Sorry, you need to enable JavaScript to visit this website.

സിറിഞ്ച് കണ്ടെത്തിയത് രാകേഷിന്റെ ബാഗിൽ

രാകേഷ് ബാബു

ഗോൾഡ് കോസ്റ്റ് - കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതിയുടെ ആന്റി ഡോപിംഗ് സ്‌ക്വാഡ് കായിക താരങ്ങളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനക്കിടെ രാകേഷ് ബാബുവും കെ.ടി. ഇർഫാനും താമസിച്ച മുറിയിൽ ഉപയോഗിച്ച സിറിഞ്ച് കണ്ടെത്തിയതാണ് രാജ്യത്തിനുതന്നെ നാണക്കേടാകുംവിധം രണ്ട് പേരെയും പുറത്താക്കുന്നതിൽ കലാശിച്ചത്. 'സൂചി രഹിത ഗെയിംസ്' നയം സംഘാടകർ കർക്കശമായി പാലിക്കുന്നതും, സൂചി കണ്ടെത്തിയ കാര്യത്തിൽ അത്‌ലറ്റുകൾക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയാത്തതും നടപടിക്ക് കാരണമായി.
രണ്ട് പേരെയും കായിക താരങ്ങൾക്കുള്ള അക്രഡിറ്റേഷൻ റദ്ദാക്കി ഗെയിംസ് വില്ലേജിൽ നിന്ന് പുറത്താക്കുകയും എത്രയും വേഗം രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുകയുമാണ് സംഘാടകർ. ഗെയിംസ് വില്ലേജ് വിട്ട ഇരുവരും ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ റിട്ടേൺ ടിക്കറ്റിനായി കാത്തിരിക്കുകയാണെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. എന്നാൽ ഇരുവരെയും പുറത്താക്കിയതിൽ ഐ.ഒ.എ പ്രതിഷേധിച്ചിട്ടുണ്ട്.

 

ഇർഫാൻ

 

20 കിലോമീറ്റർ നടത്തത്തിൽ പങ്കെടുത്ത ഇർഫാന്റെ മത്സരം കഴിഞ്ഞതാണ്. എന്നാൽ രാകേഷ് ഇന്ന് ട്രിപ്പിൾ ജമ്പ് ഫൈനലിൽ മത്സരിക്കാനിരിക്കുകയായിരുന്നു. പേശി വേദനയെത്തുടർന്ന് ഫൈനലിൽനിന്ന് രാകേഷ് പിൻവാങ്ങാൻ സാധ്യതയുണ്ടെന്നും പറയപ്പെട്ടിരുന്നു.
ഇരുവരും താമസിച്ചിരുന്ന ഗെയിംസ് വില്ലേജിലെ ഏഴാം നമ്പർ അപ്പാർട്ട്‌മെന്റിലെ രണ്ടാം നമ്പർ മുറിയിൽനിന്ന് ഏപ്രിൽ ഒമ്പതിനാണ് സൂചി കണ്ടെത്തുന്നത്. രണ്ട് പേരുടെയും ബെഡുകൾക്കിടയിലുള്ള മേശപ്പുറത്ത് ഒരു കപ്പിൽ ഇട്ടുവെച്ചിരുന്ന ഉപയോഗിച്ച സൂചി ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തുന്നത്. 
പിന്നീട് ആന്റി ഡോപിംഗ് ഉദ്യോഗസ്ഥർ ഇരുവരുടെയും ബാഗ് പരിശോധിച്ചപ്പോൾ രാകേഷിന്റെ ബാഗിൽനിന്ന് ഉപയോഗിച്ച സിറിഞ്ചും കണ്ടെത്തി. ഇക്കാര്യത്തിൽ വിശദീകരണത്തിനായി തങ്ങളെ ഏപ്രിൽ പത്തിന് വിളിച്ചിരുന്നതായി എ.എഫ്.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
രണ്ട് അത്‌ലറ്റുകളോടും സംഘാടകർ വിശദീകരണം തേടിയെങ്കിലും സിറിഞ്ചും സൂചിയും മുറിയിൽ വന്നത് എങ്ങനെയെന്ന് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്നാൽ സിറിഞ്ച് കണ്ട ബാഗ് തന്റേതു തന്നെയാണെന്ന് രാകേഷ് സമ്മതിച്ചു. അത്‌ലറ്റുകളുടെ വിശദീകരണം അവിശ്വസനീയവും, രക്ഷപ്പെടാൻ വേണ്ടിയുള്ളതുമാണെന്നാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ പറയുന്നത്. രണ്ട് പേരെയും അടിയന്തരമായി ഗെയിംസ് വില്ലേജിൽനിന്ന് പുറത്താക്കുകയും, മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തതായി ഫെഡറേഷൻ പ്രസിഡന്റ് ലൂയി മാർട്ടിൻ പ്രസ്താവനയിൽ അറിയിച്ചു.
പുറത്താക്കിയെങ്കിലും രണ്ടുപേരും ഉത്തേജകം ഉപയോഗിച്ചതായി തെളിവൊന്നുമില്ല. ഇവരുടെ മൂത്ര സാമ്പിൾ പരിശോധനയിൽ ഉത്തേജക സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഐ.ഒ.എയുടെ പ്രതിഷേധം. 
ഇത് രണ്ടാം തവണയാണ് ഈ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റുകളുമായി ബന്ധപ്പെട്ട് സൂചി വിവാദം ഉണ്ടാകുന്നത്. ഗെയിംസ് ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യൻ താരങ്ങളുടെ താമസ സ്ഥലത്തിന് സമീപം സൂചി കണ്ടെത്തിയതിനെ തുടർന്ന് സംഘാടകർ അന്വേഷണം നടത്തിയിരുന്നു. ഒരു ബോക്‌സിംഗ് താരത്തിന് വൈറ്റമിൻ കുത്തിവെയ്പ് നൽകിയതാണെന്ന് ടീം ഡോക്ടർ സമ്മതിച്ചു. തുടർന്ന് ഡോക്ടർക്ക് കർശന താക്കീത് നൽകി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

Latest News