Sorry, you need to enable JavaScript to visit this website.

മെഡൽ കൊയ്ത്തിനിടെ മരുന്ന് സൂചി

ലിറ്റിൽ ചാമ്പ്യൻ... കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിംഗിൽ പ്രായം കുറഞ്ഞ ഇന്ത്യൻ സ്വർണ മെഡൽ ജേതാവ് അനീഷ് ഭൻവാല.

ഗോൾഡ് കോസ്റ്റ് - കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത്. മൂന്ന് സ്വർണമടക്കം 11 മെഡലുകളാണ് ഒമ്പതാം ദിവസമായ ഇന്നലെ ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടിയത്. ഷൂട്ടിംഗിലും, ഗുസ്തിയിലും ഇന്ത്യൻ താരങ്ങൾ സ്വർണം നേടി. കൂടാതെ നാല് വീതം വെള്ളിയും വെങ്കലവും. മൊത്തം 17 സ്വർണവുമായി ഗ്ലാസ്‌ഗോയിലെ (15 സ്വർണം) പ്രകടനം ഇന്ത്യ മറികടന്നു.
എന്നാൽ അതിനിടെ തന്നെ കുത്തിവെയ്പ്പിനുള്ള സൂചിയും സിറിഞ്ചും സൂക്ഷിച്ചതിന് രണ്ട് ഇന്ത്യൻ അത്‌ലറ്റുകളെ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്താക്കിയത് രാജ്യത്തിന് നാണക്കേടായി. മലയാളി അത്‌ലറ്റുകളായ രാകേഷ് ബാബുവിനെയും കെ.ടി ഇർഫാനെയുമാണ് പുറത്താക്കിയത്. ഇരുവരോടും എത്രയും വേഗം ഓസ്‌ട്രേലിയ വിടാനും സംഘാടകർ ആവശ്യപ്പെട്ടു.
പുരുഷ ഹോക്കി ടീം സെമിയിൽ ന്യൂസിലാന്റിനോട് 3-2ന് തോറ്റത് നിരാശയായി. വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

മനിക ബത്രയും മൗമ ദാസും.


ഷൂട്ടിംഗിൽ തേജസ്വിനി സാവന്തും, അനീഷ് ഭൻവാലയും, ബോക്‌സിംഗിൽ ബജ്‌രംഗ് പുനിയയുമാണ് ഇന്നലെ സ്വർണം നേടിയത്. ഷൂട്ടിംഗിൽ അൻജും മുദ്ഗിൽ, ഗുസ്തിയിൽ പൂജ ധൻധ, മോസം ഖത്രി, ടി.ടി വനിതാ ഡബിൾസിൽ മനിക ബത്ര-മൗമ ദാസ് സഖ്യം എന്നിവർ വെള്ളി നേടി. ബോക്‌സിംഗിൽ നമൻ തൻവർ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, മനോജ്കുമാർ, ദിവ്യ കക്രൻ എന്നിവർ വെങ്കലവും നേടി.
വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രി പ്രോൺ ഇനത്തിൽ തേജസ്വിനി സാവന്താണ് ഇന്നലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത്. ഗെയിംസ് റെക്കോഡായ 457.8 സ്‌കോർ ചെയ്തായിരുന്നു 37കാരിയുടെ സ്വർണ നേട്ടം. ഈയിനത്തിൽ അഞ്ജും വെള്ളിയും നേടി. 24 കാരിയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്.
കഴിഞ്ഞ ദിവസം 50 മീറ്റർ റൈഫിൾ പ്രോണിൽ വെള്ളി നേടിയ തേജസ്വിനിയുടെ രണ്ടാം മെഡലാണിത്. 
ഇതോടെ ഇന്ത്യ ഗ്ലാസ്‌ഗോയിലെ സ്വർണ മെഡലുകൾക്കൊപ്പമെത്തി. 15 കാരൻ അനീഷിലൂടെയാണ് ഇന്ത്യ ആ നേട്ടം പിന്നിലാക്കുന്നത്. പുരുഷന്മാരുടെ 25 പി.എം റാപ്പിഡ് ഫയർ പിസ്റ്റളിലാണ് അനീഷിന്റെ ചരിത്ര നേട്ടം. കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിംഗിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറിയ അനീഷ് മൊത്തം 30 പോയന്റ് സ്‌കോർ ചെയ്ത് ഗെയിംസ് റെക്കോഡോടെയാണ് സ്വർണം നേടിയത്.

ഷൂട്ടിംഗിൽ സ്വർണ മെഡൽ നേടിയ തേജസ്വിനി സാവന്തിനെ വെള്ളി നേടിയ അൻജും മുദ്ഗിൽ അഭിനന്ദിക്കുന്നു.


ഗുസ്തിയിൽ മൂന്നാമത്തെ സ്വർണമാണ് ബജ്‌രംഗ് പുനിയയിലൂടെ ഇന്നലെ ഇന്ത്യ നേടിയത്. പുരുഷന്മാരുടെ 61 കിലോ വിഭാഗത്തിൽ വെയിൽസിന്റെ കെയ്ൻ ചാരിഗിനെ വെറും പത്ത് മിനിറ്റിനുള്ളിൽ മലർത്തിയടിച്ച പുനിയ 10-0 വിജയം സ്വന്തമാക്കി. ഗ്ലാസ്‌ഗോയിൽ പുനിയ വെള്ളി നേടിയിരുന്നു.
വനിതകളുടെ 57 കിലോ വിഭാഗത്തിൽ ലോക ചാമ്പ്യൻ നൈജീരിയയുടെ ഒഡുനായോ അദികൂറോയിയോട് തോറ്റ പൂജ വെള്ളി മെഡൽ ഉറപ്പാക്കി. ഒളിംപിക്‌സിൽ വെങ്കല ജേതാവാണ് ഒഡുനായോ.
പുരുഷന്മാരുടെ 97 കിലോ വിഭാഗത്തിലാണ് ഖാത്രി വെള്ളി നേടിയത്. ആദ്യമായി കോമൺവെൽത്ത് ഗെയിംസ് ഫൈനലിലെത്തുന്ന 26 കാരൻ ദക്ഷിണാഫ്രിക്കയുടെ മാർട്ടിൻ എറാസ്മസിനോടാണ് തോറ്റത്. വനികളുടെ 68 കിലോ വിഭാഗത്തിലാണ് 19 കാരിയായ ദിവ്യ കിരൺ വെങ്കലം നേടുന്നത്.
ടേബിൾ ടെന്നിസ് വനിതാ ഡബിൾസിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്ന മനിക-മൗമ സഖ്യം ഫൈനലിൽ സിംഗപ്പൂരിന്റെ തായിൻവെയ് ഫെങ്-മങ്യു യു സഖ്യത്തോട് തോറ്റതോടെയാണ് വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്.
ബോക്‌സിംഗിൽ ഇന്ത്യക്ക് മൂന്ന് വെങ്കലങ്ങളാണ് ഇന്നലെ കിട്ടിയത്. നമൻ തൻവറിന് പുരുഷന്മാരുടെ 91 കിലോ വിഭാഗത്തിലും, ഹുസ്സാമുദ്ദീന് 56 കിലോ വിഭാഗത്തിലും, മനോജ് കുമാറിന് 69 കിലോ വിഭാഗത്തിലും. 

ഗുസ്തിയിൽ വെയിൽസിന്റെ കെയ്ൻ ചാരിഗിനെ കീഴടക്കി സ്വർണം നേടിയ ബജ്‌രംഗ് പുനിയ.


ബോക്‌സിംഗിൽ കൂടുതൽ പ്രതീക്ഷകൾ നൽകി അഞ്ച് പേർ ഫൈനലിൽ കടന്നു. അമിത് ഫംഗൽ (46--49 കിലോ), ഗൗരവ് സോളങ്കി (52 കിലോ), മനീഷ് കൗശിക് (60 കിലോ), വികാസ് കൃഷ്ണൻ (75 കിലോ), സതീശ് കുമാർ (91 പ്ലസ് കിലോ) എന്നിവരാണവർ.
ബാഡ്മിന്റണിലും മെഡൽ പ്രതീക്ഷകളുമായി ഇന്ത്യൻ താരങ്ങൾ മുന്നേറുകയാണ്. പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും, എച്ച്.എസ് പ്രണോയിയും സെമിയിലെത്തിയപ്പോൾ വനിതാ സിംഗിൾസിൽ സയ്‌ന നെവാളും, പി.വി. സിന്ധുവും അവസാന നാലിൽ കടന്നു. എന്നാൽ ഋത്വിക ഗഡ്ഡെ പരിക്കേറ്റതിനെ തുടർന്ന് ക്വാർട്ടർ ഫൈനലിനിടെ പിൻവാങ്ങി.
വനിതാ ഡബിൾസിൽ സിക്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും, പുരുഷ ഡബിൾസിൽ സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും, മിക്‌സ്ഡ് ഡബിൾസിൽ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി, സാത്വിക്-അശ്വിനി സഖ്യങ്ങളും സെമിയിലെത്തിയിട്ടുണ്ട്. 
ടേബിൾ ടെന്നിസ് പുരുഷ ഡബിൾസിൽ സത്യൻ ജ്ഞാനശേഖരൻ-അചാന്ത ശരത്കമൽ സഖ്യം സെമിയിലെത്തിയപ്പോൾ, ഹർമീത് ദേശായ്-സനിൽ ഷെട്ടി സഖ്യം ക്വാർട്ടറിൽ തോറ്റു. പുരുഷ സിംഗിൾസിലും ശരത് കമൽ സെമിയിലെത്തി. എന്നാൽ ഹർമീതും, സത്യനും തോറ്റു. വനിതാ ഡബിൾസ് വെങ്കല മെഡൽ മത്സരത്തിൽ സുതീർഥ മുഖർജി-പൂജ സഹസ്രബുദ്ധെ സഖ്യത്തിനും തോൽവിയായിരുന്നു. മിക്‌സ്ഡ് ഡബിൾസിൽ ശരത്കമൽ-മൗമ ദാസ്, സത്യൻ- മനിക ബത്ര സഖ്യങ്ങൾ സെമിയിൽ കടന്നു. എന്നാൽ സനിൽ ഷെട്ടി-മധുരിക പട്കർ സഖ്യം തോറ്റു. 
ഷൂട്ടിംഗിൽ കഴിഞ്ഞ ദിവസം സ്വർണം നേടിയ ശ്രേയസി സിംഗിന് ഇന്നലെ വനിതളുടെ ട്രാപ് വിഭാഗം ഫൈനലിൽ അഞ്ചാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ. 
അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ഗ്രൂപ്പ് എയിൽ രണ്ടാമതായിരുന്നു. 78.88 മീറ്റർ എറിഞ്ഞ വിപിൻ കസാന ഗ്രൂപ്പ് ബിയിൽ മൂന്നാമതും. ഇന്നാണ് ഫൈനൽ.
പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസനും ഫൈനലിൽ കടന്നു. രണ്ടാം ഹീറ്റ്‌സിൽ രണ്ടാമതായിരുന്ന ജിൻസൺ മൂന്ന് മിനിറ്റ് 47.04 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഇന്നാണ് ഫൈനൽ. പുരുഷന്മാരുടെ 4-400 മീറ്റർ റിലേയിലും ഇന്ത്യൻ ടീം ഫൈനലിലെത്തി. ഹീറ്റ്‌സിൽ മികച്ച രണ്ടാമത്തെ സമയമാണ് മുഹമ്മദ് അനസ് അടങ്ങുന്ന ഇന്ത്യൻ ടീം കുറിച്ചത്.
 

 

Latest News