കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുള്ള ഫീസ്

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുള്ള ഫീസ്

ചോദ്യം: ഞാൻ ഗാർഹിക തൊഴിലാളി വിസയിൽ വന്നയാളാണ്. എന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട് നാലു വർഷമായി. സ്‌പോൺസർ ഇപ്പോൾ പുതുക്കി തരാമെന്ന് പറയുന്നു. അതിന് ആയിരം റിയാൽ പിഴ കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്താണ് ഞാൻ ചെയ്യേണ്ടത്?

ഉത്തരം: ഇഖാമ കാലാവധി കഴിഞ്ഞ് പുതുക്കുന്നത് ആദ്യ തവണയാണെങ്കിൽ 500 റിയാലാണ് പിഴ. രണ്ടാം തവണയാണ് കാലാവധി കഴിഞ്ഞു പുതുക്കുന്നതെങ്കിൽ പിഴ ആയിരം റിയാലാവും. നിങ്ങളോട് സ്‌പോൺസർ ആയിരം റിയാലാണ് പിഴ നൽകാൻ ആവശ്യപ്പെടുന്നതെങ്കിൽ ഇതു രണ്ടാം തവണയാവണം ഇഖാമ കാലാവധി കഴിഞ്ഞ് പുതുക്കുന്നത്. അങ്ങനെയെങ്കിൽ പിഴ ആയിരം നൽകേണ്ടിവരും. 
പിഴ എത്രയുണ്ടെന്ന് കൃത്യമായി അറിയാൻ ബാങ്ക് അക്കൗണ്ടിലെ സർക്കാർ പെയ്‌മെന്റ് ഓപ്ഷൻ (സദാദ്) പരിശോധിച്ചാൽ മതിയാകും. അതിൽ ഇഖാമ നമ്പർ അടിച്ചു കൊടുത്ത് റിന്യൂ ഓപ്ഷൻ കൊടുത്താൽ പിഴ സംഖ്യയുണ്ടെങ്കിൽ അതു കാണാൻ സാധിക്കും. 

പാസ്‌പോർട്ട് കാലാവധി അവസാനിക്കാനിരിക്കെ നാട്ടിൽ പോകൽ

ചോദ്യം: എന്റെ പാസ്‌പോർട്ട് കാലാവധി തീരാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ എക്‌സിറ്റ് റീ എൻട്രിയിൽ പോകാൻ ഉദ്ദേശിക്കുന്നു. അതായത് ഓഗസ്റ്റ് 19ന് പാസ്‌പോർട്ടിന്റെ കാലാവധി തീരും. 17ന് ആണ് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നത്. നാട്ടിൽ ചെന്ന് പാസ്‌പോർട്ട് പുതുക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് പോകാൻ ആഗ്രഹിക്കുന്നത്. ഇതു സാധ്യമാണോ.?

ഉത്തരം: സാധിക്കില്ല. കാരണം എക്‌സിറ്റ് റീ എൻട്രി ലഭിക്കണമെങ്കിൽ പാസ്‌പോർട്ടിന് കുറഞ്ഞത് 90 ദിവസ കാലാവധിയെങ്കിലും ഉണ്ടാവണം. എങ്കിൽ മാത്രമേ എക്‌സിറ്റ് റീ എൻട്രി ലഭിക്കൂ. ഇത് രാജ്യാന്തര ഇമിഗ്രേഷൻ നിയമമാണ്. അതിനാൽ പാസ്‌പോർട്ട് പുതുക്കിയ ശേഷം മാത്രമേ റീ എൻട്രി ലഭിച്ച് നാട്ടിൽ പോകാൻ കഴിയൂ. 

ഹുറൂബ് നീക്കാനുള്ള നടപടി

ചോദ്യം: ഞാൻ പുതിയ വിസയിലെത്തിയ ഗാർഹിക തൊഴിലാളിയാണ്. സൗദിയിലെത്തിയിട്ട് ഏഴു മാസമേ ആയിട്ടുള്ളൂ. ഇതിനിടെ സ്‌പോൺസർ ഹുറൂബ് (ഒളിച്ചോട്ടക്കാരൻ) ആക്കി. ഇപ്പോൾ ഹുറൂബ് നീക്കിത്തരാമെന്ന് സ്‌പോൺസർ പറയുന്നു. അതു സാധിക്കുമോ?

ഉത്തരം: ഹുറൂബ് ആക്കി 15 ദിവസത്തിനകമാണെങ്കിൽ അബ്ശിർ വഴി സ്‌പോൺസർക്ക് ഹുറൂബ് നീക്കാൻ കഴിയും. അതിനു ശേഷമാണെങ്കിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. അതായത് ഹുറൂബ് നീക്കിത്തരാൻ നിങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തെ നേരിട്ടു സമീപിക്കാം. അതല്ലെങ്കിൽ സ്‌പോൺസർക്കും തൊഴിൽ മന്ത്രാലയത്തെ സമീപിച്ച് അപേക്ഷ നൽകി ഹുറൂബ് നീക്കാൻ കഴിയും.
 

Latest News