എന്ത് വിവാഹം? ഏത് പ്രമുഖന്‍?  ഗോസിപ്പുകള്‍ തള്ളി നിത്യ മേനോന്‍ 

പാലക്കാട്- തന്റെ വിവാഹത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി നിത്യ മേനോന്‍. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്നേ ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും താരം വ്യക്തമാക്കി.
നിത്യ മേനോനും മലയാള സിനിമയിലെ ഒരു പ്രമുഖ നടനും തമ്മില്‍ വിവാഹിതരാകുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന '19(1)(എ)' ആണ് നിത്യ മേനോന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകന്‍.
ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.
 

Latest News