Sorry, you need to enable JavaScript to visit this website.

അന്ന് റയലിൽ, ഇന്ന് മുക്കുവൻ

ഒരുകാലത്ത് പോർചുഗൽ ദേശീയ ടീമിന്റെയും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെയും പ്രതിരോധനിരയിലെ പോരാളി ഫാബിയൊ കോൺട്രാവോ ഇപ്പോൾ മത്സ്യത്തൊഴിലാളിയാണെന്ന വാർത്ത ആരാധകരിൽ ഞെട്ടലും കൗതുകവും ഉളവാക്കിയിരിക്കുകയാണ്

ഫുട്‌ബോളിൽ എല്ലാ കാലത്തും വെള്ളിവെളിച്ചത്തിലും ആരാധകഹൃദയങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ളത് ഇതിഹാസ താരങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് ഫുട്‌ബോൾ ജീവവായു ആയി കാണുന്ന മനുഷ്യരുടെ ഹൃദയങ്ങളിൽ മറഡോണയും പെലെയും ജോർജ് ബെസ്റ്റും യൊഹാൻ ക്രൈഫും ബെക്കൻബവറുമൊക്കെ ഇന്നും നിറഞ്ഞു നിൽക്കുന്നത്. പക്ഷേ ഒപ്പം പന്ത് തട്ടിയ ഒരുപാട് കളിക്കാരെ പിന്നീട് ആരും അങ്ങനെ ഓർക്കാറില്ല. പ്രശസ്തിയുടെയും ആഡംബരങ്ങളുടെയും  ഉയരത്തിൽ കയറി, ഇന്നും ഫുട്‌ബോൾ കമ്പക്കാരുടെ മനസ്സിൽ ജീവിക്കുന്ന പല ഇതിഹാസതാരങ്ങളുടെയും വിജയ യാത്രയിൽ നിർണായക സ്വാധീനം ചെലുത്തി, പേരിനും പ്രശസ്തിക്കും പിന്നാലെ പോവാതെ, പിന്നീട് കാലവും ചരിത്രവും മറവിയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ  നിരവധി ജീവിതങ്ങൾ. ആ ഗണത്തിലാണ് ഫാബിയോ കോൺട്രാവോ. ഒരുകാലത്ത് പോർചുഗൽ ദേശീയ ടീമിന്റെയും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെയും പ്രതിരോധനിരയിലെ ഇടതുഭാത്ത് കരുത്തോടെ നിലകൊണ്ട പോരാളി. ഇരു ടീമിലും ആധുനിക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളിൽ ഒരാളായ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സഹതാരം.കോൺട്രാവോ ഇപ്പോൾ മത്സ്യത്തൊഴിലാളിയാണെന്ന വാർത്ത ആരാധകരിൽ ഞെട്ടലും കൗതുകവും ഉളവാക്കിയിരിക്കുകയാണ്. വടക്കൻ പോർചുഗലിലെ പോർട്ടോയിലെ വ്യവസായ നഗരവും മത്സ്യബന്ധന തുറമുഖവുമാണ് വിലാ ഡു കോണ്ടെ.  കരകൗശല വസ്തുക്കൾക്കും കപ്പൽ നിർമ്മാണത്തിനും പേരുകേട്ട ഈ നഗരം ഏവ് നദിയുടെ അഴിമുഖത്താണ്. അവിടെയാണ് 1988 മാർച്ചിൽ മത്സ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്ന ബെർണാർഡീനോ കോൺട്രാവോയുടെയും ജോസെഫിനയുടെയും മകനായി ഫാബിയോ കോൺട്രാവോയുടെ ജനനം. മുക്കുവനായ ബെർണാർഡീനോക്ക് മകന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഫുട്‌ബോൾ ഭ്രമം ആ പിതാവ് വകവച്ചു കൊടുത്തിരുന്നു. പതിനൊന്നാം വയസ്സിൽ ഫാബിയോയെ വിലാ ഡു കൊണ്ടെയിലെ പ്രമുഖ ക്ലബ്ബായ റിയോ ഏവിന്റെ യൂത്ത് ടീമിൽ എത്തിച്ചു. 2005ൽ റിയോ ഏവിന്റെ സീനിയർ ടീമിലെ പ്രധാന താരമായി. രണ്ടു വർഷങ്ങൾക്കു ശേഷം പറങ്കി രാജ്യത്തെ പ്രധാന ക്ലബ്ബുകളിൽ ഒന്നായ ബെൻഫിക്കയിൽ എത്തിച്ചേർന്നു. പക്ഷേ ബെൻഫിക്കയിലെ ആദ്യത്തെ രണ്ട് സീസണുകൾ ഫാബിയോ കോൺട്രാവോയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. മികച്ച ഫോം നിലനിർത്താൻ കഴിയാതെ പോയതും, ആദ്യ ഇലവനിൽ അവസരങ്ങൾ കുറഞ്ഞതുമായിരുന്നു കാരണം. പിന്നീട് കുറച്ചു കാലം പോർച്ചുഗലിലെ തന്നെ നാഷനാലിലും സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ റയൽ സരൊഗോസയിലും കളിച്ചു. ലോൺ കാലാവധി കഴിഞ്ഞ് ബെൻഫിക്കയിൽ തിരിച്ചെത്തിയതോടെ ഫോമിലായി. അത് ഫാബിയോ കോൺട്രാവോക്ക് സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിലേക്കുള്ള വാതിലുകൾ തുറന്നു. പക്ഷേ ദൗർഭാഗ്യവും പരിക്കും റയൽ കൂടാരത്തിലും ഫാബിയോയെ നിരന്തരം വേട്ടയാടി. ഒപ്പം റയലിലെ പ്രതിരോധനിരയിലെ മറ്റൊരു പ്രബലനായ മാഴ്‌സലോയോടും പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തിനായി മത്സരിക്കേണ്ടി വന്നു. 2014 ലോകകപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ പറ്റിയ പരിക്കോടെ റയലിലും പോർചുഗൽ ടീമിലും അവസരങ്ങൾ കുറഞ്ഞു. പിന്നീട് മോണകോയിലും സ്‌പോർടിംഗ് ലിസ്ബണിലും ലോൺ അടിസ്ഥാനത്തിൽ കളിച്ചു. മുപ്പത്തിമൂന്നാം വയസ്സിൽ ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നത് ബാല്യകാല ക്ലബ്ബായ റിയോ ഏവിലൂടെയാണ്.
തന്റെ കടൽ ജീവിതത്തെ കുറിച്ച് ഫാബിയോ കോൺട്രാവോ പറയുന്നു: 'ചില ആളുകളൊക്കെ കരുതും പോലെ കടലിലെ ജീവിതം ഒരിക്കലും മോശപ്പെട്ടതല്ല. മറ്റേത് ജോലിയെയും പോലെ അതും മികച്ചതാണ്. കുട്ടിക്കാലത്ത് പിതാവിനൊപ്പം പലതവണ കടലിൽ പോയിട്ടുണ്ട്. എന്റെ ജീവിതം കടലും മത്സ്യബന്ധനവും ആയിരുന്നു. ഫുട്‌ബോൾ ഒരിക്കൽ അവസാനിപ്പിക്കേണ്ടി വരുമെന്നും ഞാൻ കരുതിയിരുന്നു. ഇപ്പോൾ എന്റെ സന്തോഷം വിലാ ഡു കോണ്ടെയിലെ കടൽത്തീരവും ബോട്ടുമാണ്. ഇതുതന്നെയാണ് ഞാൻ നയിക്കാൻ ആഗ്രഹിച്ച ജീവിതം. അതിനാൽ സന്തോഷവാനാണ്.'
ആഡംബരങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തുന്നവർക്കുംസ്വന്തം ജോലിയിലെ കുറവുകളും ബുദ്ധിമുട്ടുകളും തീരാപ്രശ്‌നമായി ചിന്തിക്കുന്നവർക്കും ഫാബിയോ കോൺട്രാവോ എന്ന മനുഷ്യനെ മാതൃകയാക്കാവുന്നതാണ്.

Latest News