ അവരുടെ ഭർത്താവ് നഞ്ചപ്പനെതിരെ 2019 ൽ കേസ് കൊടുത്തിട്ടുണ്ട് കയ്യേറ്റക്കാർ. ആ നീതി നിഷേധമൊക്കെ നിലനിൽക്കുമ്പോഴും അവർ എല്ലാമക്കൾക്കും വേണ്ടി പാടുകയാണ്. എല്ലാവരുടെയും സന്തോഷമാണവർ ആഗ്രഹിക്കുന്നത്. അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ ക്കുപ്പതിപ്പിരിവ് ഊരിൽ മക്കളും പേരക്കുട്ടികളുമായി ജീവിക്കുമ്പോൾ അവർ വിളിക്കുകയാണ് വിമാനത്തെ കാണാനും പൂ പറിക്കാൻ പോകാനും.(അവാർഡ് കിട്ടിയ പാട്ട് )
'കളക്കാത്ത സന്ദനമേര
വേഗു വേഗാ പൂത്ത്രിക്കും
പൂ പറിക്കാ പോഗിലാമോ
വിമനേത പക്കിലാമോ?'
പാടി ആടി പോകുകയാണ് ആ ജീവിതം.
അവാർഡ് നൽകുന്നതിലപ്പുറം ആ സമൂഹങ്ങളുടെ സംഗീതം നിലനിൽക്കാൻ ഉള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ഫോക്്് ലോർ എന്ന വലിയ ബാസ്‌കറ്റിൽ ഒതുക്കരുത് അവരുടെ ജീവനസംഗീതം. തണുപ്പുള്ള നിലാസന്ധ്യകളിൽ തീ കാഞ്ഞു കൊണ്ട് ആടിപ്പാടി തിമർത്തിരുന്ന ആദിവാസി ഊരുകൾ മാഞ്ഞു പോയിട്ടേറെയായിട്ടില്ല. അത് തിരിച്ചു കൊണ്ട് വരാനുള്ള ഒരു പ്രേരണയാകട്ടെ നഞ്ചിയമ്മക്കുള്ള ഈ അംഗീകാരം.






