നമ്മുടെ കഥക്ക് ഒരു ആമുഖമുണ്ടായിരുന്നു'

പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനം ഈ മാസം പതിനെട്ടിന് ആരംഭിക്കും. 'വിനാശപുരുഷ്്', 'അഴിമതി', 'കോവിഡ് വ്യാപി' തുടങ്ങിയ വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്.  ഇത് സംബന്ധിച്ച് ലോക്‌സഭ സെക്രട്ടറി ബുക്ക്‌ലറ്റ് പുറത്തിറക്കി. അൺപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചാൽ രേഖകളിൽ നിന്ന് നീക്കും. 
ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരൻ, മുതലക്കണ്ണീർ, സേഛാധിപതി, അരാജകവാദി, ശകുനി, ഖാലിസ്ഥാൻ, ഇരട്ട വ്യക്തിത്വം, കഴുത, രക്തം കൊണ്ടു കളിക്കുന്നവൻ, ഉപയോഗശൂന്യമായ, ഗുണ്ടായിസം, കള്ളം, അസത്യം.. തുടങ്ങിയ ഒരുകൂട്ടം വാക്കുകൾ ഉപയോഗിക്കരുത് എന്നും  പുതിയ നിർദേശത്തിലുണ്ട്.  ഈ നിർദേശങ്ങൾ രാജ്യസഭക്കും ബാധകമാണെന്ന് ലോക്‌സഭ സെക്രട്ടറി വ്യക്തമാക്കി.
 പാർലമെന്റിൽ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കുകയും ചെയ്യും. പാർലമെന്റിൽ വാദപ്രതിവാദത്തിനിടെ അംഗങ്ങൾ ഇത്തരം മൂർച്ചയേറിയ വാക്കുകൾ ഉപയോഗിക്കുന്നത് സാധാരണമാണ്. 
മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതൽ നിയന്ത്രണങ്ങൾ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.  രജിസ്‌ട്രേഷൻ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കൽസ് ബില്ലിലെ ലംഘനങ്ങൾക്ക് ഇതോടെ ഡിജിറ്റൽ മീഡിയയും നടപടി നേരിടേണ്ടിവരും. പുതിയ ബിൽ പാസായാൽ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. 
പത്രമാധ്യമങ്ങൾക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റൽ മീഡിയ നിയന്ത്രണ നിയമത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രജിസ്‌ട്രേഷനായി അപേക്ഷകൾ സമർപ്പിക്കേണ്ടിവരും. ഏത് ഇലക്ട്രോണിക് ഉപകരണം വഴി പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാൽ പോലും നിയമം ബാധകമാകും. അധികാര സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കുന്നത് കൊള്ളാം. കുന്തവും കുടച്ചക്രവും പറഞ്ഞ് കേരളത്തിലെ ഒരു മന്ത്രി തൊഴിൽരഹിതനായത് കണ്ടില്ലേ. മന്ത്രി ഭരണഘടനയെപ്പറ്റി ഇത്തരം പ്രയോഗങ്ങൾ നടത്തിയപ്പോൾ വെട്ടിലായത് ഇംഗ്ലീഷ് പത്രങ്ങളുടെ കേരളത്തിലെ റിപ്പോർട്ടർമാരാണ്. ടൈംസ് നൗ ചർച്ചയിൽ ശ്രീജിത് പണിക്കർ ഇതേ വാക്കുകൾ പ്രയോഗിച്ച് അതിന്റെ ഇംഗ്ലീഷും പറയുന്നത് കേട്ടിരുന്നു. 


                        ****                 ****              ****

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുണ്ടാകും 1979 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം തകര. പത്മരാജനാണ് ചിത്രത്തിന്റെ തിരക്കഥ. പ്രതാപ് പോത്തൻ, നെടുമുടി വേണു, സുരേഖ എന്നിവരാണ് തകരയിൽ തകർത്തഭിനയിച്ചത്.
തകരയിലെ പ്രതാപ് പോത്തന്റെ തകര എന്ന കഥാപാത്രവും നെടുമുടി വേണുവിന്റെ ചെല്ലപ്പനാശാരി എന്ന കഥാപാത്രവും ഇരുവരുടെയും കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ ചെല്ലപ്പനാശാരിക്ക് പിന്നാലെ തകരയും ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നു. ചെല്ലപ്പനാശാരിയായി അഭിനയിച്ച നെടുമുടി വേണു മരിച്ച് ഒരു വർഷം ആകും മുൻപാണ് തകരയായി ജീവിച്ച പ്രതാപ് പോത്തനും വിടവാങ്ങിയത്. 2021 ഒക്ടോബർ 11 നാണ് നെടുമുടി വേണുവിന്റെ മരണം. 2022 ജൂലൈ 15 ന് പ്രതാപ് പോത്തനും ജീവിതത്തോട് വിടവാങ്ങി.
നെടുമുടി വേണു മരിച്ച ദിവസം പ്രതാപ് പോത്തൻ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ഏറെ ഹൃദയസ്പർശിയായിരുന്നു.  
'നിങ്ങളുടെ ഹൃദയത്തിൽ എന്നെന്നേക്കുമായി ജീവിക്കുന്ന ഒരു സുഹൃത്തിനോട് നിങ്ങൾ ഒരിക്കലും വിട പറയുന്നില്ല...എന്റെ ചെല്ലപ്പൻ ആശാരി, ഞാൻ നിങ്ങളെ എങ്ങനെ മറക്കും...ഭരതനും നിങ്ങളും ഒരിക്കലും മരിക്കില്ല...നിങ്ങളെ അവരുടേതാക്കിയ ആളുകളുടെ ഹൃദയത്തിൽ നിങ്ങൾ എന്നേക്കും ജീവിക്കും' -എന്നിങ്ങനെയായിരുന്നു ആ വരികൾ.
ഭരതനും നെടുമുടി വേണുവും ഒരിക്കലും മരിക്കില്ലെന്ന് പറഞ്ഞ പ്രതാപ് പോത്തനും ഒടുവിൽ യാത്രയായി. അപ്പോഴും മലയാള സിനിമ പ്രേമികളുടെ ഓർമകളിൽ എന്നും ജീവിച്ചുകൊണ്ടിരിക്കും ഈ തകരയും തകരയ്ക്ക് ജീവൻ നൽകിയ പ്രതാപ് പോത്തനും. 
 പ്രതാപ് പോത്തന്റെ  വിയോഗ വാർത്ത സിനിമ മേഖലയെയും  ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു.  അരങ്ങിൽ അണിയാൻ ഒരുപിടി വേഷങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹത്തിന്റെ യാത്ര. സംവിധായകനായും നടനായും തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ  ജീവിത വഴികൾ പക്ഷേ കഠിനമായിരുന്നു.  തിരുവനന്തപുരത്തെ സമ്പന്ന കുടുംബത്തിൽ ജനനം.  ഒരു പ്രയാസവും അറിയാതെ വളർന്ന ബാല്യം.  പ്രതാപ് പോത്തന്റെ ജീവിതത്തിലെ  വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകർച്ചയായിരുന്നു.
മദ്രാസ് ക്രിസ്ത്യൻ കോളജിലെ പഠനകാലത്താണ് സാമ്പത്തിക ഭദ്രത മുഴുവൻ തകർന്ന് ബിസിനസുകൾ ഒന്നൊന്നായി തകരുന്നത്. പഠനം പോലും പാതി വഴിയിൽ. ഒരു വിധത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ പൂർത്തിയാക്കി മുംബൈയ്ക്ക് വണ്ടി കയറുന്നു. എം.സി.എം എന്ന പരസ്യക്കമ്പനയിൽ പ്രൂഫ് റീഡറും കോപ്പി റൈറ്ററുമായി ജോലി ചെയ്തു.  പല ജോലികളും നോക്കി.  ഒടുവിൽ വിധി നിയോഗം പോലെ വീണ്ടും മദ്രാസിൽ എത്തുന്നു. ജോലിക്കൊപ്പം അൽപം നാടക പ്രവർത്തനവും. ഗിരീഷ് കർണാട് ഉൾപ്പെട്ട 
'മദ്രാസ് പ്ലയേഴ്‌സ്' എന്ന നാടക സംഘത്തിൽ അഭിനേതാവായി. ആ നാടകത്തിലെ വേഷം സംവിധായകൻ ഭരതന്റെ  ശ്രദ്ധയിൽ പെടുന്നു. അങ്ങനെ ഭരതന്റെ അടുത്ത സിനിമയായ ആരവം പ്രതാപ് പോത്തന്റെ അരങ്ങേറ്റ സിനിമയായി.  അടുത്തതായിരുന്നു  തകര. നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലെ മുൻനിര സംവിധായകർക്കൊപ്പവും പ്രവർത്തിക്കാനുള്ള വഴി തുറന്നു. വൈകാതെ  സ്വന്തം സിനിമ എന്ന ആഗ്രഹം 'വീണ്ടും ഒരു കാതൽ കതൈ' എന്ന ചിത്രത്തിലൂടെ സാക്ഷാത്കരിക്കുന്നു. ആ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ആദ്യത്തെ ഇന്ദിര ഗാന്ധി പുരസ്‌കാരം നേടി. തുടർന്ന്  ഡെയ്‌സി, വെറ്റ്‌റിവിഴ, ആത്മ, ചൈതന്യ, യാത്രാമൊഴി തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകൾ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ വെള്ളിത്തിരയിലെത്തി. 
മീണ്ടും ഒരു കാതൽ കതൈ' ആയിരുന്നു പ്രതാപ് പോത്തന്റെ ആദ്യ വിവാഹത്തിലേക്ക് നയിച്ചത്. ചിത്രത്തിലെ നിർമാതാവും നായികയുമായ രാധികയുമായിട്ടായിരുന്നു ആദ്യ വിവാഹം. കഷ്ടിച്ച് രണ്ടു വർഷം മാത്രമേ ഈ ബന്ധത്തിന് ആയുസ്സുണ്ടായുള്ളൂ. പിന്നീട് വീണ്ടും സിനിമയിൽ  സജീവമായി. തുടർന്ന് 1990 ൽ പരസ്യ രംഗത്ത് വീണ്ടും സജീവമാകുന്നു. അതിനിടെയാണ് ടാറ്റയിൽ ജനറൽ മാനേജരായിരുന്ന അമലയുമായുള്ള വിവാഹം. 
22 വർഷം നീണ്ട ദാമ്പത്യത്തിന് 2012 ൽ വിരാമമിട്ടു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മടങ്ങി വരവ്.  തുടർന്ന് അവസാനം ഇറങ്ങിയ സി.ബി.ഐ 5 വരെ മലയാളികൾ എന്നെന്നും ഓർമിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.  നൂറോളം ചിത്രങ്ങളിലാണ്  അദ്ദേഹം വേഷമിട്ടത്. മോഹൻലാൽ ചിത്രം ബറോസയാണ് അവസാനമായി അഭിനയിച്ച ചിത്രം.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും പ്രതാപ് പോത്തൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 'ദീർഘകാലം അൽപാൽപമായി ഉമിനീർ വിഴുങ്ങുന്നതാണ് മരണത്തിന് കാരണമാകുന്നത്''  പ്രശസ്ത അമേരിക്കൻ സ്റ്റാൻഡ് അപ് കോമേഡിയൻ ജോർജ് കാർലിന്റെ ഈ ഉദ്ധരണിയായിരുന്നു മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി വൈകിയും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. രാത്രി ഒമ്പതു മണിക്ക് ശേഷവും അദ്ദേഹം ഫേസ്ബുക്കിൽ നിരവധി പോസ്റ്റുകൾ ഇട്ടു. 'ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം' എന്നായിരുന്നു ഒരു പോസ്റ്റ്. പല കമന്റുകളോടും അദ്ദേഹം പ്രതികരിക്കുന്നുമുണ്ടായിരുന്നു. നല്ലൊരു വായനക്കാരനായിരുന്ന പ്രതാപ് പോത്തനെ സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ പിന്തുടർന്നിരുന്നു.

                             ****                 ****              ****

ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോഡിയുടെ ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയയിലെ ഹോട്ട് ന്യൂസ്.  ബോളിവുഡ് താരവും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നുമായുള്ള ചിത്രമാണ് ലളിത് മോഡി ട്വീറ്റ് ചെയ്തത്. സുസ്മിത സെന്നിനെ തന്റെ നല്ലപാതി എന്ന് വിശേഷിപ്പിച്ചാണ് ലളിത് മോഡിയുടെ ട്വീറ്റ്. സുസ്മിതയുമായി ഡേറ്റിംഗിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മാലിദ്വീപും സാർഡീനിയയും സന്ദർശിച്ച് ലണ്ടനിൽ മടങ്ങിയെത്തി. അവസാനം പുതിയ ജീവിതത്തിന് തുടക്കമായിരിക്കുന്നു. 
ലളിത് മോഡി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. സുസ്മിതയും ലളിത് മോഡിയുമായുള്ള വിവാഹം കഴിഞ്ഞോ എന്നായിരുന്നു പലരുടെയും അന്വേഷണം. ചോദ്യങ്ങൾക്ക് മറുപടിയുമായി ലളിത് മോഡി തന്നെ വീണ്ടുമെത്തി. തങ്ങൾ ഡേറ്റിംഗിലാണെന്നും വിവാഹിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും കിംവദന്തികൾ കെട്ടിത്തൂക്കിയപ്പോൾ സുസ്്മിത തന്നെ ക്ലാരിഫൈ ചെയ്തു. വിവാഹിതരായിട്ടില്ല. എന്നാൽ താനിപ്പോൾ പ്രണയത്തിന്റെ സുഖകരമായ സുരക്ഷ വലയത്തിലാണെന്ന് സുസു കുറിച്ചു. തങ്ങളുടെ പ്രണയകഥക്ക് ഒരു ആമുഖമുണ്ടായിരുന്നുവെന്ന്് ലോക മൊഞ്ചത്തി മോഡിയേട്ടനോട്് പറഞ്ഞുവോ എന്നറിയില്ല.  പൊതുവെ തന്റെ പ്രണയ ബന്ധങ്ങളെ തുറന്നു പറയാൻ മടിക്കാത്തയാളാണ് സുസ്മിത. റൊഹ്മാൻ ഷോൾ എന്ന മോഡലുമായുള്ള മുൻ പ്രണയം സുസ്മിത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് സുസ്മിത- റൊഹ്മാൻ പ്രണയം അവസാനിച്ചത്. ഇരുവരും തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളായാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും പ്രണയം അവസാനിച്ചെങ്കിലും സൗഹൃദം നിലനിൽക്കുമെന്നും സുസ്മിത പിന്നീട് വ്യക്തമാക്കിയിരുന്നു. 28 കാരനായ റൊഹ്മാനും നാൽപതുകൾ പിന്നിട്ട സുസ്മിതയും തമ്മിലുള്ള പ്രണയം ഗോസിപ് കോളങ്ങളിലെ സ്ഥിരം വാർത്തയായിരിേെക്കയായിരുന്നു വേർപിരിയൽ. അല്ലെങ്കിലും എക്‌സ്പീരിയൻസുള്ളവർക്ക് ജോലി നൽകാനാണല്ലോ തൊഴിൽ ദായകർക്ക് താൽപര്യം. 

                         ****                 ****              ****

എറണാകുളത്തെ ഷേണായീസ് തിയേറ്റർ കേരളത്തിലെ പ്രധാന റിലീസിംഗ് സ്റ്റേഷനുകളിലൊന്നാണ്. ഇവിടെ പടം റിലീസ് ചെയ്തു കിട്ടിയാൽ പാതി രക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ വലിയ കോലാഹലമുണ്ടാക്കുന്ന ഗായത്രി സുരേഷ് അഭിനയിച്ച മാഹി എന്ന സിനിമ അടുത്തിടെ റിലീസ് ചെയ്തത് കോഴിക്കോട് ആർ.പി മാളിലെ അര ഡസൻ സ്‌ക്രീനുകളിൽ ഒന്നിൽ മാത്രം. അതും ഉച്ച മൂന്നിനുള്ള ഒറ്റ പ്രദർശനം. ഇതും അധിക നാൾ നീണ്ടുനിന്നില്ല. ഫിലിം പെട്ടി നിർമാതാവിന് അതിവേഗം തിരിച്ചെത്തി. അങ്ങനെയിരിക്കേയാണ് കഴിഞ്ഞ വാരത്തിൽ കൊച്ചി ഷേണായീസിൽ അത്ര തന്നെ എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത താരം നൂറിൻ ഷെരീഫ്് നായികയായി ഒരു സിനിമ 'സാന്റാക്രൂസ്'  ഓടുന്നു. പോസ്റ്ററുകളിലും നൂറിൻ നിറഞ്ഞു നിൽക്കുന്നു. 
എന്നാൽ ആശ്ചര്യം അധികം നീണ്ടുനിന്നില്ല. നടി നൂറിൻ ഷെരീഫിന് എതിരെ ആരോപണവുമായി നിർമാതാവ് രാജു ഗോപിയും സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസും. തന്റെ പുതിയ ചിത്രമായ 'സാന്റാക്രൂസി'ന്റെ പ്രൊമോഷന്റെ ഭാഗമായി വാർത്താ സമ്മേളനത്തിൽ അടക്കം താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തിയില്ലെന്നാണ് ഇരുവരും നടിക്കെതിരെ ഉയർത്തുന്ന ആരോപണം. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷൻ എത്തിയില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും നിർമാതവ് ആരോപിക്കുന്നു.
ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. നൂറിൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത്ര ആൾ കൂടി കേറുമായിരുന്നു. പത്ത് രൂപ മേടിക്കുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർത്ഥത കാണിക്കണം. അതല്ലേ മനഃസാക്ഷി. ഒരു മെസേജ് ചെയ്താൽ മറുപടിയില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. 'എന്നെ ഓർത്തിട്ടാണോ അത്രയും കോടി മുടക്കിയത്്' എന്ന് ഡയറക്ടറോട് ചോദിച്ചു -നിർമാതാവ് പറഞ്ഞു. 
ഫ്ലവേഴ്‌സ് ചാനലിൽ അപരന്മാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ സ്ലോട്ട് കിട്ടിയപ്പോൾ അവിടെയൊരു അഭിമുഖം നടത്തി. പക്ഷേ അവർ അത് കട്ട് ചെയ്ത് കളഞ്ഞു. താരമൂല്യം ഇല്ലാത്തതുകൊണ്ട് അത് വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവർക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നു. എല്ലാവർക്കും അറിയേണ്ടത് നൂറിൻ ഉണ്ടോ എന്നാണ് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ഇതേ നൂറിൻ കോഴിക്കോട് ജില്ലയിലെ ഒരു ഉൾനാടൻ പട്ടണത്തിൽ മൊബൈൽ ഷോപ്പ് ഉദ്ഘാടനത്തിനെത്തിയിരുന്നു. 


                        ****                 ****              ****

അമർനാഥ് തീർഥാടകർ അപകടത്തിൽ പെട്ടത് എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിച്ച അനുഭവമായിരുന്നു. ഇക്കഴിഞ്ഞ ബലിപെരുന്നാൾ സീസണിലായിരുന്നു  ഇത്. കശ്മീരിലെ മുസ്‌ലിംകൾ ആഘോഷം മാറ്റി വെച്ചാണ് രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടതെന്ന് ടി.വി 9 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. ഇതാണ് വൈവിധ്യം തുളുമ്പുന്ന ഇന്ത്യ. ഇത്തരം വാർത്തകൾ കേൾക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. 

Latest News