വളയിട്ട കൈകളിൽ വളയം ഭദ്രം

വേട്ടയാടലിൽനിന്നുള്ള ഉയർത്തെഴുന്നേൽപാണ് റീനയുടെ ജീവിതം. പലരും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചപ്പോൾ ദൈവം തന്നെ ഉയർത്തിക്കൊണ്ടുവരികയായിരുന്നുവെന്ന്   അവർ പറയുന്നു. ഡ്രൈവിംഗ് പരിശീലനത്തിലൂടെ സ്ത്രീകൾക്ക് പരമാവധി കരുത്തും പ്രോത്സാഹനവും പകർന്നുനൽകുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞുനിർത്തുന്നു.

വളയിട്ട കൈകളിൽ വളയവും യാത്രക്കാരും സുരക്ഷിതരാണെന്ന് തൃക്കരിപ്പൂരുകാർക്കറിയാം. കാരണം നാട്ടുകാരിയായ റീനയാണ് ബസോടിക്കുന്നത്. പയ്യന്നൂരിൽനിന്നും തൃക്കരിപ്പൂർ വഴി മടക്കരയിലേയ്ക്കു പോകുന്ന കരിപ്പാൽ ബസായിരുന്നു ഒരു കാലത്ത് റീനയുടെ ലാവണം. രണ്ടു പതിറ്റാണ്ടോളമായി വാഹനമോടിക്കുന്ന റീനയ്ക്കാകട്ടെ ഇതിലൊന്നും വലിയ പുതുമയില്ല. ജീവിതായോധനത്തിനായി നിരവധി തൊഴിലുകൾ ചെയ്തതിൽ ഒന്നു മാത്രം. മലബാറിലെ ആദ്യത്തെ വനിത ബസ് ഡ്രൈവർ എന്ന ഖ്യാതിക്ക് അർഹയായ റീന ജീവിത വഴിയിൽ ഓടിച്ചുതീർത്തത് കയ്പുനീരിന്റെ പെരുമഴക്കാലമായിരുന്നു.
നീലേശ്വരം കരുവാച്ചേരിയിലെ സരോവരം വീട്ടിൽ റീനയുടെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതാണ്. ദുരിതങ്ങളുടെ മലവെള്ളപ്പാച്ചിലിൽനിന്നും അതിജീവനത്തിന്റെ ദേശീയ പാതയിലേയ്ക്ക് തന്റെ ജീവിതചക്രം തിരിച്ചുപിടിക്കുകയായിരുന്നു ഈ യുവതി. 
കുഞ്ഞിക്കണ്ണൻ, സരോജിനി ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെയാളായി ജനിച്ച റീന പതിനേഴാം വയസ്സിലാണ് വിവാഹിതയാവുന്നത്. മംഗലാപുരത്തെ ബറാക്കാ ഓവർസീസ് കമ്പനിയിൽ സൂപ്പർവൈസറായിരുന്ന ആലപ്പുഴ സ്വദേശി പുരുഷോത്തമനായിരുന്നു ഭർത്താവ്. 
വിവാഹ ശേഷം ജോലി ഉപേക്ഷിച്ച ഭർത്താവിനോടൊപ്പം നീലേശ്വരത്തെ ദേശീയ പാതയ്ക്കരികിൽ ഇളനീർ വിറ്റാണ് അവർ കഴിഞ്ഞത്. ഇതിനിടയിൽ രണ്ടു പെൺമക്കൾ. കസ്തൂരിയും പാർവതിയും. പകലന്തിയോളം അധ്വാനിച്ച് വീട്ടിലെത്തിയാൽ മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനങ്ങളായിരുന്നു അവരെ കാത്തിരുന്നത്. പറക്കമുറ്റാത്ത മക്കളെയും ചേർത്തുപിടിച്ച് റീന അവയെ സധൈര്യം നേരിട്ടു. ഗത്യന്തരമില്ലാതായപ്പോൾ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഒടുവിൽ ജീവിതത്തിലേയ്ക്കു തിരിച്ചുവരികയായിരുന്നു.
സ്വന്തമായി ഒരു കൊച്ചുകൂര പണിയണമെന്ന ലക്ഷ്യത്തോടെ കണ്ടുവെച്ചിരുന്ന പത്തു സെന്റ് സ്ഥലം ഭർത്താവിന്റെ ഭീഷണിയിൽ വിൽക്കേണ്ടിവന്നപ്പോൾ റീന കരുതിയിരുന്നില്ല ഇത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. വിറ്റുകിട്ടിയ പണവുമായി ഭർത്താവ് നാടുവിട്ടതോടെ റീന തകർന്നുപോവുകയായിരുന്നു. രണ്ടു പെൺകുട്ടികൾക്കൊപ്പം അനാഥമായിപ്പോയ നാളുകൾ. കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നപ്പോൾ ഒന്നിച്ചുജീവിക്കണമെങ്കിൽ ആലപ്പുഴയിലേയ്ക്കു ചെല്ലണമെന്നായി ഭർത്താവ്. എന്നാൽ ചതിച്ചുപോയ ഭർത്താവിനോടൊപ്പം മകളെ വിടില്ലെന്ന് ആ അച്ഛൻ തീർത്തുപറഞ്ഞു.
തണലായി നിൽക്കേണ്ടയാൾ തനിച്ചാക്കി പോയപ്പോൾ ജീവിത വഴിയിൽ തന്റേടത്തോടെ പിടിച്ചുനിൽക്കാനുള്ള ശ്രമമായിരുന്നു റീനയിൽ പിന്നീട് കണ്ടത്. ഞാനും മക്കളും അച്ഛന് ഒരു ബാധ്യതയാവുമെന്ന തിരിച്ചറിവാണ് വീണ്ടും ഇളനീർ കച്ചവടത്തിലേയ്ക്കു വഴി തിരിച്ചുവിട്ടത്. 
നീലേശ്വരം കാര്യങ്കോട് പാലത്തിനടുത്തുള്ള മയ്യീച്ച വളവിൽ ഇളനീർ പന്തൽ കെട്ടി. സഹായിയായി അച്ഛനുമുണ്ടായിരുന്നു. ആടുകളെ വളർത്തിയും കുറിക്കു ചേർന്നും മക്കളുടെ ആവശ്യത്തിനുള്ള പണം കണ്ടെത്തി. തകർക്കാൻ ശ്രമിച്ചവർക്കു മുന്നിൽ ജീവിച്ചു കാണിക്കണമെന്ന വാശിയായിരുന്നു മനസ്സു നിറയെ.
ഇവിടെയും വിലങ്ങുതടിയുമായി പലരുമെത്തി. ഒട്ടേറെ കച്ചവടർക്കാർക്കിടയിൽ ഒരു സ്ത്രീ കച്ചവടത്തിനിറങ്ങിയത് അവർക്ക് ഇഷ്ടപ്പെട്ടില്ല. വരുമാനത്തിൽ നഷ്ടം വന്നുതുടങ്ങിയപ്പോൾ അവർ പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങി. കച്ചവടം തകർക്കാൻ പലരും ശ്രമിച്ചു. ഇതിനിടയിൽ അച്ഛന്റെ മരണം കൂടിയായപ്പോൾ ശത്രുക്കൾക്ക് കാര്യം എളുപ്പമായി. ഇരുട്ടിന്റെ മറവിൽ അവർ കട അഗ്‌നിക്കിരയാക്കി. െൈധര്യം സംഭരിച്ച് വീണ്ടും കെട്ടിയുയർത്തിയപ്പോൾ പിന്നെയും കത്തിച്ചു. പോലീസിൽ പരാതി കൊടുത്തപ്പോൾ വില കൂടിയ സാധനങ്ങൾ കടയിൽ സൂക്ഷിക്കരുതെന്നായിരുന്നു മറുപടി. കത്തിക്കുംതോറും വീണ്ടും കെട്ടിപ്പൊക്കിയപ്പോൾ അവർ തോറ്റു പിന്മാറുകയായിരുന്നു.
കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയായ ലീന ഒരിക്കൽ തന്റെ കടയിൽ ഇളനീർ കുടിക്കാനെത്തിയതായിരുന്നു റീനയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായത്. 
സ്ത്രീകളെ തെങ്ങു കയറാൻ പഠിപ്പിക്കുന്ന പത്തു ദിവസത്തെ സൗജന്യ ക്ലാസിലേയ്ക്ക് അവർ റീനയെ ക്ഷണിച്ചു. മക്കളെ തനിച്ചാക്കി പോകുന്നതിന്റെ വിഷമം അവതരിപ്പിച്ചെങ്കിലും അവർ പിന്മാറിയില്ല. നല്ലൊരു ജീവിതോപാധിയാണെന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൂലി ലഭിക്കുമെന്ന തിരിച്ചറിവുമാണ് തെങ്ങുകയറ്റം പഠിക്കാനുള്ള പ്രേരണയായത്. തെങ്ങുകയറ്റത്തിന് ആളുകളെ കിട്ടാതിരുന്ന കാലം. ആണുങ്ങളുടെ പണിയാണെന്നും സ്ത്രീകൾക്ക് യോജിച്ച ജോലിയല്ലെന്നും പറഞ്ഞ് പലരും നിരാശപ്പെടുത്തി.  എങ്കിലും ശ്രമിച്ചുനോക്കാമെന്നു കരുതി ക്യാമ്പിലെത്തി. അവിടെനിന്നും തെങ്ങുകയറാനും തെങ്ങിന്റെ പോളിനേഷൻ ജോലിയുമെല്ലാം പരിശീലിച്ചു. 
പരാഗണത്തിലൂടെ കുള്ളൻ തെങ്ങുകൾ ഉൽപാദിപ്പിക്കുന്നതിനെയാണ് പോളിനേഷൻ എന്നു പറഞ്ഞിരുന്നത്. പോളിനേഷൻ പരിശീലനം ലഭിച്ച മലബാറിലെ ആദ്യത്തെ സ്ത്രീയായി മാറി. പരിശീലനത്തിനു ശേഷം തെങ്ങിൽ കയറാനുള്ള മെഷീനും അവർ സൗജന്യമായി നൽകി. ഒടുവിൽ കളിയാക്കിയവർക്കും കുറ്റപ്പെടുത്തിയവർക്കുമെല്ലാം അസുഖം വന്നപ്പോൾ അവരുടെ വീട്ടിലെത്തി ഇളനീർ വെട്ടിക്കൊടുക്കാൻ കഴിഞ്ഞത് വിധിയുടെ മറ്റൊരു നിയോഗം.
ഇതിനിടയിലായിരുന്നു ഡ്രൈവിംഗ് പഠിക്കണമെന്ന ചിന്തയുദിച്ചത്. ഹെവി ലൈസൻസ് എടുക്കാനെത്തിയപ്പോൾ പതിനൊന്നു പേരാണുണ്ടായിരുന്നത്. അവരിൽ സ്ത്രീയായുണ്ടായിരുന്നത് ഞാൻ മാത്രം. സ്ത്രീകൾക്കു ജയിച്ചുകയറാൻ പ്രയാസമാണെന്നു ധരിച്ചവർക്ക് തെറ്റി. കൂട്ടത്തിൽ മൂന്ന് പുരുഷന്മാർ പരാജയം സമ്മതിച്ചപ്പോൾ റീന ജയിച്ചുകയറി. ഹെവി വെഹിക്കിൾ ലൈസൻസ് എടുത്തപ്പോൾ ബസോടിക്കണമെന്നായി മോഹം. നാഗരാജ ബസിന്റെ ഉടമയായ ഹരിഹരൻ ചേട്ടനോടാണ് ആഗ്രഹം വെളിപ്പെടുത്തിയത്. 
അദ്ദേഹമാണ് എന്നെ മലബാറിലെ ആദ്യത്തെ വനിത ബസ് ഡ്രൈവറാക്കിയത്. മുപ്പത്തിരണ്ടാം വയസ്സിൽ പാസഞ്ചർ ബസിന്റെ വളയം പിടിക്കാനുള്ള ഭാഗ്യമുണ്ടായി. ചെറുവത്തൂരിൽനിന്നും മടക്കരയിലേക്കും പയ്യന്നൂരിലേയ്ക്കുമായിരുന്നു യാത്ര. 
ബസ് ജീവനക്കാർ നൽകിയ ധൈര്യത്തിലായിരുന്നു ഓടിച്ചത്. ഡ്രൈവറുടെ സീറ്റിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ ആദ്യം ഞെട്ടിയത് യാത്രക്കാരായ സ്ത്രീകളായിരുന്നു. ഇവളുടെ കൈയിൽ വളയം സുരക്ഷിതമാകുമോ എന്നായിരുന്നു പലരും ഭയപ്പെട്ടത്. അതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല. ആത്മവിശ്വാസത്തിന്റെ ബലത്തിൽ ബസിനോടൊപ്പം മനസ്സും സഞ്ചരിച്ചു. ജീവിതത്തിൽ ഏറെ ആത്മവിശ്വാസം നേടിത്തന്ന നിമിഷങ്ങളായിരുന്നു അത്. 
പുതിയൊരു മേഖലയിലേയ്ക്കു പദമൂന്നുന്ന റീനയെയാണ് പിന്നീട് കണ്ടത്. സ്വന്തമായ ഒരു ഡ്രൈവിംഗ് സ്‌കൂൾ എന്നത് റീനയുടെ ഒരു സ്വപ്‌നമായിരുന്നു. ആ സ്വപ്‌ന സാക്ഷാത്കാരത്തിനു പിറകെയായി പിന്നീടുള്ള സഞ്ചാരം. നാട്ടിലെ ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ഇൻസ്ട്രക്ടറായി ചേർന്നു. പാർട് ടൈമായതിനാൽ വരുമാനം കുറവായിരുന്നു. അതിനാൽ വീണ്ടും ഇളനീർ കച്ചവടം തുടങ്ങി. കച്ചവടവും പരിശീലനവും തുടരവേ ഒരു ദിവസം ഡ്രൈവിംഗ് സ്‌കൂളിലെ തൊഴിൽ നഷ്ടപ്പെട്ടു. അതോടെ വാശിയായി. സ്വന്തമായി ഒരു ഡ്രൈവിംഗ് സ്‌കൂൾ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര അവിടെ തുടങ്ങുന്നു. തിരിച്ചടിയാണ് പലപ്പോഴും ജീവിത വിജയത്തിന് കാരണമാകുന്നതെന്ന് തോന്നിയിട്ടുണ്ട്. പത്തു വർഷം മുൻപാണ് കരുവാച്ചേരിയിൽ കാവിലമ്മ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കുന്നത്. പിന്നീട് ചീയോത്തും തുടങ്ങിയെങ്കിലും മൂത്ത മകൾ കസ്തൂരിയുടെ വിവാഹത്തോടനുബന്ധിച്ച് ആ സ്ഥാപനം വിൽക്കേണ്ടിവന്നു. കാലിക്കടവിൽ ഒരു മാസം മുൻപ് മറ്റൊരു ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ അടച്ചിടേണ്ടിവന്നതിനാൽ ശരിക്കും ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ നന്നായി നടക്കുന്നുണ്ടെന്ന് റീന പറയുന്നു.
ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങിയപ്പോൾ നല്ല തിരക്കായിരുന്നു. ഇതുകണ്ട് അസൂയാലുക്കൾ എനിക്കെതിരെ അപഖ്യാതികൾ പറഞ്ഞുതുടങ്ങി. ഡ്രൈവിംഗ് ഗ്രൗണ്ടിൽ എന്നെയും മക്കളെയും കുറിച്ച് അസഭ്യങ്ങൾ എഴുതിയ പേപ്പറുകൾ കൊണ്ടിടുന്നത് പതിവായി. സഹികെട്ട് പോലീസിൽ പരാതിപ്പെട്ടു. രക്ഷയില്ലെന്നു കണ്ടപ്പോൾ കൈയിൽനിന്നും പണം മുടക്കി ഗ്രൗണ്ടിൽ ക്യാമറ സ്ഥാപിച്ചു. മാത്രമല്ല ആളെ പിടിക്കാൻ രാത്രിയിൽ കല്ലും വടിയുമായി ഞങ്ങൾ കാത്തിരുന്നു. പിറകോട്ടു പോകാൻ ഒരുക്കമല്ല എന്നു മനസ്സിലായിട്ടെന്നവണ്ണം ശല്യം തനിയെ അവസാനിക്കുകയായിരുന്നു.
ഇളയ മകൾ പാർവതിയാണ് ഇപ്പോഴത്തെ കൂട്ട്. അമ്മ നൽകിയ കരുത്തിൽ തന്റേടത്തോടു കൂടിയുള്ള ജീവിതം. ഫാഷൻ ഡിസൈനറായ പാർവതി ബോഡി ബിൽഡർ കൂടിയാണ്. 
ബോഡി ബിൽഡിംഗ് ട്രെയിനർ കൂടിയായ പാർവതി കുറച്ചുകാലം എറണാകുളത്ത് ജോലി നോക്കിയിരുന്നെങ്കിലും ഇപ്പോൾ കാഞ്ഞങ്ങാട്ടെ അതിഞ്ഞാൽ ബോഡി ബ്ലാസ്റ്റിൽ ട്രെയിനറായി ജോലി ചെയ്യുകയാണ്. ഈയിടെ പുനെയിൽ നടന്ന ദേശീയ വനിത ബോഡി ഫിറ്റ്‌നസ് മത്സരത്തിൽ പാർവതി മൂന്നു മെഡലുകൾ സ്വന്തമാക്കിയിരുന്നു.
വേട്ടയാടലിൽനിന്നുള്ള ഉയർത്തെഴുന്നേൽപപ്പാണ് റീനയുടെ ജീവിതം. പലരും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചപ്പോൾ ദൈവം തന്നെ ഉയർത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് അവർ പറയുന്നു. ഡ്രൈവിംഗ് പരിശീലനത്തിലൂടെ സ്ത്രീകൾക്ക് പരമാവധി കരുത്തും പ്രോത്സാഹനവും പകർന്നു നൽകുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞുനിർത്തുന്നു.

Latest News